ദുബായ് : പൗര്യസ്ത്യ കല്‍ദായ സുറിയാനി സഭാധ്യഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തായെ യുഎഇ മുന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അല്‍ കിന്‍ഡി, അറബ് സാമൂഹ്യ പ്രവര്‍ത്തകയും ഗുഡ്വില്‍ അംബാസിഡറുമായ ലൈലാ റഹാല്‍ എന്നിവര്‍ ചേര്‍ന്ന് 'കല്‍ദായ യുവത - സഭാതാരകം 2022' പ്രഥമ പുരസ്‌കാരം നല്‍കി ദുബായില്‍ ആദരിച്ചു.
മതസൗഹാര്‍ദ്ദവും മാനവ മൈത്രിയും പൊതു സമൂഹത്തിന് പകരുന്ന സന്ദേശവാഹകരെയാണ് ലോകത്തിന് ആവിശ്യം. സാമൂഹ്യ നന്മയ്ക്കും ലോക സമാധാനത്തിനുമായി പ്രാര്‍ഥിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ ആദരിയ്ക്കപ്പെടണം. അതിര്‍ വരന്പുകളില്ലാത്ത സൗഹൃദവും സമാധാനവും ലോക ജനതയ്ക്ക് പകരുന്നതാണ് യുഎഇ യുടെ പാരന്പര്യം. മാനവ മൈത്രിയുടെ സന്ദേശവാഹകനായി രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്താ പൊതു സമൂഹത്തിന് മാതൃകയാണെന്ന് യുഎഇ മുന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അല്‍ കിന്‍ഡി പ്രസ്താവിച്ചു.
ഇന്ത്യന്‍ സമൂഹവുമായി ആത്മബന്ധം പുലര്‍ത്തുന്ന അറേബ്യന്‍ സമൂഹത്തിന് ലോക ന·യ്ക്കായി പ്രവര്‍ത്തിയ്ക്കുന്നവരെ ആദരിയ്ക്കുന്ന പാരന്പര്യമാണുള്ളത്. സാമൂഹ്യ സേവനവും മത മൈത്രിയും ജീവിത ദര്‍ശനമാക്കിയ മാര്‍ അപ്രേം മെത്രാപ്പോലീത്തായ്ക്ക് പ്രശസ്തി പത്രം നല്‍കിയാണ് അറബ് സാമൂഹ്യ പ്രവര്‍ത്തകയും ഗുഡ്വില്‍ അംബാസിഡറുമായ ലൈലാ റഹാല്‍ ആദരിച്ചത്.
ദുബായ് നൊവോട്ടല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റവ. ഫാദര്‍ വിക്ടര്‍ കൊള്ളാനൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ അസീസ്, റവ. ഫാദര്‍ ജാക്‌സ് ചാണ്ടി, ഡോ. ഇ.പി. ജോണ്‍സണ്‍ (Former President, Sharjah Indian Association), ഡയസ് ഇടിക്കുള (President, World Malayalee Council, Ajman), ഷാജി ഐക്കര (President, Sharjah YMCA ), ജോബി ജോഷ്വ (Former Regional Director of Y's Men's Middle East Region) , ബ്ലെസന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് ജോണ്‍ മത്തായി, ഗ്ലോറിയാ ന്യൂസ് പത്രാധിപര്‍ അഭിജിത്ത് പാറയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കല്‍ദായ സുറിയാനി സഭയുടെ യുഎഇലെ ഉന്നത വിജയം ലഭിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. സുറിയാനി പണ്ഡിതനായ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്താ യാത്രവിവരണങ്ങള്‍, ജീവചരിത്രം, ആത്മകഥ, ഫലിതം,സഭാചരിത്രം വിഭാഗത്തില്‍ ഏഴുപത് പുസ്തകങ്ങള്‍ രചിച്ചു. ഈ പുസ്തകങ്ങളില്‍ പലതും അസ്സീറിയന്‍, അറബിക്, റഷ്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരാതനമായ സുറിയാനി - അറബി ലിഖിതങ്ങളുടെ വിപുലശേഖരം മാര്‍ അപ്രേമിനുണ്ട്.