Image

യേശു നാഥന്‍ വന്നപ്പോള്‍ (കവിത: ഡോ. ജോര്‍ജ് മരങ്ങോലി)

ഡോ. ജോര്‍ജ് മരങ്ങോലി Published on 23 September, 2022
 യേശു നാഥന്‍ വന്നപ്പോള്‍   (കവിത: ഡോ. ജോര്‍ജ് മരങ്ങോലി)

തൊണ്ണൂറ്റിയൊന്‍പതു ആടിനെ വിട്ടു ഞാന്‍, 
കാണാതായാടിനായ് പോയതോര്‍ക്ക. 
നല്ലയിടയന്‍ ഞാന്‍, നിങ്ങളെന്നാടുകള്‍,
എന്‍ ശബ്ദം നിങ്ങള്‍ തിരിച്ചറിയും. 
നിങ്ങള്‍ക്കായ് ജീവിതം ക്രൂശില്‍ ഞാന്‍ ഹോമിച്ചു , 
മറ്റാരും ചെയ്യാത്ത ജീവത്യാഗം! 
അന്ത്യമാമത്താഴ നേരത്തും നിങ്ങളെന്‍, 
കൂടെയിരുന്നു ഭക്ഷിച്ചതോര്‍ക്ക. 
എന്റെ ഓര്‍മക്കായി ബലിയൊന്നു നല്‍കി ഞാന്‍, 
ഒരുമിച്ചു കൂടുമ്പോള്‍ അര്‍പ്പിക്കണം. 
അന്നുതൊട്ടിന്നോളം ലോകത്തിലൊട്ടാകെ , 
എന്നോര്‍മ്മയനുദിനം  ആചരിപ്പൂ.  
തൊണ്ണൂറ്റിയെട്ടു ശതമാനം ബലികളും, 
ജനങ്ങള്‍ക്കഭിമുഖം ലോകമാകെ!
പൗരസ്ത്യ നാടിതില്‍ വന്നപ്പോളെന്‍ബലി,
പിന്തിരിഞ്ഞായൊരു പുതിയ ശൈലി! 
അള്‍ത്താരയിലുണ്ട്  ഞാനെന്ന് തോന്നേണ്ട, 
അങ്ങോട്ട് നോക്കി വേണ്ടര്‍പ്പണവും! 
നിങ്ങള്‍തന്‍ ഹൃദയമാന്നെന്നുമെന്‍ അള്‍ത്താര,  
എന്നും ഞാനുണ്ടാകും നിങ്ങള്‍ മദ്ധ്യേ.
ഏകീകൃതബലി എന്നൊരു ഭാഷ്യത്തില്‍,
ഏകാധിപത്യമാണിവിടെ കഷ്ടം!
ബലി മാത്രമല്ലിന്നു, പ്രശനം പലതാണ്, 
സ്വേച്ഛാധിപത്യമാണിവിടെ മുഖ്യം!
ലാഭക്കണക്കുകള്‍, നികുതിക്കണക്കുകള്‍ , 
കേസുകളും പിന്നെ കോടതിയും! 
സമ്പത്തു കൂടി, ധനവാന്റവസ്ഥയായ്,    
സൂചിക്കുഴയിലെ ഒട്ടകം പോല്‍! 
കച്ചവടങ്ങളും, ഭൂമി പ്രശ്‌നങ്ങളും, 
നാറുന്ന കേസ്സായി  ക്രിസ്ത്യാനിക്ക്!
യെരുശലേം പള്ളീലെ ചാട്ടവാറുണ്ടെന്റെ ,
ആലയം നിങ്ങള്‍ക്ക് ബിസ്സിനസ്സായാല്‍! 
രക്ഷാധികാരികള്‍  മാറി മറയുന്നു,   
വിശ്വാസത്തിനോ  ജീവനാശം!  
വിശ്വാസികളൊന്നും  വിഡ്ഢികളല്ലിന്നു, 
കാര്യങ്ങള്‍ പലതും  സുതാര്യമാണ്  
വിശ്വാസികള്‍ക്കെല്ലാം അമ്പരപ്പ്, കുറെ 
വിശ്വാസഹീനരാം  അധികാരികള്‍ ! 
നഷ്ടമായ്, വിശ്വാസം, ജീവനില്ലാത്തതായ്,   
പള്ളിയില്‍ പോകണോ പ്രാര്‍ത്ഥിക്കുവാന്‍?  
പള്ളികള്‍, സൗധങ്ങള്‍, ടൂറിസ്റ്റു കേന്ദ്രമായ്,
തമ്പുരാന്‍ സാന്നിധ്യം നഷ്ടമായി!  
വേദപാഠം ക്‌ളാസില്‍  കുട്ടികളാരാഞ്ഞു,
വിശ്വാസ പാഠങ്ങള്‍ എന്തിനായി?
വിശ്വാസസത്യം  മറന്നുപോയ്  മേലാളര്‍,   
വീണ്ടും പഠിക്കട്ടവര്‍ വേദപാഠം !   
യുവാക്കന്മാരിന്നു പള്ളീല്‍ വരാതായി, 
കാരണം, പള്ളിയില്‍ കുരിശുയുദ്ധം! 
കരയുന്നു ഞാനിന്നു, മത്സര ബുദ്ധികൊ- 
ണ്ടൊടുവിലെന്‍ ഭവനങ്ങള്‍ ശൂന്യമാകും! 
എന്റെ നാമത്തിലീ കയ്യാങ്കളിയെല്ലാം, 
നാണക്കേടായി  സഭക്ക് മൊത്തം! 
ഈ പോക്ക് നന്നല്ല, വേദനിക്കുന്നു ഞാന്‍,  
വിശ്വാസികള്‍ സഭ വിട്ടുപോകും! 
പാശ്ചാത്യ രാജ്യങ്ങള്‍ വന്‍നാശം നേരിട്ടു,
പള്ളികളൊരുപാട്  പടിയടച്ചു! 
കാണാനും കേള്‍ക്കാനും കാണികളില്ലെങ്കില്‍,
അദ്ധ്യക്ഷനായിട്ടിന്നെന്തു  കാര്യം?
ആടുകളില്ലാതെ ഇടയന്‍ വെറുമൊരു,   
അവിവേകിയായൊരു  ജീവി മാത്രം! 
സ്‌നേഹമാണീഭൂവില്‍ സര്‍വ്വതും മക്കളെ, 
സ്‌നേഹമില്ലെങ്കില്‍ വിശ്വാസമില്ല! 
സ്‌നേഹിച്ചു നിങ്ങളെ ഞാനെല്ലാക്കാലവും ,
സ്‌നേഹിക്കണം നിങ്ങള്‍ തമ്മില്‍ത്തമ്മില്‍.

 

നിരീശ്വരൻ 2022-09-27 03:35:37
"മറ്റാരും ചെയ്യാത്ത ജീവത്യാഗം! " "Russian Orthodox leader said Russian soldiers who die in the Ukraine war are committing a 'sacrifice' that 'washes away all the sins' as many citizens leave the country to avoid the draft Patriarch Kirill, head of the Russian Orthodox Church, said in his Sunday sermon that Russian soldiers who die in Ukraine will be absolved of all sins, and compared them to Jesus Christ sacrificing himself for others."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക