വാർത്തകളിൽ നിറഞ്ഞുനിന്നത് ബ്രിട്ടീഷ് രാഞ്ജി രണ്ടാം എലിസബത്തിന്റെ മരണവും ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളുമാണ്. വിലാപപ്രകടനമെന്നോ അനുശോചനമെന്നോ വിശേഷിപ്പിക്കപ്പെടുന്ന അസാധാരണമായ ആഘോഷപരിപാടികൾ! സ്വർഗ്ഗസകലപ്പങ്ങളെപ്പോലും വെല്ലുന്ന കമനീയ ദൃശ്യങ്ങൾ!
മൃതശരീരം ആദരിച്ചുകിടത്താൻ രത്നഖചിതമായ ശവമഞ്ചം. പുതപ്പിക്കാൻ വർണ്ണപ്പകിട്ടുള്ള വിലയേറിയ പട്ടുകൾ. മൈലുകൾ നീളത്തിൽ ആദരവോടെ കാത്തുനിൽക്കുന്ന രാജഭക്തരായ ജനലക്ഷങ്ങൾ. ലോകരാഷ്ട്രത്തലവന്മാരുടെ മത്സരിച്ചുള്ള സഹതാപപ്രകടനങ്ങൾ. നൂറുകണക്കിനു ഗായകരുടെ വിലാപഗാനം. ആശ്വാരൂഢരായ പട്ടാളക്കാരുടെ ചിട്ടയോടെയുള്ള മാർച്ച്. ആൽമാവിന്റെ സ്വർഗ്ഗലബ്‌ധിക്കുവേണ്ടി ശുപാർശപൂജകൾ ആവർത്തിച്ചുനടത്തുന്ന പുരോഹിതശ്രേഷ്ഠൻമാരുടെ നീണ്ട നിര. പൂജകൾകൊണ്ടും അനുഷ്‌ഠാനങ്ങൾ കൊണ്ടും ശുദ്ധീകരിക്കപ്പെട്ട ശവകുടീരം. അവസാനം, മൃതദേഹത്തെ ആവരണം ചെയ്യുന്ന പുഷ്‌പവൃഷ്‌ടി.
രണ്ടാം എലിസബത്തിന്റെ ശവസംസ്‌കാരത്തിനുവേണ്ടി ഒരുക്കിയിരുന്ന ആർഭാടങ്ങളിൽ ചിലതുമാത്രമാണിവ! എല്ലാവിധ പ്രൗഢികളോടും ആഡംബരങ്ങളോടും കൂടി ദിവസങ്ങൾ നീണ്ടുനിന്ന ആ രാജകീയപരിപാടി കൾ
നേരിൽ കാണാൻ ജനലക്ഷങ്ങൾ ക്ഷമയോടെ കാത്തുനിന്നു. ദൃശ്യമാധ്യമങ്ങളിലൂടെ ആ കാഴ്ചകൾ കണ്ട് ജനകോടികൾ ആശ്ചര്യപ്പെട്ടു!
നിരന്തരമായ ഈ വാർത്തകൾ കേട്ടിരുന്നപ്പോൾ ഓർമ്മയിൽ ഓടിയെത്തിയത് മറ്റൊരു 'ശവസംസ്കാര'മാണ്.
കൃത്യമായ അളവൊന്നുമെടുത്തല്ല ആ കുഴി തീർത്തിരുന്നത്. കുറഞ്ഞത് ഒരുനാഴിക നീളം വരും. ഒന്നൊന്നര വിരിമാർ വീതിയും ഒരാൾ താഴ്ചയും കാണും. അതിന്റെ അടുത്ത് ഒരു വലിയ വാഹനം വന്നുനിന്നു. വശങ്ങൾ അടച്ചുകെട്ടിയ ഒരു ട്രക്കായായിരുന്നത്. കുഴിയോടു ചേർത്തു നിറുത്തിയശേഷം രണ്ടുപേർ ഇറങ്ങിവന്നു. പ്രത്യേകതരം യൂണിഫോം ധരിച്ചിരുന്നു. കട്ടികൂടിയ കൈയുറയും മാസ്‌കിനേക്കാൾ വലിയ
മുഖംമൂടിയും അവർ ചയ്യാൻപോകുന്ന ജോലിയുടെ സൂചന നൽകി. ട്രക്കിന്റെ ഒരുവശം തുറന്ന്, ഡോർ നീളൻകുഴിയുടെ വക്കോടു ചേർത്തുവച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ അഞ്ചാറടി നീളംവരുന്ന തടിക്കഷണം പോലൊരു 'സാധനം' അവർ ആ കുഴിയിലേക്കു തള്ളിയിട്ടു. കുഴിയുടെ വക്കിൽ തട്ടി, പൊതിഞ്ഞിരുന്ന തുണി കുറെ കീറി മാറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു: ഒരു മനുഷ്യന്റെ വികൃതമായ മുഖം! തുറന്ന വായും പാതി തുറന്ന കണ്ണുകളും! ആളിക്കത്തുന്ന വിശപ്പടക്കാൻ അൽപം ആഹാരത്തിനുവേണ്ടി തുറന്നതാകാം ആ വായ്, പക്ഷേ, വെറുതെ! അടുത്തവരോട് അന്ത്യയാത്രപറയാൻ തുറന്നതാകാം ആ കണ്ണുകൾ, പക്ഷേ, വെറുതെ! ശവശരീരം, മൃതദേഹം തുടങ്ങിയ ആദരണീയമായ പേരുകൾക്ക് ഈ ജഡം അർഹമല്ലപോലും! 'എവിടെയോ കിടന്ന് എങ്ങനെയോ ചത്ത' ഈ ജഡത്തിനു പരിഷ്‌കൃത സമൂഹം കൊടുക്കുന്ന പേരാണ് 'അനാഥപ്രേതം'. പലർക്കായുള്ള പൊതുവായ കുഴിയിലേക്ക് ആ ശരീരം തള്ളിയിട്ടപ്പോൾ,തെരുവിൽ അലയുന്ന കില്ലപ്പട്ടികൾ മോങ്ങിക്കരഞ്ഞു. രണ്ടാംഎലിസബത്തിന്റെയും ഈ അനാഥന്റെയും ആൽമാക്കൾക്കു നിത്യശാന്തി നേരുന്ന ആശംസയാകാം. ഒരുപക്ഷേ, വിശക്കുന്ന തങ്ങൾക്കു കിട്ടുമായിരുന്ന ‘ഭക്ഷണം’ മണ്ണിട്ടുമൂടുന്നതിലുള്ള പ്രതിക്ഷേധമാകാം! രാജ്ഞിയുടെയും അനാഥന്റെയും മൃതദേഹങ്ങൾഭൂമി ഏറ്റെടുത്തതാകട്ടെ തുല്യ വാത്സല്യത്തോടെ!
രാജകീയ പ്രൗഢികളും ശുപാർശപൂജകളും ആനയിക്കുന്ന രാജ്‌ഞിയുടെ ആൽമാവും
തെരുവു നായ്‌ക്കൾ മോങ്ങിക്കരഞ്ഞു യാത്ര അയക്കുന്ന അനാഥന്റെ ആൽമാവും
സ്വർഗ്ഗകവാടത്തിൽ ചെല്ലുമ്പോൾ, അവർക്കുകിട്ടുന്ന സ്വീകരണം എത്തരത്തിലായിരിക്കും?
ഭൂമിയിലെ വെറും മണ്ണിന്റെ സമഭാവന, സ്വർഗ്ഗത്തിലെ ഉന്നത നീതിപീഠത്തിന് ഉണ്ടാകുമോ എന്തോ!