ഇന്നലെ നേവിസിന്റെ മാത്രം ദിവസമായിരുന്നു. ആ വലിയ ഓഡിറ്റോറിയം മുഴുവന്‍ പ്രഭ ചൊരിഞ്ഞ് അവന്റെ നിറചിരി മിന്നിക്കൊണ്ടിരുന്നു.ഹാളിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച സ്‌ക്രീനുകളില്‍ അതിന്റെ പ്രതിബിംബങ്ങള്‍ .നേവിസ് സാജന്‍ !.പ്രസരിപ്പു നിറഞ്ഞ അവന്റെ ചിരിയുടെ വിവിധ ചിത്രങ്ങളിലേക്കു എല്ലാവരും നോക്കിയിരുന്നു, പ്രാര്‍ത്ഥനയോടെ... സദസ്സ്യര്‍ക്കിടയിലൂടെ ഓടിനടന്ന് അതിഥികളെ സ്വീകരിക്കുന്ന അവന്റെ അച്ഛനമ്മമാര്‍. കോട്ടയത്തെ ജനങ്ങള്‍ മാത്രമല്ല കേട്ടറിഞ്ഞവരും മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞവരും വിദൂരപ്രദേശങ്ങളില്‍നിന്നുപോലും എത്തിക്കൊണ്ടിരുന്നു.ഓഡിറ്റോറിയത്തില്‍ ആളുകള്‍ നിറഞ്ഞിട്ടും പതിവിനു വിരുദ്ധമായി മാമ്മന്‍മാപ്പിള ഹാള്‍ നിശബ്ദമായിരുന്നു.ജനപ്രതിനിധികളും പുരോഹിതരും കന്യാസ്ത്രീകളും മാധ്യമപ്പടയും തിരക്കിക്കൊണ്ടിരുന്നത് നേവിസ് സാജന്റെ അച്ഛനമ്മമാരെയായിരുന്നു.ക്ഷണിച്ചുവരുത്തിയ ചെറു ചിരിയുടെ മുഖംമൂടിയ്ക്കുള്ളില്‍ ഇരുവരുടെയും ഉള്ള് ചുട്ടുപൊള്ളുന്നത് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകും.അവരെ കണ്ടുകൊണ്ടിരുന്നവര്‍ക്കും വല്ലാതെ പൊള്ളി.
നേവിസിൻ്റെ അനുജൻ എൽവിസ് ബസവന ഗൗഡയ്ക്കൊപ്പം
ഇന്നലെ നേവിസിന്റെ ഒന്നാം പിറന്നാളായിരുന്നു.സ്വര്‍ഗ്ഗത്തിലെ പിറന്നാള്‍ !.
25-ം വയസ്സില്‍ അപ്രതീക്ഷിതമായി ഭൂമിയോടു വിടപറഞ്ഞ് കടന്നുപോയ മകന്റെ ചരമ വാര്‍ഷികം.കോട്ടയത്തു മാത്രമല്ല ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ നടന്ന അപൂര്‍വ്വ സ്‌നേഹസംഗമമമായി അത്.2021 സെപ്തംബര്‍ 24-നായിരുന്നു നേവിസ്സിന്റെ വേര്‍പാട്.കോട്ടയം കളത്തിപ്പടി പീടികയില്‍ വീട്ടില്‍ സാജന്‍ മാത്യുവിന്റെയും ഷെറിന്‍ മാത്യുവിന്റെയും പ്രാണന്‍ പിടഞ്ഞ ദിവസ്സം.അവരുടെ ആദ്യജാതനായിരുന്നു നെവിസ്. ഒാമനത്തം നിറഞ്ഞ കുഞ്ഞ്.സ്‌നേഹവും കരുണയും അവന്റെ പ്രത്യേകതകളായിരുന്നു.എല്ലാവരുടെയും കണ്‍മണി.പഠിക്കാന്‍ അതിസമര്‍ത്ഥന്‍.ദുബായിലും കേരളത്തിലുമായിരുന്നു പഠനം.ഉന്നതനിലയില്‍
സിഎ പാസ്സായി.ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും തുടര്‍ പഠനത്തിനു താല്‍പ്പര്യം കാണിച്ചതോടെയാണ് ഉപരിപഠനത്തിനായി ഫ്രാന്‍സിലേക്ക് യാത്രയായത്.അവിടെ സിഎഡബ്‌ള്യു വിദ്യാര്‍ത്ഥിയായി പഠനം തുടര്‍ന്നു.അപ്പോഴായിരുന്നു ആ ദുരന്തം.
നേവിസിൻ്റെ അവയവങ്ങൾ സ്വീകരിച്ച ആറു പേരും മാതാപിതാക്കൾക്കൊപ്പം
രക്തത്തിലെ ഗ്‌ളൂക്കോസ് താണുപോകുന്ന അവസ്ഥ.ഹൈപ്പര്‍ ഗ്‌ളൈസീമിയ രോഗം.
'' തലേന്ന് ഒരുമിച്ചുള്ള കുടുംബപ്രാര്‍ത്ഥന കഴിഞ്ഞ് എല്ലാവര്‍ക്കും ഒപ്പം അത്താഴവും കഴിച്ച് ഞങ്ങള്‍ക്ക് ഉമ്മയും തന്നിട്ടാണ് അവന്‍ ഉറങ്ങാന്‍ പോയത്.ആ ഉറക്കത്തില്‍നിന്ന് അവന്‍ പിന്നെ ഉണര്‍ന്നില്ല '',നേവിസിന്റെ അമ്മ ഷെറിന്റെ ഓര്‍മകളില്‍ കണ്ണീര്‍നനവ്. വിദഗ്ധചികിത്സയ്ക്കായി കളമശ്ശേരിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മകന്‍ കണ്ണുതുറക്കുന്നതും സുഖപ്പെടുന്നതും പ്രതീക്ഷയോടെ കാത്തിരുന്ന സാജനും ഷെറിനും നേവിസിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ വല്ലാതെ
തകര്‍ന്നുപോയി.ഒരുപാടു പ്രതീക്ഷകള്‍ നല്‍കിയ ,അതിസമര്‍ത്ഥനായ മകനാണ് 25-ം വയസ്സില്‍ പൊടുന്നനെ കൊഴിഞ്ഞുപോയത്.അപ്രതീക്ഷിത ആഘാതത്തിന്റെ ആ കണ്ണീര്‍ നിമിഷത്തിലും സാജനും ഷെറിനും ഒരു തീരുമാനത്തിലെത്തി.നേവിസ് ഇനിയും ജീവിക്കണം,മറ്റുള്ളവരിലൂടെ.. തങ്ങളുടെ പൊന്നുമോന്‍ എന്നേയ്ക്കുമായി കടന്നുപോകാനല്ല ,ഒരുപാടുപേരുടെ ജീവിതത്തിന് അവനൊരു വെളിച്ചമാകട്ടെ എന്ന് അവര്‍ ആഗ്രഹിച്ചു.പിന്നെ ഒട്ടും സമയം പാഴാക്കാതെ അവര്‍ തീരുമാനം ഡോക്ടറെ അറിയിച്ചു.
ഏഴുപേരിലൂടെയാണ് നേവിസ് ഇപ്പോള്‍ ജീവിക്കുന്നത്.ജീവിതത്തില്‍ യാതൊരു പ്രതീക്ഷയും ഇല്ലാതെ നിരാശയില്‍ കഴിഞ്ഞ ഏഴുപേരിലൂടെ..നേവിസിന്റെ അവയവങ്ങള്‍ സ്വീകരിച്ച ആറുപേരും ഇന്നലെ മാമ്മന്‍മാപ്പിള ഹാളില്‍ ഒരുമിച്ചതോടെ അവന്റെ സ്വര്‍ഗ്ഗത്തിലെ ഒന്നാം പിറന്നാള്‍ അവിസ്മരണീയമായി.
അവന്റെ ഹൃദയം സ്വീകരിച്ചത് കണ്ണൂര്‍ സ്വദേശി പ്രേംചന്ദ് [ 56 ]ആണ്.കരള്‍ നിലമ്പൂര്‍ സ്വദേശി വിനോദ് ജോസഫും [44 ]ഇരു കൈകളും കര്‍ണാടക ബെല്ലാരി സ്വദേശിയായ ബസവന ഗൗഡ [ 34 ] യുമാണ് സ്വീകരിച്ചത. ജോലിക്കിടയില്‍ ഷോക്കേറ്റ് ഇരുകൈകളും മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റിയ ബസവന ഗൗഡ അതിജീവന പാതയിലാണിപ്പോള്‍ 50 അംഗ മെഡിക്കല്‍സംഘം 16 മണിക്കൂറുകളെടുത്താണ് കൈകള്‍ വച്ചുപിടിപ്പിച്ചത്.
മലപ്പുറം പനയ്ക്കല്‍ അന്‍ഷിഫ് ് [17],തൃശൂര്‍ സ്വദേശി ബെന്നി[46 ]എന്നിവരാണ് വൃക്കകള്‍ സ്വീകരിച്ചത്.കണ്ണു സ്വീകരിച്ച കോട്ടയം വാകത്താനംകാരി ലീലാമ്മ തോമസും [70]എത്തിയിരുന്നു.കണ്ണു സ്വീകരിച്ച മറ്റൊരാള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.
പുതിയ കൈകളുമായി ബസവന ഗൗഡ അച്ഛനൊപ്പം
''ഞങ്ങള്‍ക്കു ജീവിക്കാനായി മറ്റൊരാള്‍ മരിക്കണമെന്ന് ആരും പ്രാര്‍ത്ഥിക്കില്ല.പക്ഷേ ഞങ്ങളെ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത് ഈ കുട്ടിയാണ്.നേവിസിന്റെ അച്ഛനമ്മമാരുടെ നന്‍മ ഞങ്ങള്‍ക്കു പുണ്യമായി.അവന്റെ സഹോദരങ്ങളെയും മാതാപിതാക്കളെയും ദൈവം ആശ്വസിപ്പിക്കട്ടെ,അനുഗ്രഹിക്കട്ടെ '',നേവിസിന്റെ ഒരു വൃക്ക സ്വീകരിച്ചു ജീവിതത്തിലേക്കു തിരിച്ചുനടന്ന 17 വയസ്സുകാരന്‍ അന്‍ഷിഫിനെ ചേര്‍ത്തുപിടിച്ച് പിതാവ് വികാരധീനനായി സദസ്സിനെ നോക്കി പറഞ്ഞു.
ചടങ്ങില്‍, നേവിസിന്റെ ബാല്യകൗമാര നിമിഷങ്ങളും സ്‌കൂള്‍ കോളേജ് കാലത്തെയും വിദേശപഠനനാളുകളിലെയും സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളും ഡിസ്പ്‌ളേ ചെയ്തിരുന്നു. നിറഞ്ഞ കണ്ണുകളോടെ അതു കാണുന്ന കുടുംബാംഗങ്ങളെ നോക്കി അവയവം സ്വീകരിച്ചവരും അവരുടെ ബന്ധുക്കളും സദസ്സില്‍ പലരും കണ്ണു തുടയ്ക്കുന്ന കാഴ്ച.
സാജനും ഷെറിനും മിക്ക ദിവസവും ഈ ഏഴുപേരെയും വിളിക്കും .ആരോഗ്യകാര്യങ്ങളൊക്കെ തിരക്കും.
''ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത് ഞങ്ങളുടെ പൊന്നുമോനെയാണ്.ഇപ്പോള്‍ ഏഴു കുടുംബങ്ങളെ ഞങ്ങള്‍ക്ക് തിരികെ ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മകനിലൂടെ, ഈ ഏഴുപേരെയും അവരുടെ വീട്ടുകാര്‍ക്കും തിരികെ കിട്ടി '',സാജന്‍ മാത്യു വിങ്ങലടക്കി പറഞ്ഞു..
മകന്റെ ഹൃദയം തുടിക്കുന്ന പ്രേംചന്ദിനെ സാജന്‍ ഇത്തിരിനേരം നോക്കിനിന്നു.നിറകണ്ണുകളോടെ പ്രേംചന്ദും..ഹൃദയങ്ങള്‍ പരസ്പരം മന്ത്രിക്കുംപോലെ..
നേവിസിന് ഒരനുജനും അനിയത്തിയും ഉണ്ട്,എല്‍വിസും വിസ്മയയും.അവരുടെ കൂടപ്പിറപ്പിന്റെ കൈകളുമായി നില്‍ക്കുന്ന ബസവന ഗൗഡയുടെ അരികില്‍ നില്‍ക്കുമ്പോള്‍ ,വെറും ഓര്‍മകളാവുമായിരുന്ന ആ കരങ്ങള്‍ എന്തൊക്കയോ നിശബ്ദം ഉരിയാടുംപോലെ.അവര്‍ ഒരുമിച്ചു കെട്ടിപ്പിടിച്ചും വഴക്കുണ്ടാക്കിയും കോര്‍ത്തുപിടിച്ച ആ കൈകളാണ് കണ്‍മുന്നില്‍.
അനുജനും അനുജത്തിയും ആ കരങ്ങളെ തൊട്ടുനോക്കി.ഇനി ആറുമാസംകൂടെ കഴിഞ്ഞാലേ വിരലുകളുടെ ചലനശേഷി സാധാരണനില കൈവരിക്കൂ.ഫിസിയോതെറാപ്പിയിലൂടെ ബസവന ഗൗഡ അതു മെല്ലെ നേടിയെടുക്കുകയാണ്.ആ കൈകളെ തൊട്ടുംതലോടിയും ചേര്‍ത്തുപിടിച്ചും ഷെറിന്‍ അരികില്‍നിന്ന കാഴ്ച മനസ്സിനെ ഉലയ്ക്കുന്നതായി !.പിച്ചവയ്പ്പിച്ച് നടത്തിയപ്പോള്‍ താന്‍ അരുമയോടെ കോര്‍ത്തുപിടിച്ചും ,കുഞ്ഞിനഖങ്ങള്‍ വെട്ടിക്കൊടുത്തും കൈവെള്ളയില്‍ ഉമ്മവച്ചും താലോലിച്ച ആ കരങ്ങള്‍ കണ്‍മുന്നില്‍..!.
അവയവദാനത്തിന്റെ മഹത്തായ സന്ദേശം കൂടിയായി നേവിസിന്റെ വേര്‍പാടിന്റെ വാര്‍ഷികദിനം.
നേവിസിന്റെ ഓര്‍മയ്ക്കായി തുടക്കം കുറിച്ച ,' നുവോ ഫൗണ്ടേഷന്റെ ' ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അതേ സദസ്സില്‍ വച്ചുനടന്നു.
തങ്ങളുടെ പൊന്നോമന ഒരു മിന്നല്‍പ്രഭപോലെ ഇത്തിരിനേരം അവരുടെ മാത്രം ജീവിതത്തില്‍ വെളിച്ചംപരത്തി കടന്നുപോകാനല്ല ,ഒരുപാടുപേരുടെ ജീവിതത്തിന് അവനൊരു നിത്യവെളിച്ചമാകട്ടെ എന്ന് ആഗ്രഹിച്ച നന്‍മ നിറഞ്ഞ മാതാപിതാക്കള്‍.അവന്റെ മരണത്തിലൂടെ ജീവിതം തിരികെലഭിച്ചവരുടെ പ്രാര്‍ത്ഥനകള്‍ അച്ഛനമ്മമാര്‍ക്ക് കൂട്ടായുണ്ട്. ഇനിയൊരിക്കലും അവരുടെ നെവിസിനു പ്രായം ഏറുകയില്ല,ആ പുഞ്ചിരി മായുകയില്ല.നിത്യവും ദൈവത്തിന്റെയും മാലാഖമാരുടെയും സാന്നിദ്ധ്യമറിഞ്ഞ് അവന്‍ വിശ്രമിക്കുകയാണ്..
ജാതിയില്ലാതെ മതമില്ലാതെ ഭാഷയില്ലാതെ അവന്‍ പക്ഷേ നമ്മള്‍ക്കിടയില്‍ ജീവിക്കുകയാണല്ലോ..