Image

ശ്രീപെരുംകാൽ!  (മനക്കലൻ)

Published on 06 September, 2022
ശ്രീപെരുംകാൽ!  (മനക്കലൻ)

പെരുമ എന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ആർക്കാണ് അറിയാത്തത്. പെരുമ  എന്നാൽ പ്രശസ്തി എന്നാണല്ലോ അർത്ഥം. അതുകൊണ്ട് തന്നെ അത് ആഗ്രഹിക്കാത്തവർ ആരുണ്ട്.
അതിൽ നിന്ന് നിഷ്പന്നമാവുന്ന ഒരു ഉപയോഗ ശകലം ആണ് "പെരും" എന്നത്.

ഞാനൊരു "പെരും"പറമ്പ്കാരനാണ്. ഇവിടെയും ഒരു "പെരും" ഉണ്ടല്ലോ. അങ്ങിനെ പലയിടത്തും "പെരും" ഉണ്ടല്ലോ.
അറിയപ്പെടുന്നതും അല്ലാത്തതുമായ ഒത്തിരി "പെരും" നമുക്ക് കാണാം. ശ്രീ പെരുംപുത്തൂർ എന്ന സ്ഥലം ലോക ഭൂപടത്തിൽ വളരെ ആർദ്ര ഭാവത്തിൽ രേഖപ്പെട്ട് കിടക്കുന്നുണ്ട്. അവിടെ വെച്ച്
ആയിരുന്നില്ലേ നമ്മുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അതിക്രൂരമായി വധിക്കപ്പെട്ടത്.

പുകൾപെറ്റ എന്ന പ്രയോഗവും സമാന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.

നിങ്ങൾക്ക് ഇപ്പൊൾ വല്ലതും തിരിഞ്ഞ്ക്കാ എന്ന് നാദാപുരത്തുകാർ.
തിരിഞ്ഞോടാ എന്ന് കോട്ടയംകാരൻ, തിരിഞ്ഞീനാ എന്ന് കാസർകോട്ടുകാർ,  തിരിഞ്ഞ്കുണോ എന്ന് ഞമ്മൻ്റെ സാക്ഷാൽ മലപ്പുറത്തുകാർ, തിരിഞ്ഞാർന്നോടാ ശവിയെ എന്ന് ത്രിച്ചുർകാരൻ.

അല്ല ആകെ മൊത്തം എന്താണിവിടെ തിരിയാനൊള്ളത്. മനസ്സിൽ ആയില്ല! ശ്രീ പെരും പുത്തൂരോ പേരുമ്പറമ്പോ?!

ഒന്നൂല്ല സാറെ. ഒരാൾ ഒത്തിരി കാലമായി ആരും തിരിഞ്ഞു നോക്കാനില്ലാതെ കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുന്നു.

ഒരു പെരും കാലുമായി; ... എന്റെ കാലിൽ വളരെ വിദഗ്ധമായി പ്ലാസ്റ്റിക് സർജറി ചെയ്തു തന്ന സർജൻ ഹാഫിസ് മുഹമ്മദ് സാറിനോട് ഞാൻ ചോദിച്ചു..
സാർ എന്ത് പണിയാ ചെയ്തേ?! ആകപ്പാടെ ദാദാസാഹിബിലെ മമ്മൂട്ടിയുടെ തലേകെട്ട് പോലെയാക്കിയല്ലോ എൻ്റെ കാൽ, അവിടെ കൂട്ടച്ഛിരി. ഡോക്ടറും സിസ്റ്റേഴ്‌സും ഒക്കെ.

ഈ വയസ്സ് കാലത്തും സുഖമില്ലാത്തപ്പോഴും ഒക്കെ മമ്മൂട്ടിയും മോഹൻലാലും സിനിമയും ഒക്കെയാണ് അല്ലെ മനസ്സിൽ. ഒരു സിസ്റ്ററുടെ ചോദ്യം.
അതിനെന്താ സിസ്റ്റർ വിരൽ തഴോട്ടമർത്തി രണ്ടു വാചകം അടിച്ചാൽ മമ്മുട്ടി; അല്പം ഇടത്തോട്ട് ചെരിഞ്ഞു നടന്നാൽ മോഹൻലാലും. ഇത് രണ്ടും എനിക്ക് നല്ല പോലെ വശം ഉണ്ടു്.. സിസ്ററർ സ്നേഹപൂർവം ഒരു ഇടി തന്നു.

മുകളിലെ സ്റ്റേറ്റ്മെൻ്റ് അപ്പടി അങ്ങ്  വിഴുങ്ങാൻ വരട്ടെ കേട്ടോ. തിരിഞ്ഞു നോക്കാൻ ആളില്ലെന്ന് പറഞ്ഞത് പച്ചകള്ളമാണ് കേട്ടോ. ഭാര്യയും മക്കളും നല്ലപോലെ പരിചരിക്കുന്നുണ്ട്. കുറച്ച്  സിമ്പതി ആരെങ്കിലും തരുന്നെങ്കിൽ തരട്ടെ എന്ന് കരുതി ഒരു നുണ പറഞ്ഞെന്നെ ഉള്ളൂ. ഒരു പണി ചെയ്തോളൂ അവരോടുള്ള അസൂയ മുഴുവനും അങ്ങോട്ട് തന്നെ കൊടുത്തെക്ക് കൂട്ടുകാരെ.

കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ ഒരു നാൾ രാപ്പാർക്കേണ്ടി വന്ന ഈ പെരുംകാലൻ്റെ അവസ്ഥ കേൾക്കണോ.
കൂടെ ഭാര്യയും മകനും ഉണ്ട്. ഞാൻ സിസ്റ്ററിനെ വിളിച്ചു ചോദിച്ചു. സിസ്ററർ കുറച്ച് മൂട്ടകളെ കിട്ടുമോ?
എന്ത് പറ്റി സാറെ? അല്ല കൊതുകുകൾ ഞങ്ങളിനെ എല്ലാവരിനെയും പൊക്കിക്കൊണ്ട് പോവുന്നു. മൂട്ടയുണ്ടായിരുന്നെങ്കിൽ അവ ഞങ്ങളെ
താഴോട്ട് വലിച്ചോളുമായിരുന്നു. ഹായ് ഈ പാതിരക്കും സാറിൻ്റെ ഒരു തമാശ!!

പിന്നെ ഏക മാർഗം ലൈറ്റ് ഓൺ ആക്കി കിടക്കുക എന്നത് തന്നെ. അതിനു ശേഷമാണ് ഒരു പോള കണ്ണടച്ചത്. അത് കൊണ്ട് നഗരങ്ങളിൽ രാപ്പാർക്കുന്നെങ്കിൽ നല്ലപോലെ ഫാനും ലൈറ്റും പെറ്റ പോലെ തന്നെ കിടക്കട്ടെ.

ഈ പെരുംകാൽ പുരാണം തുടങ്ങീട്ട് ഏതായാലും മൂന്ന് മാസം കഴിഞ്ഞില്ലേ. വേവുവോളം കാത്തു. ഇനി ആറുവോളം കൂടി കാത്തിരുന്നു കൂടെ. ഒരു മൂന്ന് മാസം കൂടി.

ഈ പെരുമ്പറമ്പിലെ ഈ പാവം പെരുംകാലനെ അങ്ങനെ തന്നെ എന്നും വിളിച്ചേക്കരുതെ. അയാൾക്ക് നല്ലൊരു പേരുണ്ട് ... വിളിച്ചോളൂ മനക്കലൻ എന്ന്.

Manakkalan's column

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക