Image

നമ്മുടെ സാമൂഹ്യ സാഹിത്യ അഭിമാന-അപമാന നേട്ടങ്ങള്‍ (കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

Published on 02 October, 2022
നമ്മുടെ സാമൂഹ്യ സാഹിത്യ അഭിമാന-അപമാന നേട്ടങ്ങള്‍ (കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഈ അടുത്ത കാലത്തു് ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായത് ലോകത്തെ വന്‍ശക്തിയായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് മാറ്റി  ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നതാണ്.  ഐ.എം.എഫ് സ്ഥിതി വിവരണക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്ലൂ ബര്‍ഗ് പുറത്തുവിട്ടതാണിത്. അമേ രിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനിയാണ് ഇന്ത്യയുടെ മുന്നിലുള്ള രാജ്യങ്ങള്‍. ധാരാളം അഭിനന്ദനങ്ങള്‍ വാരിക്കോരി കൊടുക്കുമ്പോള്‍, ഇന്ത്യയുടെ ചുവരെഴുത്തുകള്‍ വായിക്കുമ്പോള്‍ അഭിമാനത്തിന്റെ അരുണിമയില്‍ മുങ്ങി യവര്‍ പട്ടിണിയില്‍ വെയിലേറ്റ് വാടിയ വിശന്നുവലഞ്ഞ ഈറനണിഞ്ഞ മിഴികളോടെ വിശപ്പില്‍ മരിച്ചുവീണു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പട്ടിണി പാവങ്ങളെ ഒരു നിമിഷം ഓര്‍ക്കണം. വന്യമൃഗത്തിന്റെ മുന്നില്‍  ഭയന്നു വിറച്ച പാവപ്പെട്ട മാന്‍പേടയുടെ ദീനരോദനം പോലെ പാവങ്ങളുടെ ദുഃഖ ദുരിതം, പട്ടിണി, വിശപ്പ് ആരുമറിയു ന്നില്ല. ഇന്ത്യയിലെ സമ്പന്നരും അധികാരികളും മനോഹരങ്ങളായ മട്ടുപ്പാവുകളില്‍ സമ്പല്‍ സമൃദ്ധിയുടെ അഹങ്കാരത്തില്‍ സുഖലോലുപരായി രാജ്യത്തിന്റെ ധനസമ്പത്ത് സ്വന്തമാക്കി ആനന്ദാശ്രു നിറഞ്ഞ കണ്ണുക ളോടെ സുഖനിദ്ര കൊള്ളുമ്പോള്‍ ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ, കിടന്നുറങ്ങാന്‍ കിടപ്പാടമില്ലാതെ  ലോകഭൂപടത്തില്‍ വിശപ്പ് സൂചികയില്‍ ഇന്ത്യയെ നൂറ്റിയൊന്നാം സ്ഥാനത്തു് എത്തിച്ചത് ആരാണ്?   

ഇന്ത്യക്കാരന്‍ കൃതജ്ഞതയോടെ സ്മരിക്കുന്നതാണ് '2008 ഒക്ടോബര്‍ 22-ന് ആകാശനീലിമയിലേക്ക് കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍-1 ഇന്ത്യക്കാര്‍ക്ക് ലഭിച്ച സുവര്‍ണ്ണ സമ്മാനമായിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ ബഹിരാകാശ പേടകത്തിന്റെ സഹായത്തോടെ കണ്ടെത്തിയ ജല കണികകള്‍ ലോകത്തെ ഞെട്ടിച്ച ചരിത്ര മായി'. ഇത് മാതൃഭൂമിയിറക്കിയ എന്റെ 'ചന്ദ്രയാന്‍' എന്ന വൈഞ്ജാനിക ഗ്രന്ഥത്തില്‍ നിന്നുള്ളതാണ്. ഈ സുവര്‍ണ്ണ സമ്മാനം  ഇന്ത്യക്കാരന്‍ ഹൃദയത്തിലേറ്റു വാങ്ങിയതു പോലെ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നത് എത്ര ഇന്ത്യക്കാര്‍ ഹൃദയത്തിലേറ്റു വാങ്ങും? ഇതൊക്കെ ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രം കുറെ സമ്പന്നരുടെ സംഭാവനയായി ആഗോളതല ത്തില്‍ നിലനില്‍ക്കുന്നു. ഒരു രാജ്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയില്‍ സമ്പന്നര്‍ തങ്ങളുടെ ലാഭം വര്‍ദ്ധി പ്പിക്കുന്നതു പോലെ പട്ടിണി മരണങ്ങളും, ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു. സമ്പന്നരുടെ പട്ടിക മാത്രം മതിയോ? പാവങ്ങളുടെ പട്ടിക വേണ്ടയോ? ഇന്ത്യക്കാരന്റെ മനസ്സില്‍ തുടിക്കുന്ന അഭിമാനകരാമായ നേട്ടം പാവങ്ങളുടെ വളര്‍ച്ചയാണ്. എന്തുകൊണ്ടാണ് ഈ ദൗത്യം ഭരണാധികാരികള്‍ ഏറ്റെടുക്കാത്തത്? ഇന്ത്യയുടെ പട്ടിണി ദാരിദ്ര്യം ലോകജനതക്ക് മുന്നില്‍ അമ്പരപ്പിക്കുന്ന ഒരു വസ്തുതയല്ലേ? 

ഒരു രാജ്യം ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് വരുന്നതിന്റെ ആദ്യപടിയാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം. സമൂഹത്തിന്റെ അടിത്തട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഈ തകര്‍ച്ചക്ക് കാരണം ഇന്ത്യയിലെ സമ്പന്നരും അവര്‍ക്ക് കുടപിടിക്കുന്ന ഭരണാധികാരികളുമാണ്. ഈ ചൂഷകര്‍ക്കെതിരെ ബോധപൂര്‍വ്വം ഉപഭോ ഗവസ്തുവാക്കുന്നത് സാധാരണക്കാരനെയും പാവങ്ങളെയുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അവര്‍ക്ക് കൊടുക്കുന്ന നികുതി ഇളവുകള്‍, ഇന്ധനവില വര്‍ദ്ധനവ് തുടങ്ങിയവ. സാധാരണക്കാരായ മനുഷ്യ രുടെ കീശ കാലിയാക്കികൊണ്ട് സമ്പന്നരുടെ കീശ വീര്‍പ്പിക്കുന്നത്? പാവങ്ങളുടെ നികുതികൂട്ടുകയും സമ്പന്നരുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും ചെയ്തു.  

സമ്പന്നന്മാരുടെ വളര്‍ച്ച 102-ല്‍ നിന്ന് 142 ആയി. 2020-21-ല്‍ 23.14 ലക്ഷം കോടിയില്‍ നിന്ന് 53.16 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. അതിസമ്പന്നരുടെ വളര്‍ച്ച 39 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവില്‍ 4.6 കോടി ഇന്ത്യക്കാര്‍ ദുഃഖ ദുരിത ദാരിദ്ര്യത്തിലായി. യൂ.എന്‍.സമിതിയുടെ കണക്കനുസരിച്ചു് ലോക ദരിദ്രരുടെ പട്ടികയില്‍ ഏകദേശം പകുതിയും ഇന്ത്യയിലാണ്. ഇങ്ങനെ ചൂഷണത്തിന്റെ ധാരാളം കണക്കുകള്‍ സൂക്ഷ്മമായി പരിശോ ധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ധാരാളമുണ്ട്.  ഈ നാണക്കേട് ഒരു അപമാനമായി, ലജ്ജാവഹമായി ഇന്ത്യന്‍ ഭരണകൂടത്തിന് തോന്നുന്നില്ലേ?
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശത്രുക്കള്‍ പാകിസ്ഥാന്‍, ചൈന മാത്രമല്ല നമുക്കൊപ്പം സഞ്ചരിക്കുന്ന    വിശപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ-കര്‍ഷക, ജാതി-മത പീഡനങ്ങള്‍ തുടങ്ങി ധാരാളം മനുഷ്യജീവനെ കാര്‍ന്നു തിന്നുന്ന വൈകാരിക പ്രശ്‌നങ്ങളുണ്ട്. ഇതിലെല്ലാം മനുഷ്യരുടെ ഹൃദയം ഉഴറുകയാണ്. ഇന്നത്തെ സമകാ ലീന ഇന്ത്യന്‍ ജനാധിപത്യം മുതലാളി-നാടുവാഴി-പൗരോഹിത്യത്തിന്റെ തടവറയിലാണ്. മണ്ണില്‍ കുതിച്ചോടുന്ന കുതിരകളെ പോലെ ജനാധിപത്യത്തില്‍ ഇന്ന് കാണുന്നത് കോടികളുടെ അധികാര കുതിരക്കച്ചവടങ്ങളാണ്.      

ലക്ഷക്കണക്കിന് പാവങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് ഇന്ത്യയിലെ അതിസമ്പന്നര്‍ കൊടുക്കുന്ന കള്ളപ്പണം കോടികളായി വാങ്ങി കോടിശ്വരന്മാരായി ജനവഞ്ചന നടത്തുന്ന രാഷ്ട്രീയ അധികാരം തിമിരം ബാധിച്ചവര്‍, ധാര്‍മ്മിക ബോധമില്ലാത്തവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പട്ടിണി പോലെ പട്ടിണി ജനാധിപത്യമാക്കുന്ന ജീര്‍ണ്ണിച്ച സംസ്‌കാരം ആരുടെ സൃഷ്ടിയാണ്? ഇവരാണോ ജനസേവകര്‍? ഇന്ത്യയിലെ പട്ടിണിപോലെ ഇതും കണ്ണഞ്ചി പ്പിക്കുന്ന ലജ്ജാവഹമായ കെട്ടുകാഴ്ചയല്ലേ? അധികാരമൂടുപടമണിഞ്ഞവരുടെ പുഞ്ചിരിപ്രഭ ആളിക്കത്തി ക്കാന്‍ തലയില്ലാത്ത സോഷ്യല്‍ മീഡിയ പരിവാരങ്ങള്‍, സൈബര്‍ ഗുണ്ടകള്‍ ഉന്തിനൊരു തള്ള് കൊടുക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. തള്ളടാ തള്ള്. കൊല്ലാടാ കൊല്ല് ഇതാണ് പ്രമാണം. കഥയറിയാതെ ആട്ടം കാണുന്നവര്‍ അത് വിശ്വസിക്കുന്നു. എന്തിനെയും ശിരസ്സ് കുനിച്ചുകൊണ്ട് നമസ്‌ക്കരിക്കുന്ന കുറെ ബുദ്ധിജീവികളെന്ന് പറയുന്ന എഴുത്തുകാരും പാവങ്ങളുടെ ആര്‍ത്തനാദം കേള്‍ക്കുന്നില്ല. അവരുടെ ബോധമണ്ഡലം മുതലാളിത്വ രാഷ്ട്രീയ തടവറയിലാണ്. സര്‍ക്കാര്‍ കൊടുക്കുന്ന സാഹിത്യ രാഷ്ട്രീയ പുരസ്‌കാരങ്ങളും പദവികളും വാങ്ങി അന്ധകാരമാകുന്ന കാരാഗൃഹത്തില്‍ കഴിഞ്ഞുകൂടുന്നു. ഒന്നും തുറന്നെഴുതരുത്. ശബ്ദിച്ചു പോകരുത് അതാണ് അവരുടെ പ്രമാണ ഉടമ്പടി. സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ കേന്ദ്ര സംസ്ഥാന സാഹിത്യ   പുരസ്‌കാരങ്ങള്‍ക്ക് പകരം സാഹിത്യ രാഷ്ട്രീയ പുരസ്‌കാരങ്ങള്‍ എന്ന് കൊടുത്താല്‍ പുരോഗമന പട്ടികയില്‍ കൊടുക്കാം.  

ഈ പുരസ്‌കാരങ്ങള്‍ വാങ്ങുന്ന ബഹുഭൂരിപക്ഷവും രാഷ്ട്രീയ സ്വാധിനവലയത്തിലുള്ളവരാണ്.  യോഗ്യതയുള്ളവര്‍ തള്ളപ്പെടുന്നുണ്ട്.  ജനാധിപത്യത്തിന്റെ മറവില്‍ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ ജാതിമത സാഹിത്യവും ഉള്‍പ്പെടുത്താവുന്നതാണ്. അതല്ലെങ്കില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ജാതിമത-സാ ഹിത്യ-സാംസ്‌കാരിക രംഗങ്ങങ്ങളിലുണ്ടാകരുത്. വിദേശത്തു് കുറെ സര്‍ക്കാര്‍ സംഘടനകള്‍ ഉണ്ടാക്കിയതു പോലെ ഇതെല്ലം വോട്ട് രാഷ്ട്രീയമല്ലാതെ എന്ത് നേട്ടമാണ് മലയാളിക്കുള്ളത്? കേരളത്തില്‍ മുന്‍പ് ജീവിച്ചി രുന്ന സാഹിത്യ പ്രതിഭകള്‍ സാമൂഹ്യവൈകൃതങ്ങള്‍ക്കെതിരെ പോരാടിയവരായിരുന്നു.ഇന്ത്യന്‍ ജനാധിപ ത്യത്തെ അനാഥമാക്കുന്നതില്‍, മൂല്യത്തകര്‍ച്ചയില്‍ എഴുത്തുകാരനും വലിയൊരു പങ്കുണ്ട്. ഇന്ത്യയുടെ നേട്ട ങ്ങളെക്കാള്‍ കോട്ടങ്ങളാണ് കണ്ണുനീര്‍ പൊഴിക്കുന്നത്. ആ ശ്മശാന മണ്ണില്‍ വിളറി വിറങ്ങലിച്ചു നില്‍ ക്കുന്ന പാവങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങുമോ.? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക