MediaAppUSA

ഐക്യമത്യം മഹാബലം (പഞ്ചതന്ത്ര കഥയില്‍ നിന്നും- 10: ജി. പുത്തന്‍കുരിശ്) 

Published on 15 September, 2022
ഐക്യമത്യം മഹാബലം (പഞ്ചതന്ത്ര കഥയില്‍ നിന്നും- 10: ജി. പുത്തന്‍കുരിശ്) 

മരങ്ങള്‍ ഇടതുര്‍ന്നൊരു കാനനത്തില്‍
ഒരു രാജവെമ്പാല പാര്‍ത്തിരുന്നു

ഉദരപൂര്‍ത്തിക്കവന്‍ ചെറുജീവികളെ
പതിവായി കൊന്നങ്ങു തിന്നിരുന്നു

പക്ഷികളേം തവളയേം പല്ലികളേം
ഭക്ഷിച്ചുദരം നിറച്ചിരുന്നു.

നേരം ഇരുട്ടിയാല്‍ ഇരകളെ വേട്ടയും
നേരം പുലര്‍ന്നാല്‍ ചുരുണ്ടുറക്കം!

തീറ്റയും നിദ്രയും വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു
കൂറ്റനൊരു പാമ്പായി മാറിയവന്‍.

തിന്നുകൊഴുത്ത ശരീരവുമായവന്‍
നന്നാ വിഷമിച്ചു മാളംപൂകാന്‍

പോയവനുടനാ മാളം ഉപേക്ഷിച്ച്
പോയൊരു വന്മര ചോട്ടിലേക്ക്
 
കണ്ടൊരു ഉറുമ്പിന്‍പുറ്റാ മരച്ചോട്ടില്‍
കണ്ടവനല്പം പകച്ചുനിന്നു

'ആവില്ല ജീവിതം ശരിയാവില്ലിവിടേയും
ഈവര്‍ക്ഷത്തെയെല്ലാം ഓടിച്ചില്ലേല്‍'

ചിന്തിച്ചീവിധം പലവിധ മാര്‍ക്ഷങ്ങള്‍
ചിന്തിച്ചുറുമ്പിനെ ഓടിച്ചിടാന്‍.

'ഞാനാണീ കാടിന്റെ രാജാവ്, നിങ്ങളീ
കാനനം വിട്ടുടന്‍ പോയിടേണം.'

നിന്നു പത്തിവിരിച്ചു പുറ്റിന്റെ മുന്നില്‍
ചൊന്നവന്‍ എന്നിട്ടൊരാജ്ഞപോലെ. 

കേട്ടു മൂര്‍ഖന്റെ സില്‍ക്കാരവും ചീറ്റലും 
കേട്ടു മുഴങ്ങിയാ കാനനത്തില്‍

ഞെട്ടി വിറച്ചു മൃഗങ്ങളൊളിച്ചുടന്‍ 
ഞെട്ടുമവന്‍ ചീറല്‍ കേട്ടമാത്രേ. 

ഞെട്ടി ഭയന്നില്ലുറുമ്പിന്‍ കൂട്ടമെന്നാല്‍
പറ്റമായ് വന്നവര്‍ യുദ്ധം ചെയ്യാന്‍

വരിവരിയാവര്‍ പുറ്റില്‍ നിന്നും വന്നു
പൊരുതി മൂര്‍ഖനെ നേരിടുവാന്‍.

പൊതിഞ്ഞവര്‍ വെമ്പാല മൂര്‍ഖനെ കൂട്ടമായി
പൊതിഞ്ഞു കടിച്ചു കൊന്നവനെ.

ഒന്നിച്ചു നില്ക്കുകില്‍ നേരിടാം എന്തിനേം
ഭിന്നിച്ചിടില്‍ തോല്‍വി തീര്‍ച്ചയത്രേ 

ഐക്യമത്യം എന്നും മഹാബലംതന്നെ
ഐക്യത്തോടെ നാം നിന്നിടുവിന്‍

എവട്ടെയീ കഥാസാരങ്ങളേവര്‍ക്കും
തുവട്ടെ വെളിച്ചം ജീവിതത്തില്‍.

 

Sudhir Panikkaveetil 2022-09-15 21:54:28
ചിലർ ഇതെല്ലാം കഥ പോലെ കേൾക്കുന്നു അല്ലെങ്കിൽ വായിക്കുന്നു. ചിലർ അതേപ്പറ്റി ചിന്തിക്കുന്നു. ചിലർ അത് നൽകുന്ന പാഠം ഉൾക്കൊള്ളുന്നു. നന്നാക്കാൻ വിഷമെമെന്ന കരുതിയ നാല് രാജകുമാരന്മാരെ പഠിപ്പിക്കാൻ പണ്ഡിതനായ വിഷ്ണു ശർമ്മ എഴുതിയ ഈ കഥകൾക്ക് ഇന്നും പ്രചാരം ലഭിക്കുന്നു. കാരണം അവ വെറും കഥകളല്ലെന്നുള്ളത് തന്നെ.
Dr. Preethy 2022-09-15 22:23:41
വളരെ ലളിതമായ ഭാഷയിൽ ഗുണപാഠങ്ങളോടെ എഴുതുന്ന കവിത വായിച്ചു ഞാൻ കഥ കുട്ടികളോട് പറയാറുണ്ട് . ഇത്‌ എഴുതുന്ന ജി പുത്തന്കുരിശിന് നന്ദി . മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊക്കെ ആസ്വദിച്ചു പങ്കു വയ്ക്കാവുന്ന കഥകളാണ് ഇതൊക്ക. Thanks again.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക