"ഉപാധികൾ ഇല്ലാത്ത" സ്നേഹം... സ്നേഹത്തെ കുറിച്ചുള്ള നിരവധി സങ്കല്പങ്ങളിലെ ഏറ്റവും സുന്ദരമെന്നു തോന്നിക്കുന്ന കൽപ്പനയാണ് ഇത്.നിരുപാധികമായ, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, സ്നേഹത്തിന് വേണ്ടി മാത്രം സംഭവിക്കുന്ന സ്നേഹം...
അതീവ സുന്ദരമായ , കേൾക്കാൻ ഒക്കെ നല്ല സുഖമുള്ള ഒരു കാര്യമാണെങ്കിലും , ഇത് നടപ്പിലാക്കാൻ വലിയ പാടുള്ള ഒരു കാര്യമാണെന്ന് മനസിലാകാൻ നമ്മുടെ തന്നെ ജീവിതത്തെ അടിസ്ഥാനമാക്കി ഒന്നാലോചിച്ചു നോക്കിയാൽ മതി.
ജീവിതത്തിൽ ഇന്നോളം രക്ത ബന്ധങ്ങളും, കർമ്മ ബന്ധങ്ങളും ആയി നമുക്ക് സ്വാഭാവികമായി ഉണ്ടായതും, നാം ഉണ്ടാക്കിയെടുത്തതുമായ ബന്ധങ്ങളിൽ ഉപാധികളും, പ്രതീക്ഷകളും കാത്തു സൂക്ഷിക്കുന്നവരല്ലേ നമ്മൾ ? അങ്ങനെ കാക്കുന്ന ഉപാധികളും, പ്രതീക്ഷകളും തന്നെയല്ലേ സ്നേഹത്തിലായിരിക്കുവാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ?
സ്നേഹത്തിനെ പ്രതി നമ്മൾ സ്വരുക്കൂട്ടുന്ന പ്രതീക്ഷകൾ , പ്രത്യക്ഷത്തിൽ വളരെ നിസ്സാരമെന്നു തോന്നിക്കുന്ന ചിലത് ഒക്കെയാകാം.തിരക്കുള്ള ഒരു വഴി മുറിച്ചു കടക്കുമ്പോൾ കയ്യിൽ ഒന്ന് പിടിക്കുക എന്നോ, ചില നേരങ്ങളിൽ ചുമ്മാ ഒന്ന് കെട്ടി പിടിക്കുക എന്നോ, ഒരു മിട്ടായി കഴിക്കാതെ സൂക്ഷിച്ചു വച്ചു കൊണ്ടു തരികയെന്നോ, പിറന്നാൾ ഓർത്തു വച്ചു ആശംസിക്കുകയെന്നോ...അങ്ങനെയൊക്കെ ചില ചെറിയ കാര്യങ്ങൾ. ഇത്തരം കുഞ്ഞു, കുഞ്ഞു കാര്യങ്ങളുടെ നിറവേറലിൽ ആണ് സ്നേഹം അതിന്റെ സ്വാഭാവികതയും, ജൈവികതയും ഒക്കെ നില നിർത്തുന്നത്.ഈ കൊച്ചു കാര്യങ്ങൾ ചെയ്യാൻ മറന്നു പോകുമ്പോൾ ആണ്, വലിയ ആവേശത്തിൽ ആഘോഷത്തോടെ മുറ്റത്ത് വയ്ക്കുകയും, ആദ്യത്തെ കുറച്ചു ദിവസം മൂന്ന് നേരം വെള്ളവും, വേണ്ടതിലധികം ശ്രദ്ധയും കൊടുത്ത് പരിപാലിച്ച ഒരു തൈ ,കുറച്ചു ദിവസം കഴിഞ്ഞു ആരംഭശൂരത്വം കഴിയുമ്പോൾ ആരും ഒന്നും തിരിഞ്ഞു നോക്കാതെ , ഒരിറ്റ് വെള്ളം കിട്ടാതെ പതിയെ ഉണങ്ങി പോകുന്നത് പോലെ ഇല്ലാതായി പോകുന്നത്.
സ്നേഹം പ്രതീക്ഷകൾ ഇല്ലാത്ത, ഉപാധികൾ മുന്നോട്ട് വയ്ക്കാത്ത ഒന്നല്ല....അത് സദാ നിരന്തരമായ ശ്രദ്ധയും, പരിചരണവും ആവശ്യപ്പെടുന്ന ഒന്നാണ്. അസൂയപ്പെടുകയും, വേവലാതിപ്പെടുകയും,സ്വാർത്ഥമാകുകയും ഒക്കെ ചെയ്യുന്നതാണ്.അശ്രദ്ധയിൽ, അനാസ്ഥയിൽ, അലസതയിൽ ശുഷ്കിച്ചില്ലാതായി പോകുന്നതാണ് സ്നേഹം.
"അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി" എന്ന ഒ.എൻ.വി ഗാനം സ്നേഹത്തിന്റെ ഈ പ്രതീക്ഷ പങ്കു വയ്ക്കുന്നുണ്ട്.കൂടെയുണ്ടായിരിക്കണം എന്നത് സ്നേഹത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്.
"വരും, വരാതിരിക്കില്ല" എന്ന എം.ടി യുടെ നായിക, 'മഞ്ഞി'ലെ വിമലയുടെ പ്രതീക്ഷ മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സ്നേഹ വാചകങ്ങളിൽ ഒന്നാണ്.ഒരു അവധിക്കാലത്ത് സ്നേഹം ആഘോഷിച്ചു, വരും എന്നൊരു കപട വാഗ്ദാനം നൽകി യാത്ര പറഞ്ഞ കാമുകൻ, ഒരിക്കലും വരികയില്ല എന്ന വാസ്തവം വിമലക്കും, വായനക്കാർക്കും അറിയാം. എന്നാലും വരുമെന്ന പ്രതീക്ഷയിലാണ് വിമല ആ സ്നേഹത്തെ നില നിർത്തുന്നത്.
സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്നതാണ് ലോകത്തെ ഏറ്റവും വലിയ നുണ. കാരണം അങ്ങനെ വളരെ കഷ്ടപ്പെട്ട് പ്രകടിപ്പിക്കേണ്ട ഒന്നല്ല സ്നേഹം. ബാഹ്യ പ്രേരണകളുടെ ഒന്നും ആവശ്യമില്ലാതെ സ്വയം പ്രകടമാകാൻ കെൽപ്പുള്ള , അതിശക്തമായ ഒരു മനുഷ്യവികാരമാണ് സ്നേഹം. ഗർഭിണികളായ സ്ത്രീകളുടെ ഒരു കൈ , വളരെ സ്വാഭാവികമെന്നോണം അവരുടെ വീർത്ത വയറിന്റെ മുകളിൽ വയ്ക്കുന്നത് കണ്ടിട്ടില്ലേ ? ജനിച്ച അന്ന് മുതലേ ആ വീർത്ത വയർ സ്വശരീരത്തിന്റെ ഒരു ഭാഗമായിരുന്നു എന്ന പോൽ അത്ര സരളവും, സുഗമവും ആയിട്ടാണ് ആ കൈ വയ്ക്കൽ. രൂപമറിയാത്ത, മുഖമറിയാത്ത, സ്വരമറിയാത്ത ഒരു കുഞ്ഞിനോടുള്ള സ്നേഹവും, സംരക്ഷണവും ആണത്.
സ്നേഹപ്രകടനം എന്നത് ഒരു കോലാഹലമല്ല. ലോകം പോലും അറിയാതെ രണ്ടു മനുഷ്യർ ആത്മാവ് കൊണ്ട് തൊടുന്നതാണ് അത്.അർദ്ധനിമിഷം നീണ്ടു നിൽക്കുന്ന ഒരു നോട്ടമോ, അത്ര മേൽ നനുത്ത ഒരു സ്പർശമോ, ഒരു നിറഞ്ഞ ചിരിയോ, ഒരു തുള്ളി കണ്ണീരോ സ്നേഹത്തിന്റെ ശക്തി പ്രമാണങ്ങൾ ആകാം. വീട്ടിലെ നൂറ് ജോലിത്തിരക്കുകൾക്ക് ഇടയിൽ സ്വസ്ഥമായി ഉറങ്ങുന്ന തന്റെ കുഞ്ഞിനെ ഏതാനും നിമിഷം നോക്കി നിന്ന് കണ്ണു നിറക്കുകയും, കണ്ണു കിട്ടല്ലേ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയെ പോലെ...
സ്നേഹം നിഷേധിക്കപ്പെടുമ്പോൾ, സ്നേഹത്തിൽ ചതിക്കപ്പെടുമ്പോൾ...അപ്പോൾ ആണ് മനുഷ്യർ ഏറ്റവും മുറിഞ്ഞ് പോകുന്നത്.നിനച്ചിരിക്കാത്ത നേരത്ത് നാലു ഭാഗത്തു നിന്നും, കരുണയില്ലാതെ Thank കൂർത്ത കഠാര കുത്തുകൾ ഉടലിൽ ഏറ്റിട്ടും, നിലത്തു വീഴാതെ നിന്ന ജൂലിയസ് സീസർ നിലം പതിച്ചത് ബ്രൂട്ടസ് എന്ന ആത്മമിത്രം പിറകിൽ നിന്ന് കുത്തിയപ്പോൾ ആണ്."നീയും ഉണ്ടോ കൂട്ടത്തിൽ, എങ്കിൽ ഞാൻ മരിക്കാൻ യോഗ്യനാണ്" എന്നായിരുന്നു സീസറുടെ അവസാന വാചകം. ആ കുത്തേറ്റത് സീസറുടെ ഉടലിലല്ല, ഉയിരിൽ ആയിരുന്നു. താൻ മരണയോഗ്യൻ ആണ് എന്ന് അദ്ദേഹത്തിന് തോന്നിയത് സ്നേഹത്തിൽ ചതിക്കപ്പെട്ടപ്പോൾ ആയിരുന്നു.
മഹാഭാരതത്തിൽ 'ഛായാമുഖി' എന്നൊരു കണ്ണാടിയെ കുറിച്ചു പരാമർശമുണ്ട്.ആ കണ്ണാടിയിൽ നോക്കുമ്പോൾ , നോക്കുന്ന ആൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളുടെ മുഖമാണ് തെളിയുക.ഭീമസേനന്റെ ആദ്യ ഭാര്യ ഹിഡുംബിയുടേത് ആയിരുന്നു ആ കണ്ണാടി. അവൾ അതിൽ നോക്കുമ്പോൾ ഒക്കെയും ഭീമനെയായിരുന്നു കണ്ടിരുന്നത്.തന്റെ മുഖം അതിൽ തെളിയും എന്ന മോഹത്തോടെയാണ് അവൾ ആ കണ്ണാടി ഭീമന് നൽകിയത്. പക്ഷെ ഭീമൻ നോക്കിയപ്പോൾ ഒക്കെ ആ കണ്ണാടിയിൽ നിറഞ്ഞത് ദ്രൗപതിയുടെ മുഖമായിരുന്നു.ആ കണ്ണാടി കൊണ്ടു ചെന്ന് ദ്രൗപദിക്ക് കൊടുത്തപ്പോൾ ഭീമൻ പ്രതീക്ഷിച്ചത് അതിൽ തന്റെ മുഖം കാണും എന്നായിരുന്നു. എന്നാൽ ദ്രൗപദിയുടെ നോട്ടത്തിൽ അതിൽ തെളിഞ്ഞത് അർജുനൻ ആയിരുന്നു. സ്നേഹം അളക്കുന്ന ഒരു കണ്ണാടിയുടെ കാഴ്ചയിൽ നൊന്തു പോകുന്നവർ ആണ് നാം ഒക്കെയും...