Image

അമ്മത്തൊട്ടിലുകള്‍ നിറയട്ടെ ...(ഉയരുന്ന ശബ്ദം-62: ജോളി അടിമത്ര)

Published on 12 September, 2022
അമ്മത്തൊട്ടിലുകള്‍ നിറയട്ടെ ...(ഉയരുന്ന ശബ്ദം-62: ജോളി അടിമത്ര)

യാത്രകള്‍ നമ്മള്‍ക്കു തരുന്നതെന്തൊക്കെയാണ്. പണനഷ്ടവും സമയനഷ്ടവും എന്നു പറയാന്‍ വരട്ടെ.യാത്രയ്ക്കിടയില്‍ നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ഓരോ ലോകമാണെന്നാണ് എനിക്ക് മനസ്സിലായത്.പലതരം ലോകങ്ങള്‍.. ചില ആത്മസുഹൃത്തുക്കളെ എനിക്കു സമ്മാനിച്ചത് യാത്രകളാണ്.രാത്രിയില്‍ ഒറ്റയ്ക്ക്  തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യരുതെന്ന വലിയ തിരിച്ചറിവു കിട്ടിയത് ഒരു യാത്രയിലാണ്.ലേഡീസ കമ്പാര്‍ട്ടുമെന്റിലെ സേഫ്റ്റി ചെയിന്‍ എത്ര ആഞ്ഞുപിടിച്ചു വലിച്ചാലും നമ്മള്‍ വലിയുന്നതല്ലാതെ തീവണ്ടി നില്‍ക്കയില്ലെന്നും അക്രമി അതു നോക്കിനിന്ന് അട്ടഹസിക്കുമെന്നും പാവംപോലെ ഇരിക്കമാത്രമാണ് ബുദ്ധിയെന്നും ബോധ്യമായതങ്ങനെ..എട്ടുവര്‍ഷങ്ങളിലെ കോഴിക്കോട് - കോട്ടയം രാത്രിയാത്ര വലിയൊരു യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിറങ്ങിയ അറിവുകളാണ് തന്നത്.പക്ഷേ കഴിഞ്ഞദിവസത്തെ കോഴിക്കോട് - കോട്ടയം രാത്രിയാത്ര എനിക്കു തന്നത് ഞാന്‍ കാലത്തിനു വളരെ പിന്നിലായെന്ന വലിയതിരിച്ചറിവാണ്.മുന്‍പേ പറക്കാന്‍ കഴിയാത്ത ഒരു പാവം പക്ഷിയാണ് ഞാന്‍ എന്ന വലിയ ബോധം എന്നെ വേട്ടയാടുന്നു.

കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍ നാല് ഞായറാഴ്ച .വയനാട്ടിലെ കൂട്ടുകാരിയുടെ കല്യാണംകൂടി  ചുരമിറങ്ങി .രാത്രിവണ്ടിയില്‍ ഉറങ്ങിപ്പോരണമെന്നേ ചിന്തിച്ചുള്ളൂ.സ്‌റ്റേഷനില്‍ ഭയങ്കര ഓണത്തിരക്ക് . ഓണാവധികിട്ടി നാട്ടില്‍പ്പോകുന്ന കുട്ടികളുടെ വന്‍പട.ലോവര്‍ബര്‍ത്തില്‍ കാലുനീട്ടിയപ്പോഴേക്കും വെയ്റ്റിംഗ് ലിസ്റ്റ്-ആര്‍എസിക്കാരുടെ ദയനീയ നോട്ടം.എട്ടുപേരുള്ള ക്യാബിനില്‍ ഞാനും ഭര്‍ത്താവും മാത്രം സീനിയര്‍മാര്‍.അപ്പോഴാണ് നനുത്ത വെളിച്ചത്തില്‍ ആ കാഴ്ച.ബാക്കി നാലു  ബര്‍ത്തിലേക്കും ആളുകള്‍ ഉണ്ട്.പക്ഷേ ഇരട്ടകളായി അവര്‍ ഒരേബര്‍ത്തില്‍ കൂടിയിരിക്കയാണ്.അതുകൊണ്ട് രണ്ടു ബര്‍ത്തുകള്‍ കാലിയായി കിടക്കുകയാണ്.ഒരുമയുണ്ടേല്‍ ഉലക്കമേലും കിടക്കാമെന്ന പഴമൊഴി എത്ര സത്യമാണെന്ന് അപ്പോഴാണ് മനസ്സിലായത്.ഇരുപതു വയസ്സിനടുത്തേ അവര്‍ക്കു പ്രായം കാണൂ.എന്നാലെന്താ പ്രായപൂര്‍ത്തിയായി കിട്ടിയല്ലോ !. ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമന്നൊണല്ലോ.വെറും സാധാരണക്കാരെന്നല്ല അതിലും താഴെയാണ് സ്ഥിതിയെന്ന് പറയാതെ മനസ്സിലാകും.എല്ലാവരും വിദ്യാര്‍ത്ഥികളാണ്.മംഗലാപുരത്തുനിന്നു നാട്ടിലേക്കുള്ള വരവാണെന്നു തോന്നി.എവിടെ ഇറങ്ങാനാണെന്നു ചോദിച്ചു.തിരുവല്ലയെന്നു മറുപടി തന്നത്  ചെക്കനാണ്.പെണ്‍കുട്ടി അവന്റെ മാറിലേക്കു ഒരു പൂമാലപോലെ ചെരിഞ്ഞുവീണു കിടക്കുകയാണ്.മുടിയൊക്കെ മാടിയൊതുക്കിക്കൊടുത്ത് പെണ്ണിനെ അവന്‍ നന്നായി ലാളിക്കുന്നുണ്ട്.പെണ്‍കുട്ടിയുടെ കൈക്കുപിടിച്ച് ടോയ്‌ലറ്റിലൊക്കെ കൊണ്ടുപോയി സുരക്ഷിതരായി അവര്‍ തിരിച്ചുവന്നപ്പോഴേക്കും ഞാന്‍ മറ്റൊരു കാഴ്ച കണ്ടു.അപ്പര്‍ ബര്‍ത്തില്‍ രണ്ട് ഇണക്കിളികള്‍ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട് !. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നേരത്തെതന്നേ അവര്‍ കിടന്നുകഴിഞ്ഞിരിക്കുന്നു !.നമ്മുടെ തിരുവല്ലക്കാര്‍  മിഡില്‍ബര്‍ത്തിലേക്കു കയറി.രണ്ടാളും ഒരു പുതപ്പില്‍ സ്വകാര്യത ഒരുക്കിക്കിടപ്പായി.ലാളനകളും അമര്‍ത്തിയ ചിരിയും ഇക്കിളിശബ്ദവും സ്വകാര്യം പറച്ചിലും അരങ്ങുതകര്‍ക്കുമ്പോള്‍ തൊട്ടുതാഴെ   കിടക്കുന്ന ഞാന്‍ ഭര്‍ത്താവിനെ ഒന്നു നോക്കി.അപമാനിക്കപ്പെടുന്ന ആ സഹയാത്രികന്‍ കണ്ണും ചെവിയും അടച്ച് നിദ്രാദേവിയെ കാത്തു കിടക്കുകയാണ്.കാരണം നേരെകിടന്ന് കണ്ണുയര്‍ത്തിയാല്‍ അദ്ദേഹം കാണുക പുതപ്പിനടിയിലെ  കമിതാക്കളുടെ ചേഷ്ടകളും പിന്നെ  സീല്‍ക്കാരശബ്ദങ്ങളും.കമിതാക്കള്‍ ചുറ്റുമുള്ള ലോകത്തെ അറിയുന്നില്ല,കാണുന്നില്ല.അല്ലെങ്കിലും അതങ്ങനെയാണല്ലോ.. നേരിയ ശബ്ദങ്ങള്‍ക്കൊണ്ടുപോലും അവരെ ശല്യപ്പെടുത്താതിരിക്കയാണല്ലോ മര്യാദ.ഞാന്‍ പെട്ടെന്ന് ശലോമോന്റെ ഉത്തമഗീതം ഓര്‍മിച്ചു.
  
'' ജറുസലേം പുത്രിമാരേ,പ്രേമത്തിന് ഇഷ്ടമാകുവോളം  അതിനെ ഇളക്കരുത്,ഉണര്‍ത്തുകയുമരുത് '',എന്നാണല്ലോ..അതുകൊണ്ട് സോളമന്‍ ച്ക്രവര്‍ത്തി പറഞ്ഞത് ഞാനങ്ങ് കണ്ണടച്ച് അനുസരിച്ചു.തിരിഞ്ഞുകിടന്ന് ഉറങ്ങി.
                     
സായ്പിന്റെ രാജ്യത്ത് ഇതൊരു സംഭവമേ അല്ലെന്നറിയാം.ഒരാള്‍ മറ്റൊരാളെ അവിടെ ശ്രദ്ധിക്കയില്ല.സ്വാതന്ത്ര്യമേ ജീവിതം എന്നാണല്ലോ!.പക്ഷേ മലയാളി അങ്ങനെയല്ല.കപടസദാചാരത്തിന്റെ കൊടുമുടിയിലാണല്ലോ അവരുടെ ജീവിതം.സായ്പ്പ് പരസ്യമായി ചെയ്യുന്നതെല്ലാം മലയാളി അതീവ ഗോപ്യമായി ചെയ്യുന്നു,മറ്റുള്ളവര്‍ ചെയ്യുന്നതൊക്കെ ഒളിഞ്ഞുനോക്കി സംതൃപ്തിയടയുന്നു.പരദൂഷണവും തന്നാലാവുന്ന വിധം സംഭാവന ചെയ്യുന്നു.
          
പറഞ്ഞുവരുന്നത് അതൊന്നുമല്ല.ഞാനൊരു ചെറിയ സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്.കഴിഞ്ഞ 30 വര്‍ഷമായി അല്‍പ്പസ്വല്‍പ്പം കാര്യങ്ങളൊക്കെ മറ്റുള്ളവര്‍ക്കായി ചെയ്തുകൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.എന്റെ കൂട്ടുകാരി കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി അശരണരായ സ്ത്രീകള്‍ക്കായി ഒരു സ്ഥാപനം നടത്തുന്നു.അതിന്റെ കമ്മിറ്റിയംഗംകൂടിയായ എനിക്ക് അവിടെ വരുന്ന ഓരോ സ്ത്രീയുടെയും ജീവിതം മന:പാഠമാണ്.ആത്മഹത്യയില്‍നിന്നു രക്ഷപ്പെട്ടവരാണ് മിക്കവരും.40 ശതമാനവും ലൈംഗികപീഡനമേറ്റവര്‍.പ്രണയപരാജിതര്‍,കബളിപ്പിക്കപ്പെട്ടവര്‍.ആഗ്രഹിക്കാതെ കിട്ടിയ ഗര്‍ഭംപേറി സ്വയം ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവര്‍. കൗണ്‍സലിംഗ് നല്‍കി,ചേര്‍ത്തുപിടിച്ച് നാളുകള്‍ക്കൊണ്ട് അവരെ മിടുക്കികളാക്കി ജിവിതത്തിലേക്ക് വീണ്ടുമെത്തിക്കുന്നു.വീട്ടില്‍ ഇലക്ട്രിസിറ്റി വയറിംഗിനു വന്നവന്റെകൂടെ ഇറങ്ങിപ്പോയ ധനികയായ പെണ്‍കുട്ടിയും ഗള്‍ഫിലെ ഭര്‍ത്താവ് അയച്ച പണംമുഴുവന്‍ അന്യനൊരുത്തനുവേണ്ടി ഒഴുക്കി ,അവനൊപ്പം ഇറങ്ങിപ്പോയി പെരുവഴിയിലായ മധ്യവയസ്‌കയും ഇന്‍സ്റ്റാഗ്രാമിലൂടെ  ഒരാഴ്ച മാത്രം പരിചയമായി വീടുവിട്ട പെണ്‍കുട്ടിയും കണ്ണീരൊഴുക്കുന്ന കാഴ്ചകള്‍ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.19 വയസ്സുമാത്രം പ്രായമുള്ള ചെക്കനുവേണ്ടി ഭര്‍ത്താവിനെയും മൂന്നു പിഞ്ചുമക്കളെയും ഉപേക്ഷിച്ച് പെരുവഴിയിലായ 38 വയസ്സുകാരിയെ അരിശത്തോടെ നോക്കിനിന്നിട്ടുണ്ട്.സ്വന്തം മക്കളെ വല്ലാതെ ഉപദ്രവിച്ചിട്ടും കാമുകനെ കൈവിടാനിഷ്ടമില്ലാതെ അന്ധമായ പ്രണയപ്പനി ബാധിച്ച വീട്ടമ്മ.എത്രയെത്ര കണ്ണീര്‍ കാഴ്ചകള്‍.. ഇവരെല്ലാവരെയും നയിച്ചത് ഭ്രാന്താണ്.ലൈംഗികഭ്രാന്ത്.അതിന്റെ ആദ്യഘട്ടത്തെ മാത്രമാണ് പ്രണയമെന്നു നമ്മള്‍ പറയുന്നത്. എന്റെ മീതെയുള്ള ബര്‍ത്തില്‍,ഒരു പലകയ്ക്ക് അപ്പുറത്ത് കിടന്ന് തകര്‍ക്കുന്ന പെണ്‍കുട്ടിയുടെ അടുത്ത ഘട്ടം ജീവിതമാണ് ഞാനോര്‍ത്തത്.ഒരു പക്ഷേ ഇവളും ഒരു ഗര്‍ഭവും പേറി മറ്റുപെണ്‍കുട്ടികളെപ്പോലെ അവിടെ എത്തിപ്പെട്ടേക്കാം.
                    
പ്രണയഭ്രാന്തിലും ലഹരിഭ്രാന്തിലുമാണ് കേരളത്തിലെ നല്ലൊരു പങ്കു യുവത്വവും ഇപ്പോള്‍.മാരക ലഹരിയുടെ പിടിയില്‍ തകരുന്ന മക്കളെയോര്‍ത്ത് ഉള്ളുരുകുന്ന അച്ഛനമ്മമാരുടെ നാട്.പിന്നെയുള്ളത് പ്രണയക്കുരുക്കില്‍പ്പെട്ടുപോകുന്നവര്‍.ബാക്കിയുള്ള കുട്ടികള്‍ ചൊവ്വേനേരെ പഠിച്ച് നന്നായി പോകുന്നു.കോട്ടയം മെഡിക്കല്‍കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ നാളുകള്‍ക്കുമുമ്പ് അറസ്റ്റു ചെയ്തത് സഹപാഠിയെ പീഡിപ്പിച്ചതിന്.വിവാഹ വാഗ്ദാനം നല്‍കി നാളുകളായി പീഡിപ്പിച്ചുവത്രേ.ചിരിക്കാതെന്തു ചെയ്യും.കണ്ട ലോഡ്ജിലും ഹോട്ടലിലുമെല്ലാം യഥേഷ്ടം വിഹരിച്ചശേഷം ആണൊരുത്തന്‍ മതിയാക്കി പിന്‍മാറിയാല്‍ പീഡനം !.45 കഴിഞ്ഞ വീട്ടമ്മമാരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ പൊട്ടിച്ചിരിച്ചുപോകാതെന്തു ചെയ്യും ഈശ്വരാ !.ഭര്‍ത്താവുണ്ടായിട്ടും കണ്ടവന്‍മാര്‍ നല്‍കിയ ' വിവാഹ വാഗ്ദാനങ്ങളില്‍ ' വീണുപോയത്രേ. അടുത്താല്‍ അടയും ചക്കരയും.അകന്നാല്‍ കീരിയും പാമ്പും.
                   
കൂലിപ്പണിയെടുത്ത് മക്കളെ വളര്‍ത്തി കിടപ്പാടം ഈടുനല്‍കി ലോണെടുത്ത് അന്യ നാട്ടില്‍ പഠിക്കാന്‍ വിടുന്നമക്കള്‍ കണ്ടവന്റെ പുതപ്പിനു കീഴില്‍ രാത്രി കിടന്ന് വീട്ടിലെത്തുന്നത് ആ സാധുക്കള്‍ അറിയുന്നില്ലല്ലോ.ചെക്കന്‍മാരുടെ കമ്പം തീരുമ്പോള്‍ ,അടുത്ത കളിപ്പാട്ടംതേടി അവര്‍ പോകുമ്പോള്‍ പീഡനമെന്ന ആയുധത്തില്‍ പെണ്ണ് അവനെ  പൂട്ടുന്ന കാഴ്ച.ഒന്നുകില്‍ ചെക്കന്‍ ജയിലിലാകും.അല്ലെങ്കില്‍ പെണ്ണിനെ ആസിഡൊഴിച്ചോ പെട്രോളൊഴിച്ചോ  തീര്‍ക്കും.
          
ദേ,ഇതിനോടാണ് എനിക്ക് വിയോജിപ്പ്.പ്രണയവും രതിയും ആണുംപെണ്ണും കൂടി ആസ്വദിക്കുമ്പോള്‍ ഫിഫ്റ്റി :ഫിഫ്റ്റി പങ്കാളിത്തമാണ്.അവന്‍ പുതപ്പു കൈയ്യിലെടുക്കുമ്പോഴേക്കും അതിന്റെ അറ്റം  പിടിച്ച് നിവര്‍ത്തി അതിനുള്ളില്‍ കയറിക്കിടക്കുന്നത്ര ഒന്നാന്തരം സഹകരണം.ഇത്തിരിപ്പോന്ന ഒരുബര്‍ത്തിലൊക്കെ ഹണിമൂണ്‍ പരീക്ഷിച്ച് ആഘോഷിച്ച് ,ചുറ്റുമിരിക്കുന്ന ആരെയും പേടിക്കാത്ത യാത്ര. പിരിയുമ്പോള്‍ അതേ മനസ്സോടെ പഴയ ഫിഫ്റ്റി :ഫിഫ്റ്റി പങ്കാളിത്തം ഓര്‍മിച്ച് പിരിയാന്‍ കഴിയണം.ഒരിക്കലും അതിനെ പീഢനമെന്നു വിളിച്ചുകൂടാ.മനസ്സും ശരീരവും അന്ധമായി പങ്കുവച്ച മറ്റേയാളെ ജയിലാക്കരുത്,അവളെ ചുട്ടു കൊല്ലരുത്.അവന്‍ നല്‍കിയ മധുരനിമിഷങ്ങള്‍ ഒറ്റ നിമിഷത്തെ  പ്രതികാരദാഹത്തില്‍ കയ്പ്പാകരുത്.
           
പിന്നെ ഈ തീവണ്ടിയൊക്കെ പൊതു വാഹനമാണ്, സര്‍ക്കാര്‍ വാഹനമാണ് .സംയമനത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിയാല്‍ ,നേരെ ടോയ്‌ലറ്റിലെങ്കിലും കയറി സ്വകാര്യമായി ' കാര്യങ്ങളൊക്കെ '  നിര്‍വ്വഹിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.ഭാരത സംസ്‌കാരം എന്നൊക്കെയല്ലേ  നമ്മള്‍ ഇപ്പോഴും പറയുന്നത്.കൂടെ യാത്രചെയ്യുന്നവരെ അപമാനിക്കരുത്.അല്ല ഒരേ ബര്‍ത്തിലേ കിടക്കൂ എന്നു നിര്‍ബ്ബന്ധമുണ്ടെങ്കില്‍ ഒറ്റ സീറ്റു മതിയെന്നു വയ്ക്കുക.എന്നിട്ട് ടി ടി ആറിനോട് പറഞ്ഞ് വെയ്റ്റിംഗ് ലിസ്റ്റുകാരന് കൊടുക്കുക.അവര്‍ നിന്നുനിന്നു കാലു കഴച്ച് പ്രാകുന്നതിലും നല്ലതല്ലേ ബര്‍ത്ത് സംഭാവനചെയ്യുന്നത്.ഇത്തിരി പുണ്യമെങ്കിലും കിട്ടും !.
              
പ്രിയപ്പെട്ട  കമിതാക്കളേ ,ഈ യാത്രയില്‍ നിങ്ങള്‍ പകര്‍ന്നു തന്ന വലിയ പാഠത്തിന് നന്ദി. അതെന്നെ പഠിപ്പിച്ചത് ഞാനൊരു അറുപഴഞ്ചനാണെന്നതാണ്.കാലഹരണപ്പെട്ടവള്‍.ഭാരതസംസ്‌കാരമെന്ന മണ്ണാങ്കട്ട ഇടയ്ക്കിടെ ഓര്‍മിക്കുന്ന ഒരു വിഡ്ഡി.കാലത്തിന് അനുസരിച്ച് ഓടാനറിയാത്തവള്‍.കേരളം വല്ലാതെ വളര്‍ന്നുപോയത് ഞാന്‍ തിരിച്ചറിഞ്ഞില്ല.നമ്മുടെ മക്കള്‍ നമ്മള്‍ക്ക് അപരിചിതരായിക്കഴിഞ്ഞെന്ന വലിയ അറിവ് ഇനിയും തിരിച്ചറിയാതെ പോയവള്‍.ഏതോ നൂറ്റാണ്ടിലെ ആരോ എഴുതിവച്ചതൊക്കെ വിഴുങ്ങി ഇപ്പോഴും ജീവിക്കുന്നവള്‍..എന്നെപ്പോലെ കൂറേ വിഡ്ഡികള്‍ക്കൂടി അവശേഷിക്കുന്നുണ്ടീ ചെറിയ കേരളത്തില്‍.ഞാന്‍ എന്റെ കൂട്ടുകാരിയായ മറ്റൊരു വിഡ്ഡിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആ പാവം പറഞ്ഞതിങ്ങനെ.
    
''നമ്മുടെ കാലത്ത് നോട്ടംകൊണ്ടുപോലും ഒരിഷ്ടം പ്രകടിപ്പിക്കാന്‍,ഒരു പുഞ്ചിരി കിട്ടാന്‍  അമ്പലപ്പറമ്പിലോ  കലുങ്കിന്‍ചോട്ടിലോ പാവം ആമ്പിള്ളാര്‍ എത്രനേരം മെനക്കെട്ട്  കാത്തുനിന്നു.ഇപ്പോഴത്തെ ആമ്പിള്ളാരുടെ ഒരു ഭാഗ്യമേ.ഒരു പുതപ്പുകൊണ്ടു കാര്യം സാധിക്കുന്ന ഇവരുടെ കാലത്തു ജനിക്കാന്‍ കഴിയാത്തതിന്റെ അസൂയയാണ് സത്യത്തില്‍ നമ്മള്‍ക്ക്.
കാര്യമൊക്കെ കൊള്ളാം,പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒരുമിച്ചു താമസിക്കാം.വികാരങ്ങള്‍ ശമിപ്പിക്കാം എന്ന് ഭാരതത്തിലെ നിയമം പോലും പിന്‍തുണ തന്ന സ്ഥിതിക്ക് നന്നായി നടക്കെട്ടെന്നേ.പക്ഷേ പത്തുമാസം കഴിഞ്ഞ് ഇവറ്റകള്‍ നവജാതശിശുക്കളെ പറമ്പിലും തോട്ടിലും വലിച്ചെറിയരുത്,ശ്വാസം മുട്ടിച്ചു കൊല്ലരുത്,അമ്മത്തൊട്ടിലിലെങ്കിലും കൊണ്ടിടാന്‍ മര്യാദ കാണിക്കണം.കുഞ്ഞുങ്ങളുണ്ടാകാന്‍ ഭാഗ്യമില്ലാത്ത കുറച്ചുപേരുടെ ജീവിതത്തില്‍ വെളിച്ചം കൊളുത്താന്‍ അങ്ങനെയെങ്കിലും  കഴിയുമല്ലോ ',എന്ന് !.
   
അതു ശരിയാണ് .അവിഹിതം എന്നൊന്നില്ല.എല്ലാം ഇപ്പോള്‍  വിഹിതമാണ്.അറുപഴഞ്ചന്‍മാരായ ഞങ്ങളാണ് കാലത്തിന് അനുസരിച്ച് മാറേണ്ടത്.കുട്ടികളേ നിങ്ങള്‍ സധൈര്യം മുന്നോട്ടു പോവുക.നമ്മുടെ അമ്മത്തൊട്ടിലുകള്‍ നിറയട്ടെ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക