Image

മണലാരണ്യത്തിലെ കൊടുങ്കാറ്റ്: ഹൈക്കമാന്റിന് ഒരു മുന്നറിയിപ്പ് (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 01 October, 2022
മണലാരണ്യത്തിലെ കൊടുങ്കാറ്റ്: ഹൈക്കമാന്റിന് ഒരു മുന്നറിയിപ്പ് (ദല്‍ഹികത്ത് : പി.വി.തോമസ് )

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഴിച്ചു വിട്ട മണല്‍ കൊടുങ്കാറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് വലിയ ഒരു മുന്നറിയിപ്പും ഭീഷണിയും ആയിരിക്കുകയാണ്. ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയി വാഴിച്ചിട്ട് അദ്ദേഹത്തിന്റെ പ്രതിയോഗിയായ സച്ചിന്‍ പൈലട്ടിനെ മുഖ്യമന്ത്രിയായി അവരോധിക്കുക എന്നതായിരുന്നു ഹൈക്കമാന്റിന്റെ അഥവാ സോണിയ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും ലക്ഷ്യം. അങ്ങനെ ഒരു വെടിക്ക് രണ്ടു പക്ഷി. ഗെലോട്ടിനെ അധ്യക്ഷന്‍ ആക്കുക വഴി മുഖ്യസ്ഥാനം ഒഴിവാക്കുകയും തന്റെ ആജ്ഞാനുവര്‍ത്തിയായ ഒരാളെ കോണ്‍ഗ്രസിന്റെ പരമോനനത സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യാം എന്നാണ് സോണിയാഗാന്ധി കണക്കുകൂട്ടിയത്. ഒപ്പം മുഖ്യപദത്തിനായി കാത്തുനില്‍ക്കുന്ന വിമതനേതാവ് സച്ചിന്‍ പൈലറ്റിനെ തൃപ്തിപ്പെടുത്തുകയും ചെയ്യാം. പക്ഷേ, ഇതു അമ്പേ പാളിപ്പോയി. ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ഇല്ലെന്നു പറഞ്ഞു. ഗെലോട്ടിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള മീറ്റിംങ്ങ് ഗെലോട്ട് അനുയായികള്‍ ബഹിഷ്‌ക്കരിച്ചു. അവര്‍ ഗെലോട്ടിനുപകരം പുതിയ ഒരു മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞു. ഗെലോട്ടും എം.എല്‍.എ.മാര്‍ക്കൊപ്പം ഉറച്ചു നിന്നു. സച്ചിന്‍ പൈലറ്റ് നിരാലംബനും നിരാശ്രയനും ആയി നിലകൊണ്ട തല്‍ക്കാലത്തേങ്കിലും. ഹൈക്കമാന്റിന് ഗെലോട്ടിനു പകരം പുതിയ ഒരു അധ്യക്ഷ സ്ഥാനാര്‍ത്ഥിയെ തെരയേണ്ടതായി വന്നു. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയ ശശിതരൂര്‍ തെരഞ്ഞെടുപ്പു രംഗത്തുണ്ടായിരുന്നെങ്കിലും ഹൈക്കമാന്റിന് അതത്ര ബോധിച്ചില്ല. പുതിയ സ്ഥാനാര്‍ത്ഥി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗപ്രവേശം ചെയ്തു. മത്സരരംഗത്തുണ്ടായിരുന്ന ദിഗ് വിജയ് സിംങ്ങ് പിന്മാറി ഖാര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പിന്തുണക്കാരന്‍ ആയി. ഖാര്‍ഗെ മുന്‍ലോകസഭ പ്രതിപക്ഷ നേതാവാണ്. ഇപ്പോള്‍ രാജ്യസഭ പ്രതിപക്ഷനേതാവാണ്. സോണിയയുടെ നല്ല പുസ്തകത്തില്‍ സ്ഥാനം പിടിച്ച നേതാവും ആണ്. അദ്ദേഹവും ഗെലോട്ടിനെപ്പോലെ രണ്ടുസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരും രാജ്യസഭ പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍. ഇവിടെ ഇതല്ല. വിഷയം രാജസ്ഥാന്‍ മണല്‍ക്കാറ്റില്‍ ഹൈക്കമാന്റിന്റെ സര്‍വ്വാധികാരത്തിന് ഗെലോട്ട് ഏല്‍പിച്ചപ്രഹരം ആണ്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതും മറ്റൊരു വിഷയം ആണ്.

പരാജയപ്പെട്ട മുഖ്യമന്ത്രി തെരഞ്ഞെടുപ്പു യോഗത്തിനുശേഷം ഗെലോട്ട് ഡല്‍ഹിയിലെത്തി സോണിയയോട് എം.എല്‍.എ.മാര്‍ മീറ്റിംങ്ങ് ബഹിഷ്‌ക്കരിച്ചതിന് മാപ്പു പറഞ്ഞു. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുവാന്‍ ഇത് സൗകര്യപൂര്‍വ്വം ഒരു കാരണവും ആക്കി. മുഖ്യമന്ത്രി ആരായിരിക്കണമെന്ന് സോണിയഗാന്ധി തീരുമാനിക്കണമെന്ന് ഗെലോട്ട് മാന്യമായ ഒരു തീരുമാനവും അറിയിച്ച് ജയപ്പൂരിനു മടങ്ങി. ഇതെല്ലാം-മാപ്പും മുഖ്യമന്ത്രി തീരുമാനം സോണിയക്ക് വിട്ടുകൊടുത്തതും-വെറും രാഷ്ട്രീയ ഔപചാരികത മാത്രം ആണ്. അതു സോണിയക്കും അറിയാം. ഗെലോട്ടിനെ മാറ്റി സച്ചിനെ തല്‍സ്ഥാനത്ത് അവരോധിക്കുവാന്‍ സോണിയ ധൈര്യപ്പെടുമോ? സംശയം ആണ്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ദുര്‍ബ്ബലപ്പെട്ടു എന്നത് ഇനിയും ഗാന്ധിമാര്‍ മനസിലാക്കുന്നില്ലേ? ഇടക്കാല തെരഞ്ഞെടുപ്പിനു പോയാലും ഒരു 'വഞ്ചകനെ' മുഖ്യമന്ത്രി ആയി അംഗീകരിക്കുന്ന പ്രശ്‌നം ഇല്ലെന്നാണ് സച്ചിനെ ഉദ്ദേശിച്ച് ഗെലോട്ട് ലോയലിസ്റ്റുകള്‍ ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ളത്. ജൂലൈ 2020-ല്‍ 18 കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെയും ബി.ജെ.പി.യുടെ രഹസ്യ പിന്തുണയോടെയും മുഖ്യമന്ത്രി ആകുവാന്‍ സച്ചിന്‍ നടത്തിയ  പരാജയപ്പെട്ട അട്ടിമറി ശ്രമത്തെ ഉദ്ദേശിച്ചാണ് ലോയലിസ്റ്റുകള്‍ പറയുന്നത്. അവര്‍ സച്ചിനെ മറക്കുവാനോ നേതാവായി അംഗീകരിക്കുവാനോ തയ്യാറല്ല. ഹൈക്കമാന്റ് ഗെലോട്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് അദ്ദേഹത്തിന്റെ നോമിനി സി.പി.ജോഷിയെ മുഖ്യമന്ത്രി ആക്കുവാന്‍ തയ്യാറാകുമായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിക്കുകയില്ലായിരുന്നു. ഹൈക്കമാന്റ് ഗെലോട്ടിനെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. സോണിയയുടെ 'പ്രോക്‌സി' ആകുവാന്‍ ഗെലോട്ട് സമ്മതിച്ചപ്പോള്‍ എന്തുകൊണ്ട് രാജസ്ഥാനില്‍ അദ്ദേഹത്തിനും ഒരു 'പ്രോക്‌സി' മുഖ്യമന്ത്രി ആയി കൂടെന്നായിരിക്കാം ഗെലോട്ടിന്റെ ന്യായം.

രാജസ്ഥാന്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണ്ണായക സംസ്ഥാനം ആണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് അത്. രണ്ടാമത്തെ സംസ്ഥാനമായ ഛാത്തീസ്ഘട്ടിലും രാജസ്ഥാനിലെപ്പോലെ നിയമസഭ തെരഞ്ഞെടുപ്പ് 2023 ഡിസംബറില്‍ നടക്കുവാനിരിക്കുന്നു. ഇത് രണ്ടും നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് 2024 ലോകസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് 'സീറോ' അക്കൗണ്ടും ആയിട്ടായിരിക്കും. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഒരു കോട്ട ഒന്നും അല്ല. 2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 108 സീറ്റും ബി.ജെ.പി.ക്ക് 71 സീറ്റും ആണ് 200 അംഗ സഭയില്‍ ലഭിച്ചത്. 13 സ്വതന്ത്ര എം.എല്‍.എ.മാരും ഉണ്ട്. ഇവിടെ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗധേയം എന്തും ആകാം. പ്രത്യേകിച്ചും സച്ചിനെ ഒപ്പം കൊണ്ടുപോകുവാന്‍ സാധിച്ചില്ലെങ്കില്‍ സച്ചിന്റെ 'ഗജ്ജര്‍' വിഭാഗം രാജസ്ഥാനില്‍ വളരെ പ്രബലമാണ്. സച്ചിന്റെ ഭാവി പരിപാടി എന്തായിരിക്കുമെന്നത് ഹൈക്കമാന്റ് കണക്കു കൂട്ടേണ്ടിയിരിക്കുന്നു. സച്ചിന് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി ഹൈക്കമാന്റ് മറക്കേണ്ട. ഇതൊന്നും ഹൈക്കമാന്റഇന് ഒരു പുതുമ അല്ലായിരിക്കാം. ഇതുകൊണ്ടൊന്നും അതൊട്ട് കുലുങ്ങുകയും ഇല്ല. ഇതാണ് ഹൈക്കമാന്റിന്റെ പ്രഖ്യാപിത നയം. പക്ഷേ, ഈ നയത്തിന്റെ കാലം പോയിക്കഴിഞ്ഞിരിക്കുന്നു. അധികാരം നഷ്ടപ്പെട്ടിട്ട് നീണ്ട 13-14 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേന്ദ്രം മാത്രം അല്ല സംസ്ഥാനങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചിടത്തുപോലും അധികാരം നിലനിര്‍ത്തുവാന്‍ സാധിക്കാത്ത ഒരു സ്ഥിതിവിശേഷം ആണ് കോണ്‍ഗ്രസിന് ഉള്ളത്. ഇത് എന്തുകൊണ്ടാണ്. ഹൈക്കമാന്റ് അതിന്റെ ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങിവന്ന് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി മണ്ണില്‍ നിന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കണം. ബി.ജെ.പി. മുഖ്യമന്ത്രിമാരെ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാറ്റാറുണ്ട്. പക്ഷെ, അവിടെയൊന്നും, ഒരു റിബല്ല്യനും ഉണ്ടാകാറില്ല. അതാണ് അധികാരത്തിന്റെ ആധിപത്യം. കോണ്‍ഗ്രസിന് അത് ഇന്ന് ഇല്ല. ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബി.ജെ.പി.ക്ക് ഇന്ന് വേണമെങ്കില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ചൂണ്ടിക്കാണിച്ച് വിലക്ക് വാങ്ങുവാന്‍ സാധിക്കും. പണം മാത്രം അല്ല കാരണം. ഇത് രാജസ്ഥാനിലും സംഭവിച്ചേക്കാം.

ഹൈക്കമാന്റ് കള്‍ച്ചറിനെ മാറ്റും അധികാരം വികേന്ദ്രീകരിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ തോല്‍പിക്കുവാന്‍ നിഷ്പക്ഷമതിയായിരിക്കുമെന്ന് വാക്കുകൊടുത്ത സോണിയയുടെ ഹൈക്കമാന്റ് ലോയലിസ്റ്റ് ഖാര്‍ഗെയെ ഇറക്കുക വഴി എന്തു സന്ദേശം ആണ് നല്‍കുന്നത്?.

Congress in Rajasthan facing problems

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക