പതിമൂന്നു വയസ്സ് എന്നത് സ്‌ക്കൂളില്‍പ്പോയി പഠിക്കേണ്ട കാലമാണ്. പക്ഷേ, കോഴിക്കോടു പന്തീരാങ്കാവില്‍ വീട്ടുജോലിക്കു നിര്‍ത്തിയിരുന്ന പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നത് വീട്ടുടമയുടെ ക്രൂര മര്‍ദ്ദനമാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അലിഗഡ് സ്വദേശിയായ ഡോ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കും എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നാലു മാസം മുന്‍പാണ് പതിമൂന്നുകാരിയെ വീട്ടുജോലിയ്ക്കായി കേരളത്തിലേക്കു കൊണ്ടുവന്നത്. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും ക്രൂരമായി പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തു വന്നത്. കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതു കണ്ട് അയല്‍ക്കാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിലേക്കു മാറ്റി. കുട്ടിക്കടത്ത്, ബാലവേല തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഭാരതം ഇന്നും ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യത്തിലേക്ക് പൂര്‍ണ്ണമായും എത്തിച്ചേര്‍ന്നിട്ടില്ല. സാമ്പത്തിക അസമത്വം വളരെ ശക്തവുമാണ്. എന്നിരുന്നാലും പൊതുവിദ്യാഭ്യാസ രംഗത്ത് നമ്മള്‍ വളരെയേറെ മുന്നോട്ടു കുതിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ ഇന്ന് ബാലവേല ഏറെക്കുറെ അവസാനിച്ചത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം അടക്കം നല്‍കിക്കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ രംഗം മുന്നോട്ടു പോകുന്നത്.
എങ്കിലും ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നു. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ നിന്നും കുട്ടികളെ സാമ്പത്തികമായ ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് പലപ്പോഴും മാതാപിതാക്കള്‍ ഇത്തരത്തില്‍ വീട്ടുപണികള്‍ക്കു മറ്റുമായി ദൂരേയ്ക്കു പോലും അയക്കുന്നത്. അവര്‍ക്കു കിട്ടേണ്ട സൗജന്യ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുക മാത്രമല്ല ക്രൂരമായ പീഡനവുമാണ് പന്തീരാങ്കാവ് കേസില്‍ ആ പെണ്‍കുട്ടിക്കു നേരിടേണ്ടി വന്നത്. ഇത്തരം കാര്യങ്ങളില്‍ സമൂഹം ജാഗരൂകരാണ് എന്നതാണ് വലിയ ദുരന്തങ്ങളില്‍ നിന്നും പലപ്പോഴും രക്ഷപ്പെടുത്തുന്നത്. അതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളുടെ കുടുംബത്തിലാണ് ഈ ക്രൂരത നടമാടിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.