ഹൂസ്റ്റണ്‍: 1000 പേരുടെ ക്ഷണിയ്ക്കപ്പെട്ട സദസ്സ് ! ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യങ്ങളായ നേതാക്കള്‍ നിറഞ്ഞു നിന്ന വേദി! കേരളത്തില്‍ നിന്നും എത്തിയ ജലവിഭവ വകുപ്പ് മന്ത്രി! ഹാള്‍ ഓഫ് ഫെയിം അവാര്‍ഡുകള്‍ക്കും അമേരിക്കയിലെ വിവിധ കര്‍മ്മ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ വന്ന വിശിഷ്ട വ്യക്തികള്‍ തുടര്ച്ചയായി 5 മണിക്കൂര്‍ കണ്ണഞ്ചിപ്പിക്കുന്ന വര്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ ഒരുക്കി കലാകാരന്മാരും കലാകാരികളും ! സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ പത്താം വാര്‍ഷികം ചരിത്ര സംഭവമാക്കി അഭിമാനത്തോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും!
സൗത്ത് ഇന്ത്യന്‍ ചേംബര്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ്(എസ്‌ഐയുസിസി) പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ സെപ്റ്റമ്പര്‍ 11 നു ഞായറാഴ്ച ഹൂസ്റ്റണിലെ വിശാലവും മനോഹരവുമായ ജിഎസ്എച്ച് ഇവെന്റ്‌റ് സെന്ററില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തി. 5 മണിക്ക് സോഷ്യല്‍ ഹവര്‍ ആരംഭിച്ചപ്പോള്‍ തന്നെ നൂറു കണക്കിന് അതിഥികള്‍ എത്തി തുടങ്ങി. കൃത്യം ആറുമണിക്ക് മുന്‍പ് തന്നെ ക്ഷണിക്കപ്പെട്ട അതിഥികളെ കൊണ്ട് ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. 6 മണിക്ക് അമേരിക്കന്‍ ദേശീയഗാനത്തോടോപ്പം 9/11 ഓര്‍മ്മ പുതുക്കലിന്റെയും ഭാഗമായി എല്ലാവരും എഴുനേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചു.
ലോക പ്രശസ്ത നര്‍ത്തകി കലാശ്രീ ഡോ.സുനന്ദ നായര്‍ ആന്‍ഡ് ടീമിന്റെ പ്രാര്‍ത്ഥന നൃത്തത്തോടെയായിരുന്നു. 50 ലധികം നര്‍ത്തകിമാര്‍ ഒരുമിച്ച് വേദിയില്‍ ചുവടുകള്‍ വച്ചപ്പോള്‍ അത് ഒരു മനോഹരകാഴ്ചയായി. തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു.
സംഘടനയുടെ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജിജി ഓലിക്കന്‍ അധ്യക്ഷ പ്രസംഗം നടത്തി.
തുടര്‍ന്ന് കേരളാ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു ഇത് പോലെയുള്ള സംഘടനകള്‍ക്ക് കഴിയുമെന്നും ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നും ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രി വിശിഷ്ടാതിഥികള്‍ക്കും ചേംബര്‍ ഭാരവാഹികള്‍ക്കുമൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ചു.
മുഖ്യാതിഥികളായി എത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ആദരണീയരായ ഷീലാ ജാക്‌സണ്‍ ലീ, അല്‍ ഗ്രീന്‍ എന്നിവര്‍ തങ്ങളുടെ ഇന്ത്യ സന്ദര്‍ശനങ്ങളെപറ്റിയും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നും ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നും ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പറഞ്ഞു.
സ്റ്റേറ്റ് റെപ്രസെന്ററ്റീവ് റോണ്‍ റെയ്‌നോള്‍സ്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ സെസില്‍ വില്ലിസ്, മലയാളികളുടെ അഭിമാനങ്ങളായ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെണ്ട് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കോണ്‍സ്റ്റബിള്‍ പ്രെസിന്‍ക്ട് 2 ഡാറില്‍ സ്മിത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) പ്രസിഡന്റ് സുനില്‍ തൈമറ്റം, ഏഷ്യാനെറ്റ് ടീവിയില്‍ ആരംഭിച്ചു ഇപ്പോള്‍ ഫ്‌ലവര്‍സ് ടിവിയുടെ നേതൃരംഗത്തു പ്രവൃത്തിക്കുന്ന പ്രതാപ് നായര്‍, ഇന്‍ഫോസിസ് വൈസ് പ്രസിണ്ടന്റ് ജോ ആലഞ്ചേരില്‍, സ്പോണ്‍സര്‍മാര്‍, അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവര്‍ ഉല്‍ഘാടന വേദിയെ സമ്പന്നമാക്കി.
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗംങ്ങള്‍ സൗത്ത് ഇന്ത്യന്‍ ചേംബറിന് റെക്കഗ്‌നിഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചപ്പോള്‍ മുഖ്യാതിഥികളായി എത്തിയവര്‍ക്ക് ചേംബറും മെമെന്റോകള്‍ നല്‍കി ആദരിച്ചു.
'ഹാള്‍ ഓഫ് ഫെയിം' അവാര്ഡുകള്‍ക്ക് അര്‍ഹരായ ടോമര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രസിഡന്റും സിഇഓയുമായ തോമസ് മൊട്ടയ്ക്കല്‍ ( ന്യൂജേഴ്സി), ന്യൂമാര്‍ട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ചെറിയാന്‍ സഖറിയ (ഹൂസ്റ്റണ്‍) എന്നിവരെ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. ബഹുമാനപെട്ട . മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്നും അവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കുള്ള കമ്മ്യൂണിറ്റി അവാര്‍ഡുകളും അവാര്‍ഡ് ജേതാക്കള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
ഫോര്‍ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, ബില്‍ഡര്‍ ഡോ.പി.വി.മത്തായി (ഒലിവ് തമ്പിച്ചായന്‍), പ്രശസ്ത മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ. സുനന്ദ നായര്‍, ജീവകാരുണ്യ,സാമൂഹ്യ പ്രവര്‍ത്തക ബിന്ദു ഫെര്‍ണാണ്ടസ് ചിറയത്ത്, പ്രിന്റിങ് രംഗത്തെ പ്രമുഖന്‍ തോമസ് ജോര്‍ജ് (ബാബു) ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫീസര്‍ മനോജ് പൂപ്പാറയില്‍, സാമൂഹ്യപ്രവര്‍ത്തകയും നഴ്‌സുമായ ക്ലാരമ്മ മാത്യൂസ്, എഴുത്തുകാരനും വ്യവസായിയുമായ സണ്ണി മാളിയേക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാം ആന്റോ, വിദ്യാഭ്യാസ രംഗത്ത് പ്രതിഭ തെലയിച്ച കലാകാരി കൂടിയായ മാലിനി.കെ .രമേശ് എന്നിവരാണ് കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.
തുടര്‍ന്ന് തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് സംഗീത വിസ്മയം തീര്‍ക്കുന്ന ലോക പ്രശസ്ത ഗായകന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ പ്രകടനത്തില്‍ കാണികള്‍ ഇളകിമറിഞ്ഞു.
ശ്രവ്യസുന്ദരമായ നിരവധി ഗാനങ്ങള്‍ പാടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പിയാനോ കീബോര്‍ഡില്‍ കൈവിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ശ്രോതാക്കളെ കൈയിലെടുത്തു. കൂടെ കൊഴുപ്പേകാന്‍ ചെണ്ടമേളവുമായി'കൊച്ചു വീട്ടില്‍ ബീറ്റ്‌സും' ഒപ്പം ചേര്‍ന്നു.
സീരിയല്‍ സിനിമ നടി അര്‍ച്ചനയുടെയും സംഘാംഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍ സദസ്സിലിരുന്ന കാണികളെ ഇളക്കിമറിച്ചു. അര മണിക്കൂറോളം നീണ്ടു നിന്ന 'ഫാഷന്‍ ഷോ' വേറിട്ടതും വ്യത്യസ്തവുമായ ഒരു ഷോയായിരുന്നു.
ജിജി ഓലിക്കല്‍ (പ്രസിഡണ്ട്) ഡോ.ജോര്‍ജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാന്‍സ് ഡയറക്ടര്‍) ബേബി മണകുന്നേല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) സാം സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ 30 അംഗ ഡയറകറ്റ്‌ബോര്‍ഡിന്റെ മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് ഈ പരിപാടിയുടെ വന്‍ വിജയമെന്നു സംഘാടകര്‍ പറഞ്ഞു.
ഹൂസ്റ്റനില്‍ നടത്തിയിട്ടുള ഇന്ത്യക്കാരുടെ പരിപാടികളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ഒരാഘോഷമായിരുന്നു ഈ മെഗാ ഇവന്റ്. ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്, സ്റ്റേജ് അറഞ്ച്‌മെന്റ് എല്ലാം ഒന്നിനൊന്നു മെച്ചം. വിഭവ സമൃദ്ധമായ ഭക്ഷണവും ഇവെന്റിനെ മികവുറ്റതാക്കി. 7 വിഭാഗങ്ങളായി തിരിച്ചാണ് പരിപാടികള്‍ നടത്തിയത്.
ശ്രുതി, അനീഷ്, ശ്വേതാ, നിതിന്‍ എന്നിവര്‍ എംസിമാരായി പരിപാടികള്‍ ഏകോപിപ്പിച്ചു.
വര്‍ണപ്പകിട്ടാര്‍ന്ന മറ്റു കലാപരിപാടികള്‍ക്കും കലാശക്കൊട്ടിനും വന്ദേമാതര ഗാനാലാപനത്തിനും ശേഷം രാത്രി 11 നു ആഘോഷങ്ങള്‍ സമാപിച്ചു .
ഫിനാന്‍സ് ഡയറക്ടര്‍ ജിജു കുളങ്ങര നന്ദി അറിയിച്ചു.