MediaAppUSA

എന്തിനായിരുന്നു ഈ സ്വപ്‌നങ്ങൾ ? (കവിത: ജയൻ വർഗീസ്)

Published on 27 September, 2022
എന്തിനായിരുന്നു ഈ സ്വപ്‌നങ്ങൾ ? (കവിത: ജയൻ വർഗീസ്)

(യുക്രെയിൻ ജനതയുടെ ശുഭ്ര സ്വപ്നങ്ങളുടെ ആകാശത്ത് അതി വേഗതയോടെ ആളിപ്പടരുന്ന ആണവ യുദ്ധഭീഷണിയുടെ കരിങ്കാറുകൾ, ലോകത്താകമാനമുള്ള നിസ്സഹായരും, നിരവലംബരുമായ മാനവ രാശിയുടെ കേവലസ്വപ്നങ്ങളിൽ നിഴൽ വിരിച്ചു നിൽക്കുമ്പോൾ,  സമനില തെറ്റിയേക്കാവുന്ന ഏതൊരു ഭരണാധികാരിക്കും തച്ചുകൊല്ലാൻ സാധിക്കുന്ന ദുർബല സാഹചര്യങ്ങളുടെ അഴിക്കൂടുകളിൽ ആണല്ലോ ആഗോള മനുഷ്യ രാശിഅടുത്ത പ്രഭാതം കാത്തിരിക്കുന്നത്  എന്ന വേദനയിൽ ഒരായിരം തലമുറകൾക്ക് ഇനിയും ജനിച്ചു മരിക്കാനുള്ളഈ ഭൂമി ഇത് പോലെ നില നിർത്തുവാൻ  സാഹചര്യങ്ങളുടെ സർഗ്ഗ സംഗമങ്ങളിലൂടെ യഥാർത്ഥ ശിൽപി തന്നെഅവസരമൊരുക്കും എന്നാശിക്കുകയും, അതിനായി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് )


ഓ! ......., 

മാനവ വംശമേ, മണ്ണിന്റെ മാനസ്സ

മായിക സ്വപ്നമേ, യെന്തു നേടുന്നു നീ  ? 

നഗ്നനായ് വന്നു വിതച്ചു കൊയ്യുന്ന നിൻ     

സ്വപ്‌നങ്ങൾ കഷ്ടം മരിച്ചു വീഴുന്നുവോ ?


നഗ്നയാം ഭൂമിയാൾ 'അമ്മ ചുരത്തിയ     

സ്വച്ഛമാ, മമ്മിഞ്ഞയുണ്ട് വളർന്ന നീ, 

ഒക്കെ മറന്നു സഹജന്റെ  നെഞ്ചിലെ 

കൊച്ചു കിളിയെ കശക്കിയ കശ്മലൻ ! . 


വെട്ടിപ്പിടിച്ചു ചുടുചോരയിൽ മുങ്ങി - 

യത്യാഗ്രഹത്തിന്റെ തേര് തെളിക്കവേ, 

നീയറിഞ്ഞില്ല മനുഷ്യന്റെ വേദന   

നീറുന്ന ശാപമായ് നിന്നെ ഗ്രസിച്ചു പോയ് 


മുള്ളും പറക്കാരയും കൊണ്ട് മൂടിയ 

മണ്ണിനെ നീയൊരുദ്യാനമായ് തീർത്ത് പോൽ 

തിന്നും കുടിച്ചും തലമുറ പേറുന്ന 

വർണ്ണ സ്വപ്നങ്ങളായ് ജീവിതം മാറി പോൽ ! 


എന്ത് ഫലം ? നീ യപരന്റെ നെഞ്ചിലേ - 

ക്കുന്നം പിടിച്ച ശരങ്ങൾ  ബുമറാങ്ങായ് 

നിന്നിലെ നീ കാത്ത വർണ്ണ മോഹങ്ങളെ - 

ക്കൊന്നു കുഴിച്ചു മൂടാൻ വരുന്നിങ്ങിതാ ? 


എങ്ങു പോയിട്ടൊന്നൊളിക്കും കരളിലെ 

കുഞ്ഞു മോഹങ്ങളേ എങ്ങിനെ ചേർത്തിടും ? 

അമ്മമാർ നെഞ്ചിലെ ചൂടിൽ വളർത്തുന്ന 

പൊന്നും കുടങ്ങളെ എങ്ങിനെ കാത്തിടും ? 


എന്തിനായ് കെട്ടിയുയർത്തിയീ മൺചിറ 

ഹന്ത ! പിടഞ്ഞാൽ തകരുന്ന ചില്ലു പോൽ 

എന്താണ് മാനവ ജീവിതം നേടുവാ -

നെന്തുള്ളു? കാക്കുവാൻ - ആണവ ബോംബുകൾ ?

വിദ്യാധരൻ 2022-09-30 01:10:28
വെട്ടിപിടിക്കണം ഭൂലോകമൊക്കെയും തട്ടിപ്പറിക്കണം അപരന്റെ സമ്പത്ത് അന്യന്റെ തോളിൽ ചവുട്ടി കയറി ഞാൻ എത്തുമെൻ സ്വപ്നമാം സ്വർഗ്ഗത്തിൽ തീർച്ച ഇതായിരുന്നെന്റ് സ്വപനം ഒരിക്കൽ ഇപ്പോൾ നടക്കാൻ വയ്യ പല്ലും കൊഴിഞ്ഞു മത്തായിയേപ്പോലെ വാറൻബഫറ്റിനെപ്പോലെ ബിൽഗേറ്റിനെ പ്പോലെ തട്ടിപ്പരിചൊതൊക്കെയും ദാനധർമ്മം ചെയ്യുന്നു ഞാൻ ഉണ്ടാക്കിയതിന്റെ ഇരട്ടി കൊടുക്കുന്നു തിരികെ ഇന്നൊരു സ്വപ്നമേ ഉള്ളു അതെന്റെ സ്വർഗ്ഗം ചുറ്റി കറങ്ങണം മാലാഖ മാരൊത്തു ജീവിക്കണമെനിക്ക് കർത്താവുമൊത്ത് ആയിരം വര്ഷം അടിച്ചുപൊളിച്ചങ്ങ് വേണ്ടെനിക്കെന്റ് രോഗാതുരമാം ശരീരം വേണ്ടെനിക്ക് കൊണ്ടുപോകേണ്ട മേൽപ്പോട്ട് ആത്മാവായി മാലാഖമാരൊത്തു പറന്നു നടക്കണം മുന്തിരി ചാറു മുത്തികുടിച്ചു സ്പിരിച്ച്വൽ ആയിക്കൊണ്ടിരിക്കുന്നു ഞാൻ എന്നെന്റെ ദൈവമേ എൻ സ്വപ്നം സഫലമായീടും വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക