Image

മൈ ഹെഡ് - മാഷുടെ തല! (ഓർമകൾ ഉണ്ടായിരിക്കണം - 6: മനക്കലൻ)

Published on 23 September, 2022
മൈ ഹെഡ് - മാഷുടെ തല! (ഓർമകൾ ഉണ്ടായിരിക്കണം - 6: മനക്കലൻ)

My head സാറിൻ്റെ തല... My head സാറിൻ്റെ തല...
My head സാറിൻ്റെ തല... എന്ന് ഉരുവിട്ട് പഠിക്കുന്ന 
മകൻ്റെ നേരെ അച്ഛൻ തട്ടിക്കയറി. എവിടുന്നാടോ താൻ ഇത് പഠിച്ചത്. അത് പിന്നെ ഇംഗ്ലീഷ് മാഷ് പഠിപ്പിച്ചതാണച്ചാ. തെറ്റാണത് മോനെ, my head എന്നാൽ എന്റെ തല എന്നാണ്.
എന്നാ ആയിക്കോട്ടെ. മോൻ തിരുത്തി പഠിക്കാൻ തുടങ്ങി...
My head അച്ഛൻ്റെ തല...
My head അച്ഛൻ്റെ തല... അങ്ങനെ കാണാ പാഠം പഠിച്ചാണ് അന്ന് കിടന്നുറങ്ങിയത്...

തൊട്ടടുത്ത ദിവസം സ്കൂളിൽ ഒന്നാം പീരീഡ് തന്നെ ഇംഗ്ലീഷ് സാർ ക്ലാസ്സിൽ എത്തി. എല്ലാവരും ഹോം വർക്ക്‌ ചെയ്തിട്ടുണ്ടോ? ഉണ്ട് സാർ... പാഠ ഭാഗങ്ങൾ പഠിച്ചിട്ടുണ്ടോ? ഉണ്ട് സാർ എന്നാൽ രഘു പറയൂ. My head എന്നാൽ എന്താ അർഥം? സാർ My head എന്നാൽ അച്ഛൻ്റെ തല... ഹൈ എന്താ രഘു തെറ്റ് പഠിച്ച് വെച്ചിരിക്കുന്നത്....ഞാൻ എൻ്റെ തല എന്നായിരുന്നില്ലെ ക്ലാസ്സിൽ പഠിപ്പിച്ചത്. അതെ സാർ അങ്ങനെ തന്നെയായിരുന്നു ഞാൻ വീട്ടിൽ പഠിച്ച് കൊണ്ടിരുന്നത്... My head സാറിൻ്റെ തല എന്ന്. അത് കേട്ട് കൊണ്ട് വന്ന അച്ഛനാണ് എന്നോട് My head അച്ഛൻ്റെ തല എന്ന് തിരുത്താൻ പറഞ്ഞത്... അദ്ദേഹം കോളേജ് ലക്ചറർ ആണല്ലോ..
ദൈവമേ ആകെ കൊഴഞ്ഞല്ലോ... ഇനി എങ്ങനെ പഠിപ്പിച്ചാലാണ് ഇവൻ്റെ തലയിൽ കയറുക?!.... ധർമ രാജൻ സാർ ആയത് കൊണ്ട് വടി എടുത്തില്ല.
എടാ I D I O T (ഐഡി ഐ ഒ ടി) My head എന്നാൽ നിൻ്റെ തല എന്നെഴുതി വെക്കൂ. രഘു അങ്ങനെ എഴുതി വെച്ചു. വൈകീട്ട് അച്ഛൻ മകനോട് ചോദിച്ചു എന്താ മോനെ My head അർത്ഥം? അത് അച്ഛാ ഇപ്പൊ എനിക്ക് ശരിക്കും മനസ്സിലായി. എൻ്റെ തല എന്നാണ് അർത്ഥം. ഇതെങ്ങനെ മനസ്സിലായി കുട്ടാ. അത് ധർമ രാജൻ സാർ അവസാനം നിൻ്റെ തല എന്ന് എഴുതാൻ പറഞ്ഞു....അപ്പോ എനിക്ക് മനസ്സിലായി ഇത് എൻ്റെ തലയെക്കുറിച്ചു ആണല്ലോ പറയുന്നത് എന്ന്.

അച്ഛൻ സാറിനെ വിളിച്ചു. അല്ല ധർമ രാജാവേ വേല കൊള്ളാമല്ലോ. അങ്ങനെ എൻ്റെ മകന് തലയുണ്ട് എന്ന് പഠിപ്പിച്ചു അല്ലെ... എങ്കിലും അവൻ്റെ നോട്ട് ബുക്കിൽ My head നിൻ്റെ തല എന്ന് എഴുതിയത് മോശമായല്ലോ.. വല്ലവരും കണ്ടാൽ.....

ഓഹോ അപ്പോ കോളേജ് ലക്ചറർ ആയ താങ്കൾക്കും തലയില്ലെ.... നിങ്ങളുടെ മകൻ്റെ ബുദ്ധി അവൻ്റെ പ്രഷ്ടത്തിലാണെന്ന് അറിയാത്തത് കൊണ്ടാണ് ഈ കുഴപ്പം. ....

ചാലിയം ഹൈസ്കൂളിലെ സരസനായ ഒരു സാർ ആയിരുന്നു ധർമ രാജൻ. ഒരു ധനികൻ കൂടി ആയ അദ്ദേഹത്തെ സഹ പ്രവർത്തകരും വിദ്യാർത്ഥികളും ധർമ രാജാവ് എന്നായിരുന്നു വിളിച്ചിരുന്നത്.
വികൃതികളായ കുട്ടികളെ I D I O T എന്നും 
F R O G (എഫ് ആർ ഓ ജി) എന്നോ അല്ലെങ്കിൽ S N A K E (എസ് എൻ എ കെ ഇ) എന്നും ഒക്കെയാണ് ചീത്ത പറയുക.

വല്ലാതെ വിളച്ചിൽ എടുക്കുന്ന പെൺകുട്ടികളെ ഇരുത്താൻ സാർ പറയാറ്.. "ആൾ ദ ഗറൾസ് ആഫ് ദ വറൾഡ് ആർ വെറി വെറി വറസ്റ്റ്" എന്നായിരുന്നു.

തൻ്റെ സ്വന്തം ഭാര്യ സൗദാമിനി ടീച്ചർ തൊട്ടടുത്ത ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ട് എങ്കിൽ സാറിന് ആവേശം കൂടും. സാധാരണ തുമ്മുന്നതിന്റെ പത്തിരട്ടി ശബ്ദത്തിൽ ആയിരിക്കും സാർ തുമ്മുക. അപ്പോൾ ടീച്ചറും കുട്ടികളും അടുത്ത ക്ലാസ്സിൽ പൊട്ടിച്ചിരിക്കുന്നത് കേൾക്കാം. എടോ ഈ ചോക്ക് ഒന്ന് ആ ടീച്ചർക്ക് കൊണ്ട് കൊടുത്തോളൂ... സർ എന്തിനാ.? അവർ ചോതിച്ചില്ലല്ലോ. എന്നാലും കൊടുക്കടോ പാവമല്ലെ. അഥവാ വേണ്ടാന്നു പറഞ്ഞാൽ ഇൻ്റർവെൽ ആവുമ്പോൾ പുഴുങ്ങി തിന്നോളാൻ പറഞ്ഞോ.... 
എന്നെ കണ്ടപ്പോൾ തന്നെ ടീച്ചർ പറഞ്ഞു എന്താ മനക്കലാ സാറ് എന്തോ വികൃതി ഒപ്പിച്ചോ?... ഉവ്വ് ഈ ചോക്ക് ടീച്ചർക്ക് തരാനും ഇന്റർവെല്ലിന് പുഴുങ്ങി തിന്നാനും പറഞ്ഞു.... കൂടുതൽ പ്രസവിക്കാതിരിക്കാൻ വേണ്ടിയാണെന്നും പറഞ്ഞു.

കുട്ടികൾ പൊട്ടിച്ചിരിക്കുന്നു. ചിരിയടക്കാൻ ടീച്ചർ വാപൊതുന്നുണ്ട്.
എടാ മനക്കലാ നിൻ്റെ സാറ് നിങ്ങളെ വല്ലതും പഠിപ്പിക്കാറുണ്ടോ? ഉണ്ടു മാഡം
എല്ലാ കളിയും ചിരിയും കഴിഞ്ഞ് അവസാനത്തെ പത്തു മിനുട്ട് പാഠ ഭാഗം സുന്നരമായി പഠിപ്പിക്കും.. നല്ല സാറാ.

പാവം ധർമ രാജാവിൻ്റെ കാര്യം ഓർക്കുമ്പോൾ ഇപ്പോ സങ്കടം വരും. അകാലത്തിൽ ദിവംഗതനായ അദ്ദേഹം സൗദാമിനി ടീച്ചറെ തനിച്ചാക്കി പോകുമ്പോൾ മണ്ണും വിണ്ണും വാവിട്ടു കരഞ്ഞു കാണും.

ചാലിയത്തു പഠിക്കുന്ന കാലത്താണ് ആനങ്ങാടി മനക്കലൂരിൽ അരുതായ്മകൾ പലതും കാണേണ്ടി വന്നത്. അനിഷ്ട സംഭവങ്ങളോട് പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എങ്ങനെ എന്ന് ഇൻസ്പെക്ടർ മക്കളെ പഠിപ്പിക്കുന്നത് മാതൃകാപരം തന്നെ. ഒരു ഉദാഹരണം പറയാം:

മനക്കലൂരിന്റെ പടിഞ്ഞാറെ അയൽവാസി ഒരു വല്ലാത്ത ജകൽ ആണ്. പ്രായം കൊണ്ട് ഇൻസ്‌പെക്ടറെക്കാൾ കൂടും. അല്പം വട്ടും. എല്ലാ വർഷവും വേലി കെട്ടുമ്പോൾ അയാൾ വന്ന് അത് പൊളിച്ചു കളയും. ചോദിച്ചാൽ പറയും
അതിരു ശരിയല്ല നിങ്ങൾ പിറകോട്ട് നീങ്ങണം. ഇത് പലപ്രാവശ്യം നമ്മൾ പരിശോദിച്ചതാണല്ലോ. ഇനിയും നമുക്ക് വേണമെങ്കിൽ പരിശോധിക്കാം.
നിങ്ങൾ ഇപ്പോൾ വേലി പൊളിക്കല്ലെ. അത് തൊഴിലാളികൾ ചെയ്യുന്നത് തടസ്സം ചെയ്യരുത്. അപ്പോഴും പറയും അല്ല ഞാൻ പൊളിക്കും... നിങ്ങൾ അങ്ങനെ വേലി കെട്ടി പോകേണ്ട.... അപ്പോ ഇൻസ്പെക്ടർ പറയും, നിങ്ങൾ എന്നെ വെട്ടിക്കോ ആ പണിക്കാരെ ഉപദ്രവിക്കരുത്. അതിനിടെ ഹസ്സൻ കുട്ടി മൂത്താപ്പയുടെ മകൻ ഓടി വന്നു കൊണ്ട് പറഞ്ഞു എളാപ്പ അങ്ങനെ നാം വിട്ടു കൊടുക്കണോ, അയാള് എല്ലാ വർഷവും ഇങ്ങനെ കളിച്ചാൽ എന്താ ചെയ്യുക. ഞാൻ പോയി അയാളെ കൈകാര്യം ചെയ്യാം... അതിന് ഇൻസ്പെക്ടർ കൊടുത്ത മറുപടി കേൾക്കണോ? "അയൽ വാസി ഇങ്ങോട്ട് ഉപദ്രവിച്ചാലും അങ്ങോട്ട് ഉപദ്രവിക്കരുത്" എന്ന് റ റസൂലുള്ള പഠിപ്പിച്ചത് മറക്കരുത് മോനെ എന്നായിരുന്നു.... ഏതായാലും അയാളുടെ ആവശ്യത്തിന് വഴങ്ങി എടത്തോടത്തിൽ അപ്പു എന്ന മാന്യദേഹതിന്റെ മദ്യസ്ഥതയിൽ രണ്ടു കൂട്ടരുടെയും അതിർത്തി അളന്നു. ഇവിടെ വാദി വീണ്ടും പ്രതിയായി. വേലി പൊളിക്കാൻ വന്ന മനുഷ്യൻ ഒരു മീറ്ററോളം സ്ഥലം ഇൻസ്‌പെക്ടർക്കു ഇങ്ങോട്ട് വക വെച്ച് കൊടുക്കണം.
മധ്യസ്ഥൻ അപ്പു അതിര് മാറ്റി കൂറ്റിയടിക്കൻ ഒരുങ്ങി. മറ്റേ ആൾ അത് സമ്മതിക്കേണ്ടി വന്നു. പക്ഷേ ഇൻസ്പെക്ടർ അവിടെയും വളരെ ഉയർന്നു നിന്നു. അദ്ദേഹം പറഞ്ഞു. വേണ്ട അദ്ദേഹം ഒന്നും ഇങ്ങോട്ട് തരേണ്ട, എന്നെയും എൻ്റെ പണിക്കാരെയും ഉപദ്രവിക്കാതെ വിട്ടാൽ മതി. ആ മനസ്ഥിതിയെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് മദ്യസ്ഥർ മടങ്ങി. അക്രമി ആയ അയൽവാസി തലയും താഴ്ത്തി ഇറങ്ങിപ്പോയി.

ഈ സംഭവത്തിലും മക്കൾക്ക് പരിഭവം തന്നെ ആയിരുന്നു. നമ്മൾ വീണ്ടും വിട്ടുകൊടുക്കാൻ തയ്യാറായത് എന്തിനാണ് ഉപ്പാ?! മക്കളെ കാൽ ഇഞ്ച് സ്ഥലത്തിൽ എന്തിരിക്കുന്നു. സത്യവും സത്യത്തിൻ്റെ പ്രവാചകനും ജയിക്കട്ടെ കുട്ടികളേ...

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക