Image

കോൺഗ്രസ്സിനൊരു ചരമഗീതം! (നടപ്പാതയിൽ ഇന്ന്- 53:ബാബു പാറയ്ക്കൽ)

Published on 04 October, 2022
 കോൺഗ്രസ്സിനൊരു ചരമഗീതം! (നടപ്പാതയിൽ ഇന്ന്- 53:ബാബു പാറയ്ക്കൽ)

ഒരു കാലത്തു ദേശീയ തിരങ്ങെടുപ്പുകളിൽ ഭൂരിഭാഗം സീറ്റുകളും തൂത്തു വാരി ഏതാണ്ട് ആറു ദശാബ്ദക്കാലത്തോളം ഇന്ത്യയെ ഭരിച്ചു നയിച്ച ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന രാഷ്ട്രീയ പാർട്ടി ഇന്ന്  വെറും 50 സീറ്റുകളുമായി ഒതുങ്ങിക്കൂടുന്ന അതീവ ദയനീയ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? അതിന്റെ ഉത്തരം തേടി അലയേണ്ട ആവശ്യമില്ല. ശുഷ്ക്കിച്ചു പോയ അതിന്റെ നേതൃത്വ നിര മാത്രമാണ് അതിനുത്തരവാദികൾ. ഒരുകാലത്തു നെഹ്‌റു കുടുംബത്തിൽ ജീവൻ പോലും രാഷ്ട്രത്തിനു വേണ്ടി ബലിയർപ്പിക്കാൻ തയ്യാറുള്ള നേതാക്കന്മാരുണ്ടായിരുന്നു. ഇവർക്ക് ഭരണ കാര്യത്തിൽ ദീർഘ വീക്ഷണവും സംഘടനാ പാടവത്തിൽ നൈപുണ്യവുമുണ്ടായിരുന്നു. എന്നാൽ ഇന്ന് 'അമ്മാവന് ആനയുണ്ടായിരുന്നതുകൊണ്ട് എന്റെ ചന്തിക്കും തഴമ്പുണ്ടെന്നു' പറയുന്ന അനന്തിരവന്മാരെപ്പോലെ ഗമയിൽ നടക്കുന്നതല്ലാതെ മുൻഗാമികളുടെ യാതൊരു കഴിവുമില്ലായെങ്കിലും 'പൃഷ്ഠം വലുതാണെങ്കിൽ താങ്ങാൻ ആളുമുണ്ടാവും' എന്ന് പറയുന്നതുപോലെ ഇപ്പോഴും കുറെ നേതാക്കന്മാർ അവരുടെ പൃഷ്ഠം താങ്ങി നടക്കാനുള്ളതുകൊണ്ടു വലിയ ഗമയിൽ അവർ ചമഞ്ഞിരിക്കുന്നു എന്ന് മാത്രം. കാലിനടിയിലെ മണൽ ഏതാണ്ട് മുഴുവനും ഒഴുകി പോയിട്ടും അവർ മാത്രം അതിന്റെ ആപത്തു മനസ്സിലാക്കുന്നില്ല എന്ന് മാത്രം. 

അവസാനമായി കോൺഗ്രസിന് ഭരിക്കാൻ അവസരം കിട്ടിയപ്പോൾ മന്ത്രി സ്ഥാനങ്ങളിലെല്ലാം ഈ പൃഷ്ഠം താങ്ങികളെ മാത്രം വച്ച് അവർ നിർവൃതിയടഞ്ഞു. അതിൽ പ്രമുഖനായിരുന്നു കോൺഗ്രസിന്റെ എക്കാലത്തെയും 'കരുത്തനായ നേതാവ്’ എ.കെ. ആൻറണി. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായി ഏതാണ്ട് ഒരു ദശാബ്ദക്കാലത്തോളം ഭരിച്ച സോണിയാജിയുടെ ആജ്ഞാനുവർത്തി! സ്വന്തം സംസ്ഥാനത്തിനോ രാജ്യത്തിനോ അഞ്ചു പൈസയുടെ ഗുണം ചെയ്‌തിട്ടില്ലാത്ത ഈ 'മനോരമയുടെ കടലാസു പുലി' പ്രതിരോധ വകുപ്പിൽ പട്ടാളക്കാരുടെ തോക്കിനു പോലും ഒരു നവീകരണം കൊണ്ടുവന്നിട്ടില്ല. തൊട്ടടുത്തുള്ള ശത്രു രാജ്യമായ ചൈന ഈ പത്തുവർഷം കൊണ്ട് പ്രതിരോധം ആറിരട്ടിയാണ് വിപുലപ്പെടുത്തിയത്. അഹിംസാ വാദിയും തികഞ്ഞ ഗാന്ധിയനും സോണിയാജിയുടെ വിശ്വസ്‌തനായ പൃഷ്ഠം താങ്ങിയുമായ ആൻറണി ഇന്ത്യൻ പ്രതിരോധ വകുപ്പിനെ രണ്ടു ദശാബ്ദം പുറകോട്ടു കൊണ്ടുപോയി എന്നാണ് റിട്ടയർ ചെയ്‌ത ഒരു ജനറൽ പറഞ്ഞത്.
ഇപ്പോൾ ദശാബ്ദങ്ങൾക്കു ശേഷം വീണ്ടും കോൺഗ്രസിൽ ഒരു നേതാവിനു വേണ്ടി തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പിൽ രണ്ടു പേർ മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ട് ആരെ പിന്തുണയ്ക്കണമെന്ന് ആലോചിച്ചു ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു ഭാഗത്തു കോൺഗ്രസിന്റെ നായകത്വം വഹിക്കാൻ തയ്യാറായി നിൽക്കുന്ന ഡോ. ശശി തരൂർ. ഐക്യരാഷ്ട്ര സഭയുടെ അണ്ടർ ജനറൽ സെക്രട്ടറി ആയിരിക്കയും സെക്രട്ടറി ജനറൽ ആയി മത്സരിച്ചിച്ചുവെങ്കിലും അമേരിക്ക പിന്തുണയ്ക്കാതിരുന്നത് കൊണ്ട് മാത്രം അതിൽ തോറ്റു പോകയും ചെയ്‌ത നയതന്ത്ര വിദഗ്ദ്ധൻ. കേന്ദ്ര ഗവൺമെന്റിൽ വിദേശ കാര്യ സഹ മന്ത്രിയായി കഴിവ് തെളിയിച്ച ഭരണ തന്ത്രജ്ഞൻ. സർവ്വോപരി ബ്രിട്ടീഷ് പാർലമെന്റിലും മറ്റനേകം അന്താരാഷ്ട്ര സംവാദ വേദികളിലും ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച അതിവിഗദ്ധ വാഗ്മി! മരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് പുതിയ ഉത്തേജനം നൽകി ഉയർത്തെഴുന്നേൽപ്പിച്ചു പഴയ പ്രൗഢിയിലേക്കു തിരിച്ചു കൊണ്ടുവരാമെന്ന് ആത്മ വിശ്വാസമുള്ള പോരാളി! മറുവശത്തു കോൺഗ്രസിന്റെ ദീർഘകാല നേതാവും സോണിയാജിയുടെ വിശ്വസ്‌തനും ദളിത് വിഭാഗത്തിൽ നിന്നും സ്വന്തം കഴിവുകൊണ്ടു മാത്രം ഉയർന്നു വന്നിട്ടുള്ള നേതാവുമായ മല്ലികാർജുന ഖാഡ്‌ഗേ! 

ഇവിടെയും നവീന ആശയങ്ങൾ ഒന്നും കോൺഗ്രസിന് വേണ്ട എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ 'കരുത്തനായ നേതാവ്' എ.കെ. ആൻറണിയാണ് അരയും തലയും മുറുക്കി ഖാഡ്‌ഗെയ്‌ക്കു വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കാരണം സോണിയാജിക്കു താത്പര്യം ഖാഡ്‌ഗെയാണത്രേ! തന്നെയുമല്ല ഖാഡ്‌ഗെയും ആൻറണിയും ഏതാണ്ട് ഒരേ പ്രായക്കാരുമാണ്. എന്നാൽ കേരളത്തിലെ മറ്റു നേതാക്കന്മാരായ വി.ഡി. സതീശനും ഉമ്മൻ ചാണ്ടിയും ഇപ്പോൾ കെ. സുധാകരനും രാഹുൽ ഗാന്ധിയുടെ ചെരുപ്പു നക്കിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കെ.സി. വേണുഗോപാലും എല്ലാം മല്ലികാർജുന ഖാഡ്‌ഗെയ്ക്കാണ് പിന്തുണ നൽകുന്നത്. അതിനു പരസ്യമായി പറയുന്ന കാരണം ഖാഡ്‌ഗെ ദളിത് വംശജനായത് കൊണ്ടും ഗോത്രവർഗക്കാരിയായ മുംബുവിനെ ബി.ജെ.പി ഇന്ത്യൻ പ്രെസിഡന്റാക്കിയതിന്റെ പകരം വീട്ടാനുമാണെന്നാണ്! എന്നാൽ മുംബുവിനെ ബി.ജെ.പി. പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്‌തപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇപ്പോൾ ദളിതരോട് സ്നേഹം കാണിക്കുന്ന ഈ നേതാക്കന്മാർ എന്നതാണ് രസകരം.

ഈ നേതാക്കന്മാർ യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഡോ. ശശി തരൂരിനെപ്പോലെ പ്രഗത്ഭനായ ഒരാളെ എതിർക്കുന്നത്? ഒറ്റ കാര്യമേയുള്ളൂ. എന്നേക്കാൾ വലിയൊരു സിംഹം ഈ കാട്ടിൽ ഉണ്ടാവരുത് അത്ര മാത്രം! ഇവിടെ ആശയങ്ങൾ കൊണ്ട് കോൺഗ്രസ് പാർട്ടിയെ പുഷ്‌ടിപ്പെടുത്താനൊന്നും ആരും മുതിരേണ്ട. ആന്റണിയെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന്റെ ശവപ്പെട്ടിയിൽ ആണി അടിക്കാൻ ചുറ്റിക പോക്കറ്റിൽ കൊണ്ടുനടക്കുന്ന ആളാണ് അദ്ദേഹം. സതീശൻ കുറച്ചു ഭേദമായേക്കുമെന്നു കേരളത്തിലെ ജനങ്ങൾ ഒരു കാലത്തു കരുതിയിരുന്നു. എന്നാൽ അദ്ദേഹം പഴയ പ്രതിപക്ഷ നേതാവിനേക്കാൾ വട്ട പൂജ്യമാണെന്നു തെളിയിച്ച പല സംഭവങ്ങളും ഈയിടെ ഉണ്ടായി. ഏറ്റവും ഒടുവിൽ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ഗവൺമെന്റ് നിരോധിച്ചപ്പോൾ ആർ.എസ്.എസ്.എസ്സിനെ യാണ് ആദ്യം നിരോധിക്കേണ്ടിയിരുന്നത് എന്ന് പോപ്പുലർ ഫ്രണ്ടിനെ പിന്താങ്ങിക്കൊണ്ടു പ്രസംഗിച്ചതാണ് അദ്ദേഹം. പിണറായിയെ നിയമസഭയിൽ വിമർശിക്കാൻ സ്വർണ്ണക്കടത്തുൾപ്പെടെ എത്രയോ അവസരങ്ങൾ സതീശന് കിട്ടിയതാണ്. എന്നാൽ അദ്ദേഹം എല്ലാറ്റിനും മൗനം പാലിച്ചുകൊണ്ട്‌ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് നിന്നതേയുള്ളൂ. ഇവരൊക്കെ രാഹുലിന്റെ സ്തുതിപാഠകർ മാത്രമാണ്. എന്നാൽ രാഹുലാകട്ടെ സ്തുതിപാഠകരുടെ സുഖിപ്പിക്കലിന്റെ രുചിയിൽ യഥാർത്ഥ പ്രശ്‌നങ്ങൾ ഗ്രഹിക്കാൻ കഴിയാതെ ഓടിത്തളരുന്നു എന്ന് മാത്രം!

കോൺഗ്രസ്സിന് ചാടി എഴുന്നേൽക്കാനുള്ള അവസാന അവസരമാണിത്. ജനാധിപത്യ വിശ്വാസികളെല്ലാം കോൺഗ്രസ് ബലപ്പെടണമെന്നാശിക്കുന്നു. നരേന്ദ്ര മോദി കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മാത്രം ഇന്ത്യയുടെ പ്രധിരോധത്തെയും ശാസ്ത്ര സാങ്കേതിക മേഖലയെയും സർവ്വോപരി ദേശീയ അഖണ്ഡതയെയും പുതിയ മാനങ്ങളിൽ എത്തിച്ചു എന്ന സത്യം മനസ്സിലാക്കി അന്ധാളിച്ചു നിൽക്കാനല്ല, മറിച്ച്‌, ഒരു നല്ല ശക്തിയാർന്ന പ്രതിപക്ഷമായെങ്കിലും നിന്ന് രാഷ്ട്ര നിർമ്മിതിയിൽ ഭാഗഭാക്കാകാൻ ശ്രമിക്കുക. കോൺഗ്രസ് നശിച്ചു പോകുന്നതുകൊണ്ട് ആർക്കും ഒരു ഗുണവുമില്ല എന്ന കാര്യം മറക്കരുത്!
________________

INDIAN NATIONAL CONGRESS

Join WhatsApp News
സുരേന്ദ്രൻ നായർ 2022-10-04 20:37:31
കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ 👍
American Mollakka 2022-10-04 21:57:24
അസ്സലാമു അലൈക്കും ജനാബ് പാറക്കൽ സാഹിബ്. എ കെ ആന്റണി മയ്യത്താകുമ്പോൾ ഓനെ അന്തോണീസ് പുന്ന്യാളച്ചൻ ആക്കണം. ശശി സാഹിബിനെ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന് നന്ന്. മറ്റേ സാബിനെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയത്തിന് നന്ന്. ജനാബ് പാറക്കൽ സാഹിബ് ഇങ്ങടെ എയ്തു ഉഗ്രൻ. ഇങ്ങനെ നാട്ടിൽ എയ്താൻ ആളുണ്ടെങ്കിൽ ശശി സാഹേബ് ജയിക്കും. ഇൻ ഷാ അള്ളാ
Sudhir Panikkaveetil 2022-10-05 12:52:26
60 വര്ഷം ഒരു ജനതയെ കബളിപ്പിച്ച് ഭരണം കൈക്കലാക്കി എന്നൊക്കെ പറയുന്നല്ലോ അങ്ങനെയെങ്കിൽ അവർ അങ്ങനെയൊന്നും ചാകുകയില്ല, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്. ബാബു സാർ ലേഖനം നന്നായിരുന്നു.
Babu Parackel 2022-10-07 23:34:59
ലേഖനം വായിച്ച എല്ലാവർക്കും പ്രതികരണം അറിയിച്ച സുരേന്ദ്രൻ നായർ, അമേരിക്കൻ മുല്ലാക്ക, സുധീർ പണിക്കവീട്ടിൽ എന്നിവർക്കും വാട്സാപ്പിൽ കൂടി പ്രതികരിച്ചവർക്കും എല്ലാം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക