Image

മിന്നാമിനുങ്ങിന്റെയിടവഴികൾ ( കവിത : ഫർസാന എ.പി )

Published on 19 September, 2022
മിന്നാമിനുങ്ങിന്റെയിടവഴികൾ ( കവിത : ഫർസാന എ.പി )

ഏതു പാതിരാത്രിയും 
ഇറങ്ങി നടക്കാവുന്ന 
തെരുവാണ്,
ആകാശം.
അതിലെ
നിലാവു വരുന്ന
ഇടവഴികൾ
സഞ്ചരിച്ചു നോക്കുന്നു,
മറന്നു പോയൊരു
മിന്നാമിനുങ്ങിനെ
കണ്ടെത്താനെന്ന്.

ഇടവഴികൾക്കു
കിനാവിന്റെയെല്ലാ
വളവുകളും തിരിവുകളും 
കണ്ണടച്ചു പോലും
ഇരുട്ടാക്കാമെന്നാണ്.

ഇരുട്ടെനിക്ക് 
പകൽ വെളിച്ചം പോലെ
മെത്തയാണ്.
മിന്നാമിനുങ്ങിനു
മാനമെന്ന പോലെ.
അതിൽ കമഴ്ന്നു കിടന്നു,
കുത്തനെ പറന്നു നോക്കുന്നു,
ഒരു പൊടി വെളിച്ചമെങ്കിലും
പുതച്ചുറങ്ങാനായെങ്കിലോ!

ഉറക്കമായാൽ പിന്നെ ഞാൻ 
വെള്ളനിറത്തിനു വെള്ളിനിറം മാറ്റക്കച്ചവടമാക്കിയ
മേഘമായങ്ങു
പരന്നു കിടക്കും.

അറിയുമോ,
ഞാൻ ഉണർന്നാൽ മാനം ചുമക്കും.

 

MINNAMINUNGINTE IDAVAZHIKAL POEM FARSANA  A. P

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക