Image

ഫൊക്കാനക്ക് പുതിയ കർമ്മപരിപാടികൾ; പ്രസിഡന്റ് ബാബു സ്റ്റീഫന്റെ വാക്കുകൾ പ്രതീക്ഷാവഹം 

Published on 29 September, 2022
ഫൊക്കാനക്ക് പുതിയ കർമ്മപരിപാടികൾ; പ്രസിഡന്റ് ബാബു സ്റ്റീഫന്റെ വാക്കുകൾ പ്രതീക്ഷാവഹം 

വാഷിംഗ്ടൺ, ഡി.സി: ഫൊക്കാനയുടെ അധികാര കൈമാറ്റ വേദിയിൽ ആളുകളെ പിടിച്ചിരുത്താൻ കഴിയുന്ന ഹൃദ്യമായ വാക്കുകളിലൂടെ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, താനൊരു മികച്ച പ്രാസംഗികനാണെന്ന് വീണ്ടും തെളിയിച്ചു. തന്നെ തിരഞ്ഞെടുത്തതിലുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.

ഒറ്റക്കെട്ടായി നിന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാമെന്നും ഭിന്നിപ്പ് ആ സാധ്യതകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രതിസന്ധികളും പ്രശ്നങ്ങളും വരുമ്പോൾ ഓടി രക്ഷപ്പെടാനല്ല പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും, കോവിഡ് മഹാമാരി പോലുള്ള സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രിയപ്പെട്ടവർ വിട്ടുപിരിഞ്ഞപ്പോൾ പോലും പതറാതെ പിടിച്ചുനിന്നതുകൊണ്ടാണ്, ഇന്നത്തേതുപോലൊരു തിരിച്ചുവരവ് ലോകത്ത് ഉണ്ടായതെന്നും ഫൊക്കാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

പുതിയ ഭരണസമിതി ആദ്യ 90 ദിവസങ്ങളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം വാചാലനായി. 6 മാസത്തിനുള്ളിൽ ഫൊക്കാനയ്ക്ക് ആസ്ഥാനമന്ദിരം  ലക്ഷ്യമിടുന്നതായും ഇതിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബാബു സ്റ്റീഫൻ പറഞ്ഞു. ഇത്തവണ കേരളത്തിൽ നടത്താനിരിക്കുന്ന ഫൊക്കാന കൺവൻഷൻ, കഴിഞ്ഞ 40 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോടും പണം പിരിക്കാതെ സൗജന്യമായ നടത്തിപ്പാണ് ആലോചിക്കുന്നത്. ഇതിനായി ചില സുഹൃത്തുക്കൾ സ്പോൺസർമാരായി മുന്നോട്ട് വന്നിട്ടുണ്ടെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു. 

തന്റെ സുഹൃത്ത് പണികഴിപ്പിക്കുന്ന ഹോട്ടലിന്റെ പണി അതിനകം പൂർത്തിയായാൽ, ഏവർക്കും സൗജന്യ താമസവും ലഭ്യമാകും. സാധാരണക്കാർ ഉൾപ്പെടുന്ന അമേരിക്കൻ മലയാളികൾ അധ്വാനിച്ചുണ്ടാക്കുന്ന പണം, കൺവൻഷനു വേണ്ടി അനാവശ്യമായി ചിലവഴിക്കുന്നത് ആദ്യമായായിരിക്കാം ഒരു ഫൊക്കാന പ്രസിഡന്റ് എതിർക്കുന്നത്. സാധാരണക്കാർക്കുമേൽ അമിതഭാരം ഏല്പിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ  ദീർഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഫൊക്കാനയുടെ ഫണ്ട് റെയ്‌സിംഗ് കമ്മിറ്റിയും വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജു കൊട്ടാരക്കരയാണ്  ട്രഷറർ. 2,40,000 ഡോളർ ആസ്ഥാനമന്ദിരത്തിനായും, 10,000 ഡോളർ ലൈഫ് കെയർ മിഷനും, 5000 ഡോളർ കൺവൻഷനുവേണ്ടിയും, മറ്റൊരു  5000 ഡോളർ ജനറൽ ഫണ്ടായും   സ്വരൂപിച്ചുകഴിഞ്ഞു. ഫണ്ട് കൈകാര്യം ചെയ്യുന്നത് സുതാര്യമായിരിക്കുമെന്നും ഓരോ അംഗങ്ങൾക്കും ആറുമാസത്തെ ഒരിക്കൽ കണക്കുകളുടെ സ്റ്റേറ്റ്മെന്റ് ലഭിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ഇന്ത്യൻ വിദേശകാര്യ മന്ത്രി വി. മുരളീധരനുമായി നൈജീരിയയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഒസിഐ  കാർഡ് ഉടമകൾക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ഒസിഐ കൗണ്ടറുകൾ തുടങ്ങുന്നതിനെക്കുറിച്ചും അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനമെന്ന ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനെപ്പറ്റിയും  ചർച്ച ചെയ്ത വിവരവും ഫൊക്കാന പ്രസിഡന്റ് അറിയിച്ചു.

കേരളത്തിൽ മുൻപൊരു ഫൊക്കാന നേതാവിനും ലഭിക്കാത്ത സ്വീകാര്യത തനിക്കും സെക്രട്ടറിക്കും ട്രഷറർക്കും തോമസ് തോമസിനും ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യാതിഥിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സ്വീകരിച്ച് രാജ്ഭവനിൽ അത്താഴവിരുന്നിൽ പങ്കെടുത്ത സന്തോഷവും അദ്ദേഹം പരാമർശിച്ചു. 

പത്ര ദൃശ്യ മാധ്യമങ്ങളിലെ എഡിറ്റർമാരുമായി ഫൊക്കാനയുടെ വരുംകാല പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തശേഷം 4 മന്ത്രിമാരെയും നേരിൽ കണ്ടു. നാട്ടിലെ  വസ്തുവകകൾ സ്വന്തമാക്കുന്നത് സംബന്ധിച്ച് അമേരിക്കൻ മലയാളികൾ നേരിടുന്ന നിയമകുരുക്കുകൾ ഇല്ലാതാക്കണമെന്ന ആവശ്യമാണ് മന്ത്രിമാർക്ക് മുന്നിൽ പ്രധാനമായും അവതരിപ്പിച്ചത്. കോടതിയെ സമീപിക്കുന്നതിന് പകരം ലാൻഡ് ട്രൈബുണലിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇത്തവണ കൂടിക്കാഴ്‌ച സാധ്യമായില്ലെങ്കിലും ഉടൻ തന്നെ അതിനുള്ള അവസരം ഉണ്ടാകും. തിരുവനന്തപുരത്ത് ഒരാൾക്ക് വീട് പണിയുന്നതിനായി നാല് ലക്ഷം രൂപയുടെ സഹായം ഇതിനിടയിൽ നൽകി. ചാക്കോ (ന്യൂജേഴ്‌സി) എന്ന ഫൊക്കാന അംഗം മറ്റൊരാൾക്ക് ഭവനനിർമ്മാണത്തിന് സഹായം നൽകുന്നതറിഞ്ഞ് അദ്ദേഹത്തെയും 3.5 ലക്ഷം രൂപ ഏല്പിച്ചു. കേരളത്തിൽ മറ്റു ചില കാര്യങ്ങൾക്ക് ഷാജിയെ 50000 രൂപ ഏല്പിച്ചിട്ടുണ്ട്. 

ആദ്യ 90 ദിവസങ്ങൾക്ക് ശേഷമാണ് യഥാർത്ഥ വെല്ലുവിളി. ജൂലൈയിൽ കൺവൻഷൻ നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും.1500 പേർ പങ്കെടുക്കുന്ന പരിപാടിക്ക് 2035 വരെ റൂം ലഭിക്കാൻ സാധ്യത ഇല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അത്  സാധ്യമാക്കാനുള്ള പ്രയത്നത്തിലാണ് കൺവൻഷൻ ചെയർ വിപിൻ ,ഫൗണ്ടേഷൻ ചെയർ എറിക് മാത്യു, ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ തോമസ് തോമസ് എന്നിവരെന്നും ബാബു സ്റ്റീഫൻ വ്യക്തമാക്കി.

ഫൊക്കാന ഭാരവാഹികൾ അധികാരമേറ്റു

ചരിത്രത്തിലാദ്യമായി 90 ദിവസത്തെ പ്രവർത്തന നേട്ടം പുറത്തുവിട്ടു

അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഭാരവാഹികൾ ഡി.സിയിലെ കെൻവുഡ് ഗോൾഫ് ആൻഡ് കൺട്രി ക്ളബ്ബിൽ നടന്ന വർണാഭവും എന്നാൽ ലളിതവുമായ ചടങ്ങിൽ വച്ച് അധികാരമേറ്റു. ഫൊക്കാനയുടെ മുൻഭാരവാഹികളടക്കം പ്രൗഢമായ സദസ് അധികാരക്കൈമാറ്റത്തിന് സാക്ഷ്യം വഹിച്ചു.

2020-22 കാലയളവിൽ ഫൊക്കാനയെ നയിച്ച ജോർജി വർഗീസിൽ നിന്നും 2022-24 കാലയളവിൽ ഫൊക്കാനയെ നയിക്കുന്ന ഡോ.ബാബു സ്റ്റീഫനും ടീമിനുമാണ് അധികാരം കൈമാറിയത്.

പുതിയ ജനറൽസെക്രട്ടറിയായി അധികാരമേറ്റ ഡോ. കലാ ഷഹിയുടെ ആമുഖ പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ട് വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് പ്രസിഡന്റായി ചുമതലയേറ്റ ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.

90 ദിവസത്തെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ടു

ഫൊക്കാന ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അധികാരമേൽക്കുംവരെയുള്ള നാളുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ പട്ടിക അംഗങ്ങളുടെ അറിവിലേക്കായി പുറത്തുവിട്ടു. അംഗങ്ങൾ എല്ലാം അറിയണമെന്നും അവരുടെ നിർദ്ദേശങ്ങൾ അനിവാര്യമാണെന്നും ,തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത മാതൃകാ നടപടിയായിട്ടാണ് അംഗങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

ബാങ്ക് അക്കൗണ്ട് തുടങ്ങി

ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നമ്പർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ആസ്ഥാന മന്ദിരത്തിനായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.  കേരളത്തിൽ നടത്തുന്ന കൺവൻഷൻ  കേരളീയത്തിന്റെ സഹകരണത്തോടെയായിരിക്കുമെന്ന് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.

Join WhatsApp News
T.C.Geevarghese 2022-09-29 22:59:25
Wish you all the best STEPHENJI and Team. Our whole hearted support to FOKANA. Good start.Please keep it up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക