Image

മലയാളി വിദ്യാര്‍ഥികള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ അന്ത്യാഞ്ജലി

Published on 05 September, 2022
 മലയാളി വിദ്യാര്‍ഥികള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ അന്ത്യാഞ്ജലി

 

ലണ്ടന്‍ഡെറി: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ബെറി കൗണ്ടിയിലെ ഇനാഗ് ലോഗ് തടാകത്തില്‍ മുങ്ങിമരിച്ച കൗമാരക്കാരായ വിദ്യാര്‍ഥികളുടെ സംസ്‌കാരം നടത്തി. ശനിയാഴ്ച രാവിലെ 9.30ന് ഒരോരുത്തരുടെയും വീടുകളില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് 11ന് സെന്റ് മേരിസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കല്ലറയിലാണ് സംസ്‌കരിച്ചത്. വീടുകളില്‍ നടന്ന ശുശ്രൂഷകളിലും പള്ളിയിലും ഒരു വലിയ ജനസമുദ്രം തന്നെ കൗമാരക്കാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സീറോ മലബാര്‍ ആരാധനാ ക്രമത്തിലാണ് കര്‍മ്മങ്ങള്‍ നടത്തിയത്.

മലയാളികളും ഇംഗ്ലീഷുകാരും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും റോഡിന് ഇരുവശവും നിന്ന് ഇരുവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് കണ്ടുനിന്നവരെ മാത്രമല്ല ലണ്ടന്‍ബറിയെതന്നെ കണ്ണീരണിയിച്ചു. ഉറ്റവും ഉടയവരും സുഹൃത്തുക്കളും ഒക്കെ വിങ്ങിപ്പൊട്ടി അലമുറയിടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. മത പുരോഹിതരും സഹവിദ്യാര്‍ഥികളും മലയാളികളും ഇംഗ്ലീഷുകാരും അടക്കം ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. ജോസഫിന്റെയും റുവാന്റെയും അകാല വിയോഗം താങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുടുംബത്തിലുള്ളവരും പ്രിയപ്പെട്ടവരും.


എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്‌ളാക്കല്‍ സെബാസ്റ്റ്യന്‍ ജോസ് വിജി ദന്പതികളുടെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍ (16), കണ്ണൂര്‍ പയ്യാവൂര്‍ മുപ്രപ്പള്ളില്‍ ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ (16) എന്നിവരാണ് മരിച്ചത്. ഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു.

ആറു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോകും വഴി തടാകത്തിലിറങ്ങിയ റുവാന്‍ മുങ്ങിയതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയ ജോസഫും അപകടത്തില്‍പെടുകയായിരുന്നു. എമര്‍ജന്‍സി സര്‍വീസുകളും ഫോയില്‍ സെര്‍ച്ചും റെസ്‌ക്യുവും പോലീസ് ഡൈവേഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക