Image

പ്രവാസകാലം  (ഓർമകൾ ഉണ്ടായിരിക്കണം - 7:മനക്കലൻ)

Published on 25 September, 2022
പ്രവാസകാലം  (ഓർമകൾ ഉണ്ടായിരിക്കണം - 7:മനക്കലൻ)

ഓർക്കാപ്പുറത്തേറ്റ അടിയാണ് അവനെ നന്നാക്കിയെടുത്തത്. ഇവൻ ഒരു കുഴിമടിയൻ, കുഴിമന്തൻ.. മൊഞ്ച് കാട്ടി നടക്കാനല്ലാതെ മറ്റൊന്നും അറിയാത്ത ഒരു പഞ്ചാര കുഞ്ചു... എടാ മനക്കലാ ഇതിലും നല്ലത് തൂങ്ങി ചാവലല്ലെ കുട്ടാ എന്ന് ചില ബന്ധുക്കൾ.. കൂട്ടുകാരും തഥൈവ. അതയാൾക്കേറ്റ ഒരു ഷോക്ക് ആയിരുന്നു.

ജീവിതത്തിന് ഒരു മഹത്തായ ലക്ഷ്യമുണ്ടെന്ന് C P അബ്ദുൽകാദർ സാഹിബും ജ്യേഷ്ഠൻ AIR ഉം പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയാണ് മനക്കലൻ ഒരു 'മൻസൻ' ആവാൻ ശ്രമിക്കുന്നത്. അതിൽപിന്നെയുള്ള ഒരു വിചാരം അങ്ങനെയാണ്. എനിക്കും വേണം അവരെപ്പോലെയൊക്കെ വിവരസ്ഥനാവുക. ചില്ലറ വിവരമൊന്നും അല്ല, നല്ല വിവരം. ഉറപ്പാണോടാ. അതോ കുറുപ്പിൻ്റെ ഉറപ്പോ?

നമ്മുടെ ഇൻസ്പെക്ടർ, മനക്കലൻ്റെ പിതാജി പണ്ട് പഠിപ്പിച്ചു കൊടുത്ത ഒരു മന്ത്രമുണ്ട്; അതയാൾ ഓർത്തു "if there is a will there is a way"  മനസ്സുണ്ടെങ്കിൽ 
മാർഗമുണ്ട് എന്ന് തന്നെ. മനക്കലൻ്റെ യഥാർത്ഥ qualification അതുമാത്രം ആയിരുന്നു.  അല്ലെങ്കിലും എന്തിനെങ്കിലും പറ്റുന്നവൻ ആവണം മനുഷ്യൻ, that is all... അത്രയേ ഉള്ളൂ. അതോടൊപ്പം എനിക്കും മറ്റുള്ളവരെപ്പോലെ അഭ്യസ്ഥവിദ്യൻ ആവണമെന്ന ചിന്ത വല്ലാതെ വർക് ചെയ്തു.

ആംഗലേയത്തിൻ്റെ ആകാരാദിയും ഗ്രാമറും പഠിച്ചത് സ്വന്തം പിതാവിൽ നിന്നുതന്നെ. പുറമെ ചാലിയം ഹൈസ്കൂളിലെ സ്നേഹസ്വരൂപനായ ചന്ദ്രശേഖരൻ സാറിൻ്റെ ഇംഗ്ലീഷ് ക്ലാസ്സുകളും ആണ് യഥാർത്ഥത്തിൽ അയാളെ ഇംഗ്ലീഷിൽ പരിജ്ഞാനം ഉള്ളവൻ ആക്കിയത്.  ഒരു വാചകം എങ്ങനെ construct ചെയ്യണമെന്ന് കൃത്യമായി പഠിപ്പിച്ചത് അദ്ദേഹം തന്നെ. ഇൻസ്പെക്ടറുടെ അടുത്ത കൂട്ടുകാരൻ ആയതിനാൽ ആ സാറിന് മനക്കലനോടും സഹോദരങ്ങളോടും ഒരു വല്ലാത്ത ഇഷ്ടവും ഉണ്ടായിരുന്നു.

എടുത്തു പറയേണ്ട വസ്തുത തനിക്ക് മറ്റു സഹോദരന്മാരെ പോലെ വിവരസ്ഥൻ ആവാൻ കഴിയണം എന്ന ചിന്ത എന്നും നിഴൽപോലെ കൂടെയുണ്ടായിരുന്നു എന്നതുതന്നെ. അങ്ങനെയാണ് ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളജിലും തുടർന്ന് ശാന്തപുരം ഇസ്ലാമിയ കോളജിലും പഠിക്കാനിടയായത്. ഇവിടെയൊക്കെ ജ്യേഷ്ഠൻ AIR കാര്യമായ ഗൈഡൻസ് നൽകിയിട്ടുണ്ട്.

മനക്കലൻ തൻ്റെ സ്വത്വ പ്രതിസന്ധികളൊക്കെയും എന്നും അതിജീവിച്ചത് അഭിനയം എന്ന കലയിലൂടെയായിരുന്നു. ഒരു കലാവിപ്ലവം. ഇല്ലാത്ത മികവുകൾ ഉണ്ടെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരു കലാവല്ലഭൻ തൻ്റെ ജീവിതത്തെ phihilophize ചെയ്തത് അങ്ങനെയാണ്.

ഏതായാലും ഈ കലാപരതയിൽ ജീവിതത്തെ കഴിയുന്നത്ര കരുപ്പിടിപ്പിച്ച ഒരു അസാധാരണ വൈകൃതം.. ഇതികർത്തവ്യതാമൂഢതയിലും കൃത്യാന്തര ബാഹുല്യം. ജനത്തിനെ അമ്പരപ്പിച്ചു കളയും ഈ നിത്യഹരിത നായകൻ. 

എന്നാൽ ഒരു കാര്യം അടിവരയിട്ട് വായിക്കുക. കാട്ടിക്കൂട്ടാൻ വിദഗ്ധൻ ആണെങ്കിലും വസ്തുതകളെ ഒരിക്കലും കോട്ടിമാട്ടാൻ ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നത് വഞ്ചനയും നിഷിദ്ധവും ആണെന്ന ബോധ്യം നന്നായുണ്ടായിരുന്നു.

ഇസ്ലാമിക പ്രസ്ഥാന പ്രവർത്തനങ്ങളിൽ ഭാഗവാക്കായിരുന്നതിനാൽ സത്യാസത്യ വിവേകം എപ്പോഴും കൈമുതലായുണ്ടായിരുന്നു താനും.

ജീവസന്ധാരണത്തിനായി നാടു വിടാൻ തീരുമാനമെടുത്തപ്പോഴും AIR തന്നെയാണ് ഗൈഡ്. സാമ്പത്തിക സഹായം സ്വന്തം സഹധർമിണിയും. ശ്രീമതിയുടെ ആഭരണം വിറ്റ് കിട്ടിയ കാശാണ് വിസക്ക് വേണ്ടി കൊടുത്തത്. അങ്ങനെയാണ് സൗദി അറേബ്യയിലെ ദമ്മാം - ഖോബാറിൽ എത്തുന്നത്. 

നീണ്ട 23 വർഷം പ്രവാസത്തിൽ കഴിഞ്ഞു.
അതിൽ അധികകാലവും സകുടുംബം ആയത് ഒരു വല്ലാത്ത ദൈവാധീനം തന്നെ. ജീവിതത്തിന് ഉപ്പും പുളിയും നഷ്ടപ്പെട്ടില്ല. മാത്രമല്ല പഞ്ചാര കുന്നിൻമേൽ തേൻ മഴ പെയ്യുക തന്നെ
ചെയ്തു. മക്കൾ നാലിൽ മൂന്നും പ്രവാസകാല ജന്മങ്ങൾ. ഒന്നാമത്തെ തരി പ്യുവർ ഇന്ത്യൻ ഒറിജിൻ.

താൻ ഗൾഫിൽ പോയപ്പോൾ തനിക്കല്ലാതെ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്നറിയില്ല. വല്ലാതെയൊന്നും കൂടപ്പിറപ്പുകൾക്കു വേണ്ടി ചെയ്തതായി ഓർമയില്ല. എങ്കിലും ഇങ്ങനെ ഒരാൾ പ്രവാസത്തിലുണ്ട് എന്ന സമാധാനം കുടുംബത്തിന് ഉണ്ടായിരുന്നു എന്നുമാത്രം. അക്കാലത്ത് അതുതന്നെ വലിയ ഒരു ആശ്വാസമായിരുന്നു.

ഈ ചരിത്ര ആഖ്യായികയുടെ തുടക്കത്തിൽ സവിസ്തരം പ്രതിപാദിച്ച മൂത്ത സഹോദരിയുടെ തൊട്ടുതാഴെയുള്ള അംഗങ്ങൾ ഇവിടെ വ്യക്തമായും പരാമർശിക്കപ്പെടേണ്ടതുണ്ട്.
അവരിൽ ഒരാളെ ഒരു വയസ്സ് തികയുന്നതിന് മുമ്പേ അല്ലാഹുവിൻ്റെ കാരുണ്യത്തിലേക്ക് ഉയർത്തപ്പെട്ടു.
ബാക്കിവരുന്ന ആറു പേർ ഒത്തിരി കനപ്പെട്ട ജീവിതം തന്നെ നയിക്കുന്നു.

ആ ആറു പേരിൽ മൂത്ത തരി ഫ്ളവർ മുല്ല എന്ന് മനക്കലൻ പരിഹസിക്കാറുള്ള ഇൻസ്പെക്ടറുടെ പൂമുല്ല തന്നെ. റുഖിയ ബീഗം എന്നതിൻ്റെ ലോബം ആയ R ബീഗം, അവള് ഫാറൂഖ് കോളജിൽ എത്തിയപ്പോൾ who is ബീഗം എന്നും ബീഗം ആര് എന്നും ഒക്കെ മൊഴിമാറ്റം ചെയ്യപ്പെട്ടത് കൗതുകകരം തന്നെ.
ഫാറൂഖ് കോളജ് പ്രിൻസിപ്പാൾ ആയിരുന്ന മർഹൂം വി. മുഹമ്മദ് സാർ ആണ് അങ്ങനെ വിളിക്കാറുണ്ടായിരുന്നത്.

തിരുവനന്തപുരം കണിയാപുരത്തേക്ക് വേളി കഴിക്കപ്പെട്ട അവളുടെ ഭർത്താവ് ഒരു ഒന്നാംതരം സൈക്കോളജിസ്റ്റും ബിരുദാനന്തര ബിരുദധാരിയുമാണ്.
അറബിയും ഇംഗ്ലീഷും നന്നായി വഴങ്ങുന്ന അദ്ദേഹം സകുടുംബം കുറേക്കാലം ഖത്തറിൽ ആയിരുന്നു.  ഖത്തർ പോലീസിൽ പരിഭാഷകനും ലാംഗ്വേജ് ട്രെയിനറുമായിരുന്നു.  എഴുത്തുകാരനും കോളമിസ്റ്റും പ്രസംഗകനുമായ അദ്ദേഹം ഇന്ന് പക്ഷേ അനാരോഗ്യ അവസ്ഥയിലാണ്. അല്ലാഹു രോഗശമനം നൽകട്ടെ - ആമീൻ. ഒരു നല്ല വീട്ടമ്മയായി കഴിയുന്ന ബീഗം സ്വന്തം ആരോഗ്യ പ്രശ്നങ്ങളെയും അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു.

ഇവിടെ വ്യക്തമായും  വിസ്താരം ഭയക്കുന്ന, കരുത്തനും ശക്തനും ഭക്തനും ആയ ഒരു കഥാപാത്രത്തെ അർഹിക്കുന്ന ഗൗരവത്തിൽ ചർച്ച ചെയ്യാൻ ഞാൻ ശക്തനാണോ എന്നറിയില്ല. എങ്കിലും ഒരു വൃഥാ ശ്രമം നടത്തട്ടെ. അതാണ് ഉഗ്രപുരം മനക്കൽ Dr. അഹ്മദ് ഇല്യാസ് വിലായത്തുല്ല. കടലുണ്ടി നഗരം U.P സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീമാൻ മണി സാർ എന്ന രാവണപ്രഭുവിൻ്റെ സംജ്ഞയിലെ 'വേലായുധൻതുള്ള'  ആണ് നമ്മുടെ വളരെ കനപ്പെട്ട ഈ കഥാപാത്രം. 

മനക്കലൂരിലെ അബ്ദുറഹ്മാൻകുട്ടി സാറിൻ്റെ മക്കളിൽ ഏറ്റവും പ്രതിഭാധനനായ ഒരു മഹാ വിസ്മയം.  അഭിപ്രായ സുബദ്ധതകൊണ്ട് ആരെയും ഇരുത്തിക്കളയുന്ന മഹാ വ്യക്തിത്വം. പരന്ന വായനയും ആഴത്തിലുള്ള അറിവും കൈമുതലായുള്ള ഈ കോളജ് പ്രൊഫസർ സത്യത്തിൽ ഒരു നിത്യഗവേഷകൻ ആണ്. അതുകൊണ്ടുതന്നെ നാട്ടിലും വീട്ടിലും അദ്ദേഹം സാധിക്കുന്ന ചിന്താവിപ്ലവം ആർക്കും നിഷേധിക്കാൻ ആവില്ല. വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അദ്ദേഹം പലപ്പോഴും തീപ്പന്തം ആവാറുണ്ട്. ഇതു പക്ഷേ കേവല വാചാടോപങ്ങൾ അല്ല; യാഥാർത്ഥ്യ ബോധത്തോടെ അടിസ്ഥാന തത്വസംഹിതകളിൽ ഊന്നിനിന്നുകൊണ്ടുള്ള ഒരു ചർച്ചയാണ് അദ്ദേഹത്തിൻ്റെ രീതി. എന്നാൽ ആ രീതിശാസ്ത്രം പലപ്പോഴും നമ്മുടെ pseudo cultural leaders ഒട്ടും ഇഷ്ടപ്പെടാറില്ല. സത്യത്തിന് മിക്കപ്പോഴും കയ്പ് രുചി ആയിരിക്കുമല്ലോ. 

ഇംഗ്ലീഷിലും മലയാളത്തിലും അവഗാഹമുള്ള അദ്ദേഹം അറബിയും നന്നായി പഠിച്ചിട്ടുണ്ട്. അത് അദ്ദേഹം ഇപ്പോൾ ഖുർആൻ ഗവേഷണത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ഇന്നിപ്പോൾ അദ്ദേഹം ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചു കാണുന്നത് ഖുർആൻ പഠനത്തിലും അത് സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കുന്നതിലുമാണ്. ഖുർആനിനെ വളരെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിൽ അഗ്രഗണ്യനാണ് Dr. വിലായത്തുല്ല. അതു പക്ഷേ പരമ്പരാഗത മതസംഘടനകൾക്കും അതിലെ മൗലവിമാർക്കും വല്ലാതെ രസിക്കാറില്ല എന്നതാണ് ശരി.

പ്രവാചകപ്രോക്തമായ ഒട്ടേറെ ഗുണങ്ങളുള്ള ഒരു ഉന്നത വ്യക്തിത്വമാണ് Dr. വിലായത്തുല്ല. സ്വന്തം ജ്യേഷ്ഠാനുജന്മാർ എന്നും മാതൃകയാക്കേണ്ട ഗുണങ്ങൾ.
കുടുംബ ബന്ധം ചേർക്കുന്നതിൽ എന്നും മുൻപന്തിയിൽ അദ്ദേഹം തന്നെ. അകലെയും അടുത്തുമുള്ള കുടുംബാംഗങ്ങളെ പരമാവധി സഹായിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കാറും അദ്ദേഹം തന്നെ. അത്തരം
വലിയ വലിയ ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിൻ്റെ കാർമികത്വത്തിൽ മനക്കൽ കുടുംബത്തിൽ നടന്നിട്ടുണ്ട്. 

അക്കൂട്ടത്തിൽ സുപ്രധാനമായ ഒന്നാണ് മെലേവീട്ടിൽ ഖബീലയുടെ സ്ഥാപനവും അബ്ദുൽജബ്ബാർ കുടുംബ ഫണ്ട് ശേഖരണവും. അകാലത്തിൽ മരിച്ചുപോയ അബ്ദുൽജബ്ബാർ എന്ന മേലേവീട്ടിൽ അബൂബക്കർ (കുഞ്ഞികാക്ക) യുടെ മകൻ്റെ കുടുംബത്തിനു വേണ്ടി ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം വരുന്ന ഫണ്ട് ശേഖരണം. ഒത്തുപിടിച്ചാൽ മലയും പോരും എന്നത് ഏട്ടിലെ പശു അല്ല എന്ന് നൂറുവട്ടം എല്ലാവർക്കും ബോധ്യം വന്നതും അന്നാണ്. 

(തുടരും)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക