Image

2024-നു മുമ്പ് ബി.ജെ.പി.യ്ക്കും പ്രതിപക്ഷത്തിനും വെല്ലുവിളിയായി ആറ് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍(ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 12 September, 2022
2024-നു മുമ്പ് ബി.ജെ.പി.യ്ക്കും പ്രതിപക്ഷത്തിനും വെല്ലുവിളിയായി ആറ് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍(ദല്‍ഹികത്ത് :പി.വി.തോമസ്)

2024-ലെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ബി.ജെ.പി.യും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും തുടങ്ങികഴിഞ്ഞു. ബി.ജെ.പി. സംഘടനതല അഴിച്ചുപണി ആരംഭിച്ചു. കോണ്‍ഗ്രസിന്റെ പ്രധാന ആയുധം രാഹുല്‍ഗാന്ധിയുടെ, 'ഭാരത് ജോഡോ' എന്ന ഭാരതപര്യടനം ആണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബീഹാര്‍  മുഖ്യമന്ത്രി  നിതീഷ് കുമാറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒരു വിശാല ബി.ജെ.പി. വിരുദ്ധ മതേതര മുന്നണിക്ക് തയ്യാറാവുകയാണ്. പക്ഷേ ഇതിനു മുമ്പ് വളരെ നിര്‍ണ്ണായകമായ ആറ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരു വലിയ വെല്ലുവിളിയായി ഈ പാര്‍ട്ടികളെ വേട്ടയാടുന്നുണ്ട്. ഇവയുടെ ഫലം 2024-ന്റെ മുന്നോടി ആയിരിക്കും. ചിലപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യത്യസ്തമായിട്ട് ലോകസഭഫലം വരുകയും ചെയ്യാം. എങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024-ലേക്ക് ഒരു തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

2022-23-ല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങള്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, ത്രിപുര, മധ്യപ്രദേശ്, തെലുങ്കാന, രാജസ്ഥാന്‍, ഛാത്തീസ്ഘട്ട് തുടങ്ങിയവയാണ്. ഇതില്‍ 2022 അവസാനത്തോടെ പോളിംങ്ങ് ബൂത്തിലേക്ക് പോകുന്ന ഗുജറാത്തും ഹിമാചല്‍ പ്രദേശും വി.വി.ഐ.പി. സംസ്ഥാനങ്ങള്‍ ആണ്. ഗുജറാത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മാതൃസംസ്ഥാനങ്ങള്‍ ആണ്. ഹിമാചല്‍ പ്രദേശ് ആകട്ടെ ബി.ജെ.പി. അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുടെയും. ഇവ രണ്ടും ഇപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പി. ആണ്. ഈ സംസ്ഥാനങ്ങള്‍ വിജയിച്ച്  നിലനിറുത്തേണ്ടത് മോദിയുടെയും ഷായുടെയും സ്വകാര്യ അഭിമാനത്തിന്റെ പ്രശ്‌നം ആണ്. കര്‍ണ്ണാടക, ത്രിപുര, മധ്യപ്രദേശ്, തെലുങ്കാന, രാജസ്ഥാന്‍, ഛാത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങള്‍ 2023-ല്‍ ആണ് നിയമസഭ തെരഞ്ഞെടുപ്പിന് പോകുന്നത്. ഇവയില്‍ കര്‍ണ്ണാടകയും ത്രിപുരയും മധ്യപ്രദേശും ഇപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പി. ആണ്. ഇവ നിലനിര്‍ത്തേണ്ടതും ബി.ജെ.പി.ക്ക് അത്യാവശ്യം ആണ്. രാജസ്ഥാനും ഛാത്തീസ്ഘട്ടും ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഭരിക്കുന്ന രണ്ടേ രണ്ട്് സംസ്ഥാനങ്ങളും രാജസ്ഥാനും ഛത്തീസ്ഘട്ടും ആണ്. ഇവിടെയും കൂടെ അധികാരം നഷ്ടപ്പെട്ടാല്‍ 2024-യിലേക്ക് കോണ്‍ഗ്രസ് പോകുന്നത് തികച്ചും പരിതാപകരമായ അവസ്ഥയില്‍ ആയിരിക്കും. തെലുങ്കാനയില്‍ ഭരിക്കുന്നത് തെലുങ്കാന രാഷ്ട്രസമതി എന്ന പ്രാദേശിക പാര്‍ട്ടിയാണ്. അത് ബി.ജെ.പി. വിരുദ്ധ വിശാലമുന്നണിയിലെ ഒരു പ്രധാന പാര്‍ട്ടിയും ആണ്. ഭരണം നിലനിറുത്തേണ്ടത് തെലുങാകന രാഷ്ട്രസമതിയുടെയും പ്രതിപക്ഷ മുന്നണിയുടെയും ആവശ്യം ആണ്. തെലുങാകന ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലം ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടല്‍. സാധാരണ ഇവര്‍ തമ്മില്‍ മുഖാമുഖം നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ബി.ജെ.പി. ജയിക്കുമെന്നാണ് വയ്പ്പ്. പക്ഷേ, ഇത് തെറ്റിപ്പോകാറും ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും കര്‍ണ്ണാടകയും കോണ്‍ഗ്രസ് നേരിടടുള്ള മത്സരത്തില്‍ ബി.ജെ.പി.യെ തോല്‍പിച്ചതാണ്. പക്ഷേ, ഇവിടെ രണ്ടിടത്തും ബി.ജെ.പി. കുതിരക്കച്ചവടത്തിലൂടെ അധികാരം തിരിച്ചുപിടിക്കുകയാണുണ്ടായത്. രാജസ്ഥാന്‍ വളരെ വാശിയേറിയ ഒരു മത്സരത്തിലൂടെയാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. പക്ഷേ, രാജസ്ഥആനുള്ള ഒരു സവിശേഷത അത് കേരളത്തെപോലെ 5 വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം നടത്തുന്ന സംസ്ഥാനം ആണെന്നുള്ളതാണ്. രാജസ്ഥാനില്‍ ബി.ജെ.പി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രധാന എതിരാളിയായ സച്ചിന്‍ പൈലറ്റിലൂടെ ഒരു ഓപ്പറേഷന്‍ കമലക്ക് ശ്രമിച്ചതാണ്. ഫലിച്ചില്ല.  ഗെലോട്ട് അത്ര ശക്തനും പരിചയസമ്പന്നനും ആയ ഒരു നേതാവ് ആണ്. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഇത് ആവര്‍ത്തിക്കുവാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യം ആണ്. ബി.ജെ.പി. പൈലറ്റിലൂടെ വീണ്ടും ഒരു ശ്രമം നടത്തുമോ? മധ്യപ്രദേശില്‍ 'ഓപ്പറേഷന്‍ കമല' ബി.ജെി.പി. നടപ്പില്‍ വരുത്തിയത് കോണ്‍ഗ്രസിന്റെ ജ്യോതിരാദിത്യസിന്ധ്യയിലൂടെ ആയിരുന്നു. അത് വിജയിക്കുകയും ചെയ്തു. കര്‍ണ്ണാടകയില്‍ രാജ് ഭവന്റെ സഹായം ഉണ്ടായിരുന്നു. ത്രിപുരയിലും അട്ടിമറിയും കുതിരക്കച്ചവടവും ആയിരുന്നു. ഗുജറാത്തും ഹിമാചല്‍പ്രദേശും ബി.ജെ.പി. നിലനിര്‍ത്തുവാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ, ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തിപ്രാപിച്ചു വരുന്നതിന്റെ തെളിവ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും കണ്ടതാണ്. പക്ഷേ, ഗുജറാത്ത് മോദി-ഷാമാരുടെ ശക്തികേന്ദ്രങ്ങള്‍ ആണ്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ ഏകഛത്രാധിപതിയായി വാണതാണ്. പക്ഷേ, കാലം മാറി. ഈ ഹിമാലയന്‍ സംസ്ഥാനവും കാവിക്ക് വഴങ്ങുവാനാണ് സാദ്ധ്യത. ഇവിടെയെല്ലാം ഗതിമാറി കാറ്റ് വീശിയേക്കാം. അതിന് കോണ്‍ഗ്രസ് ഒരു പുതിയ പ്രതിഛായയോടെ ഉയര്‍ത്തെഴുന്നേല്‍ക്കണം.
കോണ്‍ഗ്രസ് അതിന്റെ പുനര്‍ജനിക്കായി ആശ്രയിക്കുന്നത് പ്രധാനമായും രാഹുല്‍ഗാന്ധിയിലും അദ്ദേഹത്തിന്റെ 'ഭാരത് ജോഡോ' യാത്രയിലും ആണ്. ഇത് വളരെ നല്ല ഒരു ആശയം ആണ്. ഇന്‍ഡ്യയെ ഒന്നിപ്പിക്കുക എന്നതാണ് 'ഭാരത് ജോഡോ' യാത്രയുടെ പ്രമേയം. യാത്ര ആരംഭിച്ചു കഴിഞ്ഞു. ആറ് മാസങ്ങളിലായി 12 സംസ്ഥാനങ്ങള്‍ കടന്ന് 3500 കിലോമീറ്റര്‍ താണ്ടിയാണ് യാത്ര പോകുന്നത്. നെഹ്‌റുവിനുശേഷം അ്‌ദ്ദേഹത്തിന്റെ കൊച്ചുമകന്‍ മറ്റൊരു 'ഇന്‍ഡ്യയെ കണ്ടെത്തലിന'് ശ്രമിക്കുകയാണ്. വിജയം കാണുമോ എന്നത് കാത്തിരുന്നു കാണാം.

ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതോടൊപ്പം 2024-ലെ ലോകസഭ തെരഞ്ഞെടുപ്പാണ് ഉന്നം വയ്ക്കുന്നത്. 2019-ല്‍ 303 സീറ്റുകള്‍(543-ല്‍) വിജയിച്ച് വന്‍വിജയമം ആണ് ബി.ജെ.പി. കരസ്ഥമാക്കിയത്. ഇപ്രാവശ്യം 350-ന് മുകളില്‍ പോകുവാനാണ് മോദി-ഷാമാരുടെ കണക്കു കൂട്ടല്‍. 2014-ല്‍ ബി.ജെ.പി. തനിച്ചു നേടിയത് 272 സീറ്റുകള്‍ ആണ്. ഇതും നല്ലൊരു വിജയം ആയിരുന്നു. ഈ പ്രാവശ്യം ഈ കണക്കുകൂട്ടലുള്‍ ശരിയാകുവാന്‍ ഒട്ടേറെ കാര്യങ്ങള്‍ മാറ്റിമറിക്കേണ്ടിവരും. ബി.ജെ.പി.യുടെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അത്ര നല്ലതല്ല. അത് ആശ്രയിക്കുന്ന മോദിയുടെ വ്യക്തിപ്രഭാവത്തില്‍ മാത്രം ആണ്. അതിന് ഒരു പരിധിയും സാച്ചുറേഷനും ഉണ്ട്. ഇതുതന്നെയാണ് ഹിന്ദുത്വ മുദ്രാവാക്യത്തിന്റെയും അവസ്ഥ. ഷാ നല്ല ഒരു സംഘാടകന്‍ ആണെങ്കിലും മോദിയെപോലെ ഒരു വോട്ട് 'ക്യാച്ചര്‍' അല്ല. മോദിക്ക് സമശീര്‍ഘനായ മറ്റൊരു നേതാവ് ബി.ജെ.പി.യില്‍ ഇ്ല്ലതന്നെ. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ബാധിക്കും. 2024 ഒരു ടെസ്റ്റ് കെയ്‌സ് ആയിരിക്കും. ഷാ അണിയറ നീക്കങ്ങള്‍ വളരെ ആസൂത്രിതമായിതന്നെ തുടങ്ങികഴിഞ്ഞു. പാര്‍ട്ടിയുടെ ഉന്നതാധികാര കമ്മറ്റി ആയ പാര്‍ലിമെന്ററി ബോര്‍ഡ് അഴിച്ചു പണിതു. ഗഡ്ക്കരിയെപോലുള്ളവരെ ഒഴിവാക്കി. തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണ്ണാടകയില്‍ നിന്നും ബി.എസ്.യെദിയൂരപ്പയെ ഉള്‍പ്പെടുത്തി. അങ്ങനെ പോകുന്ന മാറ്റങ്ങള്‍.

ഷാ 144 വിഷമസീറ്റുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 2019-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തോല്‍ക്കുകയോ കഷ്ടിച്ച് ജയിക്കുകയോ ചെയ്ത സീറ്റുകള്‍ ആണ് ഇവ. ഇവിടെ സര്‍വ്വശക്തിയും ഉപയോഗിച്ച് പ്രചരണം നടത്തുവാനുള്ള ശ്രമമാണ്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ എന്‍.ഡി.എ. വിട്ട് പുതിയ വിശാല മതേതര സഖ്യത്തിന് നേതൃത്വം നല്‍കുന്നതാണ് പുതിയ ഒരു സംഭവ വികാസം അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ നിന്നും സ്വയം ഒഴിവായിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കേജരിവാളും ഇതേ നിലപാടിലാണ്. മമത ബാനര്‍ജിയും (ത്രിണമൂല്‍ കോണ്‍ഗ്രസ്), ചന്ദ്രശേഖരറാവുവും(തെലുങ്കാന രാഷ്ട്രസമിതി), എം.കെ. സ്റ്റാലിനും(ഡി.എം.കെ.) സീതാറാം യെച്ചൂരിയും(സി.പി.എം.) ശക്തമായി തന്നെ വിശാല മതേതരത്വ മുന്നണിയില്‍ ഉണ്ട്. മറാത്താ ഭീമന്‍ ശരദ് പവാര്‍ മുന്നണിക്ക് ഒപ്പം ഉണ്ട്. ഇവരുടെ എല്ലാം ഒരേ ഒരു പ്രഖ്യാപിത ലക്ഷ്യം ബി.ജെ.പി. ഭരണം അവസാനിപ്പിക്കുക എന്നുള്ളതാണ്. മൂന്നാം മുന്നണികളുടെ പാരമ്പര്യം ആവര്‍ത്തിച്ചില്ലെങ്കില്‍ ഇത് ശക്തമായ ഒരു വിശാല മതേതര സഖ്യമായി രൂപം കൊളളുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ ഇന്‍ഡ്യക്ക് ശക്തമായ ഒരു പ്രതിപക്ഷം അ്‌ല്ലെങ്കില്‍ ഭരണപക്ഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക