Image

എഡ്വേർഡ്  (യുദ്ധവിരുദ്ധ കവിത: ജയൻ വർഗീസ്)

Published on 02 October, 2022
എഡ്വേർഡ്  (യുദ്ധവിരുദ്ധ കവിത: ജയൻ വർഗീസ്)

എഡ്വേർഡ് ധീരൻ മടങ്ങി വന്നിന്നലെ 

കപ്പലിൽ നിന്നുമൊരാഴ്ച.

 ഒത്തിരിക്കാലമായ് ദൂരെയാണക്കരെ - 

യജ്ഞാതമേതോ തുരുത്തിൽ.


കൃത്യമായ് ബോംബുകളെത്തിച്ച് ശത്രുവിൻ 

ഹൃത്തടം പൊട്ടിച്ച വീരൻ. 

ഒട്ടും പിഴക്കാത്ത യുന്നങ്ങൾ എഡ്വേർഡിൻ 

കൈപ്പുണ്യമെങ്ങും പുകഴ്ത്തി.


വീടുകൾ, റോഡുകൾ, തോടുകൾ, പാലങ്ങ- 

ളേതും തൻ കൈവിരൽ ത്തുമ്പിൽ, 

കേവലം ചാരമാണെഡ്വേർഡിൻ ‘ ക്രൂയിസി ‘ൻ  1 

സ്‌പോടനം കൃത്യം, സസൂക്ഷ്മം 


ആത്മാഭിമാന ത്തുടുപ്പിലാണെഡ്വേർഡോ - 

രാണാണ് താനെന്ന തോന്നൽ. 

സാറ്റലൈറ്റ് സ്‌ക്രീനിൽ താൻ അഡ്ജസ്റ്റ് ചെയ്യുന്ന 

സൂക്ഷ്മത ‘ നാറ്റോ ‘ ക്ക് നേട്ടം. 2 


എത്രയോ കാലമായ് കൊന്നു മുന്നേറുന്നു 

ശത്രുവിൻ നെഞ്ചിൽ തന്നുന്നം.

എങ്ങും പരന്നു പോയ്‌ ഖ്യാതി, യിന്നെഡ്വേർഡ് 

കണ്ണിലെ ഉണ്ണിയാണെങ്ങും ! 


പ്രത്യേക പ്രോഗ്രാമിറക്കുന്നു ടി. വി. യിൽ 

എഡ്വേർഡ് മാത്രമേയുള്ളു. 

എത്തുന്നു രാജ്യത്തിന്നത്യുന്നതങ്ങളോ - 

‘ രച്ചീവ് മെന്റ ‘ വാർഡായി.  


എത്തുകയാണ് കൊളറാഡോ സിറ്റിയിൽ 

മിസ്റ്റർ പ്രസിഡണ്ട് നാളെ. 

അച്ചീവ് മെന്റാവാർഡ് എഡ്വേർഡിന് തൊപ്പിയിൽ 

അദ്ദേഹം തന്നെ ചാർത്തുന്നു ! 


**** **** **** **** 


എങ്ങും തിര തല്ലുമാഹ്ലാദം സിറ്റിയിൽ 

എങ്ങുമെഡ്വേർഡിൻ കമാനം. 

നാടിന്റെ നായകർ വാനോള മേഡ്വേർഡിൻ 

ധീരരത പാടിപ്പുകഴ്ത്തി.


വേദിയിൽ നിന്നു മഭിമാന വിജ്രംഭിതാ - 

മാനസത്തോടെ ഗർവ്വിൽ, 

ഭാര്യയെ കൊക്കോടു, കൊക്കുരുമ്മിയാ ധീര - 

വീരൻ പടികളിറങ്ങേ, 


ഒന്ന് പിടഞ്ഞു കരൾ വാർത്ത കാട്ടുതീ - 

യെന്ന പോൽ എങ്ങും പടർന്നു. 

 ഭാര്യ പരവശയായിപ്പോയ് “ നമ്മുടെ 

മോനുമവിടെയാണല്ലൊ ?”


ഗർജ്ജിക്കുന്നിപ്പോളും തോക്കുകൾ സ്കൂളിന്റെ 

ഭിത്തികൾ പോലും തുളഞ്ഞു.

ചോരയിൽ മുങ്ങീ കൊളറാഡോ ‘ ഗ്രാന്റ്കന്യ’ 3

നാകെ കടും ചുവപ്പായി.  


**** **** **** **** 


കണ്ടു നിന്നഡ്വേർഡ്‌ തൻ മകൻ ചോരയിൽ 

മുങ്ങിയ ചെമ്പനീർ പൂവായ്, 

സാറ്റലൈറ് സ്‌ക്രീനിൽ താൻ ദർശിച്ച സ്ളാവിയ - 4 

ന്നോമൽക്കുടങ്ങളിൽ ഒന്നായ്    


ഒന്നവൻ മന്ത്രിപ്പൂ : തന്നോട് ഖിന്നമാം 

ചുണ്ടിലെ മന്ദ സ്മിതത്താൽ, 

“ പപ്പയെപ്പോലെ വിദഗ്ധനാണാക്രമി - 

ക്കൊട്ടും പിഴച്ചില്ലാ, യുന്നം ?”


1 കുപ്രസിദ്ധമായ ക്രൂയിസ് മിസൈലുകൾ.

2 പടിഞ്ഞാറൻ സൈനിക സഖ്യം. 

3 അമേരിക്കൻ സ്‌കൂളുകളിൽ ആവർത്തിക്കപ്പെടുന്ന വെടിവെപ്പുകൾ.

4 കുരുതിക്കളമായി ഒരിക്കൽ യുഗോസ്ളാവിയ. 


* ‘ സൂര്യജന്മം ‘ കവിതാ സമാഹാരത്തിൽ ഉൾപ്പെട്ട കവിത..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക