Image

ബ്രിജിറ്റ് വിന്‍സെന്റ് ഇപ്പോഴും തിരക്കിലാണ്; അമേരിക്കന്‍ നഴ്‌സിംഗ് ബോര്‍ഡംഗമായ ആദ്യ മലയാളി വനിത 

ആഷാ മാത്യു Published on 23 September, 2022
ബ്രിജിറ്റ് വിന്‍സെന്റ് ഇപ്പോഴും തിരക്കിലാണ്; അമേരിക്കന്‍ നഴ്‌സിംഗ് ബോര്‍ഡംഗമായ ആദ്യ മലയാളി വനിത 

'നഴ്‌സിംഗ് പഠിച്ചോണ്ടിരുന്ന സമയത്ത്, ബിപി വളരെ കൂടുതലായി ആശുപത്രിയിലെത്തിയ രോഗിയോട്, താങ്കള്‍ക്ക് ബിപി കൂടുതലാണ് ഉപ്പ് പരമാവധി കുറയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ അതറിഞ്ഞ ഡോക്ടര്‍ ദേഷ്യപ്പെട്ടു. രോഗിയോട് ഇതൊക്കെ പറയേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചാണ് ഡോക്ടര്‍ ദേഷ്യപ്പെട്ടത്.' സര്‍വ്വീസില്‍ നീണ്ട നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും ലാങ്ങ്ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്സ് പ്രാക്ടീഷണറായ ബ്രിജിത്ത് വിന്‍സെന്റിന്റെ മനസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കേട്ട ഈ വാക്കുകളുണ്ട്. കേരളത്തിലേയും അമേരിക്കയിലേയും നഴ്‌സിംഗ് സംവിധാനത്തിന്റെ വ്യത്യാസങ്ങളിലെ അളവുകോലായാണ് ഈ സംഭവം ബ്രിജിത്ത് വിന്‍സെന്റ് ഓര്‍ത്തെടുക്കുന്നത്.

'കേരളത്തില്‍ നഴ്‌സായ ഒരാള്‍ക്ക് ജോലി ചെയ്യുന്നതിന് ഒരുപാട് പരിമിതികളുണ്ട്. വളരെ ഗുരുതരാവസ്ഥയില്‍ ഒരു രോഗി മുന്‍പിലെത്തിയാലും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പ്രാഥമിക ശുശ്രൂഷകളും മറ്റ് കാര്യങ്ങളും ചെയ്യാന്‍ നഴ്‌സിനു സാധിക്കുമെങ്കിലും എല്ലാത്തിനും അനുവാദത്തിന് കാത്തിരുന്ന് സമയം കളയണം. എന്നാല്‍ അമേരിക്കയില്‍ സ്ഥിതി വ്യത്യസ്ഥമാണ്. അവിടെ ഒരു നഴ്‌സിന് എല്ലാ സ്വാതന്ത്ര്യത്തോടെയും ജോലി ചെയ്യാന്‍ സാധിക്കും. രോഗിയോട് അസുഖം സംബന്ധിച്ച മുഴുന്‍ കാര്യങ്ങളും തുറന്നു പറയാന്‍ സാധിക്കും. അത്യാവശ്യചികിത്സാ സംവിധാനങ്ങള്‍ നല്‍കാന്‍ സാധിക്കും. ഡോക്ടറോടോ, മറ്റ് സീനിയേഴ്‌സിനോടോ ഞാനത് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞാല്‍ അവരുടെ ഭാഗത്ത് നിന്ന് തികഞ്ഞ സഹകരണമാണ് ലഭിക്കുക. ഇതു തന്നെയാണ് കേരളത്തിലേയും അമേരിക്കയിലേയും നഴ്‌സിംഗ് മേഖലയിലെ ഏറ്റവും വലിയ വ്യത്യാസമെന്ന്' ബ്രിജിത്ത് വിന്‍സെന്റ് പറയുന്നു.

അമേരിക്കന്‍ നഴ്‌സിംഗ് ബോര്‍ഡില്‍ അംഗമായ ആദ്യത്തെ മലയാളി വനിത എന്ന വിശേഷണത്തിനുടമയാണ് ബ്രിജിത്ത് വിന്‍സെന്റ്. 2017ല്‍ അന്‍പതംഗ സെനറ്റ് ബോര്‍ഡ് ഐക്യകണ്ഠേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നത പദവി ലഭ്യമായത്. നഴ്സുമാരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് വിപുലമായ അധികാരങ്ങളുള്ള സമിതിയാണ് നഴ്സിങ് ബോര്‍ഡ്. നഴ്സിംഗ് മേഖലയിലെ വിവിധ പ്രശ്നങ്ങളുടെ പരിഹാരം, ഇന്ത്യന്‍ നഴ്സിങ് കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൊക്കെ ഇടപെടാന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാകും.

നേഴ്സിങ്് മേഖലയിലുള്ള വിവിധ പ്രൊഫഷനലുകളുടെ ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതും നേഴ്സിങ്ങ് എഡ്യൂക്കേഷന്‍ പ്രോഗ്രാം എന്തെന്ന് അംഗീകരിക്കുന്നതും നേഴ്സിങ്ങ് രംഗത്തെ സേവന മാനദണ്ഡങ്ങള്‍ നിശ്ച്ചയിക്കുന്നതും നേഴ്സിങ്ങ് രംഗത്തുള്ളവരുടെ പിഴവുകളില്‍ അച്ചടക്ക നടപടികള്‍ കൈക്കൊള്ളൂന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. നേഴ്സിങ്ങ് രംഗത്തെ വിവിധ നവീകരണങ്ങള്‍ക്കാണ് ബ്രിജിറ്റ് വിന്‍സന്റിന്റെ നിയമനം ഉപകരിക്കപ്പെട്ടത്. ബോര്‍ഡംഗമായ ആദ്യ മലയാളി എന്ന നിലയില്‍ ഒരുപാട് മലയാളികള്‍ക്ക് ബ്രിജിത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

സാധാരണ നഴ്സായി ജോലി തുടങ്ങി, പിന്നീട് നഴ്സിംഗ് സൂപ്പര്‍വൈസറായി, അതിനു ശേഷം നഴ്സ് മാനേജറായി, ഇപ്പോള്‍ നഴ്സ് പ്രാക്ടീഷണര്‍ വരെ എത്തി നില്‍ക്കുകയാണ് ബ്രിജിത്ത് വിന്‍സെന്റ്. ഫിലാഡല്‍ഫിയയിലെ മലയാളി വ്യവസായി വിന്‍സന്റ് ഇമ്മാനുവേലിന്റെ ഭാര്യയായ ബ്രിജിത്ത് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയിലെത്തുന്നത്. കേരളത്തില്‍ നിന്ന് നഴ്‌സിംഗ് ഡിപ്ലോമയുമായി അമേരിക്കയിലെത്തിയ ബ്രിജിത്ത് പിന്നീട് അമേരിക്കയിലെ വിവിധ കോളജുകളില്‍ നിന്നു നഴ്സിങ് എംഎസ്എ ഉള്‍പ്പെടെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായിട്ട് ലാങ്ങ്ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്സ് പ്രാക്ടീഷണറാണ്.

നഴ്‌സിംഗ് പ്രാക്ടീഷണര്‍ ആയിട്ട് ജോലി ചെയ്യുന്നതിനൊപ്പം 2017 മുതല്‍ നഴ്‌സിംഗ് ബോര്‍ഡംഗമായും തുടരുന്നു. മാസത്തില്‍ ഒരു തവണയാണ് ബോര്‍ഡ് മീറ്റിംഗ് കൂടുന്നത്. നൂറ്- നൂറ്റിഇരുപത് കേസുകള്‍ വരെ ബോര്‍ഡ് ഒരു മാസം പരിഗണിക്കും. പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍, പിയാനോയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ബ്രിജിത്ത് വിന്‍സെന്റ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഴ്സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന സമയത്താണ് ആശുപത്രിയിലെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് 'പിയാനോ' എന്നൊരു ആശയത്തിന് രൂപം കൊടുക്കുന്നത്.

തുടക്കം മുതല്‍ വളരെ ആക്ടീവായിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'പിയാനോ'. എല്ലാ മാസവും സംഘടനാ അംഗങ്ങള്‍ യോഗം ചേരും. എല്ലാ മെയ് മാസത്തിലും സംഘടനയുടെ നേതൃത്വത്തില്‍ നഴ്‌സസ് ഡേ വിപുലമായി ആഘോഷിക്കും. അതോടൊപ്പം വര്‍ഷത്തില്‍ നാട്ടില്‍ നഴ്‌സിംഗിന് പഠിക്കുന്ന ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ സംഘടന ഏറ്റെടുക്കുകയും ചെയ്യും. നാഷണല്‍ ലെവല്‍ നഴ്‌സിംഗ് സംഘടനയായ നൈനയുടെ ആദ്യത്തെ ജോയിന്റെ് സെക്രട്ടറിയുമായിരുന്നു ബ്രിജിറ്റ് വിന്‍സെന്റ്. ജോലിയുമായി ബന്ധപ്പെട്ട് ഇത്രയേറെ തിരക്കുകള്‍ ഉള്ളപ്പോഴും ഇടവക ചര്‍ച്ചായ സെന്റ് തോമസ് ആര്‍സി ചര്‍ച്ചില്‍ 'മരിയന്‍ മദേര്‍സ്' വുമണ്‍സ് ഫോറത്തില്‍ വളരെ ആക്ടീവാണ് ബ്രിജിറ്റ് വിന്‍സെന്റ്. തിരക്കുകള്‍ ആസ്വദിക്കുന്ന ബ്രിജിറ്റ് വിന്‍സെന്റിന് യാത്രകള്‍ ചെയ്യാനും ഒരുപാടിഷ്ടമാണ്.

അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ് വിന്‍സെന്റ് ഇമ്മാനുവലിന്റെ എല്ലാവിധ പിന്തുണയും ബ്രിജിറ്റിന് കുടുംബത്തിലും ജോലി മേഖലയിലും ലഭിച്ചിരുന്നു. ഫിലാഡല്‍ഫിയായില്‍ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത വിന്‍സന്റ് ഇമ്മാനുവലിന്റെ എപ്പോഴത്തേയും പ്രധാന ലക്ഷ്യം ജനസേവനം തന്നെയായിരുന്നു. കേരളത്തില്‍ പുരുഷ നേഴ്‌സുമാരെ മനഃപൂര്‍വം മാറ്റി നിര്‍ത്തുന്ന നയങ്ങളോട് സമരം ചെയ്തു തുടങ്ങിയത് വിന്‍സന്റ് ഇമ്മാനുവലായിരുന്നു. ഈ നയത്തിന് അറുതി വരുത്താന്‍ കേരള ഹൈക്കോടതിയില്‍ പരാതി നല്‍കുകയും, ഇന്ത്യയിലെ പ്രഗത്ഭനായ ഒരു വക്കീലിനെ അതിനു വേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിന്‍സന്റ് ഇമ്മാനുവലിന്റെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് ഇന്ത്യയിലെ നഴ്‌സിംഗ് രംഗത്ത് കാലോചിതമായ മാറ്റം വരുത്തി നയങ്ങള്‍ തിരുത്തപ്പെടുകയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക