എല്ലാവർക്കും ജീവിതത്തിൽ അവരുടേതായ അനുഭവ കഥകൾ ഉണ്ടാകുമല്ലോ. കുട്ടിക്കാലം മുതലേ അനിലിന് ഒരോ യാത്രയും ഓരോ അനുഭൂതിയാണ് നൽകാറുള്ളത്. അറിയാത്ത ലോകത്തേക്കൊരു പറക്കല്‍. ഇതു വരെ കാണാത്ത ആകാശം, മരങ്ങള്‍, ആളുകള്‍... ചിലപ്പോള്‍ ആഗ്രഹിച്ചു കാണാന്‍ കാത്തിരുന്ന കാഴ്ച്ചകള്‍, ചിലപ്പോള്‍ വിചാരിച്ചതൊന്നുമാവില്ല കാത്തിരിക്കുന്നത്. മറ്റു ചിലപ്പോള്‍ ഓര്‍ത്തിരിക്കാത്ത നേരത്ത് കാണാന്‍ കൊതിച്ച കാഴ്ച്ചകളാവാം ഒരു കൈവീശലോടെ അല്ലെങ്കില്‍ ഒരു നറുപുഞ്ചിരിയിലൂടെ മുന്നില്‍ വന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നത്. യാത്രയുടെ അത്ഭുതലോകം എന്നും അവന് പ്രിയപ്പെട്ടതാണ് .
ഈ സുന്ദരമായ ലോകത്ത് ജീവിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമായി കാണുന്ന അനിൽ പ്രകൃതിസ്നേഹം ജീവിതരീതിയുടെ ഭാഗമാക്കിയ ഒരു വ്യക്തിയാണ് . ഒരാൾക്ക് ജീവിതത്തെ പഠിക്കുവാനും പാഠങ്ങൾ ഉൾക്കൊള്ളുവാനും പ്രകൃതിയോളം പോന്ന മറ്റൊരു മഹാഗുരുവില്ല എന്ന് അനിൽ പറയാറുണ്ട്.
കിളികൾ എന്നും അനിലിന് ഒരു മനോഹരമായ കാഴ്ചയാണ്. അവന്റെ യാർഡിൽ തന്നെ വിവിധ തരത്തിൽ ഉള്ള കിളികൾ വസിക്കാറുണ്ട് . അവർക്ക് കൃത്യമായി തീറ്റ കൊടുക്കുന്നത് കൊണ്ട് അവിടെ തന്നെയാണ് അവർ ചുറ്റിത്തിരിഞ്ഞു ജീവിക്കുന്നത്. കിളികള്‍ പൊഴിക്കുന്ന സംഗീതമൊഴികെ എങ്ങും നിറഞ്ഞുനില്‍ക്കുന്ന നിശ്ശബ്ദത അവൻ ഏറെ ആസ്വദിച്ചിരുന്നു . അതുകൊണ്ടാവാം അവിടെ ജീവിക്കുബോൾ അവനറിയാത്ത ഒരു ദൈവീകാനുഭൂതി അവനിലേക്ക് കടന്നുവരുന്നതായി തോന്നാറുണ്ട്.
അനിൽ ഒരു സ്വപ്നത്തിൽ നിന്നും ഞട്ടിയുണർന്നത് ഒരു കിളിയുടെ ശബ്‍ദം കേട്ടാണ്. കണ്ണ് തുറന്ന് നോക്കുബോൾ പുറത്തു മനോഹരമായ ഒരു കിളിനാദം. ഇത് വരെ കേട്ടിട്ടില്ലാത്ത മനോഹരമായ
സംഗീതം അവൻ ആസ്വദിച്ചു. സംഗീതത്തിന് എപ്പോഴും മനുഷ്യ മനസ്സിന്നെ നിയന്ത്രിക്കാൻ കഴിവുണ്ട് . അവൻ പതിയെ പുറത്തു ചെന്ന് ആ പുതിയ അതിഥിയെ കണ്ടു. അവന്റെ പുതിയ ചങ്ങാതി സംഗിതം പോലെ തന്നെ കാഴ്ചയിലും അതി മനോഹരമായിരിക്കുന്നു . നീണ്ട കഴുത്തും, തൂവെള്ള ചിറകുമുള്ള ഒരു സുന്ദരിപക്ഷി. ആദ്യമായി കാണുന്ന പക്ഷിയോട് അവന് വല്ലാത്ത ഒരു അടുപ്പം തോന്നി . അവൻ ആ കിളിയോടായി ചോദിച്ചു ഏത് ദേശത്തിൽ നിന്നാണ് നിന്റെ വരവ്? എന്റെ സുന്ദര സ്ഥലത്തു വഴി തെറ്റി വന്നു പെട്ടതാണോ...എവിടെക്കാണ് നിന്റെ യാത്ര?”
അവൻ കിളിയോടായി പറഞ്ഞു, എന്റെയീ വൃന്ദാവനത്തിലേക്ക് നിനക്ക് സ്വാഗതം. കഴിക്കാൻ പഴവും കുറച്ചു വെള്ളവും കൊടുത്തു അതിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു പൂചെടികൾ മാത്രമുള്ള എന്റെ കൊച്ചുതോട്ടത്തിലേക്ക് ഞാനവളെ താമസത്തിനായി ക്ഷണിച്ചു. പക്ഷേ ആ കിളി എന്റെ ക്ഷണവും കാര്യമായെടുത്തില്ല മനോഹരമായ കൊക്കും, ചിറകും ചലിപ്പിച്ചു അത് അവിടെ തന്നെയിരുന്നു.
അനിൽ അതിഥി കിളിയോടായി ചോദിച്ചു “നിന്നോടൊപ്പം ഞാനും വരട്ടെ... നിന്നെ പോലെ ആകാശത്തു
പറന്നു നടക്കാൻ എനിക്ക് വളരെ ഇഷ്‌ടമാണ് .നീ എന്നെകൂടെ നിന്റെ ചിറകുകളിൽ ഒളിപ്പിക്കുമോ ? കാടും, മലകളും, താഴ്വാരങ്ങളുമെല്ലാം നിന്റെ പുറത്തിരുന്നു ഒന്ന് ചുറ്റിക്കാണാൻ മോഹം. ഏഴാം കടലിനപ്പുറമുള്ള കാണാദേശങ്ങളിലേക്കു എന്നെ നീ കൊണ്ടുപോകുമോ?” ഞാനവളോടായി കിന്നാരം ചോദിച്ചു. വെറുതെ ഒരു കുശലം പറച്ചിൽ.
.
“നമുക്ക് പോകാം, നീ പറഞ്ഞതുപോലെ അനന്തമായ ആകാശത്തു പറന്നുനടക്കാൻ.....” മധുരമായ സ്വരത്തിൽ ആദ്യമായി കിളി എന്നോട് സംസാരിച്ചു. അത്ഭുതവും ആനന്ദവും കാരണം കുറെ നേരത്തേക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. “കാടും, മേടും, പുഴകളും, മഹാസമുദ്രങ്ങളും കാണണ്ടേ നിനക്ക്...വരൂ, ഞാൻ കൊണ്ട് പോകാം. ”
അവൻ കിളിയോടായി പറഞ്ഞു “എന്റെ കിളി, ഞാനത് തമാശയായി പറഞ്ഞതല്ലേ..നിനക്കാവുമോ, എന്നെ പുറത്തേറ്റി പറക്കാൻ? എല്ലാം എന്റെ വെറും മോഹങ്ങൾ മാത്രം.” നടക്കാത്ത കാര്യങ്ങളെ പറ്റി മോഹിക്കുന്നത് മനുഷ്യരുടെ ഒരു ശീലമാണ് !! ഞാൻ ചിരിച്ചു. പക്ഷേ കിളി അവനെ വിടാനുള്ള ഭാവമില്ലായിരുന്നു. എനിക്കതിന് കഴിയും, നീ വിചാരിക്കുന്നത് പോലെ ഒരു സാധാരണ പക്ഷിയല്ല ഞാൻ. അവൻ എന്നിട്ടും ഒന്ന് ശങ്കിച്ചു നിന്നു. “കഴിയും, നീ തയ്യാറായിക്കോ. ” പക്ഷി ഉറച്ച സ്വരത്തിൽ പറഞ്ഞു. കിളിയുടെ സ്വരത്തിൽ ഉള്ള ഉറപ്പിൽ മനസില്ലാമനസ്സോടെ അവൻ രണ്ടും കല്പിച്ചു യാത്ര പോകാം എന്ന് തീരുമാനിച്ചു. അവൻ മനസ്സിൽ പറഞ്ഞു എന്നാൽ കണ്ടിട്ട് തന്നെ കാര്യം, ഈ കിളിയുടെ ഒരു പൊങ്ങച്ചം പറച്ചിൽ എന്നെകൊണ്ട് പറക്കാമെന്ന്!
അപ്പോഴും അവന്റെ മനസ്സ് പറയുണ്ടായിരുന്നു ഓഫീസിൽ പോകാനുണ്ട്. ഭാര്യയും മകളും എഴുന്നേറ്റിട്ടില്ല
അവരെ ഉണർത്തണം , മകൾക്ക് സ്കൂളിൽ പോകുവാൻ സമയമായി “എന്നാലും ഇന്ന് പറ്റില്ലല്ലോ, കിളി .... കൂടെ ചെല്ലാതിരിക്കാനായി ഒരായിരം കാരണങ്ങൾ നിരത്തി... അവൻ ഒഴിഞ്ഞു മാറുവാൻ പരമാവധി ശ്രമിച്ചു . പക്ഷേ കിളി അവനെ വിടാനുള്ള ഭാവമില്ലായിരുന്നു.
“സാരമില്ല, എനിക്ക് വളരെ ഉയരത്തിൽ പറക്കാൻ കഴിയും... ആ വെൺമേഘങ്ങൾക്കിടയിൽ കുറേനേരം പറന്നുനടന്നാൽ, ശുദ്ധമായ തണുത്ത കാറ്റേറ്റാൽ, നിന്റെ അസ്വസ്ഥതകളെല്ലാം പറന്നകലും” വളരെ കുറച്ചു സമയത്തിനുള്ളിൽ നിന്നെ ഞാൻ തിരിച്ചെത്തിക്കാം ...
“നമുക്കീ യാത്ര വാരാന്ത്യത്തിലേക്ക് മാറ്റിയാലോ. അതിരാവിലെ എല്ലാവരും ഉണർന്നെഴുന്നേൽക്കുന്നതിനു ഏറെ മുൻപേ..പുലരിയിൽ പ്രകൃതിക്ക് എഴഴകല്ലേ?” കിളി അവനോടായി പറഞ്ഞു “നിനക്കറിയാമല്ലോ. ... അവസരങ്ങൾ ജീവിതത്തിൽ അപൂർവമായേ വരൂ..അത് പാഴാക്കുന്നവർ മൂഢരാണ് ”. കിളി പരിഭവത്തോടെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി.
“പിണങ്ങല്ലേ കിളി , ഞാൻ വരാം.. പക്ഷെ എന്നെ വേഗം തിരിച്ചുകൊണ്ടാക്കണം. ” അവൾ തല കുലുക്കി സമ്മതിച്ചു. അവർ ഉണരുബോഴേക്കും നിന്നെ ഞാൻ തിരികെ എത്തിച്ചേക്കാം. പിന്നെ ഞാൻ കിളിയുടെ ചിറകിൽ കയറി ഇരിക്കാൻ ശ്രമിച്ചു , എനിക്ക് അതിശയം തോന്നി എന്റെ ശരീരത്തിനൊത്ത് കിളി വലുതായതാണോ എന്നറിയില്ല, വലിയ മനുഷ്യനായ എനിക്ക് വളരെ സുഖമായി അതിന്റെ ചിറകുകൾക്കിടയിൽ ഇരിക്കാൻ സാധിച്ചു. എന്നാലും രണ്ടുകൈകളുംകൊണ്ട് പക്ഷിയുടെ കഴുത്തിൽ വീഴാതെ ഞാൻ മുറുകെ പിടിച്ചിരുന്നു. പക്ഷേ കിളിക്ക് ഞാൻ ഒരു ഭാരമായി തോന്നിയതേ ഇല്ല.
കിളി സാവധാനം പറന്നുയർന്നു . നിമിഷനേരത്തിനുള്ളിൽ വളരെ ഉയരത്തിൽ എത്തി, താഴേക്ക് നോക്കിയപ്പോൾ എനിക്ക് പേടി വന്നു. കിളിക്ക് മനസിലായി ഞാൻ പേടിച്ചിരിക്കുകയാണ് എന്ന്.
“പേടിക്കണ്ട, ധൈര്യമായി താഴേക്കു നോക്കിക്കൊള്ളൂ..” കിളി പ്രോത്സാഹിപ്പിച്ചു. ആ വാക്കുകളിൽ വിശ്വാസമർപ്പിച്ചു ഞാൻ മെല്ലെ ഭൂമിയിലേക്ക് കണ്ണോടിച്ചു.
റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് കൊച്ചുതീപ്പെട്ടിയുടെ വലുപ്പം മാത്രം. എന്നാലും, അവയുടെ ഉൾഭാഗവും യാത്രക്കാരെയുമെല്ലാം എനിക്ക് വ്യക്തമായിക്കാണാം, ഒരു ബൈനോക്കുലറിലൂടെ നോക്കുന്നത് പോലെ. അവർ സംസാരിക്കുന്നത് പോലും കേൾക്കാൻ കഴിയുന്നുണ്ട്. എന്തൊരു മറിമായം! എത്രയോ അകലെയാണ് ഞാനവരിൽ നിന്ന്. എന്നിട്ടും... ഇത് എങ്ങനെ സാധിക്കുന്നു. എനിക്ക് അവിടെനിന്ന് എന്റെ വീട് കാണാം ചെറിയ ഒരു പൊട്ടുപോലെ. അവൻ കാഴ്ചകൾ കണ്ടു മതിമറന്ന് പോയി.
“ എന്തൊക്കെ കാഴ്ചകളാണ്, അത്ഭുതങ്ങളാണ് നിനക്ക് ഇനിയും കാണേണ്ടത്? ആമസോൺ വനാന്തരങ്ങളോ, നയാഗ്ര വെള്ളച്ചാട്ടമോ, മഹാസമുദ്രങ്ങളോ, ഹിമാലയാൻ പർവ്വത നിരകളൊ, എവിടെവേണമെങ്കിലും കൊണ്ടുപോകാം... നീയെന്റെ അതിഥിയാണ്.”
എനിക്ക് സന്തോഷമായി. ഞാനിപ്പോൾ ഏറെ ധൈര്യവാൻ ആണ്. കിളിയെ മുറുകെ പിടിച്ചിരിക്കുന്ന കൈകൾ അയഞ്ഞിട്ടുണ്ട്. കണ്ണുകൾ മുഴുവാൻ തുറന്ന് ഓരോ നിമിഷവും ആസ്വദിക്കയാണ്. മേഘമാലകൾക്കിടയിലൂടെ എന്റെ അരയന്നക്കിളി ഒഴുകിനടന്നു. കേട്ടറിവ് മാത്രമുള്ള ഒരുപാട് സ്ഥലങ്ങളിൽ അതെന്നെ കൊണ്ട് പോയി. ആകാശത്ത് നിന്ന് കുതിക്കുന്ന വെള്ളച്ചാട്ടങ്ങളും, താഴ് വാരങ്ങളും, തടാകങ്ങളും ഞാനത്ഭുതത്തോടെ നോക്കിക്കണ്ടു.
മുകളിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. അവയ്ക്ക് നടുവിൽ പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നു. മന്ദമാരുതൻ ഞങ്ങളെ തഴുകുന്നുമുണ്ട്. നക്ഷത്ര മണ്ഡലങ്ങളിലൂടെയുള്ള യാത്ര , സൗരയൂഥങ്ങളും താരാപഥങ്ങളുമെല്ലാം ഞാൻ കണ്ണ് നിറയെകണ്ടു. സ്വർണമേഘമേലാപ്പിലൂടെ ഒഴുകി, ഒഴുകി അങ്ങനെ പോകവേ,പുലരിയുടെ പൊൻകിരങ്ങൾ അവിടമാകെ പരന്നു സൂര്യൻ ഉദിച്ചു വരുന്നത് അതിമനോഹര കാഴ്ചയായിരുന്നു.
ഞാൻ കിളിയോടായി പറഞ്ഞു എന്റെ വീട്ടുകാർ ഉണർന്നു കാണും, അവർ എന്നെ അന്വഷിക്കുമായിരിക്കും . നമുക്ക് തിരികെ പോകാം.. കിളി സമ്മതിച്ചു .
കിളി നേരെ താഴേക്ക് പറക്കുവാൻ തുടങ്ങി.....
എന്തൊരു മാസ്മരിക ലോകം.!!.തിരികെ പോരുമ്പോൾ എന്റെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകാൻ തുടങ്ങി.
“നീയെന്തിനാ കരയുന്നത്?” കിളി എന്നോടായി ചോദിച്ചു.
ഈ ഭൂമി എത്ര സുന്ദരമാണ്, ഇങ്ങനെ ഒരു ലോകത്തു താമസിക്കുവാൻ സാധിച്ചത് തന്നെ എത്ര ഭാഗ്യമാണ്. എത്ര നാളുകൾ കൊണ്ട് ഈ ഒരു കാഴ്ച ഞാൻ കാണുവാൻ ആഗ്രഹിച്ചതാണ്. പക്ഷേ അത് നീയാണ് സാധിച്ചു തന്നത്. നിനക്ക് എന്തോ ദൈവിക ശക്തിയുണ്ട് എന്ന് തോന്നുന്നു. ദൈവമാണ് നിന്നെ എന്നിൽ എത്തിച്ചത്.
”നിനക്ക് ഞാനൊരു കാര്യം കാണിച്ചു തരാം. അതാ താഴേക്കു നോക്കൂ, ആ സ്ഥലം പരിചയമുണ്ടോ? “ കിളി പറഞ്ഞിടത്തേക്ക് ഞാൻ കണ്ണയച്ചു.
”എനിക്കറിയാം, അത് എന്റെ വീടാണ്
..“ ഞാൻ താഴേക്കു സൂക്ഷിച്ചു നോക്കി. ”അതാ, എന്റെ ഭാര്യയും മക്കളും, സഹോദരിമാരുമെല്ലാമാണ് അവിടെയുള്ളത്. കൂടെ ഞാനറിയുന്ന ബന്ധുക്കളും, അയല്ക്കാരുമൊക്കെയുണ്ട്. ... എന്തോ ആഘോഷം നടക്കുകയാണെന്ന് തോന്നുന്നു...“
”നമുക്ക് കുറേക്കൂടി താഴേക്കുപോകാം..“ പക്ഷി ഊളിയിട്ടു പറന്ന്, വീടിനു മുൻപിലുള്ള മുവാണ്ടൻ മാവിന്റെ കൊമ്പിൽ വന്നിരുന്നു.
”ആരുടെയെങ്കിലും, കല്യാണമോ, പിറന്നാളോ ആയിരിക്കും...“ പതിവിനു വിപരീതമായി അതെന്താണെന്നറിയാൻ എനിക്ക് ആകാംഷ തോന്നി. ഞാൻ അറിയാതെ എന്റെ വീട്ടിൽ എന്താണ് സംഭവിക്കുന്നത് . പക്ഷെ, ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരുകാര്യം മനസ്സിലായി. ആരുടേയോ
മരണം സംഭവിച്ചിരിക്കുന്നു. ഈ പക്ഷിയുടെ കൂടെ പോകേണ്ടിയിരുന്നില്ല. അത് കാരണമല്ലേ ഇതെല്ലാം സംഭവിച്ചത്. പക്ഷി മറുപടിയായി പറഞ്ഞു ഞാനല്ല അതിന് കാരണം. നിന്റെ വിധിയാണ്.
അവൻ അതിശയത്തോട് ചോദിച്ചു എന്റെ വിധിയോ... പക്ഷി മറുപടിയായി പറഞ്ഞു അതെ നിന്റെ വിധി തന്നെ...
ആ പൂമുഖത്തേക്ക് നോക്കൂ, അവിടെ തറയിൽ കിടത്തിയിരിക്കുന്നത്ആരെയാണ്? “ കിളി എന്നെ പൂമുഖത്തേക്ക് കൊണ്ടുവന്നു. ഞാൻ സൂക്ഷിച്ചുനോക്കി,. കുളിപ്പിച്ച്, വെള്ള വസ്ത്രത്തിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നത് എന്റെ ശരീരമാണ്. ഉറ്റവരും ഉടയവരും നിറഞ്ഞവേദനയോടെ ചുറ്റുമിരിക്കുന്നുണ്ട്. ആരൊക്കെയോ കരയുന്നുമുണ്ട്.
ഇന്നലെ രാത്രിയിൽ ഹൃദയസ്തംഭനം ആയിരുന്നത്രെ... വല്ലാത്ത കഷ്ടം തന്നെ..“ രണ്ടാളുകൾ തമ്മിൽ സംസാരിക്കുന്നത് കേട്ടു.
കിളിയുടെ പുറത്തിരുന്ന്, നിസ്സംഗതയോടെ ഞാനെല്ലാം നോക്കിക്കണ്ടു. ആളുകൾ വരുന്നത്, പോകുന്നത്,
അതാ എന്റെ ശരീരം ചിതയിലേക്ക് എടുക്കുന്നു. എനിക്ക് ഇത് കാണാനുള്ള ശക്തിയില്ല ഞാൻ കിളിയോടായി പറഞ്ഞു എന്നെ നക്ഷത്രങ്ങളുടെ ലോകത്തേക്ക് എത്തിക്കുക, അതാണ് ഇനി എന്റെ ലോകം. അവിടെ നിന്നും എനിക്ക് ഈ ഭൂമിയിൽ നടക്കുന്നത് എല്ലാം കാണുവാൻ കഴിയുമായിരിക്കും, ഒരു നക്ഷത്രമായി മാറുന്നതായിരിക്കും എന്റെ വിധി .
കിളി സാവധാനം എന്നെയും വഹിച്ചു പന്നുയർന്നു . മേഘങ്ങൾക്ക് ഉള്ളിലൂടെ നക്ഷത്ര ലോകത്തേക്ക് , ബന്ധങ്ങളും, ബന്ധനങ്ങൾളുമില്ലാത്ത, അക്രമവും, അനീതിയും തൊട്ടുതീണ്ടാത്ത മറ്റൊരു ലോകത്തേക്ക്. അവിടെ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, അതുകൊണ്ട് തന്നെ അത് ഏവർക്കും പ്രിയപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നു....
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെയെല്ലാം ജീവിതം തന്നെയാണ്. അടുത്ത നിമിഷം നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിക്കുന്നു.