Image

സ്റ്റോക്ക്ഹോം സിൻഡ്രോം ആണോ എന്ന സംശയം (വാൽക്കണ്ണാടി - കോരസൺ)

Published on 14 September, 2022
സ്റ്റോക്ക്ഹോം സിൻഡ്രോം ആണോ എന്ന സംശയം (വാൽക്കണ്ണാടി - കോരസൺ)

"ഡാഡി എന്തിനാ അവരുടെ കൊളോണിയൽ ചരിത്രകഥകൾ കേട്ടുകൊണ്ടിരിക്കുന്നത്? മൊണാർക്കി ഒന്നും ഈ കാലത്തു നടക്കില്ല" ശരിയാണ് മോളെ പക്ഷെ അവരുടെ ജീവിതം അറിയാതെ എൻറെ കാലത്തെ സ്പർശിച്ചുകൊണ്ടിരുന്നു. അതാണ് അവരുടെ കഥകൾ എനിക്ക് പ്രിയമായത്. 

96 വയസ്സുള്ള അവർ എത്രചന്തമുള്ള കുലീനയായ സ്ത്രീയാണ്, 70 വർഷങ്ങൾക്കുള്ളിൽ അവരുടെ അധികാരമെല്ലാം നഷ്ടപ്പെട്ടിട്ടും ആരാധ്യയായി തുടരുന്നില്ലേ?. നാം ഇപ്പോൾ സംസാരിക്കുന്ന ഭാഷയും നമ്മുടെ രാഷ്ട്രബോധവും ഒക്കെ ആ കൊളോണിയൽ കാലത്തിന്റെ സംഭാവനകൾ ആണ്. നമ്മെ അവർ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയും നമ്മുടെ സ്വതന്ത്ര ചിന്തകളെ അഗീകരിക്കാതിരിക്കയും കിരാതമായ ഭരണം അടിച്ചേല്പിക്കയും ഒക്കെ ചെയ്തു എന്നത് ശരിയാണ്. നമ്മുടെ രാജാക്കന്മാരും നാട്ടു പ്രഭുക്കന്മാരും അതിലും നീചമായിട്ടാണ് ആളുകളോട് ഇടപെട്ടിരുന്നത്. ഒരു തരത്തിൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി അവർ നമ്മെ ഉപയോഗിച്ചിരുന്നു എങ്കിലും നമുക്ക് ഒരു സാമൂഹികക്രമം, വികസിതഭാവം ഒക്കെ കൈവരിക്കാനായി എന്നത് തള്ളിക്കളയാനാവുമോ? അന്ന് ബ്രിട്ടീഷ് രാജാവ് ഇന്ത്യയുടെ രാജാവുകൂടിയായിരുന്നു. 

"ഡാഡി എന്താണ് പറയുന്നത് , അവരുടെ ആർത്തിയുടെ ഭാഗമായി നൂറ്റാണ്ടുകളായി എത്രയോ രാജ്യങ്ങളെ കിരാതമായ രീതിയിൽ ഭരിച്ചു കൊള്ളചെയ്തു അവർ സമ്പത്തു നേടിയത് അംഗീകരിക്കാനാവുമോ? നമ്മുടെ പൂർവ്വികർ ബ്രിട്ടീഷ് രാജവാഴ്ചയുടെ കൈകളിൽ ഏറ്റവും മനുഷ്യത്വരഹിതമായ ക്രൂരതകൾ അനുഭവിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തെ അടിമ കോട്ടകളിൽ ആഫ്രിക്കൻ അടിമകളെ പാർപ്പിച്ചപ്പോൾ ബ്രിട്ടീഷ് രാജവാഴ്ച മാന്യമായിരുന്നോ? കൈത്തണ്ടയിലും കണങ്കാലിലും ചങ്ങലകൾ ചുറ്റി, അടിമക്കപ്പലുകളിൽ കയറി അമേരിക്കയിലേക്കുള്ള വഞ്ചനാപരമായ യാത്രയിൽ സഹിച്ചുനിൽക്കുമ്പോൾ ബ്രിട്ടീഷ് രാജവാഴ്ച ആഫ്രിക്കക്കാരോട് നീതികാട്ടിയോ? ഡാഡി സ്റ്റോക്ക്ഹോം സിൻഡ്രോമിലാണ്‌, അതാണ് ഇങ്ങനെ ചിന്തിക്കുന്നത്". 

അതെന്നതാ ഈ  സ്റ്റോക്ക്ഹോം സിൻഡ്രോം? " സ്റ്റോക്ക്ഹോം സിൻഡ്രോം എന്നത് ആളുകൾ തങ്ങളെ തടവിലാക്കിയിരിക്കുന്ന ഒരാളുമായി നല്ല വികാരങ്ങളും സഹവാസവും വികസിപ്പിക്കുന്ന ഒരു അവസ്ഥയാണ്".  മകൾ അത് പറഞ്ഞിട്ട് പുറത്തു ഒന്ന് തടവിയിട്ടു കടന്നുപോയി. 

ഞാൻ മരവിച്ചുപോയി, ശരിയാണ്, ഇന്ത്യയെ വർഷങ്ങളോളം കീഴടക്കി കൊള്ളയടിച്ചു വെട്ടിമുറിച്ചു കടന്നുപോയ ബ്രിട്ടീഷുകാരുടെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഞാൻ എന്തുകൊണ്ട് കണ്ണുനീർ പൊഴിക്കണം? കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വെള്ള മേൽക്കോയ്മയുടെയും പ്രതീകാത്മകമായ ആൾരൂപമാണ് രാജ്ഞി. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗം മീഡിയ ആഘോഷമാക്കുന്ന സന്ദർഭത്തിൽ അറിയാതെ അവരുടെ ജീവിതവും ചരിത്രവും സസൂക്ഷ്മം ശ്രദ്ധിച്ചുകൊണ്ടിരുന്നു. കൊളോണിയൽ ബ്രിട്ടനുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും അറിയാതെ, ബോധമണ്ഡലത്തിൽ ബ്രിട്ടീഷ് ചരിത്രത്തിന്റെ ഒരു ഭാഗമായി തുടരുകയായിരുന്നു. 

ചില സന്ദർഭങ്ങളിൽ, ഇരകൾ ബന്ദികളാക്കിയവരുമായി ബന്ധം സ്ഥാപിക്കുകയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തേക്കാം, ഭയം, പുച്ഛം എന്നിവ അനുഭവപ്പെടുന്നതിന് വിപരീതമായി കരുണ ഈ സാഹചര്യങ്ങളിൽ അവർ പ്രതീക്ഷിച്ചേക്കാം. 1973-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന, ഒരു കവർച്ചയെ തുടർന്നാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന പദത്തിന്റെ ഉത്ഭവം ഉടലെടുത്തത്. 

നാല് പേരെ ബാങ്കിൽ ബന്ദികളാക്കി, അവരെ പിടികൂടിയവർ പോലീസുമായി ആറ് ദിവസം തർക്കിച്ചു നിലയുറപ്പിച്ചു. മോചിതരായ ശേഷം, ബന്ദികൾ ബന്ദിയാക്കിയവരോട് ശക്തമായ വൈകാരിക ബന്ധം വളർത്തിയെടുത്തതായി അധികൃതർ കണ്ടെത്തി, അവരിൽ നിന്ന് വേർപെടുത്താൻ പോലും വിസമ്മതിച്ചു. ബന്ദികളാക്കിയവർ തങ്ങളോട് ദയയോടെ പെരുമാറിയെന്നും ഉപദ്രവിച്ചില്ലെന്നും പറഞ്ഞു. അവർ തടവുകാരെ സംരക്ഷിക്കുകയും കോടതിയിൽ അവർക്കെതിരെ മൊഴി നൽകാൻ വിസമ്മതിക്കുകയും ചെയ്തു.

ജീവന് അപകടകരമായ സാഹചര്യങ്ങളിൽ അതിജീവിക്കാനുള്ള ഒരു കോപ്പിംഗ് മെക്കാനിസമാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് കരുതപ്പെടുന്നു. ദിവസങ്ങൾ, ആഴ്‌ചകൾ, മാസങ്ങൾ, അല്ലെങ്കിൽ വർഷങ്ങളോളം തടവിലോ ദുരുപയോഗത്തിന്റെയോ ഗതി വികസിപ്പിച്ചേക്കാവുന്ന ഒരു മാനസിക പ്രതികരണമാണെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ തടവുകാരായ സാഹചര്യങ്ങളിലും ഈ അവസ്ഥ സംഭവിക്കുന്നതായി തോന്നുന്നില്ല, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമല്ല.

ഇന്ത്യ ദേശീയ ദുഃഖാചരണത്തിൽ, എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെക്കുറിച്ചുള്ള വികാരങ്ങൾ  കോളനിയായിരുന്ന ഇന്ത്യയിൽ നിറഞ്ഞുനിന്നു. എലിസബത്ത് രാജ്ഞിയുടെ മഹിമ നമ്മുടെ കാലത്തെ ഏറ്റവും ശക്തമായ  ഓർമ്മയായി നിലനിൽക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. “അവർ അവരുടെ   രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകി. പൊതുജീവിതത്തിൽ അന്തസ്സും മാന്യതയും വ്യക്തിപരമാക്കി. അവരുടെ വിയോഗത്തിൽ വേദനിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അവരുടെ കുടുംബത്തിനും യുകെയിലെ ജനങ്ങൾക്കും ഒപ്പമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാജ്ഞിയും അവരുടെ സ്വത്തുക്കളും കൊളോണിയൽ ഭരണത്തിന്റെ ചൂഷണ സ്വഭാവത്തെ പ്രതീകപ്പെടുത്തുന്നതായി മറ്റുള്ളവർ പറഞ്ഞു.    

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചു 1997-ലെ സന്ദർശന വേളയിൽ രാജ്ഞി ഔപചാരികമായി ക്ഷമാപണം നടത്തുമെന്ന് ഇന്ത്യയിലെ പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവൾ പറഞ്ഞു നിർത്തി, “ഞങ്ങളുടെ ഭൂതകാലത്തിൽ ചില ബുദ്ധിമുട്ടുള്ള എപ്പിസോഡുകൾ ഉണ്ടായിട്ടുണ്ടെന്നത് രഹസ്യമല്ല - ഞാൻ നാളെ സന്ദർശിക്കുന്ന ജാലിയൻ വാലാബാഗ് ഒരു സങ്കടകരമായ ഉദാഹരണമാണ്. എന്നാൽ ചരിത്രം തിരുത്തിയെഴുതാൻ കഴിയില്ല, ചിലപ്പോൾ നമ്മൾ എത്ര ആഗ്രഹിച്ചാലും. 

ചരിത്രത്തിൽ നിന്ന് രാജവാഴ്ചയെ വേർപെടുത്താനാവില്ല. കൊളോണിയൽ ഭരണം ഇന്ത്യയെ അവശേഷിപ്പിച്ചത് നമ്മൾ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്ന പൈതൃകങ്ങളാണ്. ബ്രിട്ടീഷുകാർ ഇന്ത്യയെ 200 വർഷത്തോളം കൊള്ളയടിച്ചു. ശരിയാണ്, ചരിത്രം തിരുത്തിയെഴുതാൻ കഴിയില്ല, പക്ഷേ ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മെച്ചമായ ഒരു സാഹചര്യവും സമൂഹവും ഉണ്ടാക്കാനാവും. ആ പഴയ കഥയുടെ കണ്ണിയായ എലിസബത്ത് രാജ്ഞിയുടെ വിയോഗം സമ്മിശ്രവികാരം ഉളവാക്കുന്നു. അത് സ്റ്റോക്ക്ഹോം സിൻഡ്രോം ആണെങ്കിലും. 

Join WhatsApp News
പാവംക്രൂരൻ 2022-09-14 20:10:46
ക്രൂരനായ ഭർത്താവിനെ പേടിച്ചു, ആരോ കംപ്ലയ്ന്റ് ചെയ്തപ്പോൾ പോലീസ് വന്നു. ഭാര്യ ഭർത്താവിനുവേണ്ടി വാദിച്ചു, പോലീസ് തിരിച്ചുപോയി. aതും ഇതുപോലെ കൂട്ടാമല്ലോ.
Hari Krishnan Namboodiri 2022-09-14 20:35:24
Excellent thought provoking article we also got a better understanding of stock home syndrome Clean one Thank you
Kohinoor Diamond 2022-09-16 21:52:24
"Indians claim that Shah Shujah Durrani (ruler of Durrani empire in present day Afghanistan from 1803-1809) gave the diamond to Maharaja Ranjit Singh of the Sikhs. But Shah Shujah’s autobiography clearly mentions that his son was tortured by Maharaja Ranjit Singh before he took away the diamond. So if the Indian case rests on the claim that the British took it by force, so did the Indians," William Dalrymple (Historian & author)- posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക