Image

ഒരു മഹാകവിയോട് ഇത്രയും അനാദരവോ? (വിജയ് സി. എച്ച്)

Published on 11 September, 2022
ഒരു മഹാകവിയോട് ഇത്രയും അനാദരവോ? (വിജയ് സി. എച്ച്)

'ഓടക്കുഴൽ' എന്ന കവിതാ സമാഹാരത്തിനു ലഭിച്ച സമ്മാനത്തുക കൊണ്ടു രൂപവൽക്കരിച്ച ഓടക്കുഴൽ പുരസ്കാരം കൊല്ലംതോറും അഭിമാനത്തോടെ ഏറ്റുവാങ്ങുന്ന എഴുത്തുകാരും, ഇ-ലോകത്തെ സകല സൗകര്യങ്ങളും ആസ്വദിച്ചു, പേനയില്ലാതെ എല്ലാം എഴുതുന്ന ഏവരും അറിയുവാനാണ് ഈ ലേഖനം!  
2013-ൽ മലയാളത്തിന് ഔപചാരികമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനു എത്രയോ മുന്നെ, രാജ്യത്തെ പ്രഥമ ജ്ഞാനപീഠം നേടിക്കൊണ്ടു വന്നു നൽകി, നമ്മുടെ ഭാഷയെ ഏറ്റവും ഔന്നത്യത്തിൽ എത്തിച്ച മഹാകവി ജി. ശങ്കരക്കുറുപ്പ് അന്തരിച്ചിട്ട് നാൽപ്പത്തിനാല് വർഷമായെങ്കിലും അദ്ദേഹത്തിനൊരു സ്മാരകം പോലും പണിയാത്തത് കടുത്ത അനാദരവാണ്. ഈ നന്ദികേടിനാൽ പ്രിയ മാതൃഭാഷയ്ക്ക് ധാർമ്മികമായി നഷ്ടം വന്നുകൊണ്ടിരിക്കുന്നത് പ്രയത്നിച്ചു നേടിയെടുത്ത അതിൻ്റെ ശ്രേഷ്ഠഭാഷാ പദവിയുമാണ്. നമ്മുടെ ചിന്താധാരയിൽ ധൈഷണികത കടന്നുവരട്ടെ! മഹാകവിയുടെ ഒട്ടുമിക്ക രചനകൾക്കും സാക്ഷ്യം വഹിച്ച അദ്ദേഹത്തിൻ്റെ ജന്മഗൃഹത്തിലേക്കൊരു തീർത്ഥയാത്ര... 
ആ വീട് ഇന്ന് തകർച്ചയുടെ പാതയിലാണ്. മഹാകവിയുടെ കുടുംബാംഗങ്ങൾ ഇടയ്ക്കു വന്ന് അല്പസൊല്പം അറ്റകുറ്റപണികൾ ചെയ്യുന്നതിനാൽ ആയിരിയ്ക്കാം അത് ഇതുവരെ നിലം പൊത്താതിരുന്നത്. ആ ചെറിയ വസതിയിൽ ജീവിച്ചിരുന്ന വലിയ മനുഷ്യൻ്റെ പേരിൽ ഗ്രാമത്തിൻ്റെ പടിഞ്ഞാറു ഭാഗത്തെ കവലയോടു ചേർന്ന് ഒരു സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമുണ്ട്. അതിൻ്റെ മുന്നിൽ കൂടിനിന്നു സായാഹ്ന വിശേഷങ്ങൾ പങ്കുവെച്ചിരുന്നവരോടാണ് വഴി ആരാഞ്ഞത്. 


"ദേ..., ഈ വഴിയെ അല്പം മുന്നോട്ടു പോയാൽ, അത് രണ്ടായി പിരിയും. അവിടെ നിന്ന്, മൈൻ്റനൻസ് ഇല്ലാതെ പൊട്ടിപൊളിഞ്ഞ് കെടക്കണ വഴീല് പോവാ, അപ്പൊരു ഭണ്ഡാരം കാണാം. അത് അമ്പലത്തിൻ്റേണ്. വലത്ത് തിരിഞ്ഞാൽ അമ്പലായി. അവടെ തെന്ന്യാ, മൂപ്പരടെ വീട്. ആൾതാമസം ഇല്ലാണ്ടെ, ഇങ്ങനെ കെടക്കണ ഒരു പഴയ വീടാണ്, പെട്ടെന്ന് മനസ്സ്ലാവും,” ഒരാൾ വിവരിച്ചു. 

നിർദ്ദേശമനുസരിച്ച് വഴി രണ്ടാവുന്നിടത്തെത്തി, ദുർഘട മാർഗം സ്വീകരിച്ചു. അല്പനേരം കഴിയവേ, കവലയിൽ കണ്ട സുഹൃത്ത് പറഞ്ഞതുപോലേ, ആദ്യം ഭണ്ഡാരവും, താമസിയാതെ ക്ഷേത്രവും, അടുത്തൊരു ചെറിയ വീടും കാണാനായി. 
ആയിരത്തിഇരുനൂറിലേറെ വർഷത്തെ പ്രാചീനതയുള്ളതും, ആർകിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ഏറ്റെടുത്തതുമായ തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നട. വലതു ഭാഗത്തുള്ളതുതന്നെയാണ് കാണാൻ കൊതിച്ച ആ ഭവനം. ക്ഷേത്ര ദർശനം കഴിഞ്ഞു പോകുന്ന ഒരു മുത്തശ്ശിയോട് ചോദിച്ച് ഉറപ്പു വരുത്തി. 

സ്ഥലം നായത്തോട് ഗ്രാമം; എറണാകുളം ജില്ല. അങ്കമാലി ജംഗ്ഷനിൽ നിന്നു തെക്ക് നാലു കിലോമീറ്റർ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഒരു വിളിപ്പാടകലെ. അദ്വൈത ദാർശനികൻ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേയ്ക്ക് ഏകദേശം അഞ്ചു കിലോമീറ്റർ മാത്രം. 

അനുവാദം ചോദിയ്ക്കാ൯ ആരെയും അടുത്ത് കാണാത്തതിനാൽ, അടഞ്ഞുകിടന്നിരുന്ന ഗെയ്റ്റ് അൽപം തള്ളിനീക്കി വീട്ടുമുറ്റത്ത് പ്രവേശിച്ചു. പരിസരങ്ങളിൽ ചപ്പും ചവറുമൊന്നുമില്ല. ആരോ വന്നു നിത്യവും മുറ്റം തൂത്തു വൃത്തിയാക്കുന്നുണ്ട്. ഇത്രയെങ്കിലും ചെയ്തല്ലൊ. ഇതിനാരോടാണ് നന്ദി പറയേണ്ടതെന്ന് അറിഞ്ഞതുമില്ല. ആരായാലും കൃതജ്ഞത. 

മാവ്, തെങ്ങ്, കവുങ്ങ്, പ്ലാവ്, പുളിമരം, പൂവരശ്ശ്, കശുമാവ്, ആഞ്ഞിലി, അയിനി, ആര്യവേപ്പ്, പപ്പായ, വാഴ, ചേമ്പ്, തൊട്ടാവാടി തുടങ്ങി സകല കൈരളി സവിശേഷ സസ്യജാലങ്ങളും ഇടതൂർന്നു വളരുന്നൊരു തൊടി. സർഗാത്മകമായ ഈ പച്ചപ്പിനൊരു ശ്രീകരമായ ആമുഖമെന്നോണം മലയാളഭാഷാ സംസ്കൃതിയുടെ പെരുന്തച്ചൻ്റെ ജന്മഗൃഹം. 

താ൯ കണ്ട പ്രകൃതി തന്നെയാണ് തൻ്റെ കൃതികൾക്ക് പ്രചോദനമെന്ന് ജി തന്നെ പറഞ്ഞത് ഓർമ്മയിലെത്തി. 
“എൻറെ ഹൃദയം എൻ്റെ വ്യക്തിത്വത്തിൻറെ അങ്കുരം, ഞാൻ വിശ്വസിച്ചിരുന്ന ഗ്രാമാന്തരീക്ഷത്തിൽ നിന്നാണ് വായുവും വെളിച്ചവും കുളിർമയും വലിച്ചെടുത്തിരുന്നത്. എൻ്റെ കവിത ആ ഗ്രാമഹൃദയത്തിൻ്റെ തന്നെ ഒരു ഭാഗമാണ്,” ജി യുടെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള വരികളാണിത്. പദ്യതുല്യം കാവ്യമനോഹരമായ ജി യുടെ പ്രശസ്ത ഗദ്യം ‘മുത്തും ചിപ്പിയും’ എന്നതിലുള്ളത്. 

അർത്ഥവും ശബ്ദമാധുര്യവും സഹിതമായി, അല്ലെങ്കിൽ ഒന്നിച്ചിരിയ്ക്കുന്നതാണല്ലൊ സാഹിത്യം. എന്നാൽ, ജി യുടെ സൃഷ്ടികളെല്ലാം, അർത്ഥവും ശബ്ദമാധുര്യവും പ്രകൃതിയും സഹിതമായിരിയ്ക്കുന്ന ത്രിതല സാഹിത്യമാണ്. പ്രകൃതി സഹിതം ഇത്രയും പ്രണയത്തിലായിരുന്ന മറ്റൊരു ഗദ്യപദ്യ സാഹിതി സർവജ്ഞനും നമുക്ക് ഉണ്ടായിരുന്നില്ലെന്നു തന്നെ പറയട്ടെ. 

പ്രകൃതിയെ ഉപാസിച്ച ബ്രിട്ടീഷ് കവി വില്യം വേഡ്‌സ്‌വർത്തിൻ്റെയും, ഇറ്റാലിയൻ കവി ജിയാക്കോമോ ലിയൊപാർഡിയുടെയും ഭാരതീയ പ്രതിരൂപമായിരുന്നു കോളേജ് അദ്ധ്യാപകനായിരുന്ന ജി. ഒരു പക്ഷെ, റൊമാൻ്റിസിസവും മിസ്റ്റിസിസവും കൂടുതൽ സ്വാധീനിച്ചത് ജി യെ ആയിരിയ്ക്കാം. 

“മേഘത്തിൻ്റെ മടിയിൽനിന്നും മേഘത്തിൻ്റെ  മടിയിലേയ്ക്ക് കുതിക്കുന്ന മിന്നൽക്കൊടിയെക്കണ്ട് ആരും അരികത്ത് ഇല്ലാത്തപ്പോൾ, ഇടവപ്പാതിക്കാലത്തെ അന്തിക്കൂരിരുളിൻ്റെ ചുരുളിൽ, എൻ്റെ കൊച്ചു വീടിൻ്റെ കോലായിൽ നിന്ന് ബാല്യത്തിൽ ഞാൻ എന്തിനെന്നറിയാതെ തുള്ളിപ്പോയിട്ടുണ്ട്,” തൻ്റെ ബാല്യത്തെക്കുറിച്ചു ജി ഓർക്കുന്നതിങ്ങനെയാണ്. 

ഈ കൊച്ചു വീടിൻ്റെ കോലായി ഇന്ന് വിജനമാണ്. വീടു തന്നെ അനാഥമാണ്, അനാമകമാണ്. കാവ്യസൗന്ദര്യമേറിയതും വിജ്ഞാനപ്രദവുമായ നിരവധി കൃതികൾ ജന്മം കൊള്ളുന്നതിനു തണലേകിയ ഈ ശ്രീലകത്തിന് ഇന്ന് പാതയോരത്തെ ഒരു ബസ് സ്റ്റോപ്പ് ഷെഡ്ഡിൻറെ ഖ്യാതി പോലുമില്ല. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിന് അതിൻ്റെ പേരെഴുതുന്ന പതിവുണ്ട്. എന്നാൽ, ഇവിടെ അതും നിഷേധിക്കപ്പെട്ടിരിക്കുന്നു. 

ഒരാണിയിൽ തൂങ്ങുന്ന ഒരു ബോർഡെങ്കിലും ഈ വീട്ടുമതിലിൽ ഉണ്ടായിരുന്നെങ്കിൽ, ശിവനാരായണ ക്ഷേത്രം സന്ദർശിക്കുന്ന ആ നാട്ടുകാരല്ലാത്തവർക്കു കൂടി അത് മഹാകവിയുടെ ഭവനമാണെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു. ശ്രീ ശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രത്തിൽ ദൂരദിക്കിൽ നിന്നു പോലും തീർത്ഥാടകരെത്തുന്നുണ്ട്. ഇങ്ങനെയുള്ള ചെറിയൊരു പ്രസിദ്ധിക്കു പോലും ജി ക്ക് അർഹതയില്ലെന്ന് പ്രബുദ്ധ കേരളം വിധിച്ചത് ബോധപൂർവം തന്നെയാണോ? ഖേദപൂർവം കുറിയ്ക്കട്ടെ, ഈ നന്ദികേടിൻ്റെ നിറവിൽ അമ്മ മലയാളം എന്നോ മരിച്ചു കഴിഞ്ഞിരിയ്ക്കുന്നു!  

മഹാരാജാസ് കോളേജിൽ ജോലികിട്ടി താമസം എറണാകുളത്തേക്കു മാറ്റുന്നതുവരെ (1937), ജി തൻ്റെ സർഗചേതന ഉൾക്കൊണ്ടത് നായത്തോടിലെയും തിരുവില്ല്വാമലയിലെയും ശുദ്ധവായുവിൽനിന്നു തന്നെയായിരുന്നു. എന്നാൽ, ജിയുടെ 'വിശ്വദർശന'വും, 'സന്ധ്യാരാഗ'വും, 'ജീവനസംഗീത'വും, 'സാഹിത്യകൗതുക'വും, 'പഥികൻറെ പാട്ടും' മറ്റും അദ്ദേഹത്തെ ഒരു വിശ്വോത്തര കവിയാക്കിയിരുന്നുവെന്നതിന് അടിവരയിടാൻ നമുക്കിനിയും സമയം വേണമെന്നു തോന്നുന്നു. മറ്റേതൊരു സംസ്ഥാനത്തുള്ളതിനേക്കാൾ കൂടുതൽ സാഹിത്യബോധവൽക്കരണ പ്രസ്ഥാനങ്ങളുള്ള നമ്മുടെ നാടിന് അദ്ദേഹത്തെ പ്രാദേശികതയുടെ പരിധിയിൽ കെട്ടിയിടാനാണോ താൽപര്യം? 

കൂടുതൽ പ്രാചീനതയും, ഗ്രന്ഥശേഖരവും, അടിസ്ഥാനശേഷിയും, സമ്പദ്സ്രോതസ്സും അവകാശപ്പെടാനുണ്ടായിരുന്ന മറ്റുഭാഷകളെ പിൻതള്ളിയാണ്, ഭാരത ഭാഷാശൃംഖലയിലെ ഏറ്റവും ഇളംതലമുറക്കാരിയായ മലയാളത്തിന് രാജ്യത്തെ പ്രഥമ ജ്ഞാനപീഠപുരസ്കാരം ജി നേടിയെടുത്തു സമ്മാനിച്ചത്. 1921-മുതൽ 51-വരെയുള്ള 30 വർഷ കാലയളവിൽ പ്രസിദ്ധീകരിച്ച ഒമ്പതു ഭാഷകളിലെ ഒട്ടനവധി കൃതികളിൽനിന്നാണ്, ജി യുടെ 60 കവിതകളുടെ സമാഹാരം 1965-ൽ ഏറ്റവും മികച്ചതെന്ന് പത്തംഗ ജൂറി കണ്ടെത്തിയത്. ഹിന്ദിയും, ബംഗാളിയും, മറാഠിയും, ഗുജറാത്തിയും, ഉർദുവും, തമിഴും, തെലുഗുവും, കന്നഡയുമൊക്കെ ജ്ഞാനപീഠം നേടുന്നത് പിന്നീടാണ്. 

താത്വികമായി അവലോകനം ചെയ്താൽ, 2013-ൽ അല്ല, ജി മീട്ടിയ 'ഓടക്കുഴലി'ൽ നിന്നുതിർന്ന നാദവിസ്മയത്തിൽ ഭാരതമാകെ പുളകം കൊണ്ട അറുപതുകളിൽ തന്നെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം, മാതൃഭാഷയെ നെഞ്ചിലേറ്റുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 2013-ൽ നേടിയ നിയമദൃഷ്ട്യാ ഉളള ക്ലാസ്സിക് ലാംഗ്വേജ് സ്ഥാനത്തിന് കേവലം സാങ്കേതികതയുടെ പരിവേഷം മാത്രമാണുള്ളത്. 

നമ്മുടെ ഭാഷയ്ക്ക് ഇത്രയൊക്കെ സംഭാവനകൾ ചെയ്ത ഒരു മഹാകവി എന്തുകൊണ്ടാണിപ്പോഴും വാഴ്ത്തപ്പെടാത്തത്? കാലയവനികക്കുള്ളിൽ മറഞ്ഞ് നാലു ദശാബ്ദത്തിലേറെ ആയെങ്കിലും, അദ്ദേഹത്തിനൊരു സ്മാരകം പോലും പണിയാത്തതിനെ, നന്ദികേട് എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? എഴുത്തച്ഛന് തിരൂരിലും, ആശാന് തോന്നക്കലിലും, രവി വർമ്മക്ക് വയലാറിലും, തകഴിക്ക് ശങ്കരമംഗലത്തും, ചങ്ങമ്പുഴക്ക് കൊച്ചിയിലും, വള്ളത്തോളിന് ചെറുതുരുത്തിയിലും, ഒ. വി.വിജയന് തസ്രാക്കിലും, കമല സുരയ്യക്ക് പുന്നയൂർകുളത്തും സ്‌മൃതി മണ്ഡപങ്ങൾ പണിത നമ്മളിപ്പോൾ, ഇടശ്ശേരി ഗോവിന്ദൻ നായർക്ക് പൊന്നാനിയിൽ ഇങ്ങനെയൊന്ന് നിർമ്മിക്കുന്നതിൻ്റെ തിരക്കിലുമാണ്. 

ഒരു സ്മാരകമില്ലെങ്കിലും ആത്മാവുള്ള തൻ്റെ കൃതികളാൽ ജി സ്മരിക്കപ്പെടുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഈ വിവേചനത്തിനൊരു അറുതി വരുത്താൻ നമുക്ക് പ്രയത്നിക്കേണ്ടതില്ലേ? തൻ്റെ കാവ്യങ്ങളിലൂടെ മധുരമായും സൗമ്യമായും മാനവസാഹോദര്യവും സാർവദേശീയ സ്നേഹവും ദീപ്തമാക്കിയ കവിവര്യൻ വിസ്മരിക്കപ്പെടുന്നത് നന്ദികേടുമാത്രമല്ല, ബോധപൂർവമായ സംസ്കാരനിന്ദയുമാണ്. പ്രശസ്ത സമാഹാരം, 'മധുരം, സൗമ്യം, ദീപ്തം' മറിച്ചു നോക്കി അതിലെ സാർവകാലീന മൂല്യമുള്ള കവിതകളുടെ ചേതന ഉൾക്കൊണ്ട ഒരു അനുവാചകനത് അത്യന്തം ഹൃദയഭേദകവുമാണ്. 

തങ്ങളുടേത് ശ്രേഷ്ഠഭാഷയാണെന്ന് അഭിമാനം കൊള്ളുന്ന മുതിർന്ന തലമുറയും, 4G-യെയും 5G-യെയും സംബന്ധിക്കുന്ന വിവരങ്ങൾ സദാ പങ്കുവെയ്ക്കുന്ന പുതിയ തലമുറയും, തനിച്ചായ ഈ ജിയെ കുറിച്ചും അല്പം സംസാരിച്ചിരുന്നുവെങ്കിൽ! ചുമന്നു നടക്കുന്ന ആൻഡ്രോയ്ഡുകളുടെയും ലേപ്ടോപ്പുകളുടെയുമിടയിൽ, ജിയുടെ ആത്മകഥാപരമായ ലേഖനങ്ങളും ഡയറിക്കുറിപ്പുകളും അടങ്ങിയ 'നോട്ടുബുക്കി'നും ഒരു സ്ഥാനം ലഭിച്ചിരുന്നുവെങ്കിൽ... 

ശിവനാരായണനെ തൊഴുതു നായത്തോട് സന്ദർശനം അവസാനിപ്പിക്കുമ്പോൾ, കാവ്യോജ്ജ്വലങ്ങളായ രചനകൾക്ക് പാത്രീഭൂതമായ ആ വലിയ വീട് ഒരുവട്ടം കൂടി കണ്ണുനിറയെ കണ്ടു. 

'സൂര്യകാന്തി'യും, 'നാലുമണിപ്പൂവുകളും' 'പൂജാപുഷ്പ'ങ്ങളായി ആ മണ്ണിലിനിയും വളരണേയെന്ന്  പ്രാർത്ഥിച്ചു. 

മധുരം, സൗമ്യം, ദീപ്തം! 

Join WhatsApp News
ജോസഫ് നമ്പിമഠം Joseph Nambimadam 2022-09-11 22:17:01
പുകഴ്‌ത്തലിനും ഇകഴ് ത്തലിനും കാരണം എഴുത്തുകാരുടെ രാഷ്ട്രീയ ചായ്‌വ് ആണെന്നാണ് പൊതുവെ കാണപ്പെടുന്നത്. എഴുത്തിന്റെ മാഹാത്മ്യമല്ല ആദരിക്കാനുള്ള മാനദണ്ഡം, മറിച്ച് ഭരണക്കാരുടെ സ്‌തുതിപാഠകരെ ആണ് പട്ടും വളയും പൊന്നാടയും നൽകി പീഠത്തിലിരുത്തുന്നത്. ജ്ഞാനപീഠ ജേതാവായ 'ജി'യോടുള്ള ഈ അവഗണന തികച്ചും ആക്ഷേപാർഹമാണ്. ഇത് വെളിച്ചത്തു കൊണ്ടുവരാൻ മുന്നോട്ടുവന്ന ലേഖകന്‌ ആശംസകൾ
Sudhir Panikkaveetil 2022-09-12 13:17:13
ഇന്നു ഞാൻ, നാളെ നീ; ഇന്നു ഞാൻ നാളെ നീ ഇന്നും പ്രതിധ്വനിക്കുന്നിതെന്നോർമ്മയിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക