StateFarm

അക്ഷരജ്വാലകൾ (സുധീർ പണിക്കവീട്ടിൽ)

Published on 25 September, 2022
അക്ഷരജ്വാലകൾ (സുധീർ പണിക്കവീട്ടിൽ)

(ജയൻ വർഗീസിന്റെ സൂര്യജന്മം എന്ന കവിതാസമാഹാരത്തിന്റെ അവതാരിക)

മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് നടനും, സംവിധായകനും, നാടകകൃത്തുമായി അറിയപ്പെടുകയും അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ഇവിടത്തെ മലയാളപ്രസിദ്ധീകരണങ്ങളിൽ ശക്തമായ കവിതകൾ എഴുതി അമേരിക്കൻ മലയാളസാഹിത്യത്തെ സമ്പന്നമാക്കുകയും ചെയ്ത  ശ്രീ ജയൻ വർഗീസ് അദ്ദേഹത്തിന്റെ നൂറ്റിയൊന്ന് കവിതകൾ സമാഹരിച്ച് സൂര്യജന്മം എന്നപേരിൽ പുസ്തകമാക്കിയിരിക്കയാണ്. അദ്ദേഹത്തിന് അനുമോദനങ്ങൾ ആദ്യമായി അർപ്പിക്കട്ടെ. 
അക്ഷരങ്ങളുടെ  അരണി കടഞ്ഞ്  അനുഭവങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ ഉജ്ജ്വലിപ്പിക്കുന്ന പ്രകാശപ്രളയത്തിൽ അജ്‌ഞതയുടെ അന്ധകാരത്തെ ആട്ടിയോടിക്കുന്ന കവി ചിലപ്പോഴെങ്കിലും ഒരു അവധൂതനായി മാറുന്നത് കാണാം. അദ്ദേഹത്തിന്റെ എഴുത്താണിയുടെ മുനയിൽ ധർമ്മാധർമ്മങ്ങൾ  ചോരയൊലിപ്പിക്കുന്നു. തീവ്രമായ വികാരങ്ങളുടെ വിസ്ഫോടനം ഉൾകൊള്ളുന്ന കവിതകൾ വായനക്കാരന്  മുന്നിൽ  നേരിന്റെയും നെറിവുകേടിന്റെയും കോടതിവിചാരണകൾ തന്നെ സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്.  
ചിലപ്പോൾ അത്തരം ന്യായാന്യായ വിചാരണകൾക്ക് വിധേയമാവുന്നത് നമ്മൾ തന്നെയോ എന്ന് തോന്നുമാറ് വാക്കുകൾ  നമ്മുടെ മനസ്സിൽ തറച്ചു കയറുന്നു. സത്യമോ,മിഥ്യയോ സംസാരസാഗര സത്യമിതജ്ഞാത - മുക്തിയോ, മോക്ഷമോ, സാഫല്യമോ? കവിയുടെ മനസ്സിൽ പ്രകാശവേഗത്തിൽ ചിന്തകൾ പറക്കുന്നു. ഓരോ വരികളിലും അനീതിയെയും അസമത്വത്തെയും എതിർക്കുന്നതിലൂടെ ഒരു നിഷേധിയോ വിപ്ലവകാരിയെ ആകാതെ അപ്രിയസത്യങ്ങൾ വെളിച്ചത്തേക്ക് ചികഞ്ഞെടുക്കുകയാണ് കവി ചെയ്യുന്നത്.
താനാരെന്ന അസ്തിത്വചിന്തയുടെ സഞ്ചാരപഥങ്ങളിൽ തന്നെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ സത്യസന്ധതയോടെ  ആവിഷക്കരിക്കുമ്പോൾ കവിയിലെ വിപ്ലവകാരിയെ നമ്മൾ കാണുന്നു.തന്റെ ആദർശചിന്തകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടാൻ ആവാത്തവിധം മനുഷ്യർ തീർത്ത നീതിബോധത്തിന്റെ അന്ധകാരത്തിൽ നഷ്ടപ്പെടുമ്പോൾ കവി പൊട്ടിത്തെറിക്കുന്നുമുണ്ട്. "ഒരു വേള, വഴിതെറ്റിയെത്തിയോ? എവിടെയെൻ കരളിന്റെ കുളിരായ ഭൂമി? എന്നിങ്ങനെ കാരണം കവിക്കറിയാമായിരുന്നു "ഇവിടെയീ ധന്യമാം സ്നേഹത്തിൻ തീരത്തിലൊരു ദേശമുണ്ടായിരുന്നു". എന്ന സത്യം. ഇല്ലാത്തതു  ഉണ്ടാക്കുന്നതിനേക്കാൾ ഉള്ളത് നഷ്ടപ്പെടാതിരിക്കാനുള്ള ആഹ്വാനങ്ങൾ, കാഹളങ്ങൾ കവി സുധീരം മുഴുക്കുമ്പോഴും പ്രപഞ്ചമെന്ന പ്രദര്ശനശാലക്ക് മുന്നിൽ കളി കാണാൻ നിൽക്കുന്ന ഒരാളായിട്ടല്ല മറിച്ച് താനും അവിടെ   അരങ്ങിലെത്തിയിട്ടുള്ള ഒരു നടനാടെന്ന തിരിച്ചറിവോടെ തന്നെയാണ് കവി പ്രതികരിക്കുന്നത്.  
കവിത എന്തെന്ന ചോദ്യത്തിന് കാളിദാസൻ പറഞ്ഞ വാക്കുകൾ "രുധിതാനുസാരി കവി " എന്നാണു. കരച്ചിലിന് പുറകെ പോകുന്നവനാണ് കവിയെന്നു. ശ്രീ ജയൻ എന്ന കവിയിൽ ധാർമികരോഷം തിളച്ചുപൊന്തുമ്പോഴും അദ്ദേഹം തനിക്ക് ചുറ്റുമുള്ളവരുടെ നിസ്സഹായതയുടെ കരച്ചിൽ കേൾക്കുന്നുണ്ട്.  വ്യവസ്ഥിതികളെ മാറ്റിമറക്കാൻ ഒരു കവിക്ക് കഴിയില്ലായിരിക്കാം.   എങ്കിലും കരയുന്നവർക്ക് വേണ്ടി  അയാൾക്ക് കവിത ചമയ്ക്കാം , വിപ്ലവത്തിന്റെ ഒരു വിത്ത് അവരുടെ മനസ്സിൽ എറിഞ്ഞുകൊണ്ട് അവരെ ബോധവൽക്കരിക്കാം. “വിജ്ഞാന സാഗരതീരത്ത് നിന്നൊരു കക്കയെടുത്തു കളിക്കുമീ മാനവൻ”, എന്നും  "മുത്താണ് നീ ,നിന്നെ മാറിലമർത്തുവാൻ സ്വപ്നവും പേറിയിരിപ്പൂ, വസുന്ധര!!". എന്നുമൊക്കെ അവരെ ആശ്വസിപ്പിക്കുകയുമാവാം.


പിന്നെ കവി സ്വയം ചോദിക്കുന്നു" എവിടെ വേദങ്ങൾ,ഇതിഹാസമുപനിഷദ്‌ ? എവിടെ   ഖുറാൻ , സത്യബൈബിൾ?  അതിന്റെ നിരർത്ഥകയാണ് പിന്നെയുള്ള വരികളിൽ “.കലികയറുന്നൊരു   കാളിയെൻ ഭാരതപ്പെരുമകൾ  കത്തിയമർന്നിടുമ്പോൾ? എന്ന്  എങ്കിലും വെറുതെ ഭയന്നോടുകയല്ല. വരിക സഹോദരാ,യീയുഗസംഗമപ്പടിയിലൊരു  നവ പരിമളം ചാർത്തു നീ! ഒരുമിച്ചു നമ്മളുയർത്തുക   തമസ്സിന്റെ വിരിമാറിലായിരം   പുലരിപ്പതാകകൾ ! എന്നിങ്ങനെ ആത്മവീര്യം പകരുകയാണ്. 
ഈ വരികൾ ശ്രദ്ധിക്കുക. എന്നും വിടരേണ്ട  പൊൻപ്രഭാതങ്ങളെ - യുമ്മകൾനൽകി ,യുണർത്തേണ്ട നാളെകൾ,  ഇങ്ങിനി വന്നുചേരേണ്ടന്നു  നമ്മുടെ  പൊങ്ങൻ ഭരണാധികാരികൾ  ചൊല്ലിയാൽ,  ഇല്ലെന്നുറക്കെയലറി കരയുവാൻ ,  എന്നിലും,നിന്നിലും ചങ്കൂറ്റമാവണം! ജന്മാന്തരങ്ങൾ തഴക്കുമീ ഭൂമിയെൻ, ജന്മാവകാശമാണെന്നു  പറയണം .
അനുഭവങ്ങളെ ആവിഷ്കരിക്കാൻ കവികൾക്ക് വാക്കുകൾ അപര്യാപ്തങ്ങളാകാറുണ്ട്. പക്ഷെ ശ്രീ ജയന് കുഞ്ചൻനമ്പ്യാർ പറഞ്ഞപോലെ പാൽകടൽതിരകൾ പോലെ വാക്കുകൾ തള്ളി വരുന്നുന്നതായി കാണാം. കവിതയെ സുഗമവും സുന്ദരവുമാക്കുന്നത് വാക്കുകളുടെ സമ്മോഹനസമ്മേളനമാണ്. ഈ വരികൾ ശ്രദ്ധിക്കുക.
എന്നും വിടരേണ്ട പൊൻപ്രഭാതങ്ങളെ,
യുമ്മകൾ നൽകിയുണർത്തേണ്ട നാളെകൾ 
ഇങ്ങിനി വന്നു ചേരേണ്ടെന്നു നമ്മുടെ 
പൊങ്ങൻ  ഭരണദധികാരികൾ ചൊല്ലിയാൽ 
ഇല്ലെന്നുറക്കെയാലറികരയുവാൻ 
എന്നിലും നിന്നിലും ചങ്കൂറ്റമാവണം 
ജന്മാന്തരങ്ങൾ തഴക്കുമീ 
ഭൂമിയെന്ന ജന്മാവകാശമാണെന്നു പറയണം.

വിപ്ലവത്തിന്റെയെയും നിഷേധത്തിന്റെയും ശബ്ദത്തിനിടയിൽ കാൽപ്പനിക സൗന്ദര്യത്തിന്റെ മനോഹാരിത വഹിച്ച് നിൽക്കുന്ന വരികളും കാണാം. പടിഞ്ഞാറേ മാനത്തെ    പവിഴപ്പൂമ്പാടത്ത്  പകലോനാം പുലയൻറെ   കാളപൂട്ട് !  ചേറിന്റെ മണമുള്ള   ചെന്താമരപ്പെണ്ണിൻ  മാറത്ത് പ്രണയത്തിൻ   കേളികൊട്ട്!  നോക്കു എത്ര ഹൃദ്യമായ വരികൾ.
കവി ആവിഷ്കരിക്കുന്നത് അനുഭവങ്ങളുടെ ഒരു കലവറയാണ്. അത് വായിക്കുമ്പോൾ നമ്മളുടെ അറിവിന്റെയും അനുഭവങ്ങളുടെയും പരിധികൾക്കപ്പുറത്തേക്ക് കൊണ്ടുപോയി അവ നമ്മെ ചിന്തിപ്പിക്കുകയും വിജ്ഞാനം നൽകുകയും ചെയ്യുന്നു. “കാലങ്ങളേറെയായ് കാണുന്നു ധാർമ്മികഛേദം കരകളിൽ, ജീവിത വേദിയിൽ.കച്ചവടക്കണ്ണു കൊണ്ടു സകലവും വെട്ടിപ്പിടിക്കുന്നു ലോകവും, ലോകരും”.

സാഹിത്യകാരൻ നൽകുന്ന ആശയങ്ങളുടെയും  നമ്മുടെ അനുഭവബോധ്യങ്ങളുടെയും ഒരു വിനിമയം നടക്കുമ്പോൾ സമൂഹം പുരോഗതി പ്രാപിക്കുന്നു,. കവിതകളുടെ ശക്തി ഗദ്യങ്ങളെ അപേക്ഷിച്ച് അവ എളുപ്പത്തിൽ മനുഷ്യരെ സ്വാധീനിക്കുന്നു എന്നുള്ളതാണ്.. ജയൻ വർഗീസ് കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള പല കാര്യങ്ങളുടെയും വ്യത്യസ്തമായ ഒരു തലം ദർശിക്കാൻ നമുക്ക് കഴിയുന്നുവെന്നതാണ്. സത്യമേവ ജയതേ എന്ന ഫലകവും പേറി നിലകൊണ്ട ആദർശദീപ്തമായ ഒരു സംസ്കാരത്തിനു ച്യുതി സംഭവിക്കുമ്പോൾ അത്തരം പാളിച്ചകൾക്ക് മേലെയാണ് കവി നമ്മുടെ സജീവ ശ്രദ്ധ  ആകര്ഷിപ്പിക്കുന്നതും ആവശ്യപ്പെടുന്നതും.

ഇനിയും അധഃപതനമാണുണ്ടാകാൻ പോകുന്നതെന്ന സന്ദേശം അറിയിച്ചുകൊണ്ടാണ്. “എവിടെ സനാതന ധർമ്മത്തിൻ പിച്ചക ളടിവച്ച   സൈന്ധവതീരം ? എവിടെയഹിംസ കൊടിക്കൂറകൾ  പേറിയുരുളും രഥ ' രവ ' കാരം? എവിടെ  ദ്വയ്പായനൻ ,സിദ്ധാർത്ഥൻ ,കരൾനൊന്തു കരയുമശോകൻ ,വാല്മീകി ? എവിടെ  നിഷാദ ശരത്തിന്റെ  മുനയൊടിച്ചുയരു ,മാ ,യിടിനാദശബ്ദം” എന്ന് അധികാരത്തോടെ കവി ചോദിക്കുന്നത്., ഇതിനേക്കാൾ ശക്തമായി എങ്ങനെ പ്രതികരിക്കും. കവിക്ക് പാടിയിട്ടും പാടിയിട്ടും മതിവരാതെ ആവേശഭരിതനായികൊണ്ട് കവി വീണ്ടും ചോദിക്കുന്നു. “മാനവ, ഹേ മാനവാ, ഊരിപ്പിടിച്ച നിൻ വാളുമായ് നിൽക്കുന്ന, താരെ മുറിക്കുവാൻ ?  അമ്മയെ? അമ്മിഞ്ഞ നൽകിയൊരമ്മയെ ?   ഭൂമിയെ? നിന്നെ?  നിൻ മക്കളെ?”. 

കവികൾ ക്രാന്തദർശികളായവരായതുകൊണ്ടായിരിക്കാം അവർ ഉത്കണ്ഠാകുലരാണ് എപ്പോഴും. എല്ലാം സമൂഹത്തോട് വിളിച്ച്പറയാൻ അവർ വെമ്പുന്നു. ആ തിടുക്കം വരികളിൽ സ്പഷ്ടമാണ്. അതുകൊണ്ടാണ് മാധുര്യവും സാരള്യവും തുളുമ്പുന്ന കവിതകൾക്കിടയിയിലും  തീവ്രമായ തീഷ്ണമായ പ്രതിഷേധങ്ങളുടെ കാഠിന്യം ഉൾകൊള്ളുന്ന കവിതകളും കാണുന്നത്. ശുഭാപ്തി വിശ്വാസക്കാരനായ കവി മാർഗ്ഗദർശനങ്ങൾ  നൽകികൊണ്ട് നേർവഴി കാണിച്ചുകൊടുക്കുന്നതിൽ വ്യാപൃതനാണ്. അതുകൊണ്ടല്ലേ കവിക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. “സാമൂഹ്യ തമ്പുരാക്കന്മാർ തള്ളിക്കളഞ്ഞ കല്ലുകൾ മൂലക്കല്ലുകളാക്കി വച്ച്, സ്നേഹവും, സൗഹൃദവും, ചാലിച്ച ചാന്തിൽ ഒട്ടിച്ചു വച്ച്, നമുക്ക് പണിയാം നമ്മുടെ നഗരം” !.

ശ്രീ ജയൻ വർഗ്ഗീസിന്റെ നൂറ്റിയൊന്ന് കവിതകൾ സഹൃദയലോകം ഏറ്റുപാടുമെന്ന ശുഭപ്രതീക്ഷയോടെ കവിക്ക് ഭാവുകങ്ങൾ നേരുന്നു.

ശുഭം

AKSHARAJWALA BOOK REVIEW

G. Puthenkurish 2022-09-25 03:43:57
കാവ്യ രചനയിൽ അതുല്യമായ ഒരു ശൈലി നിലനിറുത്തുന്ന കവിയാണ് ശ്രീ . ജയൻ വറുഗീസ് . ഈ മലയാളിയിൽ വരുന്ന എല്ലാ കവിതകളും ഞാൻ വായിക്കാറുണ്ട് . വായനക്കാരിൽ വൈകാരിക ചലനങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന്റ കവിതകൾക്ക് കഴിയുന്നു എന്നുള്ളത് ഒരു പ്രത്യകത തന്നയാണ് .ആശയംകൊണ്ടും ഭാഷയുടെ ചാതുര്യംകൊണ്ടും താളലയങ്ങൾകൊണ്ടും കവിതകൾ ഉന്നത നിലവാരം പുലർത്തുന്നു. ഇതിന്റെ അവതാരിക അവതരിപ്പിക്കാൻ സുധീർ പണിക്കവീട്ടിലിനേക്കാൾ യോഗ്യനായ ഒരാൾ വേറെയുണ്ടോ എന്ന് എനിക്ക് സംശയമാണ്. കാരണം അദ്ദേഹത്തിന് സാഹിത്യത്തോടുള്ള അവാച്യമായ താത്പര്യം തന്നെയാണ്. കവിക്കു എല്ലാ വിധ ആശംസകളും. അതോടൊപ്പം അവതാരകനും
abdul punnayurkulam 2022-09-25 14:13:05
Sree Sudhir Pankkaveetil very beautifully wrote about Jayan's SURYA janmam: Here is few lines Sudhir's Aswadhanam about jayan's poems. അക്ഷരങ്ങളുടെ  അരണി കടഞ്ഞ്  അനുഭവങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ ഉജ്ജ്വലിപ്പിക്കുന്ന പ്രകാശപ്രളയത്തിൽ അജ്‌ഞതയുടെ അന്ധകാരത്തെ ആട്ടിയോടിക്കുന്ന കവി ചിലപ്പോഴെങ്കിലും ഒരു അവധൂതനായി മാറുന്നത് കാണാം. താനാരെന്ന അസ്തിത്വചിന്തയുടെ സഞ്ചാരപഥങ്ങളിൽ തന്നെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ സത്യസന്ധതയോടെ  ആവിഷക്കരിക്കുമ്പോൾ കവിയിലെ വിപ്ലവകാരിയെ നമ്മൾ കാണുന്നു.
Babu Menon. Ottapalam 2022-09-26 00:54:35
Mr.Sudhi panikaveetil is such talented person. I know him last 20 years. Every story he rote coming from his heart. He born with talent person. Well don sudhi sir.
Ninan Mathullah 2022-09-26 01:06:55
I have read Jayan's articles before. No doubt he is a 'kranthadarshi' trying to tell something from God to the society. A prophet in a sense! I believe that all true poets are prophets telling universal truth to people. I admit my inability, or lack of patience to understand poems, and its hidden meanings. Appreciate Mr. Sudhir that he could read into those lines and interpret it for the public. Best wishes
Sudhir panikkaveetil 2022-09-29 15:52:12
അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക