Image

ഓണനുറുങ്ങുകൾ (സീന ജോസഫ്)

Published on 07 September, 2022
ഓണനുറുങ്ങുകൾ (സീന ജോസഫ്)

ചിങ്ങം

കർക്കിടക കറുപ്പിൽ
കാലം തൂവിയ
നിലാവെളിച്ചം

ഓണം

നിറമോലും
ഓർമ്മകൾ തൻ
പ്രിയ പൂത്താലം

ഓണക്കോടി

പൊൻവെയിൽ
കസവിടും
വർണ്ണസ്വപ്നങ്ങൾ

മുക്കുറ്റി

തൊടിയാകെ
തെളിയുന്ന
മഞ്ഞ നക്ഷത്രങ്ങൾ

തുമ്പ

പച്ചയിൽ
തൂവെള്ള മുത്ത്
കോർക്കും ചമയക്കാരി

തെച്ചി

ശലഭങ്ങൾ
മുടിയിൽ ചൂടിയ
മനോഹരി

തുമ്പി

സ്വർണ്ണച്ചിറകിൽ
തുള്ളിപ്പറക്കുന്ന
കൗതുകക്കണ്ണുകൾ

ഊഞ്ഞാൽ

മാനം തൊട്ടു
തിരികെപ്പറക്കും
മോഹച്ചിറകുകൾ

പൂക്കളം

ഇളം കൈകൾ
ഇറുത്തൊരുക്കും
നിറകൺ പുഞ്ചിരി

കൈകൊട്ടിക്കളി

താളമധുരം
ലാസ്യമാടും
പെൺമനം

സദ്യ

എരി പുളി മധുരം
മനം നിറയ്ക്കും
പുളിയിഞ്ചി ജീവിതം

Join WhatsApp News
വിദ്യാധരൻ 2022-09-08 03:25:02
ആധുനിക കവിതകളോട് പൊതുവേ എനിക്ക് വിരക്തിയാണ് . കാരണം അത് എന്നെപ്പോലുള്ള സാധാരണ വായനക്കാരോട് സംവദിക്കുന്നില്ല കൂടാതെ അതിൽ ഓണത്തിന്റെ താളലയങ്ങൾ ഇല്ല. എന്നാൽ ഈ കവിതയിൽ എങ്ങനെയോ അത് കേൾക്കാൻ കഴിയുന്നു . ഹൃദയത്തിൽ നിന്ന് ആത്മപ്രചോദിത,മായി ഒഴുകുന്നത് കൊണ്ടായിരിക്കാം .. ഓണം പോലുള്ള ഒരു ആഘോഷം സാധാരണക്കാരുടെ ഉത്സവമാണ് . ആ ഉത്സവത്തിൽ ലാളിത്യം എല്ലാ തരത്തിലും മുന്തി നിൽക്കുന്നു . ഇവിടെ ഇത്രയും പറഞ്ഞത് ഓണത്തിന്റെ എല്ലാ ചേരുവകളും ലാളിത്യത്തോട് ചേർത്ത് നിങ്ങൾ ഒരു കവിത രചിച്ചിരിക്കുന്നു .ചിങ്ങത്തിന്റെ നിലാവെളിച്ചത്തിൽ ഓണക്കൊടിയുടുത്ത് മുക്കുറ്റിയും തുമ്പയും തെച്ചിയും നിറഞ്ഞ പൂത്താലവും ഏന്തി വരുമ്പോൾ കൗതക കണ്ണുകളോടെ തുള്ളിപ്പറക്കുന്ന തുമ്പി കൂട്ടത്തിൽ ഞാനും ഉണ്ട് - അസ്വാഭാവികമായ ഓണം ലോകം എമ്പാടും ആഘോഷിക്കുമ്പോൾ നഷ്ടമായ ഓണംത്തിന്റെ ഓർമ്മകളെ വീണ്ടെടുക്കാൻ കവി ഹൃദയങ്ങൾക്ക് മാത്രമേ കഴിയുകയുള്ളു . ഓണത്തിന്റെ എല്ലാം ഭാവുകങ്ങളും നേരുന്നതോടെ ഓണത്തിന്റെ വൈകാരികത നഷ്ടപ്പെടാതെ എഴുതിയ കവിതയ്ക്ക് അഭിനന്ദനം . വിദ്യാധരൻ
Seena 2022-09-08 14:57:10
Thank you...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക