Image

അവസാന ബസ്..! (കവിത: മുഹമ്മദ് ഇയാസ്)

Published on 23 September, 2022
അവസാന ബസ്..! (കവിത: മുഹമ്മദ് ഇയാസ്)

അപ്രതീക്ഷിതമായാണ്
കുഞ്ഞിരാമേട്ടൻ
മകളെയും കണ്ട്
തിരികെ വരാൻ
ഇത്രയും വൈകിയത്

വട്ടോളി ഗ്രാമത്തിലേക്കുള്ള
അവസാന ബസ്സെന്ന്
ആരോ പറഞ്ഞു കേട്ടപ്പോൾ
ഇരു ഭാഗം നോക്കാതെ
കിതച്ചു പാഞ്ഞുകയറിയതാ

പരിചിത മുഖങ്ങളിൽ
തട്ടിവീഴുമോ എന്ന് ഭയന്നെങ്കിലും
കണ്ടു മറന്ന  ഒരു മുഖം
പുഞ്ചിരി  ചേർത്ത്
എണീറ്റിരുത്തി

പീടിക തിണ്ണയിലിരുന്ന്
ഏഷണി പറയുമ്പോൾ
സ്ഥിരം നാവിൽ കുരുങ്ങുന്ന 
പല  യുവത്വങ്ങളുടെയും 
വിയർപ്പു വറ്റിയ
അധ്വാനത്തിൻ മണം
കുഞ്ഞിരാമേട്ടന്റെ മൂക്കിലടിച്ചു

കഞ്ചാവെന്നും,മരുന്നെന്നും
കാണുന്നവരിലൊക്കെയും
വിധി തീർപ്പു കല്പ്പിച്ച
മുടി വളർന്നു  മുഖം മറഞ്ഞ
ഒരുവനായിരുന്നു
എന്തെ ഇത്ര വൈകിയതെന്ന്
വിശേഷം തിരക്കിയത്

അവനാള് കള്ളനാണെന്ന്
മറുത്തൊന്നും ചിന്തിക്കാതെ
പല ചെവികളിൽ പറഞ്ഞു
സ്ഥിരം ക്രൂഷിക്കുന്ന 
സുപരിചിത മുഖമായിരുന്നു
ഇറങ്ങാൻ നേരം മറന്നു വെച്ച്
പണപൊതി കയ്യിൽ തന്നത്

അവനെ കുറിച്ചാണെങ്കിൽ
ഒന്ന് നല്ലോണം അന്വേഷിക്കണേ
എന്നൊരു വാക്കിൽ
നിരവധി കല്യാണം മുടങ്ങിയ
ഒരു യുവത്വമായിരുന്നു
ബസ് സ്റ്റോപ്പിൽ നിന്നും
വീട്ടുമുറ്റത്തു ഇറക്കി തന്നത്

നേരം വെളുത്തപ്പോൾ
കടയിൽ പോവുന്നില്ലേ മനുഷ്യാ
എന്നുള്ള ചോദ്യത്തിന്
ഞാൻ കടയിൽ പോക്ക്
ഇന്നലത്തോടെ നിർത്തി
എന്നു മാത്രമായിരുന്നു
കുഞ്ഞിരാമേട്ടന്റെ മറുപടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക