Image

പൊതു ഇടങ്ങളിലെ 'ചുരുളിപ്പദ'ങ്ങള്‍ ചുരുട്ടിക്കൂട്ടി മാറ്റാം: ആന്‍സി സാജന്‍

ആൻസി സാജൻ Published on 28 September, 2022
 പൊതു ഇടങ്ങളിലെ 'ചുരുളിപ്പദ'ങ്ങള്‍ ചുരുട്ടിക്കൂട്ടി മാറ്റാം: ആന്‍സി സാജന്‍

അഭിമുഖത്തിനിടയില്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തെറി രൂപത്തില്‍ മറുപടി പറഞ്ഞ് യുവനടന്‍ ശ്രീനാഥ് ഭാസി വെട്ടിലായതാണ് സിനിമാരംഗത്തെ ഏറ്റം പുതിയ 'ഒരിത് '. ഇത് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലിട്ട് ഓടിച്ചുകൊണ്ടിരിക്കുന്നു. തെറിവാക്കുകള്‍ വളരെ കൂളായി അവതരിപ്പിച്ച ഭാസി പിന്നീട് അന്തംവിട്ട് നാവുറച്ച് പോയിട്ടുണ്ടാവുമെന്ന് തീര്‍ച്ചയാണ്. മാപ്പിലും വിശദീകരണത്തിലും അവസാനിക്കാതെ അറസ്റ്റ് ചെയ്യപ്പെട്ടു ശ്രീ. ഭാസി. (ജാമ്യം ഉടന്‍ കിട്ടിയെങ്കിലും.. ) എന്നാല്‍ നിര്‍മ്മാതാക്കളുടെ സംഘടന വെച്ച അടുത്ത ചുവട് അദ്ദേഹത്തെ തളര്‍ത്തിയിരിക്കണം. ഏറ്റ സിനിമകള്‍ തീര്‍ത്തിട്ട് തല്‍ക്കാലം വീട്ടിലിരുന്നോളാന്‍ അവര്‍ പറഞ്ഞു. പിന്നെ കുറച്ചു കാലത്തേക്ക് ഒരു വിലക്കും കിട്ടിയിട്ടുണ്ട്. വേറെ എന്തൊക്കെയോ പരിശോധനകളും വരാനിരിക്കുന്നു എന്ന് കേള്‍ക്കുന്നു.

ഇനി മറുപടികളില്‍ തെറിപ്പദങ്ങള്‍ വെച്ച് അലങ്കരിക്കാന്‍ ഭാസിയെപ്പോലുള്ളവര്‍ മൂന്നാമതൊന്ന് ആലോചിക്കാതിരിക്കില്ല.
നല്ല കാര്യം..! ഇതുപോലെ കഴിവുള്ളവരെയൊക്കെ അകറ്റി നിര്‍ത്തിയാല്‍ മലയാള സിനിമയുടെ ഗതി എന്താവും എന്നും വേണേല്‍ ആലോചിക്കാം.

ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ വെച്ചുപൊറുപ്പിക്കാനാവില്ല എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വിശദീകരിച്ചത്.
വളരെ നല്ല കാര്യം..!

എന്നാല്‍ മുന്‍പ് ചുരുളി എന്നൊരു സിനിമ വന്നിരുന്നല്ലോ. ഇതിലെ നടന്‍മാരും നടിമാരും സംവിധായകനും നിര്‍മ്മാതാവും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും - ചുരുക്കത്തില്‍ ആബാലവൃദ്ധമായി ആ സിനിമ മുഴുവന്‍ - ചേര്‍ന്ന് പ്രേക്ഷകരെ വിളിച്ചു വരുത്തിയിട്ട് തെറിയില്‍ ഇരുത്തിപ്പൊരിച്ചപ്പോള്‍ ഇതൊക്കെ വെച്ചുപൊറുപ്പിച്ചത് എന്തിനായിരുന്നു. കൂട്ടമായി വന്ന ആ ഉല്‍സവത്തുള്ളലിന് എതിര് ആരും ഒന്നും പറഞ്ഞുമില്ല ; വിലക്കിയുമില്ല. അതൊക്കെ കേട്ടും കണ്ടും ഊര്‍ജ്ജം നേടിയാവണം യുവനടന്‍ പൊതുവേദിയില്‍ അസഭ്യം പറയാന്‍ ധൈര്യം കാട്ടിയത്. സാരമില്ല. ഒരാളെങ്കില്‍ ഒരാള്. അസഭ്യവര്‍ഷത്തിന് തിരിച്ചടി ഏറ്റുവാങ്ങുന്നല്ലോ..
വളരെ വളരെ നല്ല കാര്യം...!

ഇനി നവകാല മാധ്യമ പ്രവര്‍ത്തനത്തിനും കിട്ടണം അര്‍ഹിക്കുന്ന നല്‍പദവര്‍ഷം. സിനിമക്കാരെയും മറ്റ് പ്രശസ്തരായവരെയുമൊക്കെ ഇരുത്തി ബാലിശമായ തമാശകളും ചോദ്യങ്ങളും പരസ്പരം തേച്ചൊട്ടിച്ച് എന്തിനൊക്കെയോ കുറെ ചിരികളും നിറച്ച് കാണിക്കുന്നവര്‍ക്കുള്ള ഒരു സമ്മാനവും കൂടിയാവും ഈ സംഭവം. ഈ രാജ്യത്ത് വേറൊന്നും നടക്കുന്നില്ലായെന്ന മട്ടിലാണിവര്‍ തകര്‍ത്തു വാരുന്നത്. ലൈക്കും റീച്ചും വാരിക്കൂട്ടാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ കാതലായ ഒരു പ്രശ്നത്തിലെങ്കിലും പ്രതികരിക്കുന്നുണ്ടോ..?

അവതാരകയോട് അപമര്യാദയുടെ ഭാഷ പ്രയോഗിച്ചപ്പോള്‍ ഉടന്‍ അറസ്റ്റും നടപടിയുമുണ്ടായി. എന്നാല്‍ രണ്ടു പെണ്‍മക്കളുടെ മുന്നില്‍ അവരുടെ അച്ഛനെ എമ്പാടും മര്‍ദ്ദിച്ചവര്‍ക്കെതിരെയൊക്കെ എന്തെങ്കിലുമൊക്കെയൊന്നു പറയാന്‍ ഇത്തരം മാധ്യമ പ്രവര്‍ത്തകര്‍ ഒരു ശ്രമവും നടത്താത്തതെന്താണ്?

ജീവിതത്തോളം തന്നെ പ്രാധാന്യമുള്ള വിഷയങ്ങളെ അവഗണിച്ച് ചുക്കിനും ചുണ്ണാമ്പിനും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് താല്‍ക്കാലിക വിജയങ്ങള്‍ ലക്ഷ്യമാക്കുന്നവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന അവഗണന അവര്‍ മനസ്സിലാക്കുന്നില്ലായിരിക്കും. നിങ്ങളുടെ ഇത്തരം 'ഷോ' കാണുന്നത് വേറൊരു പണിയുമില്ലാത്ത കൂട്ടര്‍ മാത്രമാണ്.

ഓണം ബംപറടിച്ച ഭാഗ്യവാനെ നിര്‍ഭാഗ്യവാനെന്നു വിളിക്കും വരെയായി കാര്യങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ ഇതില്‍ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.

പിന്നെ ഈയാഴ്ച നടന്ന വല്യ സംഭവം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ അഭിനേത്രിയുടെ വസ്ത്രധാരണമാണ്. എന്തിടണം എന്നത് സ്വന്തം ഇഷ്ടമാണെങ്കിലും, കാറ്റില്‍പെട്ട് ഉയര്‍ന്ന ഡിസൈനര്‍ മേലുടുപ്പിന്റെ താഴെ എന്തെങ്കിലും ഉണ്ടായിരുന്നോ അതോ ഇല്ലായിരുന്നോ എന്ന് മാലോകര്‍ ചര്‍ച്ചയാക്കും വരെയായി കാര്യങ്ങള്‍ . ഒടുവില്‍ അതിന് മറുപടിയുമായി വരേണ്ടിവന്നു നടിക്ക്.

ഇതെല്ലാം പ്രധാന വിഷയങ്ങളല്ലേ...! സംവാദങ്ങള്‍ തുടരുക തന്നെ വേണം..!

ഏറ്റമൊടുവില്‍ കോഴിക്കോട്ടെ മാളില്‍ യുവനടി ഒരുത്തനിട്ട് അടി കൊടുത്ത വീഡിയോ ആണ് ഫോണില്‍ നിന്നും ഫോണിലേക്ക് പറക്കുന്നത്. യുവാക്കളുടെ കടല്‍ നീന്തിയാണ് യുവതിയായ നടി മുന്നോട്ടു പോകുന്നത്. വേറെ ലേഡിവര്‍ഗത്തില്‍പെട്ട ഒരാളെപ്പോലും കാണാനില്ല. ബോഡിഗാര്‍ഡുകള്‍ സുരക്ഷയൊരുക്കി വലവിരിച്ചിരിക്കുന്നതിനിടയിലൂടെ ഒഴുകിയ നടിതന്നെ വേണ്ടിവന്നു തന്നെ ഉപദ്രവിക്കാന്‍ വന്നവനിട്ട് ഒന്നു പൊട്ടിക്കാന്‍..

എത്ര നല്ല സുരക്ഷ !

എല്ലാത്തിനും ഒരു മാറ്റം വേണ്ടേ..
എഴുത്തിലും
പറച്ചിലിലും അഭിനയത്തിലും
സിനിമയിലും
പെരുമാറ്റങ്ങളിലുമൊക്കെ..


ലാസ്റ്റ് പോയന്റ് :
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മാറ്റാരും കാണാത്ത ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു സംവിധായകന്‍ വിനയന്‍ .
മുന്‍പ് കുറച്ചു സിനിമകളിലൊക്കെ വന്ന് വലിയ ഇംപ്രസ്സിവ് ആയ പ്രകടനമൊന്നും കാഴ്ചവെക്കാതിരുന്ന സിജു വില്‍സനെ , അതി സൗന്ദര്യവും അഭിനയപ്രൗഢിയും തികഞ്ഞ ഒരു നടനായി അദ്ദേഹം രൂപപ്പെടുത്തി. മൂന്നു വര്‍ഷമെടുത്ത കഠിനാധ്വാനമാണ് സിജുവിനെ നായക ഗുണങ്ങള്‍ തികഞ്ഞ അഭിനേതാവാക്കിയതെന്ന് പറയുന്നു.
മറ്റുള്ളവര്‍ക്കും അതൊക്കെ ബാധകമാക്കാം. അത്തരം കഠിനപ്രയത്നങ്ങള്‍ നാട്ടുകാരെ അറിയിക്കാനും അവതാരകര്‍ ശ്രദ്ധിക്കുക. സിനിമ നന്നാക്കാന്‍ അതും നല്ലതല്ലേ..?

 

 പൊതു ഇടങ്ങളിലെ 'ചുരുളിപ്പദ'ങ്ങള്‍ ചുരുട്ടിക്കൂട്ടി മാറ്റാം: ആന്‍സി സാജന്‍
Join WhatsApp News
Meera 2022-09-28 12:19:53
ഉഗ്രൻ എഴുത്ത്. സംസ്‍കാരം എന്നുള്ളത്, ഉപ്പോ മഞ്ഞളോ എന്നുപോലും ചോദിച്ചേക്കാവുന്ന തലമുറയെ കുറിച്ച് എന്തു പറയാൻ! അവരെ അത്തരത്തിൽ വളർത്തിയവരെക്കുറിച്ചും!
ആൻസി സാജൻ 2022-09-28 15:43:10
സ്നേഹം മീരച്ചേച്ചി❤️❤️
അന്ന സുരേഷ് 2022-09-30 13:48:47
ഉഗ്രൻ....ആൻസീ , അത്യുഗ്രൻ എഴുത്ത്.... അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക