Image

രാഷ്ട്രീയ കൊലപാതകങ്ങളും, ആന്തരിക സംഘർഷങ്ങളും; കൊത്ത് മൂവി റിവ്യൂ

ട്രൂ ക്രിട്ടിക് Published on 20 September, 2022
രാഷ്ട്രീയ കൊലപാതകങ്ങളും, ആന്തരിക സംഘർഷങ്ങളും; കൊത്ത് മൂവി റിവ്യൂ

മലയാളത്തില്‍ ഇമോഷണല്‍ ഡ്രാമാ സിനിമകളുടെ അമരക്കാരനായി അറിയപ്പെടുന്ന സംവിധായകനാണ് സിബി മലയില്‍. എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള സിനിമകളായ ദശരഥം, തനിയാവര്‍ത്തനം, ആകാശദൂത്, സദയം പോലുള്ള സിനിമകള്‍ നല്‍കിയിട്ടുള്ള അദ്ദേഹത്തിന് എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി തന്റെ പ്രതിഭയുടെ പൊക്കതിനൊപ്പം വരുന്ന സിനിമകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. അതിന് പറ്റിയ തിരക്കഥ ലഭിക്കാത്തതാണ് കാരണം എന്നതാണ് സത്യം. അതിനാലാകാം 2015-ലെ 'സൈഗാള്‍ പാടുകയാണ്' എന്ന ചിത്രത്തിന് ശേഷം അദ്ദേഹം നീണ്ടൊരു ഇടവേള എടുത്തത്. ഈ ഏഴ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ എത്തുന്നത് 'കൊത്ത്' എന്ന സിനിമയുമായാണ്.

കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം പലതവണ മലയാളത്തില്‍ സിനിമകള്‍ക്ക് ഇതിവൃത്തങ്ങളായിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ബി അജിത്കുമാറിന്റെ 'ഈട'യില്‍ ആണ് അത് അവസാനമായി കണ്ടത്. കണ്ണൂരിലെ ഇടത്പക്ഷ-ഹൈന്ദവ പക്ഷ സംഘടനകള്‍ തമ്മിലുള്ള പകയുടെ രാഷ്ട്രീയമാണ് 'കൊത്തി'ന്റെയും ഇതിവൃത്തം. പ്രാദേശികമായി 'വെട്ടിക്കൊല്ലുക' എന്നതിനെ 'കൊത്തി കൊല്ലുക' എന്ന് വിളിക്കുന്നതില്‍ നിന്നുമാണ് സിനിമയുടെ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്.

അച്ഛനമ്മമാരെ ചെറുപ്പത്തിലെ നഷ്ടമായ ഷാനുവിനെ (ആസിഫ് അലി) വളര്‍ത്തിവലുതാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ഷാനു. ഒപ്പം സുമേഷിനെ (റോഷന്‍ മാത്യു) പോലെ ചങ്കായ ചങ്ങാതിമാരും ഷാനുവിനുണ്ട്. അവരും പാര്‍ട്ടിക്കാര്‍ തന്നെ. ഇവരുടെയെല്ലാം ഗോഡ്ഫാദര്‍ നാട്ടിലെ പാര്‍ട്ടി നേതാവായ സദാനന്ദനാണ് (രഞ്ജിത്).

പാര്‍ട്ടിക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടതിലെ പ്രതികാരത്തിനായി എതിര്‍പാര്‍ട്ടിക്കാരനെ ഷാനു കൊല്ലുന്നതോടെയാണ് കഥ സംഘര്‍ഷഭരിതമാകുന്നത്. ഒന്നിനുപിന്നാലെ ഒന്നായി ഈ സംഭവം ഷാനുവും സുമേഷും അടക്കമുള്ളവരെ വരിഞ്ഞുമുറുക്കുന്നതും, കൊലപാതകരാഷ്ട്രീയം എന്ന പത്മവ്യൂഹത്തില്‍ നിന്നും പുറത്തുകടക്കാനാകാത്ത വിധം അവര്‍ പെട്ടുപോകുന്നതുമാണ് തിരക്കഥാകൃത്തും സംവിധാകനും വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളത്.

കഥാപരമായി വലിയ പുതുമയില്ലാത്ത ഇതിവൃത്തത്തെ, കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളിലൂടെ അവതരിപ്പിക്കാനാണ് ചിത്രം ശ്രമിച്ചിട്ടുള്ളത്. ഒരു പരിധി വരെ അതില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ മുന്നോട്ടുള്ള പോക്കിനിടെ ഈ സംഘര്‍ഷം അതേപടി നിലനിര്‍ത്താന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചിട്ടില്ല എന്ന് വേണം പറയാന്‍. വൈകാരികമായ ഒഴുക്ക് കൃത്യമാകാത്തതിനാല്‍ പലപ്പോഴും കഥാപാത്രങ്ങളുടെ ഇമോഷന്‍ പ്രേക്ഷകര്‍ക്ക് വെളിവാകുന്നില്ല. അത് ആസ്വാദനത്തെ ബാധിക്കുന്നുമുണ്ട്.

മറ്റൊരു പ്രധാന പ്രശ്‌നം കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയിലാണ്. പല കഥാപാത്രങ്ങള്‍ക്കും കൃത്യമായി space, depth എന്നിവ തിരക്കഥ നല്‍കുന്നില്ല. അതിനാല്‍ത്തന്നെ ആ കഥാപാത്രങ്ങള്‍ സീനില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനോ, അല്ലെങ്കില്‍ ഫീല്‍ ഇല്ലായ്മയോ ആണ് തോന്നുന്നത്. ഹൈന്ദവ സംഘടനയുടെ പ്രതിനിധിയായ ഓട്ടോ ഡ്രൈവറാണ് അതിന് ഒരു ഉദാഹരണം. സുദേവ് നായര്‍ അവതരിപ്പിച്ച പോലീസുകാരനാണ് മറ്റൊരു ഉദാഹരണം.

നേരത്തെ പറഞ്ഞത് പോലെ കൊലപാതകരാഷ്ട്രീയം എന്ന നീചകൃത്യം, പാര്‍ട്ടിക്കാരായ സാധാരണക്കാരുടെ മനസില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ ചികഞ്ഞെടുക്കാനാണ് സിനിമ ശ്രമിക്കുന്നത്. എന്നാല്‍ അതിനൊത്തെ കെട്ടുറപ്പില്ലാത്ത തിരക്കഥ, പലപ്പോഴും ഈ പ്രമേയത്തില്‍ നിന്നും തെന്നിമാറും പോലെയാണ് അനുഭവപ്പെട്ടത്. ഈട, ശാന്തം, കണ്ണൂര്‍ തുടങ്ങി കൊലപാതകരാ്ര്രഷ്ടീയം പ്രമേയമാക്കിയ സിനിമകള്‍ മുന്‍മാതൃകകളായി ഉണ്ടെന്നിരിക്കെ, അതില്‍ നിന്നും വ്യത്യസ്തമായ ഒരു സൃഷ്ടിക്കായി വേണമായിരുന്നു അണിയറക്കാര്‍ ശ്രമിക്കാന്‍.

പ്രകടനത്തില്‍ ആസിഫ് അലി, റോഷന്‍ മാത്യു, രഞ്ജിത്, നിഖില വിമല്‍ എന്നിവരെല്ലാം മികച്ചുനിന്നിട്ടുണ്ട്. കനകന്‍ എന്ന കഥാപാത്രത്തിന്റെ മകളായി വന്ന കൊച്ചു പെണ്‍കുട്ടി കണ്ണ് നനയിക്കും. മുമ്പ് അഭിനയിച്ച ചില സിനിമകളില്‍ ശരീരഭാഷ കൃത്യമായി ഉപയോഗിക്കാന്‍ രഞ്ജിത്തിലെ നടന് സാധിക്കാത്തതായി തോന്നിയിരുന്നു. എന്നാല്‍ ആ കുറവ് 'കൊത്തി'ലെ സദാനന്ദന്‍ പരിഹരിച്ചിട്ടുണ്ട്.

തന്റെ മുന്‍ സിനിമകളോളം വരില്ലെങ്കിലും, തിരിച്ചുവരവിന്റേതായ സൂചനകള്‍ നല്‍കാന്‍ 'കൊത്തി'ലൂടെ സിബി മലയിലിന് സാധിക്കുന്നുണ്ട്. മികച്ച ഒരു തിരക്കഥ ലഭിച്ചാല്‍ വീണ്ടും തന്നിലെ സംവിധായകന് പ്രേക്ഷകരെ രസിപ്പിക്കാനും, കരയിപ്പിക്കാനുമെല്ലാം സിബിക്ക് സാധിക്കുമെന്ന് ചിത്രം അടിവരയിടുന്നുണ്ട്. നവാഗത തിരക്കഥാകൃത്തായ ഹേമന്ദ് കുമാറും മികച്ച കഥകളും, തിരക്കഥകളും എഴുതാന്‍ കെല്‍പ്പുള്ളയാളാണെന്ന് തോന്നിപ്പിക്കുന്നുണ്ട്. ഇതേ കൂട്ടുകെട്ടില്‍ കൂടുതല്‍ മികച്ച സിനിമയ്ക്കായി കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക