Image

തൂത്തൻഖാമന്റെ മുഖാവരണം (പുസ്തക പരിചയം-അനൂഷ് മിതൃമ്മല)

Published on 21 September, 2022
തൂത്തൻഖാമന്റെ മുഖാവരണം (പുസ്തക പരിചയം-അനൂഷ് മിതൃമ്മല)

തൂത്തൻഖാമന്റെ മുഖാവരണം എന്ന പേരു കേട്ടപ്പോൾ ഇത്രകാലം ചരിത്രപുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ പുരാതന ഈജിപ്റ്റിൻ്റെ നിഗൂഢതകൾ പേറുന്ന ഫറോവമാരുടെ കടിച്ചാൽപ്പൊട്ടാത്ത കഥകളുടെ കടല മിട്ടായികളെയാണ് പ്രതീക്ഷിച്ചത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, സൂനകുമാർ എഴുതിയ ഈ ചെറുകഥാ സമാഹാരം, വാക്കിന്റെ വശ്യതകൊണ്ടു നമ്മളെ വിസ്മയിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ആദ്യ കഥയുടെ പേരുപോലെ (വൈഡൂര്യം) കാലം കഥാകാരന്റെ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും ഗർഭംധരിപ്പിച്ച വൈഡൂര്യങ്ങൾ ആണ് ഓരോ കഥയും.

സ്വന്തം നാടായ പരപ്പിൽ എന്ന ഗ്രാമത്തിന്റെ നൈർമല്യം നെഞ്ചേറ്റുന്ന കഥാകാരൻ, സ്വന്തം നാട്ടുകാരേയും  കഥാപാത്രങ്ങളാക്കി തന്റെ എഴുത്തിനൊപ്പം കൂടെ നടത്തുന്നുണ്ട്. അമ്പലം സെക്രട്ടറി വിനോദും പി പി സാറും റേഷൻ കടക്കാരനും വിമലൻ ഡോക്ടറും ഒക്കെ കഥയിൽ മുഖം കാണിക്കുമ്പോൾ ഒരു വായനക്കാരനും അവർ അപരിചിതരാകില്ല എന്നത് ഉറപ്പാണ്. (സ്വന്തം കഥകളിൽ തങ്ങളെക്കുറിച്ചു പരാമർശിച്ച് സെലിബ്രിറ്റി ആക്കാൻ ശ്രമിച്ച സൂനനെ ഒന്ന് കാണുന്നുണ്ട്... എന്ന് പറഞ്ഞു, ചെറു ചിരിയോടെ ചില കഥാപാത്രങ്ങൾ മുതുവിള പരപ്പിൽ ഭാഗങ്ങളിൽ കാത്തിരിക്കുന്നുണ്ടാകും.) ഒരു കാലത്ത് നാടിൻ്റെ ഹൃദയത്തുടിപ്പു തൊട്ടറിഞ്ഞ കഥാപത്രങ്ങളെ മലയാളത്തിനു നൽകിയ സത്യൻ അന്തിക്കാടിൻ്റെ ചില ടിപ്പിക്കൽ കഥാപാത്രങ്ങൾ ഇവിടെ, ഈ കഥാസമാഹാരത്തിലും നമുക്കു കാണാം.


            
ഒരു കാലത്ത് അന്നോപാധിയായ ട്യൂഷൻ ക്ലാസ്സുകളും താൻ എഴുതിയ റേഡിയോ നാടകങ്ങളും എഴുത്തിലൂടെ  പരാമർശിക്കപ്പെമ്പോൾ, നടന്നു തീർത്ത വഴികൾ ഒന്നും മറക്കാൻ ഒരിക്കലും കഴിയില്ല ഒരു കഥാകാരന് എന്ന് വായനക്കാർക്കു തോന്നിപ്പോകുന്നുണ്ട്.
      
ഏവർക്കും പരിചിതമായ വാക്കുകളെ ഉപയോഗിച്ച് കഥകളുടെ തലക്കെട്ടുകൾ ആകർഷകമാക്കുമ്പോൾ, അതു വ്യത്യസ്തമായ വഴികളിലൂടെ  വായനക്കാരനെ കടത്തിക്കൊണ്ടുപോയി,  ചിരിക്കാനും ചിന്തിക്കാനും ഉത്പ്രേരകം ആകുന്നുണ്ട്. അതിന് ഉത്തമ ഉദാഹരണം ആണ്  പുസ്തകത്തിലെ  അമർചിത്രകഥ എന്ന കഥ.
         
ഒരു നല്ല നിരീക്ഷകനാണ് ഈ എഴുത്തുകാരൻ എന്നത് തിരുമേനി എന്ന കഥയിലെ വാഗ്മയ ചിത്രങ്ങൾ  വായനക്കാരനെ  ഓർമ്മിപ്പിക്കുന്നു. ഒലിപ്പുചാലായ വഴിയും റോഡിലെ കുണ്ടൻ കല്ലുകളും എല്ലാം കഥാ ബീജത്തിന്റെ വർണ്ണനകൾക്കു മാറ്റ് കൂട്ടുന്നുണ്ട്.

വേദനയുണ്ടാക്കിയ, അനുഭവങ്ങളെ പോലും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് വായനക്കാരനെ തന്നോടടുപ്പിക്കുന്ന ഒരു കാന്തിക കവചം തീർക്കാൻ കഥാകാരൻ ശ്രമിച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. അതു പോലെ ഈ കഥകളിൽ ചിലത്  മനുഷ്യത്വത്തിന്റെ തനിയാവർത്തനങ്ങൾ ആകുകയും ചെയ്യുന്നുണ്ട്.
         
മറ്റുള്ളവരുടെ കണ്ണിൽ പരാജിതനായി ജീവിച്ചു,സ്വയം ജയിക്കുന്ന അടിമ രാജനെ പോലുള്ള നന്മ മരങ്ങൾ, കൊമ്പൻ മീശ മേൽപ്പോട്ട് പിരിച്ചു വയ്ക്കാൻ യോഗ്യത ഉള്ളവർ തന്നെ എന്ന് എഴുത്തുകാരൻ പറഞ്ഞു വയ്ക്കുമ്പോൾ ചില വേദനകളും നന്മകളും മനസ്സിൽ മാനം കാണാത്ത മയിൽ പീലി തുണ്ടുകൾ പോലെ കാത്തു വയ്ക്കുക തന്നെ വേണം എന്ന ഓർമ്മപ്പെടുത്തൽ കൂടി ആകുന്നു. അന്യന്റെ തെറ്റുകളിലേയ്ക്കു മാത്രം കണ്ണു കൂർപ്പിക്കുന്ന ഇന്നത്തെ സമൂഹത്തിനു അതൊരു താക്കീതാകുന്നു.
          
ചെപ്പിലോട്, ചെല്ലഞ്ചി ആറിന്റെ നീർച്ചാലുകളിൽ മാത്രമല്ല വൈഡൂര്യം ഉള്ളത്. ആ ആറുകൾ ചുംബിച്ചു കടന്നു പോകുന്ന തീരങ്ങളിലേയ്ക്കും ആ വൈഡൂര്യത്തിന്റെ വശ്യമായ സൗന്ദര്യം അദൃശ്യമായി പടരുന്നുണ്ട്. അത് കലാകാരന്മാരായും കലകളായും എഴുത്തുകളായും, സൂനകുമാർ പോലുള്ളവരുടെ തൂലിക തുമ്പിലൂടെ തിളങ്ങുകയാണ്. അങ്ങനെയുള്ള കഥാകാരന്മാർ കാലത്തിന്റെ വക്താവാകുമെങ്കിൽ നിസ്സംശയം പറയാം ഈ പുസ്തകം ഒരു  കാലത്തിന്റെ കണ്ണാടി തന്നെയാണ്.

തുത്തൻഖാമൻ്റെ മുഖാവരണം
ചെറുകഥാ സമാഹരം
സൂനകുമാർ
മാക്സ് ബുക്സ് കോട്ടയം
വില Rs 200/-

NEWS SUMMMARY: BOOK REVIEW

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക