Image

ഇവിടേയുമുണ്ട് തെരുവുനായ്ക്കൾ (രാജൻ കിണറ്റിങ്കര)

Published on 15 September, 2022
ഇവിടേയുമുണ്ട് തെരുവുനായ്ക്കൾ (രാജൻ കിണറ്റിങ്കര)

മുംബൈയിലുമുണ്ട് തെരുവുനായ്ക്കൾ, ചിലപ്പോഴൊക്കെ ഇവിടേയും കൂട്ടത്തോടെ റോഡുകൾ ഉപരോധിക്കാറുണ്ട്.  കുരച്ച് ബഹളം കൂട്ടാറുണ്ട്. പക്ഷെ, അവ ആരെയും കടിക്കാറില്ല. ആർക്കു പിന്നാലെയും ഓടാറില്ല.  റോഡരികിൽ കുപ്പിയും പാട്ടയും പെറുക്കുന്നവരെ കണ്ടാൽ മാത്രം അവരൊന്ന് പ്രതിഷേധിക്കും  . അത് ആക്രമിക്കാനല്ല, തങ്ങളുടെ ഭക്ഷണം എടുത്തു കൊണ്ട് പോകുന്ന വരാണെന്ന ശങ്കയിൽ മാത്രം .  

മൃഗീയത ഇല്ലാത്ത മുംബൈ നായ്ക്കളുടെ ഈ സ്വഭാവത്തിന് മുഖ്യ കാരണം അവയുടെ ഭക്ഷണം തന്നെ  .  വല്ല കടക്കാരോ നായ സ്നേഹികളോ എറിഞ്ഞ് കൊടുക്കുന്ന ഗ്ലൂക്കോസ് ബിസ്കറ്റാണ് അവയുടെ തീറ്റ.  ചോരയുടെ രുചി അവറ്റകൾക്ക് അറിയില്ല.   വിരുന്നുകാർ വന്നിട്ടു പോലും ഒരു കഷണം ചിക്കനോ മീനോ കടിച്ച് വലിക്കാൻ കിട്ടാറില്ല.  

ഫ്ലാറ്റ് ജീവിതത്തിൽ എന്ത് വേയ്സ്റ്റ് ആയാലും രാവിലെ മുനിസിപ്പാലിറ്റി വണ്ടി വന്ന് എല്ലാം അതിലിട്ട് കൊണ്ടുപോകുന്നതിനാൽ ഒരു മത്സ്യത്തിന്റെ തല അബദ്ധത്തിൽ പോലും നുണയാൻ കിട്ടാത്തവരാണ് മുംബൈയിലെ തെരുവുനായ്ക്കൾ.

എന്നാൽ കേരളത്തിലെ നായ്ക്കളുടെ സ്ഥിതി അതല്ല.  വിശേഷ ദിവസങ്ങളിൽ കുടിച്ച മദ്യത്തിന്റെ കണക്കേ നമ്മൾ സൂക്ഷിക്കാറുള്ളു. കണക്കെടുത്താൽ അതിലും എത്രയോ ഇരട്ടിയാവും മലയാളി ഭക്ഷിക്കുന്ന ചിക്കനും മട്ടനും മീനുമെല്ലാം .  

മത്സ്യമായാലും ഇറച്ചിയായാലും അതിന്റെ 50 % വേയ്സ്റ്റ് തന്നെയാണ്.  ഈ വെയ്സ്റ്റ് തള്ളാൻ പലരും കണ്ടെത്തിയിരിക്കുന്ന എളുപ്പമാർഗ്ഗം ഇരുട്ടു വീണാൽ ബൈക്കിലോ കാറിലോ പോയി ആളില്ലാത്ത സ്ഥലം നോക്കി റോഡ് സൈഡിലേക്ക് ഒരേറ്. പിന്നെ എന്തോ സാഹസം ചെയ്തവനെപ്പോലെ വണ്ടി തിരിച്ച് വീട്ടിലേക്ക് .  ഈ വെയ്സ്റ്റുകൾ വീഴുന്നത് പ്രതീക്ഷിച്ച് നായ്ക്കളിലെ വിജിലൻസ് ടീം റോഡരുകിൽ കാത്ത് നിൽക്കുന്നുണ്ടാവും.  അവ അടുത്തുള്ള ജംഗ്ഷനിൽ കുരച്ച് വിവരമറിയിക്കും.   അവിടെ നിന്ന് ഒരു ടീം ശരവേഗത്തിൽ സംഭവ സ്ഥലത്തെത്തുന്നു.  പിന്നെ, തീറ്റ, കുടി, കടി, ബഹളം,  (നായ്ക്കൾക്ക് ഡാൻസ് ചെയ്യാനറിയില്ലല്ലോ).

ഇതെല്ലാം കഴിയുമ്പോൾ നായ്ക്കൾക്ക് തന്നെ തോന്നും താനെന്തൊക്കെയോ ആണെന്ന് .  ആ ശൂരത്വം പ്രകടിപ്പിക്കുന്നത് വഴിയിലൂടെ നടന്നു പോകുന്നവരുടെ നേർക്ക് കുരച്ചു ചാടിയാണ്.   വീട്ടിൽ ഭാര്യയും കുട്ടികളെയും ഒന്നും പേടിക്കാനില്ലാത്തതിനാൽ തീറ്റ കഴിഞ്ഞ് വേഗം വീടെത്തണം എന്നോ മോബൈലിൽ കാൾ വരും എന്നൊന്നും നായ്ക്കൾക്ക് ചിന്തിക്കാനില്ലല്ലോ.  നാളെ ഓഫീസിൽ പോകണം എന്ന ചിന്തയും ഇല്ല. 

ഈ വേയ്സ്റ്റ് കൊണ്ടിട്ടവൻ പിറ്റേന്നത്തെ ന്യൂസിൽ അതേ സ്ഥലത്ത് നായ്ക്കൾ ഓടിച്ചിട്ട് ആളുകളെ കടിക്കുന്ന ദൃശ്യം കണ്ട് ആത്മഗതം ചെയ്യും " ആളുകൾ നന്നാവില്ല , എത്ര പറഞ്ഞാലും വേയ്സ്റ്റ് റോഡ് സൈഡിലേ തള്ളൂ ".  

കൊവിഡിനെ തടയാൻ മാസ്ക് ധരിച്ചാൽ മതിയായിരുന്നു. നായ്ക്കളുടെ കടിയിൽ നിന്ന് രക്ഷപ്പെടാൻ ക്രിക്കറ്റ് കളിക്കാർ കാലിൽ ധരിക്കുന്ന പാഡു പോലെ വല്ല സാധനവും ഏതെങ്കിലും കമ്പനി ഇറക്കിയാൽ നമ്മൾ അതും വാങ്ങി ധരിക്കും.

പ്ലാറ്റ്ഫോമിൽ നിന്ന് ഇതെഴുതുമ്പോൾ ഗ്ലൂക്കോസ് ബിസ്കറ്റ് തിന്നുന്ന ഒരു നായ പ്ലാറ്റ്ഫോമിലെ ടീസ്റ്റാളിന് മുന്നിൽ നിന്ന് എന്നെ തുറിച്ചു നോക്കി.  നിന്നെ പറ്റി നല്ലത് മാത്രമേ എഴുതിയിട്ടുള്ളൂ എന്ന് പറഞ്ഞ് ഞാൻ മോബൈൽ അടച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക