MediaAppUSA

മോദിജിക്ക്‌ അഭിനന്ദനങ്ങൾ! (നടപ്പാതയിൽ ഇന്ന്- 52: ബാബു പാറയ്ക്കൽ)

Published on 28 September, 2022
മോദിജിക്ക്‌ അഭിനന്ദനങ്ങൾ! (നടപ്പാതയിൽ ഇന്ന്- 52: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ രാവിലെ തന്നെ മുഖത്തൊരു ചിരി?"
"എങ്ങനെ ചിരിക്കാതിരിക്കുമെടോ? മനുഷ്യരുടെ അവസ്ഥയേ!"
"പെട്ടെന്ന് മനുഷ്യൻ്റെ അവസ്ഥയ്ക്കെന്തു പറ്റി പിള്ളേച്ചാ?"
"'അരിയും മലരും വാങ്ങിച്ചു വീട്ടിൽ കാത്തു വച്ചോളൂ, കുന്തിരിക്കം വാങ്ങിച്ചു വീട്ടിൽ കാത്തു വച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ' എന്നു വിളിച്ചാക്രോശിക്കുമ്പോൾ ചിരിച്ചുകൊണ്ട് അവന്റെയൊക്കെ കാലന്മാർ അവരുടെ കൂടെത്തന്നെ നിൽക്കുന്ന കാര്യം അവർ അറിയാതെ പോയല്ലോ എന്നോർത്തു ചിരിച്ചുപോയതാണെടോ."
"എന്നാലും ഇതൊരു ഒന്നൊന്നര റെയ്‌ഡ്‌ ആയിപ്പോയി പിള്ളേച്ചാ. വെളുപ്പിനെ ഇവനെയൊക്കെ അവന്റെ ബെഡ്‌റൂമിൽ കയറിച്ചെന്ന് കിടന്നകിടപ്പിൽ പൊക്കിയെടുത്തു കൊണ്ടുപോയിട്ട് ഇവനൊന്നും അനങ്ങിയില്ലല്ലോ എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്. അപ്പോൾ ഇത്രയേ ഉള്ളൂ ഇവന്റെയൊക്കെ ധൈര്യം!"
"ആയിരക്കണക്കിനാളുകൾ കൂടെ നിൽക്കുമ്പോൾ എന്തും വിളിച്ചുപറയാൻ ഏതവനും സാധിക്കും. ഇപ്പോൾ മനസ്സിലായില്ലേടോ, ഇവരെ ഒതുക്കാൻ പിണറായിയുടെ പോലീസ് വിചാരിച്ചാലും സാധിച്ചേനെ. പക്ഷെ അവരല്ലേ ഇവർക്ക് വേണ്ട ഒത്താശകളൊക്കെ ചെയ്തുകൊടുത്തിരുന്നത്!"
"എന്നിട്ടിപ്പോൾ അവരും തിരിഞ്ഞല്ലോ. ഇപ്പോൾ അരിച്ചു പെറുക്കി പൊക്കിയെടുക്കുന്നതു കേരളാ പോലീസ് ആണല്ലോ. അപ്പോൾ വേണമെന്നു വെച്ചാൽ അവരായാലും മതി."
"അതിപ്പോൾ കേന്ദ്രം കാര്യമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നറിയാം. പിന്നെ, ഇപ്പോൾ മോദിജിയെ പിണക്കിയാൽ ലാവ്‌ലിൻ കേസിൽ പണി കിട്ടുമോ എന്ന പേടിയുമുണ്ട്."
"എന്നാലും ഈ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കൊണ്ട് ജയിച്ച എത്ര സിപിഎം എം എൽ എ മാർ നിയമസഭയിൽ ഉണ്ടെന്നറിയാമോ? എന്നിട്ടിപ്പോൾ അവന്റെയൊക്കെ കുഴി തോണ്ടാൻ മുന്നിട്ടിറങ്ങുക എന്ന് പറഞ്ഞാൽ ഇതിൽ കൂടുതൽ നെറികേടുണ്ടോടോ? ഇത് പോപ്പുലർ ഫ്രണ്ട് മറക്കുമെന്നു താൻ കരുതുന്നുണ്ടോ? പിണറായി സൂക്ഷിക്കണം എന്നേ പറയാനുള്ളൂ."
"അല്ല പിള്ളേച്ചാ, പോപ്പുലർ ഫ്രണ്ടുകാർ പറയുന്നത് അക്രമം അവരുടെ വഴിയല്ലെന്നും അവരൊക്കെ സ്നേഹവും സഹിഷ്ണതയും മുൻനിർത്തി രാഷ്ട്ര നിർമ്മിതിക്കായി പ്രവർത്തിക്കാനാണ് നിലകൊള്ളുന്നതെന്നുമല്ലേ?"
"അവരുടെ ഒരു ഗോഡൗണിൽ നിന്ന് മാത്രം പിടിച്ചത് നൂറു കണക്കിന് മൂർച്ചയേറിയ വാളുകളും കഠാരകളുമാണ്. ഇവയൊക്കെ ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്നതാണ് എന്നാണ് അവരുടെ വിശദീകരണം. പോത്തിന്റെ ഇറച്ചിയാണോ മനുഷ്യന്റെ ഇറച്ചിയാണോ എന്ന് പറഞ്ഞില്ല."
"ഈ എൻ ഐ എ ക്കാർ ഇറച്ചിക്കടയിൽ ഒരു കൊല്ലത്തിലധികമായി ജോലിക്കാരായി നിന്ന് ആടിനെ വെട്ടാനും കോഴിയെ വെട്ടാനും എല്ലാം കൂടിയിട്ട് അവരുടെ സർവ്വ രഹസ്യങ്ങളും ചോർത്തി നൽകുകയായിരുന്നു എന്ന് കേൾക്കുന്നതിൽ സത്യമുണ്ടോ പിള്ളേച്ചാ?"
"സത്യമുണ്ടായിക്കൂടെന്നില്ലെടോ! എന്റെ പെരുമ്പാവൂർകാരനായ ഒരു സുഹൃത്ത് പറഞ്ഞത് അലി എന്ന് പേരുള്ള ഒരിറച്ചിക്കട ജീവനക്കാരനുണ്ടായിരുന്നു, പക്ഷേ ഈ റെയ്‌ഡിന്‌ ശേഷം അവനെ കണ്ടിട്ടില്ലെന്നാണ്. അവരൊക്കെ ഇവരുടെ ക്യാമ്പിൽ വരെ പങ്കെടുത്തിട്ടുണ്ടത്രേ! അവരുടെ ജോലിയല്ലേ അവർ അതൊക്കെ ചെയ്തിട്ടുണ്ടാവും!"
"ഏതായാലും പിണറായിയും ഒറ്റ രാത്രി കൊണ്ട് നേരെ തിരിഞ്ഞു. ഇപ്പോൾ കണ്ടോ ഹർത്താലിൽ അക്രമം അഴിച്ചുവിട്ട എല്ലാവരെയും പൊക്കുന്നത്. കേരളാ പോലീസിന് കഴിയാത്തതെന്താ പിള്ളേച്ചാ? അവരെ ഫ്രീ ആയി വിട്ടാൽ മതി. ശരിയായ ക്രമസമാധാനം അവർ നിർവ്വഹിച്ചുകൊള്ളും."
"ഏതായാലും മോദി കേന്ദ്രത്തിൽ ഭരിക്കുന്നതുകൊണ്ടു കേരളത്തിൽ ക്രിസ്ത്യാനിക്കും ഹിന്ദുവിനും സ്വൈര്യമായി കിടന്നുറങ്ങാം."
"അത് പിള്ളേച്ചൻ പറഞ്ഞത് വളരെ ശരിയാണ്. തീവ്രവാദം വച്ചുപൊറുപ്പിച്ചാൽ രാജ്യം ശിഥിലമാകില്ലേ?"
"ഇതിലെ അപകടകരമായ ഒരു വസ്‌തുത നാം മറന്നു പോകുന്നു. ഇവരെ ഇത്രയും വളർത്തി വലുതാക്കിയതിലുള്ള പങ്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേതാണ്. കുറച്ചു വോട്ടുകൾക്കു വേണ്ടി ഇവരെ പ്രീണിപ്പിച്ചു നിർത്തുക എന്ന നയമാണ് മിക്കവാറും എല്ലാ രാഷ്ട്രീയപ്പാർട്ടികളും സ്വീകരിച്ചിരുന്നത്. ഇപ്പോൾ പിടി മുറുക്കിയിരിക്കുന്നത് ദേശീയ സുരക്ഷാ ഏജൻസി ആയതുകൊണ്ട് ഒന്നും മിണ്ടാനും സാധിക്കില്ല. അതിന്റെ സങ്കടത്തിലാണ് അവർ."
"എന്തായാലും ഇതിൽ നിന്നും ലാഭം കൊയ്യുന്നത് മുസ്ലിം ലീഗാണ്. അവരുടെ കാലിനടിയിലെ മണ്ണാണ് പോപ്പുലർ ഫ്രണ്ട് കോരിക്കൊണ്ടു പോയത്. ഇനിയിപ്പോൾ പോപ്പുലർ ഫ്രണ്ടിൽ നിൽക്കാനാവാതെ വരുമ്പോൾ എല്ലാം കുറെ നാളത്തേക്കെങ്കിലും മുസ്ലിം ലീഗിലേക്ക് തിരിച്ചു വരും. അവരെ വഴിതിരിച്ചുവിടാതെ സൂക്ഷിച്ചാൽ അത് മുസ്ലിം സമുദായത്തിന് തന്നെ നേട്ടമായിരിക്കും."
"ഇയാൾ പറഞ്ഞത് ശരിയാണ്. ഞാൻ എന്നും പറയുന്ന ഒരു കാര്യമുണ്ട്. ഈ പോപ്പുലർ ഫ്രണ്ട് കാണിക്കുന്ന അക്രമത്തെയൊന്നിനെയും സാധാരണ മുസ്ലിങ്ങളാരും അവരുടെ സംഘടനകളും വിമർശിച്ചിട്ടില്ല. അവരോടുള്ള അനുഭാവം കൊണ്ടാണെന്നു മാത്രമേ മറ്റുള്ളവർക്ക് കരുതാനാവൂ. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ എന്തിന് അദ്ദേഹത്തിന്റെ സഭ പോലും ഇവരെ വിമർശിച്ചില്ല. അതാണ് ഭീതി പരത്തുന്നത് നല്ല തന്ത്രമാണെന്നു മനസ്സിലാക്കിയാണ് അവർ കൂടുതൽ അക്രമങ്ങൾ പിന്നീട് കാണിച്ചു കൂട്ടിയത്. കാപ്പിപ്പൊടി അച്ചനെ താക്കീതു നൽകി വായടപ്പിച്ചപ്പോഴും കത്തോലിക്കാ സഭ അനങ്ങിയില്ല. അതൊക്കെ ഇവരുടെ സാമ്രാജ്യം വളരുവാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ."
"യൂറോപ്യൻ രാജ്യങ്ങളും പതുക്കെ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇറ്റലിയിൽ ഫാസിസ്റ്റു ഭരണം ആരംഭിക്കുന്നു. അഭയം കൊടുത്ത യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇവരുടെ തേർവാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇനി എന്നാണോ അവരൊക്കെ ഒന്നടങ്കം ഇവർക്കു നേരെ തിരിയുന്നത് എന്നു മാത്രം നോക്കിയാൽ മതി."
"അവരുടെ കയ്യിലിരിപ്പു കൊണ്ട് തന്നെയല്ലേ, അനുഭവിക്കട്ടെ! ഏതായാലും വരാനിരുന്ന വലിയ വിപത്തിൽ നിന്നും കേരളത്തെ രക്ഷിച്ച മോദിജിക്ക്‌ അഭിനന്ദനങ്ങൾ! അരിയും മലരും കുന്തിരിക്കവും വാങ്ങാൻ ഇനിയും ധൃതിയില്ലല്ലോ."
"അങ്ങനെയാകട്ടെ പിള്ളേച്ചാ."
"ശരി പിന്നെ കാണമെടോ."

Georgekutty 2022-09-28 00:47:58
Good article. Salute sir. Keep writing.
Santhosh 2022-09-28 01:25:41
പരസ്യമായി സത്യങ്ങൾ തുറന്നുപറഞ്ഞാൽ താങ്കളെ സംഘിയായി മുദ്രചാർത്തും. പുരോഗമന വാദികളായി ചമയുന്നവരെല്ലാം സ്വയരക്ഷ ഭയന്ന് സത്യങ്ങൾ വിളിച്ചു പറയുകയില്ല. സമാധാനം കാംക്ഷിക്കുന്ന എല്ലാ മതസ്ഥരും ശാന്തിയോടെ ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്നു നമ്മളുടെ നാട്. അതിന്റെ ഇപ്പോഴത്തെ ഗതിയേ!
Observation 2022-09-28 01:48:13
Modi is useless for 21st century. Make Sasi Tharoor the PM to advance India to the level of United states.
Sudhir Panikkaveetil 2022-09-29 01:32:53
മതവും ദൈവവും മോദിയേക്കാൾ വലുതല്ല എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും. മതം നിരോധിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ശ്രീ പാറക്കൽ താങ്കൾ അതേക്കുറിച്ച് എഴുതിയാൽ നല്ലത്. പക്ഷെ കഴുത്തിലെ തല ഉറപ്പാക്കിയതിനു ശേഷം. ഹ..ഹാ.
Sudhir Panikkaveetil 2022-09-29 02:33:07
ഒരു അക്ഷരപിഴ ക്ഷമിക്കുക. മോദിയേക്കാൾ വലുതല്ലേ എന്നാണു.
Babu Parackel 2022-10-01 22:35:07
ലേഖനം വായിച്ചവർക്കും പ്രതികരിച്ചതുമായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഒരു മതം കൊണ്ട് മനുഷ്യ സമൂഹത്തിനു ശല്യം മാത്രമാണുണ്ടാകുന്നതെങ്കിൽ ആ മതത്തെ നോരോധിക്കേണ്ടത് മാനവികതയുടെ സുരക്ഷക്കും സമൂഹത്തിന്റെ നന്മക്കും ആവശ്യമായി വന്നേക്കാം. അതാതുകാലത്തെ ഭരണാധികാരികൾക്ക് സത്യം മനസ്സിലാക്കി നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ആർജ്ജവം ഉണ്ടായിരിക്കണമെന്നു മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക