Image

കല്യാണങ്ങൾ ( കഥ: രമണി അമ്മാൾ )

Published on 15 September, 2022
കല്യാണങ്ങൾ ( കഥ: രമണി അമ്മാൾ )

"എടേ .. നീയറിഞ്ഞോ.. നമ്മടെ ലച്ചൂന്റെ ഭർത്താവായിരുന്ന അജീഷിനു
കല്യാണമായെന്ന്..,!
നിനക്കറിയില്ലേ,  ആ വിനുമോഹനെ..
അജീഷിന്റെ കൂടെ ഇവിടെ വന്നിട്ടുണ്ട്.. മാർക്കറ്റിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു..."
"അവനിനി എതിലേ പോയാൽ നമുക്കെന്താ..? മനഷ്യപ്പിശാച്...!
അറിയുന്നവരാരെങ്കിലും അവനു പെണ്ണുകൊടുക്കുമോ..?."
"ഇതങ്ങു കോഴിക്കോട്ടൂന്നാ..
അദ്ധ്യാപിക. അവരുടെ ആദ്യവിവാഹമാണ്.
.
ലച്ചൂന്റെ പിന്നാലെ അഞ്ചാറുവർഷം നടന്നു പ്രേമിച്ചു കെട്ടിയ മഹാനാണീ അജീഷ്. 
അന്നവന് സർക്കാരു ജോലിയില്ലായിരുന്നു..
ചെറിയ കോൺട്രാക്റ്റു വർക്കുകളൊക്കെ
ഏറ്റെടുത്തു ചെയ്യലോമറ്റോ ആയിരുന്നു. 
എൽ.ഡി.സി.യുടെ റാങ്കുലിസ്റ്റിലുണ്ടായിരുന്നു.
ലച്ചു കൊണ്ടുചെന്ന ഭാഗ്യം പോലെ കല്യാണം കഴിഞ്ഞ് ഒരുമാസത്തിനകം അജീഷിനു ജോലിയായി..
പുതിയ കൂട്ടുകാരും,
പുതിയ ജീവിത സാഹചര്യവും
അവനിൽ   
മാറ്റങ്ങളുണ്ടാക്കി..
ഭാര്യയ്ക്കു ജോലിയില്ല, പൊന്നും പണവും,വീടും കാറുമൊന്നും സ്ത്രീധനമായിട്ടു കിട്ടിയില്ല, 
പറ്റിയ മണ്ടത്തരം..ഇനി പറഞ്ഞിട്ടെന്താ. ?"
കൂത്തുവാക്കുകൾ...
"ഒരാളുടെ ശമ്പളം കൊണ്ടുമാത്രം പട്ടണത്തിൽ ജീവിക്കാൻ പാടാ..രഹസ്യമായി എന്തെങ്കിലും സൈഡ് ബിസിനസ്സുകൂടി ചെയ്യണം.."
കുറഞ്ഞ പലിശയ്ക്കു പണം കടമെടുത്ത്, കൂടിയ പലിശയ്ക്ക്  മറിച്ചു കൊടുക്കുന്ന 
ഏർപ്പാടങ്ങനെയാണു തുടങ്ങിയത്..
കുറച്ചുനാൾ  തടസങ്ങളില്ലാതെ
കാര്യങ്ങൾ മുന്നോട്ടുപോയി. 
കിട്ടുന്ന ലാഭം
കൂട്ടുകാരൊത്തു കുടിച്ചും കൂത്താടിയും ഉല്ലാസയാത്രകൾ നടത്തിയും   അടിച്ചു പൊളിക്കും..
കടംവാങ്ങിയവർ പറഞ്ഞ സമയത്ത് പണം തിരികെ കൊടുക്കാതായി...
ഇവൻ കടമെടുത്ത തുക തിരിച്ചടയ്ക്കാനാവാതെ പലിശയും പലിശേടെ പലിശയുമായി കുമിഞ്ഞുകൂടി.   
കിടക്കാടം  കടക്കാരു ജപ്തി ചെയ്തുകൊണ്ടു
പോകുന്നിടംവരെ കാര്യങ്ങളെത്തി..
ശമ്പളത്തിന്റെ പകുതിയും റിക്കവറി..
ബാക്കിയുളളത്  കയ്യോടെ പിടിച്ചുവാങ്ങാൻ 
ഓഫീസു നടയിൽ കാത്തുനിൽക്കുന്നവർ..
ജീവിതം വഴിമുട്ടിനില്ക്കുകയാണ്..
ഒന്നും രണ്ടും 
വയസ്സു മാത്രം പ്രായമുളള കുഞ്ഞുങ്ങൾ, 
കടക്കാരെ ഭയന്ന് പാത്തും പതുങ്ങിയും വീട്ടിലെത്തേണ്ടിവരുക..
വീട്ടാവശ്യങ്ങൾക്കുപോലും
പലരുടേയും സഹായം ഇതിനോടകം കൈപ്പറ്റിക്കഴിഞ്ഞു...
കടംചോദിപ്പു ഭയന്ന് സുഹൃത്തുക്കൾ വഴിമാറി നടക്കാൻ തുടങ്ങി... 
ആത്മഹത്യചെയ്യാൻ ഭയം....ജീവിക്കണം. 
എങ്ങനെയെങ്കിലും...!
അമ്പലത്തിൽ ശയനപ്രദക്ഷിണം നടത്തുമ്പോഴാണ് അജീഷിനാ വെളിപാടുണ്ടായത്..! ഭഗവാൻ തോന്നിപ്പിച്ചതാണുപോലും.
"നിലവിലുളള വിവാഹബന്ധം നിയമപരമായി വേർപെടുത്തി മറ്റൊരു വിവാഹം കഴിക്കുക. 
വല്ല പൊട്ടോ,ചട്ടോ,കൂനോ,
മുടന്തോ, അല്ലെങ്കിൽ കിടപ്പുരോഗിയോ ആയ കോടീശ്വരിയെ..!
തനിക്കുണ്ടായ വെളിപാട് 
ഒരാവേശത്തോടെയാണ്അജീഷ് ഭാര്യയോടു പറഞ്ഞത്.
"ഭ്രാന്തു പറയാതെ പൊക്കോണം..
അവനവന്റെ കയ്യിലിരുപ്പുകൊണ്ടാ ഈ ഗതികേടുകളൊക്കെ. 
ഈയിടെയായിട്ടൊരു  മുടിഞ്ഞ ഭക്തീം.. 
ലോകത്തൊരാൾക്കും  ചിന്തിക്കാൻപോലുമാവാത്ത ഒരു വെളിപാടുമായി വന്നിരിക്കുന്നു.."
"വെറുതേപോയി കല്യാണത്തിനൊന്നു നിന്നുകൊടുത്താൽ മാത്രം മതിയെടീ. നമ്മളീ പ്രതിസന്ധികളിൽ നിന്നൊക്കെ രക്ഷപ്പെടും. 
നിനക്കും കുഞ്ഞുങ്ങൾക്കും അതുനിമിത്തം ഒരു കുഴപ്പവുമുണ്ടാവില്ല...
വേണ്ടതെല്ലാം
ഒരുക്കിത്തന്നിട്ടേ
ഞാനങ്ങനെ ചെയ്യൂ..
ആദ്യ ബന്ധം ഒഴിഞ്ഞതാണെന്ന കോടതിയുത്തരവു വേണം. 
പിടിച്ചുനില്ക്കാൻ മറ്റൊരു മാർഗ്ഗവും കാണാഞ്ഞിട്ടാ.. 
അല്ലെങ്കിൽ ഒരു കൂട്ട ആത്മഹത്യയാവും നടക്കാൻ പോകുന്നത്.."

വീട്ടുകാരെ ധിക്കരിച്ച്
നിശ്ചയിച്ചുറപ്പിച്ച കല്യാണത്തലേന്ന് കാമുകനോടൊപ്പം ഒളിച്ചോടിയതല്ലേ.. 
താനിതൊക്കെ അനുഭവിക്കേണ്ടവൾ തന്നെ..!
രണ്ടുകുഞ്ഞുങ്ങളേയും എടുത്തോണ്ടു കയറിച്ചെല്ലാൻ  ഒരിടമില്ല...
അജീഷിന്റെ ശമ്പളംകൊണ്ട് കടങ്ങൾമുഴുവനും
 വീട്ടുക ഈ ജന്മം നടക്കില്ല...
കാതിൽക്കിടന്ന രണ്ടു കമ്മലായിരുന്നു  ശേഷിച്ച പൊൻതരി. അതും വിറ്റു.. 
എത്രനാളിങ്ങനെ.. !
ഭാവിയെക്കുറിച്ചോർത്തു ലച്ചു ഭയചികിതയായി..
അജീഷു പറഞ്ഞപോലെ
ഒരു കൂട്ട ആത്മഹത്യ..!
രക്ഷപെടാനുളള
കച്ചിത്തുരുമ്പാണുപോലും
അജീഷിന് പുനർവിവാഹം..
അനുകൂലമായ നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടാവണം..
കോഴിക്കാലിൽ മുടിചുറ്റിയപോലെ  അജീഷ്..
ദേഷ്യവും സങ്കടവും സഹതാപവും, ഭയവും,എല്ലാംകൂടി ഒരുമിച്ചുവന്ന് ഞെക്കിഞെരുക്കിയപ്പോൾ
ലച്ചു അലറി..
"ഡൈവോഴ്സ് പെറ്റീഷനിൽ ഞാനൊപ്പിട്ടു തന്നേക്കാം....എന്താന്നു
വച്ചാൽ ചെയ്തോ..
പിന്നെയൊരുകാര്യം..
ആ നിമിഷംമുതൽ
ഞാനും കുഞ്ഞുങ്ങളും നിങ്ങൾക്കാരുമല്ലാതാവും."

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.. മ്യൂച്ചൽഡൈവോഴ്സിന്
ഒരാറുമാസം....
കോടതിയുത്തരവ് കയ്യിൽ കിട്ടിക്കഴിഞ്ഞയുടൻ അജീഷ് എങ്ങോട്ടേക്കോ താമസം മാറ്റി.  
ഡൈവോഴ്സും പിന്നാമ്പുറകഥകളും ഏറെക്കുറെ
രഹസ്യമായിരുന്നു. 

പക്ഷേ...വിചാരിച്ചത്ര എളുപ്പമായിരുന്നില്ല രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയുമുണ്ടായിരുന്ന വിവാഹമോചിതന്റെ പുനർവിവാഹം.. 

കേരളത്തിലങ്ങോളമിങ്ങോളം  പെണ്ണന്വേഷണമായിരുന്നു. ഇപ്പോൾ ഒരെണ്ണം ഒത്തുവന്നിരിക്കുന്നു.. തിങ്കളാഴ്ച  അജീഷിന്റെ കല്യാണമാണ്.

മുൻഭാര്യയുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ മ്യൂച്വൽ ഡൈവോഴ്സ് വാങ്ങുകയായിരുന്നവെന്നാണ് വിനുമോഹനുൾപ്പെടെയു
ളളവർ   ധരിച്ചുവച്ചിരിക്കുന്നത്.

അജീഷ് മുൻകൂട്ടി തയ്യാറാക്കിവെച്ച തിരക്കഥപോലെ
കാര്യങ്ങൾ നടന്നുവെന്നു വേണമെങ്കിൽ അനുമാനിക്കാം..

നാടോടിക്കഥകളുടെ അന്ത്യത്തിലെപോലെ രണ്ടാംകല്യാണം കഴിഞ്ഞ അയാൾ വളരെവളരെക്കാലം സുഖമായി ജീവിച്ചു എന്നും പറയപ്പെടാം ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക