Image

രാഷ്ട്രീയം ശുദ്ധീകരിക്കണം, പ്രൊഫ. സാനു; മാസ്റ്റർക്കും സ്കറിയ സക്കറിയക്കും ഡിലിറ്റ് (കുര്യൻ പാമ്പാടി)

Published on 15 September, 2022
രാഷ്ട്രീയം ശുദ്ധീകരിക്കണം, പ്രൊഫ. സാനു;  മാസ്റ്റർക്കും സ്കറിയ സക്കറിയക്കും ഡിലിറ്റ് (കുര്യൻ പാമ്പാടി)

"സാംസ്കാരികരംഗത്ത് രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടെന്നു ഞാനല്ല, മറ്റുപലരും പറയുന്നു.  എന്നാൽ ഞാൻ പുതിയൊരു മുദ്രാവാക്യം  കൊണ്ടുവരികയാണ്--രാഷ്ട്രീയം  സാംസ് കാരികവൽക്കരിക്കണം," അദ്ധ്യാപകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും മുൻ ഇടതുപക്ഷ എംഎൽഎയുമായ പ്രൊഫ. എം കെ സാനുവാണിത് പറയുന്നത്.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നൽകിയ ഓണററി ഡിലിറ്റ് സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് ഗവർണറും യൂണിവേഴ്‌സിറ്റി ചാന്സലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാനെയും ഉന്നത വിദ്യാഭ്യാസമന്ത്രിയും  പ്രൊ ചാൻസലറുമായ ഡോ. ആർ ബിന്ദുവിനെയും സാക്ഷിനിർത്തിക്കൊണ്ടു സാനു മാസ്റർ ഇങ്ങിനെ പറഞ്ഞത്.

എംജി യുണിവേഴ്‌സിറ്റിയുടെ  ഡിലിറ്റ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാനു മാസ്റ്റർക്ക് സമർപ്പിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് ഇടതു ഗവർമെന്റിന്റെ അനാശാസ്യമായ കൈകടത്തലുകൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പ്രൈവറ് സെക്രട്ടറിയുടെ അയോഗ്യയായ ഭാര്യക്ക്ജോലി നൽകില്ലെന്നും  ഗവർണർ ആരോപിച്ച് ചൂടാറും മുമ്പാണ് മാസ്റ്ററുടെ അഭിപ്രായം വന്നത് എന്നത് ശ്രദ്ധേയമാണ്. "അതൊന്നും ഞാൻ അനുവദിക്കാൻ പോകുന്നില്ല" അദ്ദേഹം തിരുവന്തപുരത്തു പറഞ്ഞു  

ഡിലിറ്റ്  നേടിയ പ്രൊഫ. സ്കറിയ സക്കറിയയെ ഗവർണർ സന്ദർശിക്കുന്നു.

"ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒന്നായി കാണാൻ കഴിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജി. ഇങ്ങിനെയൊരാൾ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ ലോകത്തിനു സാധിക്കില്ല എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്ടീനാണ്. അങ്ങിനെയൊരു  മഹാത്മാവിന്റെ നാമത്തിലുള്ള സർവകലാശാലയിൽ നിന്നു ലഭിച്ച ബഹുമതി തന്നെ ധന്യനാക്കുന്നുവന്നു സാനുമാസ്റ്റർ പറഞ്ഞു.

വൈസ് ചാൻസലർ സാബു തോമസ് ചങ്ങനാശ്ശേരിയിയിലെത്തി  ബഹുമതി പത്രം കൈമാറുന്നു

സർവകലാശാലയുടെ ശ്രീനാരായണ ഗുരു ചെയർ സ്ഥാനം വഹിച്ചിട്ടുള്ള മാസ്റ്റർ ഇപ്പോൾ വിശുധ്ധ ചാവറയച്ചൻ ചെയർ പദവിയും വഹിക്കുന്നു. വയലാർ  അവാർഡ്, കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ തുടങ്ങി നിരവധി ബഹുമതികൾ  ലഭിച്ചി ട്ടുണ്ട്. "ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം" ഉൾപ്പെടെ 36 കൃതികൾ രചിച്ചു.  

ഗവർണറുടെ ബിരുദദാന പ്രസംഗം 

സർവകലാശാലയുടെ എട്ടാത് പ്രത്യേക കോൺവൊക്കേഷനിൽ പ്രൊഫ. സ്കറിയ സക്കറിയക്കും ഡി ലിറ്റ് നൽകപ്പെട്ടു, ആരോഗ്യകരണങ്ങളാൽ വരാതിരുന്ന  അദ്ദേഹത്തിനു വേണ്ടി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ബഹുമതിപത്രം  സ്വീകരിക്കുകയൂം ചങ്ങനാശേരിയിലെ വീട്ടിലെത്തി സമർപ്പിക്കുകയും ചെയ്തു.

ഗവർണറും ബുധനാഴ്ച്ച ചങ്ങനാശ്ശേരിയിലെത്തി സ്കറിയ സക്കറിയാക്ക് നേരിട്ട് ആദരാജ്ഞലികൾ അർപ്പിക്കുകയുണ്ടായി.

സാനു മാസ്റ്റർ, ഫ്രഞ്ച് പ്രൊഫസർമാർ വൈവ്സ് ഗ്രോഹൻസ്, ദിദിയർ റൂസൽ

ഹെർമൻ ഗുണ്ടർട്ട് മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെപ്പറ്റി ജർമ്മനിയിൽ പോയി അവഗാഹം നേടിയിട്ടുള്ള ആളാണ് പ്രൊഫ. സ്കറിയ  സക്കറിയ. അവിടത്തെ ട്യൂബിങ്ങൻ സർവലാശാല ഏർപ്പെടുത്തിയ ആദ്യത്തെ ഗുണ്ടർട്ട് ചെയർ പദവിയും അദ്ദേഹത്തിന് ലഭിച്ചു.

നാനോസയൻസ് മേഖലയിൽ  മികവുറ്റ സംഭാവന നൽകിയ ഫ്രാൻസിലെ പ്രൊഫസർമാരായ വൈവ്സ് ഗ്രോഹൻസ്, ദിദിയർ റൂസൽ എന്നിവർക്ക് ഡിഎസ് സി ബഹുമതിയും ഗവർണർ സമ്മാനിച്ചു.  സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രതിഭകൾക്കൊപ്പം ശാസ്ത്ര രംഗത്തെ പ്രതിഭകളെയും കണ്ടെത്തി ആദരിക്കുന്നതിൽ യൂണിവേഴ്‌സിറ്റി കാണിക്കുന്ന ആർജവത്തെ ഗവർണർ പ്രകീർത്തിച്ചു.

കോൺവൊക്കേഷന്റെ ഒരു പരിച് ഛേദം   

യൂണിവേഴ്‌സിറ്റി ഹാളിൽ  നടന്നചടങ്ങിൽ പ്രോ വിസി സി.ടി. അരവിന്ദ് കുമാർ, രജിസ്ട്രാർ പ്രകാശ് കുമാർ എന്നിവർ ഭാഗഭാക്കുകളായി.  മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എംപി, മുൻ വൈസ് ചാൻസലർ പ്രൊഫ. എവി ജോർജ് തുടങ്ങിയവരും പങ്കെടുത്തു.  

Join WhatsApp News
റോയ് ആൻ്റണി 2022-09-16 22:50:23
''ഗവർണറും ബുധനാഴ്ച്ച ചങ്ങനാശ്ശേരിയിലെത്തി സ്കറിയ സക്കറിയാക്ക് നേരിട്ട് ആദരാജ്ഞലികൾ അർപ്പിക്കുകയുണ്ടായി'' ബഹുമാനപ്പെട്ട ഡോ. സ്കറിയ സക്കറിയ സാർ രോഗിയാണെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നു . അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ കുറേക്കൂടി കാത്തിരുന്നുകൂടേ ? ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് ആദരാഞ്ജലി അർപ്പിക്കപ്പെടുന്നത് ഭൂഷണമല്ല . പ്രിയ ഗുരുനാഥന് ആയുർ ആരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു , ഒപ്പം അനുമോദനങ്ങളും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക