Image

തെരുവു നായ്ക്കളുടെ തിരുവോണം (ബാബു പാറയ്ക്കല്‍: നടപ്പാതയില്‍ ഇന്ന്- 50)

ബാബു പാറയ്ക്കല്‍ Published on 07 September, 2022
തെരുവു നായ്ക്കളുടെ തിരുവോണം (ബാബു പാറയ്ക്കല്‍: നടപ്പാതയില്‍ ഇന്ന്- 50)

"എന്താ പിള്ളേച്ചാ, തിരുവോണമായതുകൊണ്ടാണോ കസവുമുണ്ടും ഉടുത്തു നടക്കാന്‍ ഇറങ്ങിയത്?"
"പിന്നല്ലാതെ? ഓണം ആണ്ടില്‍ ഒരിക്കലല്ലേ ഉള്ളെടോ."
"ങ്‌ഹേ, ഇതെന്താ കയ്യില്‍ ഒരു കുറുവടി പിടിച്ചിരിക്കുന്നത്?"
"എടോ, തെരുവു നായ്ക്കള്‍ കാരണം ഇവിടെ വഴിയേ നടക്കാന്‍ പാടില്ലെന്നറിഞ്ഞുകൂടേ? തിരുവോണവുമായിട്ടു പട്ടിയുടെ കടി കിട്ടിയാല്‍ പണിയാകില്ലേ? അതുകൊണ്ടു സ്വയരക്ഷാര്‍ദ്ധം കരുതിയതാ."
"എന്താ പിള്ളേച്ചാ പണ്ടെങ്ങുമില്ലാത്ത വിധം ഇതുപോലെ തെരുവു നിറഞ്ഞു പട്ടികള്‍ നടക്കുന്നത്?"
"നമ്മള്‍ അതിനെ വളര്‍ത്തുന്നതാണെടോ. അലഞ്ഞു തിരിഞ്ഞല്ല അവറ്റകള്‍ നടക്കുന്നത്. കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ്."
"അതിനെന്തു ലക്ഷ്യമാ ഉള്ളത്? തെണ്ടിത്തിരിഞ്ഞു നടക്കുന്ന ആ പട്ടികളല്ലേ മനുഷ്യരെ കടിക്കുന്നത്?"
"അതെ. അതുതന്നെയാണ് ഞാന്‍ പറഞ്ഞത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ആവാസസ്ഥലത്തു ചെല്ലുന്നവരെയൊക്കെ അവ ആക്രമിക്കും. അത് പട്ടികള്‍ മാത്രമല്ല സര്‍വ്വ മൃഗങ്ങളുടെയും സ്വഭാവമാണ്."
"നമുക്കു സഞ്ചരിക്കാന്‍ നമ്മള്‍ പണിതുണ്ടാക്കിയിരിക്കുന്ന റോഡുകള്‍ എങ്ങനെയാ പിള്ളേച്ചാ അവരുടെ ആവാസ സ്ഥലമാകുന്നത്?"
"എടോ നമുക്ക് സഞ്ചരിക്കാനുണ്ടാക്കിയ റോഡുകളൊക്കെ സഞ്ചരിക്കാന്‍ മാത്രമാണോ നമ്മള്‍ ഉപയോഗിക്കുന്നത്? രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗും ഉണ്ടാകും. തലേന്ന് വീട്ടില്‍ കറി വച്ച കോഴിയുടെ പണ്ടവും കുടലുമൊക്കെ ആയിരിക്കും അതിലുള്ളത്. സ്‌കൂട്ടറില്‍ പോകുന്ന വഴി അത് വലിയരികില്‍ ഉപേക്ഷിച്ചിട്ടാണ് യാത്ര തുടരുന്നത്. നായ്ക്കള്‍ക്കു മനുഷ്യരെപ്പോലെയല്ല, ഘ്രാണ ശക്തി വളരെയാണ്. അതെവിടെനിന്നെങ്കിലും ഓടിവരും. ബാഗ് വലിച്ചുകീറി വയറു നിറയെ ഭക്ഷിക്കും. ബാക്കി അവിടെ ഉപേക്ഷിക്കും. അതിന്റെ മണം പിടിച്ചു പുറകെ വേറെ ബാച്ച് എത്തും. അപ്പോള്‍ അതിന്റെ അടുത്തുകൂടി ആരെങ്കിലും പോയാല്‍ പട്ടിയുടെ വിചാരം അതിന്റെ ഭക്ഷണം പങ്കുകൊള്ളാന്‍ ചെല്ലുന്നതാണെന്നാണ്. അത് ആക്രമിക്കും."
"ഇതിന്റെ നമ്പര്‍ വളരെയധികം വര്‍ധിച്ചതല്ലേ പിള്ളേച്ചാ യഥാര്‍ഥ പ്രശ്‌നം?"
"നമ്പര്‍ എങ്ങനെയാണ് കൂടിയതെന്നാലോചിക്കണം. ഭക്ഷണം കിട്ടുന്നുണ്ട്. അവറ്റകള്‍ ഒന്നിച്ചു കൂടും. സ്വാഭിവകമായി പെറ്റുപെരുകും."
"അപ്പോള്‍ വന്ധ്യംകരണം ചെയ്താല്‍ പോരേ?"
"എടോ, വന്ധ്യംകരണം ചെയ്തു വിട്ടാല്‍ നമ്പര്‍ കുറച്ചു കുറയ്ക്കാം എന്നേയുള്ളൂ. അവറ്റകളുടെ കടി നിര്‍ത്താന്‍ പറ്റില്ലല്ലോ."
"പിന്നെയെന്താണ് പിള്ളേച്ചാ ഇതിനൊരു പരിഹാരം? കഴിഞ്ഞ ദിവസം 12 വയസ്സുള്ള ഒരു കുട്ടി പത്തനംതിട്ടയിലും മറ്റൊരു കുട്ടി പാലക്കാട്ടും പട്ടിയുടെ കടിയേറ്റു പേ ബാധിച്ചു ദാരുണമായി മരിച്ചു. അതുപോലെ ഇരുപതു പേരാണ് കുറഞ്ഞ കാലയളവില്‍ മരിച്ചത്. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ കടിയേറ്റത് ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ്. എന്നിട്ടെന്താണ് ഈ സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിക്കും മുതിരാത്തത്?"
"അതിന്റെ മുഖ്യമായ കാരണം 42 വണ്ടികളുടെ അകമ്പടിയോടെ ചീറിപ്പാഞ്ഞു പോകുന്നവര്‍ക്ക് തെരുവുപട്ടികളെ പേടിക്കണ്ടല്ലോ. വെളിയിലിറങ്ങിക്കഴിഞ്ഞാല്‍ ഈ രാഷ്ട്രീയക്കാരൊക്കെ അവരവരുടെ കാറുകളിലാണ് പോകുന്നത്. അവര്‍ക്കാര്‍ക്കും ഇതിന്റെ ആഴം മനസ്സിലാവില്ല. നടന്നു സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കോ ഏതെങ്കിലും ആവശ്യത്തിനു വെളിയില്‍ പോകുന്ന സാധാരണക്കാര്‍ക്കോ മാത്രമേ തെരുവുനായ്ക്കളുടെ കടിയേല്‍ക്കാറുള്ളൂ."
"കടിയേറ്റാലും പണ്ടൊക്കെ കുത്തിവയ്പ്പ് നടത്തിയാല്‍ പേടിക്കേണ്ടാരുന്നു. ഇപ്പോള്‍ അതല്ലല്ലോ സ്ഥിതി. ഈ വാക്സിനേഷന് ഇപ്പോള്‍ എന്താ ഗുണനിലവാരമില്ലാതായത്?"
"എടോ, അതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്, ഗുണമേന്മ പരിശോധിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ ഒന്നും പരിശോധിച്ചില്ലെങ്കിലും ഒരു നടപടിയുമുണ്ടാവില്ല എന്ന ധൈര്യം. രണ്ട്, ഈ വാക്സിനുകള്‍ സൂക്ഷിക്കേണ്ടത് 2 ഡിഗ്രിക്കും 8 ഡിഗ്രിക്കുമിടയിലുള്ള താപനിലയിലാണ്. പലപ്പോഴും ഇത് കൃത്യമായി സൂക്ഷിക്കാറില്ല. ഇതിനൊക്കെ കാരണം ഉത്തരവാദപ്പെട്ടവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നതാണ്. പത്തനംതിട്ടയില്‍ മരിച്ച കുട്ടിയുടെ അമ്മ പറഞ്ഞത്, 'ആശുപത്രിയില്‍ ചെന്നപ്പോള്‍ പട്ടി കടിച്ച മുറിവ് കഴുകാന്‍ സോപ്പ് പോയി വാങ്ങിയിട്ടു വരാന്‍' ആണ് ആദ്യ നിര്‍ദ്ദേശം ലഭിച്ചത് എന്നാണ്. ഇതില്‍പരം ഒരു ഗതികേടുണ്ടോ? സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ട സപ്ലൈ ലഭ്യമാക്കേണ്ടത് ആരാണ്? ഇതിനു പുറമേയാണ് വാക്സിന്‍ കമ്പനികളുടെ ലോബിയിങ്ങില്‍ കൂടി നാള്‍ക്കുനാള്‍ വളരുന്ന മൃഗസ്‌നേഹ നിയമങ്ങള്‍! അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ നായ്ക്കളുടെ കടിയേറ്റത് പത്തു ലക്ഷം പേര്‍ മാത്രമാണെന്നു പറയുമ്പോള്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജിയില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് അവര്‍ കരുതുന്നത്. ഇതൊരു വലിയ മാഫിയാ ലോബിയാണ്. അതിനു സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നോ എന്ന് ന്യായമായി സംശയിക്കാവുന്നതാണ്."
"അപ്പോള്‍ ഇതിന് ഒരു പരിഹാരം ഇല്ലെന്നാണോ പിള്ളേച്ചന്‍ പറയുന്നത്?"
"പരിഹാരമുണ്ടെടോ. ആദ്യമേ, തെരുവുകളില്‍ മാലിന്യം എറിയുന്നവരുടെ പേരില്‍ നടപടിയുണ്ടാവണം അവരുടെ പേരുകള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കണം. വാക്സിനേഷന്റെ നിലവാരം ഉറപ്പു വരുത്താന്‍ സര്‍ക്കാരിനു കഴിയുമോ? കടിയേറ്റു ചികിത്സക്കായി ആശുപത്രിയില്‍ ചെല്ലുന്നവര്‍ക്കു വേണ്ട മരുന്നുകളും മറ്റു സപ്ലൈകളും ഗുണനിലവാരമുള്ള വാക്സിനുകളും ലഭ്യമാണെന്നുറപ്പു വരുത്താന്‍ തയ്യാറാകുമോ? കുറഞ്ഞപക്ഷം മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയില്‍ പട്ടി കടിച്ചു ദാരുണമായി മരണപ്പെട്ട ആ കുട്ടിയുടെ വീട്ടില്‍ പോയി അവരോടൊപ്പം തിരുവോണദിവസം അല്‍പ്പം സമയം ചെലവഴിക്കാന്‍ മന്ത്രി തയ്യാറാകുമോ? ഇതൊന്നും പറ്റില്ലെങ്കില്‍ ഈ പണിവിട്ടവര്‍ വീട്ടില്‍ പോകാന്‍ തയ്യാറാകുമോ എന്നതാണ് പ്രധാനം. അതും സാധ്യമല്ലെങ്കില്‍ ഈ വര്‍ഷത്തെ തിരുവോണം തെരുവു നായ്ക്കള്‍ക്കളുടെ തിരുവോണമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. അവറ്റകളുടെ പ്രവര്‍ത്തനത്തിന് ഒരംഗീകാരമാകട്ടെ!"
"അല്ല പിള്ളേച്ചാ, തെരുവു നായ്ക്കള്‍ മാത്രമല്ലല്ലോ കേരളത്തിന്റെ പ്രശ്നം. വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കണ്ടില്ലേ? അടിച്ചൊതുക്കണ്ടേ അവന്റെയൊക്കെ അഹങ്കാരം?"
"താന്‍ എന്തറിഞ്ഞിട്ടാണെടോ ഈ പറയുന്നത്? ഇയ്യാള്‍ എന്നെകിലും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ?"
"ഇല്ല പിള്ളേച്ചാ, സര്‍ക്കാര്‍ പറയുന്നത് ചര്‍ച്ചയാകാമെന്നല്ലേ? പിന്നെയെന്താണ് പ്രശ്‌നം?"
"എടോ, അവര്‍ക്കു വേണ്ട പാര്‍പ്പിട സൗകര്യവും കടലില്‍ പോയി ഉപജീവനം കഴിക്കാനുള്ള വഴിയും ഉറപ്പാക്കിയാല്‍ മതി. വല്ലപ്പോഴും സമയവും സൗകര്യവും കിട്ടുമ്പോള്‍ നിങ്ങളൊക്കെ അവരുടെ കുടിലുകള്‍ ഒന്ന് സന്ദര്‍ശിക്കണം. ഒന്നര സെന്റ് സ്ഥലത്തു നാലു വീടുകളാണ് സര്‍ക്കാര്‍ പണിയിച്ചു കൊടുത്തിട്ടുള്ളത്. ശൗച്യാലയങ്ങള്‍ പോലും എല്ലാര്‍ക്കുമില്ല. അവിടെ തുറമുഖം വന്നാല്‍ അവര്‍ക്കു യാതൊരു ഗുണവുമില്ല, ദോഷങ്ങളല്ലാതെ. അവരെങ്ങനെയാണെടോ ഈ അവസരത്തില്‍ ഓണം ആഘോഷിക്കുന്നത്?'
"അവര്‍ക്കെല്ലാം ഫ്രീ ഓണം കിറ്റുകള്‍ നല്‍കുന്നില്ലേ പിള്ളേച്ചാ? അതിനു കാരണഭൂതനായവനോട് നന്ദിയുണ്ടാവണം."
"അവരൊക്കെ പാര്‍ട്ടി അനുഭാവികളാണെടോ. അതിന്റെ ശിക്ഷയായിരിക്കാം അവര്‍ അനുഭവിക്കുന്നത്."
"എങ്കില്‍ പിന്നെ ഒന്നും പറയാനില്ല പിള്ളേച്ചാ, ചേച്ചിയോടും എല്ലാം തിരുവോണാശംസകള്‍ അറിയിക്കുക."
"എടോ, തന്റെ കൂട്ടുകാര്‍ക്കും എല്ലാം ഒരു നല്ല തിരുവോണത്തിന്റെ നന്മകള്‍ നേരുന്നു."
"പിന്നെ കാണാം പിള്ളേച്ചാ."
"അങ്ങനെയാകട്ടെടോ."

English Summay: 12 year-old girl in Kerala bitten by stray dog dies.

Join WhatsApp News
Vayanakkaran 2022-09-07 12:12:43
എല്ലാത്തിനെയും തൂത്തുവാരി കാട്ടിൽ കൊണ്ട് വിടുക. കടുവയും പുലിയുമൊക്കെ വിശപ്പടക്കട്ടെ! അതുകൊണ്ടു് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ ഭീഷണിപ്പെടുത്തുകയുമില്ല. നാട്ടിൽ ജനങ്ങൾക്ക് പേടിക്കാതെ റോഡിൽക്കൂടി നടക്കുകയും ചെയ്യാം. ഇതിനും ഒരു കോൺട്രാക്ട് കൊടുക്കാം. അതിലും വെട്ടുമേനി തരപ്പെടുത്താം. എങ്ങനെ നോക്കിയാലും എല്ലാവർക്കും ലാഭം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക