Image

'കിട്ടിയോ?' : കിട്ടിയത് ഒരു കിണ്ണന്‍ കാച്ചിയെ...!  ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 22 September, 2022
'കിട്ടിയോ?' : കിട്ടിയത് ഒരു കിണ്ണന്‍ കാച്ചിയെ...!  ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
 
 
ക്രൈംബ്രാഞ്ചിനെ സർക്കാർ ഏൽപ്പിച്ച വലിയ ടാസ്കിന് ഫലം കണ്ടു. എ.കെ.ജി സെന്റർ ആക്രമണ കേസിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട അതേ തൂക്കത്തിലും അളവിലുമുള്ള ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ തന്നെ രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി! ദൃശ്യത്തിൽ കണ്ട അതേ ടീഷർട്ടും
ഷൂസും  അറസ്റ്റിലായ മൺവിള സ്വദേശി ജിതിനുണ്ട്. ജിതിന്റെ ഫേസ്ബുക്കിൽ തന്നെ അത് പോലീസിന് കണ്ടെത്താനായി. അങ്ങനെ ഇ.പി ജയരാജൻ പറഞ്ഞത് അച്ചട്ടമായി എങ്കിലും, കേസ് കെട്ടിച്ചമച്ചതാണെന്ന് തന്നെയാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ  നിലപാട്. ജിതിൻ ആറ്റിപ്രം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ  നിലവിലെ പ്രസിഡന്റാണ്.
 
പടക്കമെറിഞ്ഞശേഷം ഒരു ഡിയോ സ്കൂട്ടറിൽ ഗൗരീശപട്ടത്തു  തിരിച്ചെത്തിയശേഷം സ്വന്തം കാറിലാണ് ജിതിൻ മടങ്ങിയത്. പടക്കം തയ്യാറാക്കിയത് എവിടെ നിന്നാണെന്നും ആരുപറഞ്ഞിട്ടാണ് അത് ചെയ്തതെന്നും പൊലീസിന് അറിയാം. അതൊക്കെ വഴിപോലെ വെളിപ്പെടുത്തും. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴ വച്ചതിന്റെ കോലാഹലത്തിന് ശേഷം അദ്ദേഹം വയനാട്ടിൽ എത്തുന്നതിന്റെ  തലേന്നായിരുന്നു എ.കെ.ജി സെന്ററിന്  നേരെയുള്ള അക്രമം. പ്രതികളെ കിട്ടിയ കാര്യം പൊലീസ് അറിയിച്ചത് ജോഡോ യാത്ര കേരള അതിർത്തി കടന്ന അതേ ദിവസം. രാഹുലിന്റെ  യാത്രയും പത്രസമ്മേളനവും നടന്ന ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാഹുലിന്റെ  സാന്നിധ്യം ഈ കേസിനൊപ്പം തുടക്കം മുതലേയുണ്ടല്ലോ. 
 
തുടക്കം മുതൽ ജിതിൻ പൊലീസിന്റെ അന്വേഷണ വലയിലുണ്ടായിരുന്നു. സ്കൂട്ടറിൽ ഇയാൾ ആ വഴി വന്നതും കണ്ടെത്തിയിരുന്നു. തട്ടുകടയിൽ ചായ കഴിക്കാൻ വന്നതാണെന്നായിരുന്നു പോലും വിശദീകരണം.  അങ്ങനെ രണ്ടോ മൂന്നോ വട്ടം ചോദ്യം ചെയ്യുകയുമുണ്ടായത്രെ. പക്ഷേ ജിതിന് കാർ മാത്രമാണുണ്ടായിരുന്നത്; സ്കൂട്ടർ ഇല്ല. അതുണ്ടാക്കിയ ആശയക്കുഴപ്പവും പ്രതിയെ കണ്ടെത്താൻ താമസത്തിന് കാരണമായി പോലും. ഇനി ജിതിൻ ഓടിച്ച സ്കൂട്ടർ കൂടി ഉടനെ പോലീസ് കണ്ടെത്തും. കവടിയാറിലെ  ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്നുവരുന്ന ചോദ്യം ചെയ്യലിൽ ജിതിൻ മണിമണിയായി എല്ലാം പറയും; പറയിപ്പിക്കും. 
 
ജിതിൻ കാറിൽ പോകുന്നതിന്റെ ദൃശ്യം സി.സി.ടി.വി-യിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതോടൊപ്പം ആരോ ഒരാൾ സ്കൂട്ടറുമായി പോകുന്ന ദൃശ്യവുമുണ്ട്. ആ കക്ഷിയെയും പോലീസിന് പിടികൂടണം. ഇതിനിടെ ഫോർമാറ്റ് ചെയ്ത ഫോണുമായി എത്തിയ ജിതിൻ മായ്ച്ചു കളഞ്ഞ രേഖകളും സൈബർസെൽ പഴയപടി ആക്കിയിട്ടുണ്ട് പോലും. യൂത്തന്മാർക്കും മൂത്തന്മാർക്കും നിഷേധിക്കാൻ പറ്റാത്ത വിധം കരുക്കൾ ഒപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.അതേസമയം ജിതിൻ യൂത്ത് കോൺഗ്രസിന്റെ  സജീവ പ്രവർത്തകൻ തന്നെയാണെന്ന് നേതാക്കൾ സമ്മതിക്കുന്നു.
 
അറസ്റ്റ് ; ഹർത്താൽ 
 
പോപ്പുലർ ഫ്രണ്ടിന്റെ  106 പേരെ ഇന്ന് 11 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. ഇവരിൽ 22 പേരും മലയാളികളായിരുന്നു. ദേശീയ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നിവരെല്ലാം പിടിയിലായി. ഇവരിൽ അറസ്റ്റിലായവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്ന് പുലർച്ചെ മുതൽ എൻ.ഐ.എ ഡയറക്ടർ ജനറലിന്റെ  നേതൃത്വത്തിൽ രാജ്യവ്യാപകമായ റെയ്ഡ് നടന്നു. കേരളത്തിൽ മാത്രം 70 കേന്ദ്രങ്ങളിൽനിന്ന് രേഖകൾ പിടിച്ചെടുത്തു.കേന്ദ്ര  ആഭ്യന്തരമന്ത്രി അമിത്ഷാ പോപ്പുലർ ഫ്രണ്ടിനെ കാണുന്നത് ദേശവിരുദ്ധ ശക്തിയായിട്ടാണ്. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിക്കുക, ഭീകരപ്രവർത്തന പരിശീലന ക്യാമ്പുകൾ നടത്തുക, മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുക എന്നീ മൂന്ന് കുറ്റങ്ങൾ ആരോപിച്ച് ആ സംഘടനയെ നിരോധിക്കുന്നതിനു മുന്നോടിയായാണ് ഇന്നത്തെ അറസ്റ്റ്. ഇത് ഹിന്ദുത്വ അജണ്ട നടപ്പാക്കലാണെന്ന് ആക്ഷേപിച്ച് നാടെങ്ങും നാളെ ഹർത്താലിനും  ശ്രമമുണ്ട്. 
 
പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയെപ്പറ്റി വാർത്താ സമ്മേളനത്തിൽ രാഹുൽ നിലപാട് വ്യക്തമാക്കി. എല്ലാ വർഗീയവൽക്കരണത്തിനും കോൺഗ്രസ് എതിരാണെന്നായിരുന്നു, രാഹുലിന്റെ വിശദീകരണം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാഹുൽ അറുത്തുമുറിച്ചു തന്നെ മറുപടി നൽകി. ഗെലോട്ട് രാഹുൽ ഗാന്ധിയോട് പ്രസിഡന്റ് ആകണമെന്ന് പറയാൻ ഇന്ന് കേരളത്തിൽ എത്തിയെങ്കിലും അതുകൊണ്ട് മാറ്റമൊന്നുമില്ല. 
 
തരൂരിന്റെ ശ്രമങ്ങൾ : 
 
ഗെലോട്ട് ഔദ്യോഗികപക്ഷ സ്ഥാനാർത്ഥിയായാണ് മത്സരിക്കാൻ തയ്യാറാവുന്നത്. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടു കളയാതെയുള്ള കളിക്കു മാത്രമാണ് അദ്ദേഹം ഉള്ളത്. ഇതിനിടെ ദിഗ്വിജയ് സിങ്ങും പ്രസിഡന്റ് സ്ഥാനത്തു വരാൻ താൽപര്യം പ്രകടിപ്പിക്കുന്നു. ഗലോട്ടിന്റെ  പാർട് ടൈം  പ്രസിഡന്റ് സ്ഥാനമാണ് തരൂർ പ്രചാരണ പരിപാടിയായി ഉയർത്തിക്കാട്ടുന്നത്. ഗാന്ധി കുടുംബത്തോടുള്ള കൂറിന്റെ  കാര്യത്തിൽ താൻ പിന്നിലല്ലെന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ട്  തരൂർ തന്റെ  പ്രചാരണ തന്ത്രത്തിൽ പുതിയ ദിശാബോധം ഉണർത്തി. സോണിയയും ഗാന്ധി കുടുംബവും ആര് പ്രസിഡന്റായാലും സന്തോഷം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എങ്കിലും, ഗെലോട്ട് ഔദ്യോഗിക പക്ഷത്തിന്റെ  സ്ഥാനാർത്ഥിയായി അറിയപ്പെടുന്നതിൽ തരൂരിന് ചില പ്രശ്നങ്ങൾ ഉണ്ട്. അതാണ് മറുതന്ത്രം.
 
പ്രസിഡന്റ് ഇലക്ഷനിൽ ഓരോ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടു പേർക്കാണ് വോട്ട്. അതായത് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ നിന്ന് 280 വോട്ട്. മലയോരമേഖലയിൽ വോട്ട് കൂടുതലായി ഉള്ളതിനാൽ 282 വോട്ട് ആ വകയിൽ ഉണ്ടാകും. മുൻ കെ.പി.സി.സി പ്രസിഡന്റുമാർക്കും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനും വോട്ടുണ്ട്. ആ വകയിൽ 11 വോട്ട്. മൊത്തം നിയമസഭാംഗങ്ങളിൽ  നിന്ന് 10 ശതമാനം  വോട്ട് ഉണ്ട്. അതും വരും 14 വോട്ട്. പിന്നെ അങ്ങനെയും ഇങ്ങനെയും കൂട്ടാവുന്നത്  ഒക്കെ കൂട്ടിയാൽ മൊത്തം 321 വോട്ട് കാണും. അതിൽ പ്രതാപവർമ്മ തമ്പാൻ ഇല്ലാത്തതിനാൽ 320 വോട്ട് മാത്രം. ഇന്ത്യാ മഹാരാജ്യത്ത് ആകെ വോട്ട് ഉള്ളത് 9000 കോൺഗ്രസുകാർക്ക്! റിസൾട്ട് ഒക്ടോബർ 19ന് അറിയാം. അതിനുശേഷം ആ പ്രസിഡന്റ് കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റായി  കെ. സുധാകരനെ പ്രഖ്യാപിക്കും. ഇങ്ങനെയാണ് ചട്ടവട്ടങ്ങൾ. 
 
ശ്രീജിത്തിന്റെ ചതി മൂലം :
 
പ്രേമനൻ എന്ന യാത്രക്കാരനെ മകളുടെ മുന്നിൽ വച്ച് തല്ലി തരിപ്പണമാക്കിയ 4 ട്രേഡ് യൂണിയൻ സഖാക്കളെ ഒറ്റി കൊടുത്ത 'അഞ്ചാം പത്തി'യാണ് ഫോട്ടോയിൽ കാണുന്ന വി.കെ ശ്രീജിത്ത്. വെള്ളനാട് ഡ്രൈവർ കം കണ്ടക്ടർ ജോലി ചെയ്യുന്ന ഈ മലപ്പുറത്തുകാരൻ സംഭവദിവസം ഡ്യൂട്ടി നമ്പർ 4 കാട്ടാക്കട നെടുമങ്ങാട് ചെയിൻ സർവീസിലെ കണ്ടക്ടറായി പ്രവർത്തിക്കുന്ന സമയത്താണ് മൊബൈലിൽ ഈ ദൃശ്യങ്ങൾ ഒരു കൗതുകത്തിനു പകർത്തിയത്. 
 
 
ഈ 'കരിങ്കാലി' പ്രേമനന്റെ മകളുടെ നമ്പർ ചോദിച്ചറിഞ്ഞ് അതിലേക്ക് ദൃശ്യം ഫോർവേഡ് ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു വീഡിയോ കിട്ടിയില്ലായിരുന്നുവെന്നും ഇപ്പോഴത്തെ പ്രതികൾ പ്രേമനനെ ഡ്യൂട്ടിക്ക് തടസ്സമുണ്ടാക്കിയവൻ എന്ന പേരിൽ പൊലീസിൽ ഏൽപ്പിച്ചിരുന്നുവെന്നും  വിചാരിക്കുക, പ്രേമനൻ 14 ദിവസം റിമാൻഡിൽ ആയേനെ. ജോലിക്കിടയിൽ മുങ്ങിയതിന് ചുരുങ്ങിയപക്ഷം സസ്പെൻഷനിലും ആകുമായിരുന്നു. ഓഫീസിലെ എം.ഡി ആയ ബിജു പ്രഭാകരന്റെ  'ഗസ്റ്റപ്പോ' ആണോ ഈ ശ്രീജിത്ത് ? 
 
വാൽക്കഷണം : നാട്ടിലാകെ പട്ടി ശല്യം ആണെങ്കിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മരപ്പട്ടി ശല്യം മൂലം  രാത്രി ഒരു പോള കണ്ണടയ്ക്കാൻ ആവുന്നില്ല. കിടപ്പുമുറിയുടെ തട്ടും പുറത്ത് രാത്രി മുഴുവൻ തട്ടും മുട്ടും പോരാത്തതിന് ഇടയ്ക്ക് മൂത്രാഭിഷേകവും! ഗവർണർ സാഹിബ് സഹികെട്ട് കിടപ്പ്, അതേ തൊടിയിൽ തന്നെയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലേക്ക് മാറ്റി.
 
ഗവർണറല്ലേ അല്പം സ്റ്റൈലിൽ ആവാം താമസം എന്നു കരുതി കോവളം ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റാമെന്ന് നിശ്ചയിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ . സ്വന്തം സർക്കാർ അതിന് അനുമതി നൽകിയില്ല പ്രധാനമായി പറഞ്ഞ കാരണം ഭരണത്തലവന്  അവിടെ സുരക്ഷിതത്വം പോരാ. രണ്ടാമത്തെ കാര്യം സെക്യൂരിറ്റി കനപ്പിച്ചാൽ ടൂറിസം വഴി കിട്ടാനുള്ള ചിക്ലി  പോകും. എന്തായാലും ഗവർണർ പ്രസിഡൻഷ്യൽ സ്യൂട്ടിൽ  തന്നെ തുടരട്ടെ.
 
അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം രണ്ട് ഡസൻ ആവാറായി. അതിജീവിതയുടെ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തള്ളി. ഹണി ജഡ്ജിയുടെ  ഭർത്താവ് നടൻ ദിലീപിന്റെ സുഹൃത്താണെന്ന് ആയിരുന്നു, അതിജീവിതയുടെ ആരോപണം. അതിജീവിതയ്ക്ക് സുപ്രീം കോടതി വരെ ഇനി പോകാം.
 
അതാണല്ലോ നാമൊക്കെ പറയുന്ന നിയമം നിയമത്തിന്റെ വഴിക്കുള്ള യാത്ര!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക