Image

കപ്പ അഥവാ മരച്ചീനി അവതരിച്ചത് : എസ്. ബിനുരാജ്

Published on 22 September, 2022
കപ്പ അഥവാ മരച്ചീനി അവതരിച്ചത് : എസ്. ബിനുരാജ്

"നമ്മുടെ പ്രജകൾ ഗോപ്യമായി കപ്പ നട്ടു വളർത്തുന്നതായി അറിവായിരിക്കുന്നു. കപ്പ സ്വാദുള്ള കിഴങ്ങാണ്. പക്ഷേ അതിൽ സയനൈഡ് എന്ന വിഷാംശമുണ്ട്.  അതു കൊണ്ട് കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തിൽ വേവിച്ചു രണ്ട് തവണ വെള്ളം മാറ്റണം".

തിരുവിതാംകൂറിൽ കപ്പ അഥവാ മരച്ചീനി അവതരിപ്പിച്ച വിശാഖം തിരുനാൾ കപ്പ എങ്ങനെ ഉപയോഗിക്കണം എന്ന് വിശദീകരിച്ചു ഇറക്കിയ വിളംബരം ആണിത്.
 
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കപ്പ കേരളത്തിലെത്തിയത് വിശാഖം തിരുനാളിന്റെ കാലത്താണ് എന്നത് വളരെ പരിചിതമായ ചരിത്രമാണ്. 
ലണ്ടനിലെ റോയല്‍ ക്യൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും ശേഖരിച്ച മരച്ചീനിക്കമ്പുകളാണ് വിശാഖം തിരുനാള്‍ തിരുവിതാംകൂറില്‍ എത്തിച്ചത് എന്നും അതല്ല ബ്രസീലിൽ നിന്നും കപ്പൽ മാർഗ്ഗം കപ്പയുടെ കമ്പ് വരുത്തുക ആയിരുന്നു എന്നും വാദമുണ്ട്. 
 
കോട്ടയ്ക്കകത്തെ വടക്കേ കൊട്ടാരത്തിലായിരുന്നു മരച്ചീനി ആദ്യമായി നട്ടത്. ഇപ്പോള്‍ അവിടെ അഗ്രോ ഇന്‍ഡസ്ടീസ് കോര്‍പ്പറേഷന്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ചരിത്രത്തോടുള്ള ഒരു നീതിയായി കണക്കാക്കാം. വൈകുന്നേരം ചായക്ക് അദ്ദേഹം മരച്ചീനി പുഴുങ്ങിയത് കഴിച്ചത് ഇത് ജനങ്ങളെല്ലാം സ്വീകരിക്കാന്‍ കൂടിയായിരുന്നു.
 
പിന്നീട്  ശ്രീപാദം വക ഭൂമിയിൽ മരച്ചീനി കൃഷി തുടങ്ങുകയും ഈ സ്ഥലം മരച്ചീനി വിള എന്നറിയപ്പെടുകയും ചെയ്തു. ഈ സ്ഥലം ഇന്ന് നഗരമധ്യത്തിലെ പ്രസിദ്ധ ഹൗസിംഗ് കോളനിയായ ജവഹർ നഗറാണ്.
 
അന്ന് തിരുവിതാംകൂറിലെ ജനങ്ങൾ മരച്ചീനിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു എങ്കിലും കൊച്ചി, മലബാർ പ്രദേശത്തെ നായർ, നമ്പൂതിരി ഗൃഹങ്ങളിൽ കപ്പക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരായവരുടെ ഭക്ഷണം ആയിരുന്നു കപ്പ എന്നതാണ് കാരണം.
 
തിരുവിതാംകൂറിലെ കടുത്ത ഭക്ഷ്യക്ഷാമം നേരിടാനാണ് വിശാഖം തിരുനാള്‍ കപ്പയെ അവതരിപ്പിച്ചത്. 
 
ഒരു ക്ഷാമകാലത്ത് കപ്പ മറ്റൊരു രൂപത്തിൽ കേരളത്തിൽ ഒരു രണ്ടാം വരവ് നടത്തി. പക്ഷേ ആ വരവ് ജനങ്ങൾക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് മാത്രമല്ല ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരെ പ്രതിപക്ഷത്തിന് ഒരു പ്രചരണായുധവും ആയി.
 
1957 ൽ കേരളത്തിൽ അരി ക്ഷാമം രൂക്ഷമായി. കേന്ദ്രത്തിൽ ഭക്ഷ്യമന്ത്രി എ എം തോമസ് എന്ന മലയാളി ആയിരുന്നിട്ടും കേന്ദ്രം കനിഞ്ഞില്ല.
 
സംസ്ഥാന ഭക്ഷ്യമന്ത്രി കെ സി ജോർജ്ജ് ആണ് അരിക്ഷാമം പരിഹരിക്കാൻ മലയാളിയുടെ ഭക്ഷണ ശീലം മാറ്റാം എന്ന ആശയം മുന്നോട്ടു വച്ചത്. ഉണക്കക്കപ്പ പ്രധാന ചേരുവ ആയി വരുന്ന മക്രോണി എന്ന വിഭവം അങ്ങനെ റേഷൻ കടകൾ വഴി വിതരണം ചെയ്തു തുടങ്ങി. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും രംഗത്തിറങ്ങി. ചില മാധ്യമങ്ങൾ ജോർജ്ജിനെ മാക്രോണി മന്ത്രി എന്ന് പോലും വിശേഷിപ്പിച്ചു.
 
ആലപ്പുഴയിലെ ഒരു തൊഴിലാളിയും കമ്മ്യൂണിസ്റ്റ് അനുഭാവിയും ആയിരുന്ന രാജൻ പൊടുന്നനെ സർക്കാർ വിരുദ്ധൻ ആവുകയും 'ഭഗവാൻ മക്രോണി' എന്ന കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ യോഗങ്ങളിൽ എല്ലാം ഭഗവാൻ മക്രോണി നിറഞ്ഞാടി. ഇതിന് എതിരെ ഓച്ചിറ രാമചന്ദ്രൻ എന്ന ഇടതുപക്ഷ കാഥികൻ  'ആരാണ് മക്രോണി' എന്ന പ്രതി കഥാപ്രസംഗം അവതരിപ്പിച്ചു.
 
അങ്ങനെ കപ്പയുടെ രൂപം മാറിയ രണ്ടാം വരവ് ഒരു ദുരന്തമായി മാറി. എങ്കിലും കപ്പയെന്ന് പൊതുവേ അറിയപ്പെടുന്ന മരച്ചീനി മലയാളിക്ക് പ്രിയപ്പെട്ട ഭക്ഷണം ആണ്. നല്ല നെയ് മത്തി കൂടി ഉണ്ടെങ്കിൽ ഇതൊരു രുചികരമായ വിഭവം ആണ്.
 
മരച്ചീനി പ്രമേഹ രോഗികൾക്ക് നല്ലതല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. മലയാളികൾക്ക് ഇടയിൽ പ്രമേഹം വ്യാപകം ആകുന്നതിന് പിന്നിൽ മരച്ചീനിക്ക് ഉള്ള പങ്ക് പഠന വിധേയമാക്കണം.
 
കാലം കണക്ക് തീർത്തത് ആണോ എന്നറിയില്ല, പ്രമേഹം മൂർച്ഛിച്ച് ആണ് 1885ൽ വിശാഖം തിരുനാൾ അന്തരിച്ചത്.
 
Tapioca history in Kerala by S Binu Raj
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക