Image

മകൾ (കവിത: അശോക് കുമാർ. കെ)

Published on 22 September, 2022
മകൾ (കവിത: അശോക് കുമാർ. കെ)

ഹൃദയം വിലങ്ങിപ്പോയി
ഞാനൊരു മകൾ ...
രോഷം ചുവന്ന കണ്ണുരുട്ടി
തല്ലി ചതവ് പെട്ടൊരച്ഛൻ
മിഴി പൊട്ടി ലോകം നോക്കുമ്പോൾ ....

കൈപിടിച്ചെന്നെ
വഴി നടക്കാൻ
പഠിപ്പിച്ചെന്നച്‌ഛൻ

വഴികളിലെ
ചതിക്കുഴികൾ ചൂണ്ടി
മാറി നടക്കാൻ
പഠിപ്പിച്ചതെന്നച്‌ഛൻ

വഴികളിലൊരു പാട്
ഇരുണ്ടിടമുണ്ടെന്ന്
വിറളി പിടിച്ചുണർത്തിയെൻ
അച്ഛൻ .....

ഓമനിക്കുവാൻ ,
മലരുകൾ പൂക്കുന്ന
വാക്കുകൾ പറയുവാൻ
ശലഭ വേഷം പൂണ്ടവരുടെ
കപടവേഷമഴിച്ച് കാട്ടിയവനച്‌ഛൻ....

ചന്ദനക്കാറ്റൊന്നു വീശി
എൻപാരിജാതം വിരിയും
കൂര ചത്വര നിലാവിൽ
മകൾ ഞാൻ,
കൈ പിടിച്ചു നടക്കുന്നു
അച്ഛനും അമ്മയ്ക്കും നടുവിൽ .....

ഒരു നാൾ
കരിപൂശിയ വാവു വന്നു....
നിലാവ് കണ്ണടച്ചൊരു
തക്കത്തിൽ

മാംസ രുചി തേടി
തേറ്റകൾ വിടർത്തിയലറും
കാട്ടുമൃഗത്തിന്റെയാർത്തിയോടെ ......

അവർ
നാലുപേർ
മക്കളില്ലാത്ത
നാലുപേർ
എൻ അച്ഛനെ
തല്ലി കെടുത്തുന്നു .......

വാക്കൊന്നുമുരിയാടാനാവാതെ
ഒരു കുന്തമുനയെൻ നാവിൽ തറയ്ക്കുന്നു
കുന്തത്തിലെയൊരു വാക്കെൻ
നാവിൽ പടർന്നെഴുതുന്നു ....

' സംഘ ശക്തി
ചെറുക്കുവാനോ....'

ഞാനൊരു മകൾ
നെൽവയൽ നിറവിൽ
പെറ്റു വീണ
ചിറ്റവന്റെ മകൾ ....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക