MediaAppUSA

കൈ ഉയരുന്ന മലയാളി (രാജൻ കിണറ്റിങ്കര)

Published on 18 September, 2022
കൈ ഉയരുന്ന മലയാളി (രാജൻ കിണറ്റിങ്കര)

ചിക്കൻ കറിയിൽ കഷണം കുറഞ്ഞ് പോയതിന് ഹോട്ടൽ അടിച്ചു തകർക്കു ക, ചില്ലറ ചോദിച്ചതിന് പെട്രോൾ പമ്പുകാരനെ കൈയേറ്റം ചെയ്യുക , മോബൈലിൽ ബാലൻസ് കുറഞ്ഞു പോയതിന് റീ ചാർജ് സെന്ററിൽ ചെന്ന് അടിയുണ്ടാക്കുക.  ഇത്തരം നിസ്സാര കാരണങ്ങളിൽ വയലന്റാവുന്ന മലയാളി ഒരു സ്ഥിരം കാഴ്ചയായിരിക്കുന്നു.

അവനവൻ ആത്മസുഖത്തിനായ് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് ഭവിക്കേണം എന്ന് പറഞ്ഞ മഹാനുഭാവന്റെ നാടാണ് കേരളം. അങ്ങിനെ തന്നെയായിരുന്നു മലയാളി ജീവിച്ചത്.  തന്റെ സുഖത്തേക്കാൾ, താൽപര്യത്തേക്കാൾ അത് മറ്റുള്ളവരെ എങ്ങിനെ ബാധിക്കും എന്ന് ചിന്തിച്ചിരുന്ന നമ്മൾ പിന്നെയെപ്പോഴോ സ്വന്തം ഇഷ്ടങ്ങൾക്കും സുഖങ്ങൾക്കും പ്രാധാന്യം നൽകാൻ തുടങ്ങി.  അതും ഒരു തെറ്റായിരുന്നില്ല.  അൽപ്പം സ്വാർത്ഥതയുണ്ടെങ്കിലും അത് കൊണ്ട് ആർക്കും വലിയ ദ്രോഹമുണ്ടായിരുന്നില്ല.  

പക്ഷെ ഇന്ന് മലയാളി എത്തി നിൽക്കുന്നത് താൻ ചിന്തിക്കും പോലെ തന്റെ ഇഷ്ടത്തിനനുസരിച്ച് മറ്റുള്ളവരും പ്രവർത്തിക്കണം പെരുമാറണം എന്ന വളരെ സങ്കുചിതമായ, സങ്കീർണ്ണമായ ഒരു സ്ഥിതി വിശേഷത്തിലാണ്.

ആ മാനസിക നിലയിൽ നിന്നാണ് മുകളിൽ പറഞ്ഞ ഹോട്ടൽ അടിച്ചു തകർക്കലും പമ്പിലെ കൈയേറ്റവും അടി പിടിയും അതു പോലുള്ള മറ്റ് ആക്രമണ വാസനകൾ ഒക്കെ ഉടലെടുക്കുന്നത്.

ഫ്രന്റ് ക്യാമറയുളള മോബൈലിന്റെ വരവോടെ സ്വന്തം മുഖ സൗന്ദര്യത്തിൽ അഭിരമിക്കുന്നവർ ആയിരിക്കുന്നു നമ്മൾ.  പല ആംഗിളിൽ നിന്നും സെൽഫിയെടുത്ത് തൃപ്തി വരാത്ത നമ്മൾ മോബൈലിൽ കുറ്റം ചാർത്തും.  മഴക്കാലത്ത് കുടയെടുക്കാതെ പുറത്ത് പോയി മഴ നനഞാൽ നമ്മൾ നശിച്ച മഴ എന്ന് പറയും.  കുടയെടുക്കാത്ത നമ്മളല്ല തെറ്റുകാർ , മറിച്ച് പെയ്യും മുമ്പെ നമുക്ക് മെസേജ് അയക്കാത്ത മഴയാണ് നാശം.

ഡോക്ടർ പറഞ്ഞ മരുന്ന് കഴിക്കാതെ രോഗം മാറിയില്ലെങ്കിൽ ഡോക്ടറെ നമ്മൾ തെറി വിളിക്കും.  വീട്ടിലെ ലൈറ്റും ഫാനും ആവശ്യമില്ലാത്തപ്പോൾ ഓഫാക്കാതെ കറന്റ് ബിൽ കൂടിയാൽ റീഡിങ് എടുക്കാൻ വരുന്നവന്റെ മേക്കട്ട് കയറും.  വിളമ്പിയ പപ്പടത്തിന്റെ പേരിൽ കലഹിക്കും . ഒന്നിനും നമ്മൾ ഉത്തരവാദികളോ നെറ്റുകാരോ അല്ല, നമുക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്കും ദു:ഖങ്ങൾക്കും എല്ലാം കാരണക്കാർ മറ്റാരോ ആണ് .  അങ്ങിനെ ചിന്തിക്കാനാണ് നമുക്കിഷ്ടം.  നമ്മുടെ സുഖങ്ങളിലും സന്തോഷങ്ങളിലും മാത്രമേ നമുക്ക് പങ്കുള്ളു.  

അന്യന്റെ ഇഷ്ടവും സുഖവും നോക്കി ജീവിച്ച് പിന്നീട് അത് സ്വന്തം സുഖവും ഇഷ്ടവുമായി , കാലാന്തരത്തിൽ മറ്റുള്ളവർ പറയുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നമ്മുടെ ഇഷ്ടപ്രകാരം ആയിരിക്കണം എന്ന അസഹിഷ്ണുതയുടെ സ്വാർത്ഥ ബിന്ദുവിൽ ഓരോ അനിഷ്ടങ്ങൾക്കും ദു:ഖങ്ങൾക്കും അവന്റെ കൈ മറ്റുള്ളവർക്ക് നേരെ അകാരണമായി ഉയർന്നു കൊണ്ടിരിക്കും. നമുക്ക് തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.  വഴികളിൽ എവിടേയോ കൈമോശം വന്ന സഹനത്തിന്റേയും സഹിഷ്ണുതയുടെ പാദമുദ്രകൾ തേടി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക