Image

പൂവിളി പൂവിളി പൊന്നോണമായി----(സന്തോഷ് പിള്ള)

Published on 07 September, 2022
പൂവിളി പൂവിളി പൊന്നോണമായി----(സന്തോഷ് പിള്ള)

കൊതുമ്പ്‌ കത്തിച്ചുണ്ടാക്കുന്ന  തീയിൽ,  വലിയ ഉരുളിക്കുള്ളിൽ ശർക്കര ഉരുക്കി, ചുക്കുപൊടി ഇടുമ്പോൾ  ഉണ്ടാവുന്ന സുഗന്ധം ആസ്വദിച്ച് വീടിനു പുറകിലുള്ള ഒരപുരയിൽ  നിൽക്കുമ്പോൾ മുത്തശ്ശനോട് ചോദിച്ചു, “തൊണ്ടും ചിരട്ടയും ഉപയോഗിച്ചാൽ തീ ആളിക്കത്തില്ലേ?  അപ്പോൾ ശർക്കര പുരട്ടി വേഗത്തിൽ ഉണ്ടാക്കാമല്ലോ?”

അഞ്ച് വയസ്സുകാരനായ കൊച്ചുമകനോട് മുത്തശ്ശൻ പറഞ്ഞു,  “മോനെ, കൊതുമ്പിന്റെ ചെറുതീയിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ രുചി, വിറക്, തൊണ്ട്, ചിരട്ട എന്നീ തീയിൽ പാചകം ചെയ്‌താൽ കിട്ടില്ല. ചെറുതീയിൽ ഇങ്ങനെ, ഇങ്ങനെ പിരട്ടി, പിരട്ടി ഏത്തക്ക കഷ്ണം മൂപ്പിച്ച് ശർക്കര പിരട്ടിയാക്കണം.”

മൂന്നു വെട്ടുകല്ലുകൾക്ക് മുകളിൽ ഇരിക്കുന്ന ഉരുളിയിൽ വലിയ ചട്ടുകം കൊണ്ട് തുടർച്ചയായി മുത്തശ്ശൻ ഇളക്കികൊണ്ടിരിക്കുന്നു. കുട്ടനാട്ടുകാരനായിരുന്ന മുത്തശ്ശന് സ്വന്തമായി വള്ളമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന തുഴയാണോ ഇപ്പോൾ ചട്ടുകമായി ഉരുളിയിലൂടെ തുഴയുന്നത്?  ഇടക്കിടെ ചട്ടുകം പൊക്കി ശർക്കര നൂൽ പരുവത്തിൽ തന്നെ അല്ലെ  എന്ന് മുത്തശ്ശൻ ഉറപ്പുവരുത്തുന്നുണ്ട്. അടുത്തുള്ള ഉരുളികളിൽ അരിമാവ്  ചെറിയ ഉണ്ടയാക്കി ചീട  (കളിയടക്ക) ഉണ്ടാക്കുവാൻ   വ ച്ചിരിക്കുന്നുതിൽ നിന്നും ജീരകത്തിൻ്റെ ഗന്ധവും ഉയർന്നു വരുന്നുണ്ട്.  മുറുക്ക്, ഉപ്പേരി, മധുരസേവ, എന്നിവ ഉണ്ടാക്കുവാനുള്ള പലതരം മാവുകളൂം ഉരുളികൾക്കുള്ളിൽ വാഴയിലയിട്ട് അടച്ചുവച്ചിരിക്കുന്നു.

പക്കാവട , മധുരസേവ എന്നിവ ഉണ്ടാക്കുവാൻ സേവനാഴിയിൽ മാവിട്ട്, ഇരുകൈകൾ കൂട്ടിപ്പിടിച്ച് അമർത്തുമ്പോൾ മുത്തശ്ശന്റെ കൈകളിലെ പേശികൾ ഉരുണ്ടുകൂടും.  മുറുക്ക് ഉണ്ടാക്കുവാൻ തുടങ്ങുമ്പേഴേക്കും, “പേരപ്പാ ആ ഉരുളി ഇങ്ങോട്ടെടുത്തെ”, എന്നാവശ്യപ്പെട്ടുകൊണ്ട്,  ദേവകിച്ചിറ്റ, മുറത്തിൽ അടുക്കിവച്ചിരിക്കുന്ന വാഴയിലയുമായി കടന്നുവരും. അരിമാവ്  കലക്കി വാഴയിലയിൽ ഒഴിച്ച് ഇഡലി കുട്ടകത്തിൽ വച്ച്,  പുഴുങ്ങി അട പ്രഥമൻ പായസത്തിനുള്ള അട ഉണ്ടാക്കുന്നതും, അതി വേഗത്തിൽ വിരലുകൾക്കിടയിൽ വച്ച്,  മാവ് പിരിച്ച്, പിരിച്ച്,  മുറുക്കുണ്ടാക്കുന്നതിലും ദേവകിചിറ്റ മിടുക്കി ആയിരുന്നു.  സേവനാഴിയിൽ  മുറുക്കിന്റെ  അച്ചു വെച്ച് വളരെ  പ്രയാസപ്പെട്ടാണ്  മറ്റുള്ളവർ  മുറുക്ക് ഉണ്ടാക്കിയിരുന്നത്.

 ചിറ്റ തറവാട്ടിൽ വരുമ്പോഴെല്ലാം  കുട്ടികളുടെ സന്തോഷം വാനം മുട്ടെ,  മാച്ചാൻ പട്ടം,  (സ്റ്റെൽത് വിമാനങ്ങളുടെ ആകൃതിയിലുള്ളത്)  പോലെ ഉയർന്ന് പറക്കുന്നുണ്ടാവും.

 

ചിറ്റയെ കാണുമ്പോൾ തന്നെ, ഞാൻ ചോദിച്ചിരുന്നു  " എക്ക് മൈന മുറുക്ക് ഉണ്ടാക്കിത്തരാമോ"?

ചേട്ടൻ പറയും "എനിക്ക് പാമ്പ് മുറുക്ക് മതി"

ചേച്ചിക്കു വേണ്ടത് മുയൽ  പക്കാവടയാണ്.

അതിനെന്താ മക്കളെ, എത്രവേണമെങ്കിലും ചിറ്റ  ഉണ്ടാക്കിത്തരാല്ലോ. പക്ഷികളുടെയും, മൃഗങ്ങളുടെയും രൂപത്തിൽ  ദേവകി ചിറ്റ മുറുക്കുകളും, പക്കാവടകളും  ഉണ്ടാക്കി കുട്ടികളെ രസിപ്പിച്ചിരുന്നു.

പക്ഷിമൃഗാദികളെ  പാചകസ്ഥലത്ത് അടുപ്പിക്കാതിരിക്കുക, ഉണങ്ങിയ കൊതുമ്പുകൾ അടുപ്പിനരികിൽ അടുപ്പിച്ചു വക്കുക എന്നിവയൊക്കെ ആയിരുന്നു എൻറെ ജോലി. ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളുടേയും ആദ്യരുചി അറിഞ്ഞിരുന്നതും ഞാൻ തന്നെ.

തിളച്ച ശർക്കരയിൽ നിന്നും ശർക്കര പിരട്ടി കണ്ണാപ്പയിൽ കോരിയെടുത്ത്, ഉരുളിയിലേക്കിടുന്ന  ശബ്ദം കേൾക്കുമ്പോൾ ചേട്ടന്റെ മുഖം പാചകസ്ഥലത്ത്‌ പ്രത്യക്ഷപെടും. പലഹാരങ്ങൾ ഉണ്ടാക്കുന്നതുവരെ നീ എവിടെയായിരുന്നു? എല്ലാം തയ്യാറായപ്പോൾ വന്നിരിക്കുകയാ,  കൗശലക്കാരൻ, ഇതാ നാലെണ്ണം മാത്രം ഞാൻ നിനക്ക് ഇപ്പോൾ തരാം, ബാക്കി ഓണസദ്യക്ക് വിളമ്പുമ്പോൾ കിട്ടും. എന്ന് പറഞ്ഞു മുത്തശ്ശൻ ചേട്ടനെ പറഞ്ഞുവിടും. നിരാശ്ശപെട്ട് തിരികെ നടക്കുന്ന ചേട്ടനെ ഞാൻ കൊഞ്ഞനം കുത്തി പ്രകോപിപ്പിച്ചിരുന്നു.  ഇതുകഴിഞ്ഞു നീ അങ്ങ് വന്നേക്ക്, നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ട് എന്ന ഭാവത്തിൽ  ചേട്ടൻ എന്നെ നോക്കി പല്ല് ഞെരിക്കും. ഉരപ്പുരയുടെ മറുവശത്ത് ഒളിഞ്ഞു നിന്ന് ,മുത്തശ്ശൻറെ കണ്ണൊന്ന് തെറ്റുമ്പോൾ പാഞ്ഞുവന്ന് ഇരുകൈകളിലും നിറയെ ശർക്കര പിരട്ടിയുമായി ഓടിരക്ഷപെടുന്ന ചേട്ടനെ കാണുമ്പോൾ  മുത്തശ്ശൻ പറയുമായിരുന്നു, നിഷേധി,  നിന്നെ ഒരുദിവസം എന്റെ കയ്യിൽ കിട്ടും.”.

ഓണക്കാലങ്ങളിലൊക്കെ ഓരോ പലഹാരങ്ങൾ കൈക്കലാക്കി ഓടിരക്ഷപെടുമ്പോൾ ലഭിച്ച പരിശീലനമാണോ സഹോദരനെ പില്കാലത്ത് നല്ല ഒരു കായികതാരമാക്കി മാറ്റിയതെന്ന് ഞാനിപ്പോൾ ആലോചിച്ചുപോകുന്നു.

കൂടെ പഠിക്കുന്ന, സതീശന്റെ വീടിനടുത്തുള്ള വെളിപ്രദേശത്ത് ആകാശം മുട്ടെ നിൽക്കുന്ന രണ്ട് ചില്ലിതെങ്ങുകളുണ്ട്. ഓണക്കാലമാകുമ്പോൾ വലിയ വടം കൊണ്ട് തെങ്ങുകളെ  കൂട്ടി കെട്ടും. അതിൽ നിന്നും താഴേക്ക് വടങ്ങൾ ഇട്ട് രണ്ട് ഉലക്കകൾ കെട്ടി ആലാത്ത് (വലിയ ഊഞ്ഞാൽ ) ഉണ്ടാക്കും. ഒരേസമയം പത്ത് ആളുകൾ വരെ ഇരുന്ന്  ആയത്തിൽ  ആടുന്നത് ഓണക്കാലത്തെ പ്രധാന വിനോദമായിരുന്നു. മുതിർന്നവരുടെ മടിയിൽ ഇരുന്ന്, പോക്കറ്റിൽ നിന്നെടുത്ത ശർക്കര പിരട്ടിയും നുകർന്ന്,  ആലാത്തിൽ ആടുമ്പോൾ, അല്പം കൂടി മുകളിലേക്ക് പോയാൽ അമ്പിളിമാമ്മനെ എനിക്ക് പിടിക്കുവാൻ സാധിക്കുമല്ലോ എന്ന് ആ സമയത്ത് വിചാരിച്ചിട്ടുണ്ട്.  വൈദ്യുത വിളക്കുകൾ പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത്,   പെട്രോൾ മാക്സിന്റെ പ്രഭയിൽ പാതിരാവരെ ആട്ടവും പാട്ടും കൂത്തുമായി പ്രദേശവാസികൾ എല്ലാവരും വെളിമ്പ്രദേശത്ത് ഒത്തുകൂടിയിരുന്നു. ഇടക്കെപ്പോഴോ പെട്രോൾമാക്സ് അണഞ്ഞുപോയിരിക്കും . എന്നാലും. വിണ്ണിൽ വെളുവെളെ ചിരിച്ചു നിന്നിരുന്ന ഓണ നിലാവിൻറെ വെള്ളി വെളിച്ചം  ഓണക്കളികൾ  തുടരുവാൻ സഹായിച്ചിരുന്നു.

 ആലാത്തിൽ, ആയത്തിൽ,  ആടേണം പാടിടേണം എന്നുതുടങ്ങുന്ന പാട്ടായിരുന്നു ഊഞ്ഞാലാട്ടക്കാരുടെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്നത്..  തുമ്പിതുള്ളൽ, കുഴിപന്തുകളി, പുലികളി, വായനശാല സംഘങ്ങൾ ഒരുക്കുന്ന, വടം വലി, ഓണപ്പാട്ട്, നാടകം തുടങ്ങിയ വിനോദ പരിപാടികൾ എല്ലാം,  ഓണക്കാലത്തെ മധുരിക്കുന്ന ഓർമ്മകളാണ്.

തറവാട്ടുമുറ്റത്ത് പൂക്കളം ഒരുക്കുക എന്നത് പെൺകുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. പൂക്കൊട്ടയുമായി അയല്പക്കങ്ങളിലെല്ലാം നടന്ന്  വിവിധ വർണ്ണ  പുഷ്പങ്ങൾ ശേഖരിച്ച് പത്തു ദിവസവും വ്യത്യസ്ത ചിത്ര വേലകൾ ഉള്ള പൂക്കളങ്ങൾ അവർ ഒരുക്കിയിരുന്നു.  ചേച്ചിയോടൊപ്പം മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന രാഗിണിയുടെ വീട്ടിലെ രാജമല്ലി പൂപറിക്കാൻ ഗ്രാമ പാതയിലൂടെ പോകുമ്പോഴാണ് ഒരു കറുത്തനിറമുള്ള അംബാസഡർ കാർ മെല്ലെ മെല്ലെ  കടന്നുവന്നത്.  അനേക മാസങ്ങൾക്ക് ശേഷം ആ വഴിയിലൂടെ ഒരു കാർ കടന്നു വരുന്നത് കണ്ടപ്പോൾ പ്രദേശവാസികൾക്കെല്ലാം ഒരു ആകാംഷ. അത്യാസന്ന നിലയിലുള്ള ആരെയെങ്കിലും കൊണ്ടുവന്നതാണോ?  കുട്ടികൾ കാറിനു പിന്നാലെ ഓടാൻ തുടങ്ങി.  “”ഹായ് ഹായ് എന്തൊരു നല്ല മണം””  പിന്നാലെ പാഞ്ഞ് ഒരു വിരുതൻ ഉറക്കെ പറഞ്ഞു. പെട്രോൾ കത്തുമ്പോൾ ഉണ്ടാകുന്ന മണമാണ് അതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. കറുത്ത നിറത്തിലുള്ള പളപളാ തിളങ്ങുന്ന കാറിൻറെ മിനുസമുള്ള സ്റ്റിയറിങ് വീലിനുള്ളിൽ വെള്ളിനിറത്തിലുള്ള മറ്റൊരു വളയം.  അതിലമർത്തിയാൽ ബ്ബിബ്ബി, ബ്ബിബ്ബി എന്ന ശബ്ദം കേൾക്കാമെന്ന് അയൽവാസിയായ ഷാജിയാണ് പറഞ്ഞുതന്നത്. സ്റ്റിയറിങ് വീലിൽ  ഒന്നുപിടിക്കുവാനും ഹോണടിക്കുവാനും എപ്പോഴെങ്കിലും സാധിക്കണമെന്ന് അപ്പോൾ ആശിച്ചുപോയി.

കലാ കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്ന വായനശാലക്കരികിൽ എത്തിയപ്പോഴേക്കും,  കാർ പാതയുടെ ഓരം ചേർത്തുനിർത്തി,  ഒരു യാത്രക്കാരൻ  അതിൽനിന്നും വെളിയിലേക്കിറങ്ങി. കാറിൻറെ ഗ്ലാസ്സിനു മുന്നിലെ സ്ഥലത്ത് ചുവപ്പ് നിറത്തിലുള്ള ഒരു പരവതാനി വിരിച്ച അതിന് മുകളിലായി നിരവധി കുപ്പികൾ അയാൾ അടുക്കി വച്ചു. വലിയ കൂളിംഗ് ഗ്ലാസും, ബെൽബോട്ടം പാൻറും, വീതികൂടിയ ബെൽറ്റും, ബൂട്ടും ധരിച്ച ഒരു വ്യക്തി അതിൽ നിന്നും പുറത്തേക്ക്  ഇറങ്ങി വന്നു. ഭയ, ഭക്തി ബഹുമാനത്തോടെ സഹായി കൂളിംഗ് ഗ്ലാസ് ധാരിയുടെ കയ്യിലേക്ക് ഒരു വലിയ കോളാമ്പി പൂപോലെയുള്ള സാധനം  കൊടുത്തു. “മാന്യമഹാജനങ്ങളേ,  നിങ്ങൾ ഔഷധ മരങ്ങളാൽ നിബിഡമായ സഹ്യാദ്രിയിലെ കൊടും വനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കൊടുംകാട്ടിൽ. ഔഷധ മരങ്ങളിലെ ഫലങ്ങൾ ഭക്ഷിച്ചും,  ഔഷധ സസ്യങ്ങളുടെ വേരുകൾ തഴുകിവരുന്ന ശുദ്ധജലം പാനം ചെയ്തും ഒരു അത്ഭുത ജീവി വസിക്കുന്നു.  മനുഷ്യർ അനുഭവിക്കുന്ന എല്ലാവിധ അസുഖങ്ങളും മാറ്റുവാനുള്ള അത്ഭുതസിദ്ധി ഈമൃഗത്തിനുണ്ട്.

കാറിന് ചുറ്റും കൂടിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന് മുന്നിലേക്ക്,  വടിയും കുത്തി, വളഞ്ഞ ശരീരവുമായി ഒരപ്പൂപ്പൻ കടന്നുവന്നു. പുരികത്തിന് മുകളിൽ ഇടതുകൈ, പാതി ഉള്ളിലേക്ക് മടക്കി, സംസാരിക്കുന്ന ആളെ അപ്പുപ്പൻ സൂക്ഷിച്ചുനോക്കി.

അപ്പോൾ വലിയ കോളാമ്പി പൂപോലെയുള്ള സാധനത്തിലൂടെ അയാൾ ചോദിച്ചു, അമ്മാവാ, ഓണത്തിന്‌  ഉപ്പേരിയുണ്ടാക്കാൻ ((ഏത്തക്കാ വറുത്തത്)  തൊലികളഞ്ഞതുകൊണ്ട് വിരലുകളിൽ കറ കാണുന്നുണ്ടല്ലോ. കുറച്ചുസമയം തുടർച്ചയായി ജോലിചെയ്തുകഴിഞ്ഞാൽ വിരലുകൾ, കൈക്കുഴ, കൈമുട്ട്, ഒരം എന്നിവടങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടോ?  രാവിലെ എഴുന്നേൽക്കുമ്പോൾ കൈകാലുകൾക്ക് വേദന, കണ്ണിനു കാഴ്ചക്കുറവ്, ചെവിക്കു കേൾവിക്കുറവ് എന്നീ രോഗലക്ഷണങ്ങൾ കാണുന്നുണ്ടോ? അമാന്തിക്കാതെ വേഗം വന്നു വാങ്ങു  ഈ കരിങ്കുരങ്ങ് രസായനം?

ഇതുകേട്ട് ചിരിച്ച, പോയ ഇരുവശങ്ങളിലേക്കും നീളമുള്ള മുടികൾ പിന്നിയിട്ട് മുല്ലപ്പൂചൂടിയ  ഒരു പാവടക്കാരിയെ നോക്കി അയാൾ ചോദിച്ചു., പെങ്ങളെ,  ഓണത്തിന് സദ്യയൊരുക്കാൻ സഹായിക്കുമ്പോൾ,  അറിയാതെ മുടിയിഴകൾ ഊരി വീഴാറുണ്ടോ? മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനും, തിളങ്ങുന്ന കറുത്തനിറത്തിൽ, കാർകൂന്തൽ തഴച്ചു വളരുവാ നും ഇതു മാത്രം മതി. കരിങ്കുരങ്ങ് രസായനം. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു ശേഷം ഓരോ സ്പൂൺ സേവിക്കുക.

കാറിന്റെ ടയറിനുള്ളിലെ  തിളങ്ങുന്ന,  വട്ടത്തിലെ, വീൽ കപ്പിനടുത്തേക്ക് മുഖം അടുപ്പിച്ച് വച്ച് ഷാജി പറഞ്ഞു, "നോക്കിക്കേ, ഈ മരുന്നിന്റെ കാറ്റടിച്ചപ്പോൾ തന്നെ എന്റെ മുഖത്തിന് വണ്ണം വച്ചു" പുറത്തേക്ക് വളഞ്ഞിരുക്കുന്ന (കോൺവെക്സ്) പ്രതലത്തിലെ പ്രതിഫലനത്തിന് രൂപവ്യത്യാസമുണ്ട് എന്ന് മനസിലാക്കുവാൻ വീണ്ടും കുറെ വർഷങ്ങൾ വേണ്ടിവന്നു.

കരിങ്കുരങ്ങ് രസായന വില്പനക്കാരന്റെ വാക്‌ചാതുര്യത്താൽ ഒരുമണിക്കൂറിനുള്ളിൽ കൊണ്ടുവന്ന രസായനം മുഴുവൻ  വിറ്റു തീർന്നു. കാറിൽ കയറി അയാൾ  പോകാൻ തുടങ്ങുമ്പോൾ, ഷാജിയുടെ അമ്മായി ഓടിവന്ന് ഓണത്തിനുണ്ടാക്കിയ കുറേ ശർക്കര പിരട്ടിiഅയാളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, “ഞങ്ങളുടെ എല്ലാം,  രോഗങ്ങൾ മാറ്റാൻ,  അത്ഭുത സിദ്ധിയുള്ള ഔഷധവുമായി മോൻ വന്നതല്ലേ,  ഇതുംകൂടി ഇരിക്കട്ടെ".

അന്നുപോയതിനുശേഷം കരിങ്കുരങ്ങ് രസായനക്കാരൻറെ പൊടിപോലും ആ പ്രദേശത്തൊന്നും  പിന്നീട് കണ്ടിട്ടില്ല.

ആകാംഷയോടെ കാത്തിരുന്ന തിരുവോണ ദിവസം വന്നെത്തി. ഉമ്മറത്ത് തഴപ്പായയിൽ ബന്ധുമിത്രാദികൾ എല്ലാവരും നിരന്നിരുന്നു. കത്തിച്ച് വച്ചിരിക്കുന്ന നിലവിളക്കിനു  മുമ്പിൽ ചെറിയ ഒരു തൂശനില. എല്ലാ വിഭവങ്ങളും ആദ്യം വിളമ്പുന്നത് ഈ തൂശനിലയിൽ.  ഓണക്കോടിയിൽ ഭക്ഷണം വീഴാതെ സൂക്ഷിക്കണേ,  കുട്ടികളോട് മുത്തശ്ശിയുടെ ഉപദേശം. എല്ലാവർക്കും രണ്ട് ശർക്കര പിരട്ടി വിളംബിയപ്പോൾ, എനിക്ക് നാലെണ്ണം വേണമെന്ന് ചേട്ടൻ വാശിപിടിക്കുന്നു. ഇലയുടെ മുകൾ വശത്തായി പലതരത്തിലുള്ള ഉപ്പേരികൾ, ഇഞ്ചിക്കറി, അച്ചാറുകൾ, തോരൻ  പിന്നെ പേരറിയാത്ത എട്ടുപത്തു കറികളും,  തുമ്പപ്പൂനിറമുള്ള ചോറ് വിളമ്പിയപ്പോൾ, ചോറ് തറയിലേക്ക് പോകാതിരിക്കാൻ, ഇലയുടെ പിൻവശം മുകളിലേക്ക് ഉയർത്തിപ്പിടിക്കാൻ മുത്തശ്ശൻ സഹായിച്ചു. ചോറിലേക്ക് ആവിപറക്കുന്ന പരിപ്പ്, പിന്നീട് വെണ്ണ ഉരുക്കിയെടുത്ത നെയ്യ്, അതിനു മുകളിൽ പപ്പടം പൊടിച്ചിട്ട് മുത്തശ്ശൻ ഒരു പിടി പിടിക്കുന്നു. എല്ലാം കൂടി ഒത്തു ചേർത്ത്  വലിയ ഉരുളയാക്കി വായിലേക്ക്. ഹായ് അതുകണ്ടിരിക്കാൻ  എന്ത് രസാ-----.

,സാംബാർ, അവിയൽ, കാളൻ, മധുരക്കറി എല്ലാം വീണ്ടും വീണ്ടും വിളമ്പുമ്പോൾ മുത്തശ്ശി പറഞ്ഞു, “”ആവശ്യമുള്ളത് ചോദിച്ച് എത്രവേണമെങ്കിലും ഇന്ന് വാങ്ങി കഴിച്ചോണം, നാളെ,മുതൽ കറികളെല്ലാം ഇത്രയും സുലഭമായി ലഭിക്കില്ല.  ഇപ്പോൾ എല്ലാ വിഭവങ്ങളും ആവശ്യത്തിന് ഉണ്ടാക്കിയിട്ട്ണ്ട്”.  അടപ്രഥമൻ വിളമ്പി. ചെറുപഴവും, പപ്പടവും, പായസത്തിൽ ഞെരടി മുത്തശ്ശൻ കോരിക്കോരി കഴിക്കുന്നു. ഇടക്കിടെ  അച്ചാറിൽ തൊടുന്നുമുണ്ട്.  അവസാനം പച്ചമോരിനായി കാത്തിരിപ്പ്. ഇഞ്ചി, കരുവേപ്പില, പച്ചമുളക് ഇവയെല്ലാം ചതച്ചിട്ട, കുറുകിയ മോര് കൈകുമ്പിളിൽ ഒഴിക്കുമ്പോൾ തുളുമ്പിപ്പോകാതിരിക്കാൻ പെട്ടെന്ന് കുടിക്കുന്നു. ഇലയിൽ, ചൊറുകൊണ്ട്  ചെറിയ കുഴി ഉണ്ടാക്കി തുളുമ്പിയ മോരും കൂടി കൂട്ടി അവസാനത്തെ ഉരുള. സദ്യകഴിഞ്ഞ്  എഴുന്നേല്ക്കാനായി  പലർക്കും സഹായം വേണ്ടിവന്നു.  

ഓണസദ്യ,  മൂക്കുമുട്ടെ  കഴിച്ച് കഴിഞ്ഞപ്പോൾ അമ്മയോടുചോദിച്ചു, മാവേലി എപ്പോഴാ വരുന്നത് “?

 “അതേയ്, വീട്ടുമുറ്റത്തിനപ്പുറത്തെ നാട്ടുവഴിയിലൂടെ, എപ്പോഴും വരാം., നോക്കിയിരുന്നോ”.

 മെതിയടി ശബ്ദത്തിനു കാതോർപ്പിച്ച്, മാവേലിയുടെ ഓലക്കുട നാട്ടുവഴിയിലൂടെ കടന്നുവരുന്നത് കാണാൻ കണ്ണും കൂർപ്പിച്ച്,  ഉമ്മറത്തെ ചാരുപടിയിൽ കാലും നീട്ടി ചാരിയിരുന്നു.

എപ്പോഴോ ഞെട്ടിയുണർന്ന് , കണ്ണുകൾ തിരുമ്മി,  അമ്മേ അമ്മേ എന്നുറക്കെ വിളിച്ചു.

അമ്മ അടുത്തു വന്നപ്പോൾ ചോദിച്ചു, "മാവേലി വന്നിരുന്നോ?"

“ ഉവ്വ് വന്നിരുന്നു. ഉണ്ണിയെ  എത്ര പ്രാവശ്യം വിളിച്ചൂന്നോ.”

എന്നിട്ട് മാവേലി എന്നെകുറിച്ച് എന്താ പറഞ്ഞേ...

“മോൻ മിടുക്കനാ, നല്ല അനുസരണയുള്ള കുട്ടിയാ.  പഠിച്ച് വലിയവനാകുമെന്നും ഒക്കെ മഹാബലി തമ്പുരാൻ പറഞ്ഞു”.

അയ്യോ കഷ്ടായി എക്ക് മാവേലിയെ കാണാൻ സാദിച്ചില്ലല്ലോ, പതുക്കെ പതുക്കെ ചിണുങ്ങാൻ തുടങ്ങുന്ന എന്നോട് അമ്മ വീണ്ടും പറഞ്ഞു.

“എല്ലാ വീടുകളിലും പോവാനുള്ളതുകൊണ്ട് മോനുണരുന്നതു വരെ കാത്തുനിൽക്കാൻ സമയമില്ല. അടുത്ത വര്ഷം വരുമ്പോൾ കാണാം എന്ന് മഹാബലി തമ്പുരാൻ  പറഞ്ഞാ പോയത്.

അമ്മേ ഞാനെങ്ങനാ ഉറങ്ങിപോയത്?

“അടപ്രഥമന്റെ മധുരം തലക്കുപിടിച്ചിതു കൊണ്ടായിരിക്കാം ഉണ്ണിയേ”.

അടുത്ത ഓണത്തിന് മാവേലിയെ കണ്ടിട്ട് തന്നെ, എന്ന് അപ്പോൾ തീരുമാനിച്ചു.  വരും വർഷത്തെ ഓണസദ്യയിൽ, എത്ര മധുരമുണ്ടെങ്കിലും അട പ്രഥമൻ കഴിക്കുന്ന പ്രശ്നമേയില്ല. പകരം സേമിയ പായസം മാത്രമേ കഴിക്കുന്നുള്ളൂ. അപ്പോൾ ഉറക്കം  വരികയുമില്ല. മാവേലിയെ കാണുകയും ചെയ്യാം.------

അയ്യോ എന്താ ഇത്? കൈക്കുള്ളിൽ ഒരു പശപശപ്പ്.  ഭാഗ്യം,  ചേട്ടൻ  കാണാതെ കൈക്കുള്ളിൽ മുറുക്കെ പിടിച്ചിരുന്ന  രണ്ട് ശർക്കര പിരട്ടി,  ഇപ്പോഴും കയ്യിൽ നിന്നും പോയിട്ടില്ല.

Join WhatsApp News
Jay Mohan 2022-09-07 05:20:31
അതിമനോഹരമായ ഏഴുത്ത്. ഓർമ്മകളുടെ ഒരു ചെറിയ വേലിയേറ്റംത്തന്നെ ഉണ്ടായി. ഓണത്തിന്റെ. നാടിൻറെ..
Rajesh 2022-09-07 12:52:30
അതി മനോഹരം! വളരെ നന്നായിട്ടുണ്ട് സന്തോഷ് !!!!
Sajikumar 2022-09-07 16:52:24
വളരെ വിശദമായും രസകരമായും എഴുതിയിരിക്കുന്നു. പഴയ ഓണക്കാലങ്ങളിലേക്ക് ഞാനും മനസ്സുകൊണ്ട് മടങ്ങിപ്പോയി. അഭിനന്ദനങ്ങൾ സന്തോഷ്ചേട്ടാ
Sudheer 2022-09-08 02:07:56
സന്തോഷേട്ടാ, വായിച്ചു കഴിഞ്ഞപ്പോൾ ഞാനും ആ കുട്ടിയായി. എല്ലാം ഓർമ്മകൾ മാത്രം, ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം, നല്ല രചന. 🙏
Ranjit Raveendran 2022-09-08 14:18:18
ഓർമ്മകൾ ഓർമ്മകൾ , ഓളങ്ങളിലൂടെ
Hari Pillai 2022-10-09 00:21:59
Good wite up Onam Memories
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക