Image

കോവിലകത്തിന്റെ സ്മരണകളിരമ്പും മുഹമ്മയിലെ കായലോര തറവാടുകള്‍ : (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 24 September, 2022
കോവിലകത്തിന്റെ സ്മരണകളിരമ്പും മുഹമ്മയിലെ കായലോര തറവാടുകള്‍ : (കുര്യന്‍ പാമ്പാടി)

വേമ്പനാട്ടു കായലിന്റെ  പടിഞ്ഞാറും കിഴക്കും തീരങ്ങളോട് ചേര്‍ന്നു കിടക്കുന്ന മുഹമ്മ,  കൈനകരി ഗ്രാമങ്ങള്‍  ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന നിരവധി തറവാടുകള്‍ കൊണ്ട് അനുഗ്രുഹീതമാണ്.  മുഹമ്മയിലെ യോഗ്യാവീടും കൈനകരിയിലെ നങ്ങച്ചിവീടും ലോകമാകെ പടര്‍ന്നു പന്തലിച്ചിരിക്കുന്നു  പരിണയം കൊണ്ടും ഈകുടുംബങ്ങള്‍ തമ്മിലടുത്തു.

കായലോരത്തും കടലോരത്തും ആദ്യത്തെ  ബസ്, ബോട്ട് സര്‍വീസുകള്‍ ആരംഭിച്ച കുടുംബമാണ് ആദ്യത്തേതെങ്കില്‍ മുലക്കരം പിരിക്കാന്‍ എത്തിയ ദിവാന്റെ കിങ്കരന്മാരോടു പ്രതിഷേധിച്ച് മുല മുറിച്ചു  നല്‍കിയ ധീര നങ്ങേലിയുടെ കുടുംബവും ആ ഗ്രാമത്തിലേതാണ്. ലോകത്തില്‍ തന്നെ ഏറ്റവും മൂല്യമുള്ള കംപ്യുട്ടര്‍ കമ്പനി ഇന്‍ഫോസിസിന്റെ  സ്ഥാപകരില്‍ ഒരാളായ ബഹുശത  കോടീശ്വരന്‍ ഷിബുലാലും മുഹമ്മക്കാരന്‍.

(കുടുംബ ചരിത്രം;  എഡിറ്റർ സിജെ  യോഗ്യാവീട്, കുടുംബം, എഡിറ്റോറിയൽ ബോർഡ്)

ഹൗസ് ബോട്ടുകള്‍ക്കു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്തുനിന്നു 16 രൂപ ടിക്കറ്റിനു 45 മിനിറ്റുകൊണ്ട് കായല്‍ കുറുകെക്കടന്നു മുഹമ്മയില്‍ എത്താം. അവിടെനിന്നു പത്തുമിനിറ് നടന്നാല്‍ മുഹമ്മ ജംക്ഷന്‍ ആയി. ആലപ്പുഴക്കും ചേര്‍ത്തലക്കും  ബസുകള്‍ പോകുന്ന തീരദേശ റൂട്ടിന്റെ നടുമുറ്റം. ദൂരം: ആലപ്പുഴ 12 കിമീ, തണ്ണീര്‍മുക്കം 10, ചേര്‍ത്തല 12, കുമരകം 8, നാഷണല്‍ ഹൈവേ 66ലെ കഞ്ഞിക്കുഴി 4

ബോട്ട് ജെട്ടിക്കും ജംക്ഷനും ഇടയില്‍ രണ്ടു നൂറ്റാണ്ടിന്റെ കഥപറയുന്ന സെന്റ് ജോര്‍ജ് പള്ളിയും  പ്രമുഖ യോഗ്യാ തറവാടുകളും കാണം. '1826ല്‍ കല്ലിട്ട ഈ പള്ളി നാടിന്റെ  അഭിമാനമാണ്,' എന്ന് വികാരി ഫാ. ജോണ്‍ പരുവപ്പറമ്പില്‍. ഹൈന്ദവപരമ്പര്യം വിളിച്ചോതുന്ന 'കോവിലകം' റിസോര്‍ട് ആണ് മുഹമ്മയുടെ മറ്റൊരു കൊടിയടയാളം. കായലോരത്ത് യോഗ്യാവീട്ടുകാരില്‍ നിന്ന് വാങ്ങിയ സ്ഥലത്ത് റിസോര്‍ട് ഉയര്‍ത്തിയത് ആലപ്പുഴ താമസിക്കുന്ന വള്ളംകുളം നെടുംബ്രോത്ത് വാര്യംകാട്ടില്‍ കണ്ടത്തില്‍ ജോണ്‍ മാത്യു-ലീല ജോണ്‍ ദമ്പതികള്‍.

(യോഗ്യാവീട് നിധിപോലെ സൂക്ഷിക്കുന്ന  റിട്ട. ബാങ്ക് മാനേജർ ആന്റണി ചാക്കോ)

ഞാന്‍ വിളിക്കുമ്പോള്‍ ജോണും ലീലയും ടൊറന്റോയില്‍ റോയല്‍ ബാങ്ക് ഓഫ് കാനഡയില്‍ സേവനം ചെയ്യുന്ന ഇളയ മകള്‍ ആര്‍ച്ചയുടെ കൂടെയാണ്. ഐഐഎം ബിരുദധാരി രാഹുല്‍ ഇല്ലമ്പള്ളിയാണ് ഭര്‍ത്താവ്. മൂത്തമകള്‍ അപൂര്‍വ ബിസിനസുകാരന്‍നായ  ഭര്‍ത്താവ് തോട്ടയ്ക്കാട് ഓലിക്കര രോഹിതുമൊത്ത് പുണെയില്‍ ബിസിനസ്. രോഹിതും ഐഐഎം പ്രോഡക്ട്. കോവിലകത്ത് ഗായകി ഉഷ ഉതുപ്. ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ ഗ്രെഗ് ചാപ്പല്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ വന്നിട്ടുണ്ടെന്ന് ലീല പറഞ്ഞു.

ലണ്ടനില്‍  എഴുത്തുകാരിയും ഐടി വിദഗ് ധയുമായി എനിക്ക് ഒരു സുഹൃത്ത് ഉണ്ട്--സ്മിത ജോര്‍ജ്. മുഹമ്മ യോഗ്യാവീട്ടിലെ അംഗം.  എംആര്‍സിപി ക്കാരനായ ഗ്ലാഡ്വിന്‍ ജോര്ജിന്റെ ഭാര്യ. കോവിഡ് കാലത്തു ബ്രിട്ടനില്‍ മഹദ് സേവനം ചെയ്ത  ഭാരതീയരുടെ പ്രത്യേകിച്ച് മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് എനിക്ക് അയച്ചുതന്ന ആളാണ് ജേര്ണലിസ്‌റ് കൂടിയായ സ്മിത.  ഡോവറില്‍ നിന്ന് കാറില്‍ ഫെറികപ്പലിലൂടെ ഇംഗ്ലീഷ് ചാനല്‍ കടന്നു  ഫ്രാന്‍സിലെ കലെ വഴി യൂറോപ്പിലേക്ക്  പോയ ആള്‍.

യോഗ്യാകുടുംബചരിത്രം എഴുതി പ്രശസ്തി നേടി അടുത്തകാലത്ത് അന്തരിച്ച സിജെ എന്ന ചാക്കോ ജോസിന്റെ  അനുജന്‍ പ്രൊഫ. ചാക്കോ ജോര്‍ജിന്റെയും പ്രൊഫ. ജെസമ്മയുടെയും മകളാണ്. കോഴിക്കോട് ആര്‍ഇസി (ഇന്നത്തെ എന്‍ ഐ ടിടി) ബിരുദധാരി.   കാലടി ശ്രീശങ്കര കോളജിലും നൈജീരിയയിലും സേവനം ചെയ്ത ജോര്ജും  തൃശൂര്‍ സെന്റ് മേരീസില്‍  സേവനം ചെയ്ത ജെസമ്മയയും  തൃശൂര്‍ താമസം. ഇടയ്ക്കിടെ അവരുമായും ബന്ധപ്പെടാറുണ്ട്.

(സെന്റ് ജോർജ് പള്ളി;  ആർച്ചുബിഷപ് കാട്ടുമന, ഫാ. ജോൺ,  ജോസി, സെക്ര. മാത്തുക്കുട്ടി, മുൻ സെക്ര. കെ എ  ജോസഫ്, രാജമ്മ)

'മുഹമ്മ എന്ന സ്ഥലനാമത്തിനു  ഏതാണ്ട് ഇരുനൂറ് വര്‍ഷത്തെ ചരിത്രമേയുള്ളു.കായല്‍ യാത്രക്കാര്‍ വള്ളം അടുപ്പിച്ച് അത്താഴം കഴിച്ചിരുന്ന 'അത്താഴക്കാട്' ആയിരുന്നു ഈ പ്രദേശം. മുപ്പിരിത്തോട് ഒഴുകി കായലില്‍ ചേരുന്ന ഭാഗത്തെ മുഖപ്പു എന്നുവിളിച്ചിരുന്നു. അതിനു തെക്കുപടിഞ്ഞാറ് മുഖമ്മേല്‍ എന്നൊരു ഈഴവ തറവാട് ഉണ്ടായിരുന്നു. അതോടു ചേര്‍ന്ന് ഒരു കമ്പോളവും. അവിടെ മൊഹിയുദീന്‍ എന്ന മുസ്ലിം പള്ളിയും. രണ്ടും ലോപിച്ച് മുഹമ്മ ആയതാണെന്നു പഴമക്കാര്‍ പറയുന്നു,' (യോഗ്യാവീട് കുടുംബ ചരിത്രം പേജ് 34-35).

ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധീനതയില്‍ പെട്ട മുഹമ്മയിലെ ചീരപ്പന്‍ചിറ ഈഴവകുടുംബത്തിലെ പണിക്കര്‍മാര്‍ കാരപ്രമാണിമാര്‍ ആയിരുന്നു. രാജാവില്‍ നിന്ന് ലഭിച്ചതാണ് പണിക്കര്‍ സ്ഥാനവും വാളും പരിചയും. പേരെടുത്ത കളരിയും ഉണ്ടായിരുന്നു.

കമ്മ്യുണിസ്‌റ് നേതാക്കളായ എകെജി, ഇകെ നായനാര്‍, ടിവി തോമസ് എന്നിവര്‍ ചീരപ്പന്‍ചിറയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ആ തറവാട്ടിലെ സുശീലയെയാണ് എകെജി വിവാഹം ചെയ്തത്-- എംപിയായ സുശീല ഗോപാലന്‍. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന പുന്നപ്ര- വയലാര്‍ സമരത്തിന് മുഹമ്മക്കാര്‍ നല്‍കിയ സംഭാവനയും  വലുതായിരുന്നു. ചിലമ്പിശ്ശേരി തറവാട്ടിലെ സികെ  കുഞ്ഞികൃഷ്ണന്‍ 1924 ഗാന്ധിജിയോടൊപ്പം വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ചിലമ്പിശ്ശേരില്‍ നാരായണന്‍ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതിയ പ്രമാണിയായിരുന്നു.

(ഗായിക ഉഷാ ഉതുപ്പ് കോവിലകം റിസോർട്ടിൽ)

സ്രാമ്പിക്കല്‍ തറവാട്ടിലെ നങ്ങേലി എന്ന ധീര വനിത മുലക്കരം പിരിക്കാനെത്തിയവര്‍ക്ക് സ്വന്തം മുല ഛേദിച്ചു നല്‍കിയത്രെ.  '1803ല്‍  മുലക്കരം കൊടുക്കാന്‍ പണമില്ലാത്തതുകൊണ്ടു നങ്ങേലി എന്ന സ്ത്രീ  തന്റെ മുലകള്‍ മുറിച്ച് തൂശനിലയില്‍ വച്ചുകൊടുത്തു എന്നാണ് ചരിത്രം. ഈ സ്ഥലത്തിന് പിന്നീട് മുലച്ചിപ്പറമ്പ് എന്ന് പേര് വന്നു. രക്തം വാര്‍ന്നു മരിച്ച നങ്ങേലിയെ ദഹിപ്പിച്ച ചിരിചിതയില്‍ ചാടി ഭര്‍ത്താവ് ചിരികണ്ടപ്പനും ആത്മഹത്യ ചെയ്തു എന്നും കേള്‍വിയുണ്ട്,' (പെരുമ്പടവം ശ്രീധരന്‍, അവതാരിക, 'മുലച്ചിപ്പറമ്പ്', ദളിത് ബന്ധു, 2017).

'കേരളത്തിലെ സവര്‍ണ വര്‍ഗ മേധാവിത്തത്തിനും ബ്രാഹ്‌മണ ചൂഷണ മര്‍ദ്ദനത്തിനും എതിരെ നടന്ന ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു  നങ്ങേലി സംഭവം. അതുപിന്നെ ചാന്നാര്‍ ലഹളയായി, വൈകുണ്ഠ സ്വാമികളായി, ആറാട്ടുപുഴ വേലായുധ പണിക്കരായി, നാരായണ ഗുരുവായി, അയ്യങ്കാളിയായി, യോഹന്നാന്‍ ഉപദേശിയായി, പണ്ഡിറ്റ് കറുപ്പനായി, സഹോദരന്‍ അയ്യപ്പനായി, അങ്ങനെ മാലപ്പടക്കം പോലെ ഒന്നിനു  പുറകെ ഒന്നായി പൊട്ടിത്തെറിച്ച് ഇന്നത്തെ കേരളം രൂപം കൊണ്ടു,' (മുലച്ചിപ്പറമ്പ്, ദളിത് ബന്ധു).

(കോവിലകം ഉടമകൾ ജോൺ മാത്യുവും ലീലയും മക്കളോടൊപ്പം--മുകളിൽ അപൂർവ (പുണെ), ആർച്ച  (ടൊറന്റോ))

ഇരുനൂറു വര്‍ഷത്തെ ചരിത്രമുള്ള മുഹമ്മ സെന്റ് ജോര്‍ജ് പള്ളിയില്‍ അറുനൂറ്റമ്പതു കുടുംബങ്ങള്‍ ഉണ്ട്.  പള്ളി റിക്കാര്‍ഡില്‍ യോഗ്യാവീട് നമ്പര്‍ 101 വരെക്കാണാം. പക്ഷെ എല്ലാവരും മുഹമ്മ ഇടവകയില്‍ പെട്ടവര്‍ ആയിരിക്കില്ലെന്നു നാലുവര്‍ഷമായി വികാരിയായി സേവനം ചെയ്യുന്ന ഫാ. ജോണ്‍ പരുവപ്പറമ്പില്‍  പറയുന്നു.

രാജാവിന് കാണിക്ക വയ്ക്കുന്ന 'യോഗ്യന്മാരുടെ കുടുംബം' എന്ന നിലയില്‍  രാജകല്പനപ്രകാരം സിദ്ധിച്ചതാണത്രേ  ആ വീട്ടുപേര്. 1826നു ശേഷമുള്ള ഓലയാധാരങ്ങളില്‍  എല്ലാം 'യോഗ്യാവീട്ടില്‍ പോത്തന്‍ ചാണ്ടി' എന്നാണ് രേഖപ്പെടുത്തയിട്ടുള്ളത്.  യോഗ്യാവീടിന്റെ ശാഖകളില്‍ ചിറക്കല്‍, കാട്ടിപ്പറമ്പ്, കാട്ടുമന, , മണ്ണുമഠം, കളത്തിപ്പറമ്പ്, കപ്പലുമാവുങ്കല്‍,  മങ്കുഴി,  ചാലങ്ങാടി  തുടങ്ങിയവ ഉള്‍പ്പെടുന്നു. അന്തരിച്ച ആര്‍ച്ച്ബിഷപ് എബ്രഹാം കാട്ടുമന കുടുംബാംഗം ആയിരുന്നു. വൈദികരും കന്യാ സ്ത്രീകളും ഒട്ടേറെ. യോഗ്യാവീടന്മാര്‍ എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ട്.

ബിസിനസില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് യോഗ്യാവീട്ടുക്കാര്‍. ചേര്‍ത്തല താലൂക്കില്‍ ആദ്യത്തെതായ വൈക്കത്തുപറമ്പില്‍ കയര്‍ ഫാക്ടറി സ്ഥാപിച്ചതു കുഞ്ഞാണ്ടി ആയിരുന്നു.  ഗുജറാത്തിലും കോയമ്പത്തൂരും മുഹമ്മയിലും യൂണിറ്റുകള്‍ ഉള്ള ഗ്ലാസ്‌ടെക് കമ്പോണന്റ്‌സിന്റെ മാനേജിങ് ഡയറക്ടര്‍  മുമ്പ്  ആലപ്പുഴ എക്‌സല്‍ ഗ്ലാസ്സില്‍ ജോലിചെയ്ത ടോമി  ജോണ്‍ യോഗ്യാവീട് ഷേണോയ് ശാഖയിലെ അംഗമാണ്. 

(മുഹമ്മയുടെ അഭിമാനം: ഷിബുലാൽ,  ഭാര്യ കുമാരി, മകൾ ശ്രുതി)

കാട്ടുമനയില്‍ കൊച്ചുവര്‍ക്കിയാണ്  ചിറയില്‍ അവിരാ ഔസേപ്പുമായി പങ്കു ചേര്‍ന്ന് എറണാകുളം-ആലപ്പുഴ, എറണാകുളം-കോട്ടയം റൂട്ടുകളില്‍   ആദ്യമായി സെന്റ് ജോര്‍ജ് ബോട്ട് സര്‍വീസ് ആരംഭിച്ചത്. ആലപ്പുഴ-വൈക്കം  റൂട്ടില്‍ അവരുടെ കേസരി  ബോട്ടും സര്‍വീസ് നടത്തി. ആലപ്പുഴ-ചമ്പക്കുളം  റൂട്ടില്‍ അവരുടെ സെലിന്‍ ബോട്ട് ഓടി. ആദ്യമായി മുഹമ്മ-കുമരകം ആദ്യമായി കേസരി ബോട്ട് ഓടിച്ചതും അവര്‍ തന്നെ.

അവിരാ ഔസേപ്പിന്റെ മക്കള്‍ ചാണ്ടിച്ചന്‍, പോത്തച്ചന്‍, ചാക്കോച്ചന്‍ എന്നിവര്‍ കുട്ടനാട്ടില്‍  ഉള്‍നാടന്‍ ഗതാഗതം വ്യാപിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചവരാണ്. ആലപ്പുഴ ആസ്ഥാനമാക്കി ചമ്പക്കുളം, കാവാലം, ചങ്ങനാശ്ശേരി, കോട്ടയം  എന്നിവിടങ്ങളിലേക്കും എറണാകുളത്തുനിന്ന് കോട്ടപ്പുറത്തേക്കും അവര്‍ ബോട്ട് ഓടിച്ചു. ആലപ്പുഴ -തണ്ണീര്‍മുക്കം തീരദേശ റൂട്ടില്‍ ആദ്യമായി ബസ് ഓടിച്ചതും അവരാണ്. ചേര്‍ത്തല നിന്നു ഉള്‍നാട്ടിലൂടെ മുഹമ്മ വരെയും ബസ് സര്‍വീസ് ആരംഭിച്ചു.

കൃഷി, വ്യവസായം, ബിസിനസ്, ബാങ്കിങ്ങ് മേഖലകളില്‍ അഭിമനകരമായ  നേട്ടങ്ങള്‍ കൈവച്ച വ്യക്തിയാണ് 1999ല്‍  അന്തരിച്ച പടിഞ്ഞാറെച്ചിറയില്‍ ഔസേപ്പച്ചന്‍ എന്ന പോത്തന്‍ ജോസഫ് (82). സ്‌കൂള്‍ ഫൈനലിനു ശേഷം  കേരള കയര്‍ മില്‍സും ഭാരത് കയര്‍ വര്‍ക്സും നടത്തി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുഹമ്മ ജംക്ഷനില്‍ കടനിര പണിത്  നാഷണല്‍ ക്രെഡിറ്റ് ബാങ്ക് നടത്തി. റേഷന്‍ മൊത്തവിതരണം കൈകാര്യം ചെയ്തു. യോഗ്യാവീട് ഫാമിലി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്  ആയിരുന്നു.

(മുൻ പഞ്ചാ.വൈസ് പ്രസിഡന്റ്-ദമ്പതിമാർ ജെയിംസ് ചാക്കോ, കൊച്ചുത്രേസ്യ)

യോഗ്യാവീട് കുടുംബത്തില്‍ പെട്ട വള്ളാപ്പാട്ടില്‍ ഫാ. സക്കറിയാസിന്റെ പ്രഥമ ദിവ്യബലിയോടനുബന്ധിച്ച് 1969ല്‍  യോഗ്യാവീട് തറവാട്ടില്‍ ചേര്‍ന്ന  യോഗമാണ്  ഫാമിലി അസോസിയേഷന്‍ റൂപീകരിക്കാന്‍ തീരുമാനിച്ചത്. യോഗ്യാവീട്ടില്‍ ജോയിച്ചന്‍, മങ്കുഴിയില്‍ വാവച്ചന്‍, വള്ളാപ്പാട്ടില്‍  ജോയിച്ചന്‍ എന്നിവര്‍ മുന്‍കൈയെടുത്തു. പടിഞ്ഞാറേ ചിറയില്‍ പോത്തന്‍ ജോസഫ് (പ്രസിഡണ്ടും  തെക്കേമങ്കുഴിയില്‍ സി ചാണ്ടി സെക്രട്ടറിയുമായി.

യോഗ്യ തറവാട്ടിലെ വൈ. ജെ  ജേക്കബിന്റെ  പുത്രനാണ് കുടുംബയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോസി ജേക്കബ്. ആലപ്പുഴയിലും ചേര്‍ത്തലയിലും കോട്ടയത്തും യോഗ്യാ ഫ്രെയിംസ് ലെന്‍സ് നടത്തുന്നു.  കുടുംബയോഗം സെക്രട്ടറി കടുത്തുരുത്തിയിലെ  എംവൈ അസ്സോസിയേറ്റ്‌സ്  ഉടമ  മാത്യു എം യോഗ്യാവീടാണ്.

പ്രസിഡന്റും സെക്രട്ടറിയുമായി സേവനം ചെയ്ത വൈ ജെ ജേക്കബിന്റെ കാലത്താണ്  കുടുംബചരിത്രം തയ്യാറാകാന്‍ ശ്രമം ആരംഭിച്ചത്.  അദ്ദേഹം അന്തരിരിച്ചതിനെ തുടര്‍ന്ന് ചാക്കോ ജോസ് എന്ന 'സിജെ യോഗ്യാവീട്' ചരിത്ര രചന പൂര്‍ത്തീകരിച്ച് 2006ല്‍ പുറത്തിറക്കി.  ചേര്‍ത്തല കപ്പലുമാവുങ്കല്‍ കെ ഇ ജോസഫ് എന്ന വാവച്ചന്‍ ആയിരുന്നു  സെക്രട്ടറി. 23 വര്‍ഷം ഖത്തറില്‍ സേവനം ചെയ്തു മടങ്ങിയവരാണ് വാവച്ചനും ഭാര്യ രാജമ്മയും.    

(ബഹുമുഖപ്രതിഭ--ചിറയിൽ പോത്തൻ ജോസഫ്-മോളി; മകൻ സേവിച്ചൻ-കൊച്ചുത്രേസ്യ, മക്കൾ)

യോഗ്യാകുടുംബത്തില്‍ കലാകാരന്‍മാരും കുറവല്ല. സിബി യോഗ്യാവീട് യോഗ്യാ കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്ത കുഞ്ചാക്കോയുടെ  നവോദയ സ്‌റുഡിയോയില്‍  സഹസംവിധായകനായി തുടക്കം കുറിച്ച ആളാണ്.  അപ്പച്ചന്‍, ഫാസില്‍. ജോഷി തുടങ്ങിയവരുടെ പേരെടുത്ത പല ചിത്രങ്ങള്‍ക്കു  വേണ്ടി പ്രവര്‍ത്തിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മൈ ഡിയര്‍  കുട്ടിച്ചാത്തന്‍ മുതലായവ. 'പോലീസ് ഡയറി'യുടെ  തിരക്കഥ സിബിയുടേതായിരുന്നു. ഷാലോം ടിവിയിലായിരുന്നു അവസാനകാലം. കഴിഞ്ഞ ഡിസംബറില്‍ അന്തരിക്കുമ്പോള്‍ പ്രായം 62. 

അനുജന്‍ അലക്‌സ് ചാണ്ടി (അലക്സാണ്ടറുംചാണ്ടിയും ചേര്‍ന്ന 'സാണ്ടപ്പന്‍') തിരുവനന്തരം ഫൈന്‍  ആര്‍ട്‌സ് കോളജില്‍ നിന്ന് ബിഎഫ്എ എടുത്ത് കോട്ടയത്ത് എസ്. രാധാകൃഷ്ണനുമായി ചേര്‍ന്ന് ക്രിയേറ്റിവ് മൈന്‍ഡ്സ് എന്ന ഡിസൈന്‍  സ്റ്റുഡിയോ സ്ഥാപിച്ചു. കുടമാളൂരില്‍ ചിരാത് സ്റ്റുഡിയോ പോട്ടറി, എറണാകുളത്ത് ഗ്രീന്‍ ഓഗസ്‌റ് എന്നിവ നടത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 260 കലാകാരന്മാരെ അണിനിരത്തി ആലപ്പുഴയില്‍  നടത്തിയ  'ലോകമേ തറവാട്' എക്സിബിഷനില്‍ പ്രതിഷ്ഠാപനം ഉണ്ടായിരുന്നു. സൗത്ത് വാഴക്കുളത്ത് സ്വന്തം സ്റ്റുഡിയോ. കുടുംബചരിത്രം കവര്‍ ഡിസൈന്‍ ചെയ്തു.

കൃഷിയില്‍ നിന്ന് ബിസിനസിലേക്കും ബിസിനസില്‍ നിന്ന് സാമൂഹ്യ സേവനത്തിലേക്കും പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞ ചരിത്രം ഉള്ളവരാണ് മുഹമ്മക്കാര്‍. ഇന്‍ഫോസിസ്  സ്ഥാപകന്‍ എസ് ഡി  ഷിബുലാലും ഭാര്യ കുമാരിയും ഒരുപാടുകാലമായി വിദ്യാഭ്യാസ സ്വന്തം ഗ്രാമത്തിലും സംസ്ഥാനത്തും വിദ്യാഭ്യാസ  പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ വ്യാപ്രുതരാണ്.

(കലയിൽ കനലായി സഹോദരന്മാർ--സിബി യോഗ്യാവീട്, സാണ്ടപ്പൻ)

അച്ഛനമ്മമാരുടെ പേരില്‍ അവര്‍ ഏര്‍പ്പെടുത്തിയ  സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ ഏറ്റവും മികച്ച ജൈവ കഷകന് രണ്ടുലക്ഷം രൂപ അവാര്‍ഡ് നല്‍കുന്നു. 14 ജില്ലകളിലെ മികച്ച കര്‍ഷകര്‍ക്കും 5,0000 രൂപ വീതം പുരസ്‌കാരം ഉണ്ട്. 2021ലെ അക്ഷയശ്രീ പുരസ്‌കാരത്തിനു തെരഞ്ഞടുത്തത് വയനാട്ടില്‍ വേങ്ങപ്പള്ളി പഞ്ചയത്തില്‍ തെക്കുംതറയില്‍  ഏഴു ഏക്കറില്‍ ശ്യാംഎംഫാം നടത്തുന്ന കെ. ശശീന്ദ്രനെയാണ്.

ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടിവ് ട്രസ്റ്റി ഷിബുലാലിന്റെ സഹപാഠി കൂടിയായ പ്രൊഫ. എസ. രാമാനന്ദ് ആണ്. ആലപ്പുഴ എസ ഡി കോളജില്‍ വര്‍ ഒന്നിച്ചു ഫിസിക്‌സ് പഠിച്ചു.. ഒമ്പതു പേരടങ്ങിയ  അവാര്‍ഡ് കമ്മിറ്റിയുടെ  കണ്‍വീനര്‍ സ്വന്തം ഗ്രാമവാസിയായ പ്രശസ്ത ജൈവ-പരിസ്ഥിതി പ്ര വര്‍ത്തകന്‍ കെവി ദയാലും. അദ്ദേഹം എംജി യൂണിവേഴ്‌സിറ്റിയിലെ സ്വമതം വീട്ടിലും സംഘടിപ്പിച്ച ഏതാനും ചില ജൈവ കാര്‍ഷിക ശില്‍പ്പശാലകളില്‍ പങ്കെടുത്തുട്ടുള്ള ആളാണ് ഞാന്‍. ഒടുവിലത്തെ ഒരു ശില്പശാലക്കു നേതൃത്വം നല്‍കിയത് പ്രശസ്തനായ പ്രൊഫ. ശോഭീന്ദ്രന്‍.

ഷിബുലാലിന്റെ പത്‌നി കുമാരിയും മകള്‍ ശ്രുതിയും സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് . ശ്രുതി ജന്മനാട്ടിലും ഇന്ത്യയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും തുറന്ന താമര ലിഷര്‍ എക്‌സ്പീരിയന്‍സസ്എന്ന റിസോര്‍ട്ടുകള്‍ പ്രകൃതിയോടിണങ്ങിയ   വേറിട്ട അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ എടുത്ത ആളാണ് ശ്രുതി. മുഹമ്മക്കടുത്ത മണ്ണഞ്ചേരി പഞ്ചായത്തില്‍ പൊന്നാട് വാര്‍ഡില്‍ താമരയുടെ ഒരു യൂണിറ്റ് ഉണ്ട്--അമല്‍ താമര.

കുര്യന്‍ പാമ്പാടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക