Image

ഒരേ പോലായ്ത്തീരുന്ന നമ്മൾ ( കവിത : നീത ജോസ് )

Published on 05 October, 2022
ഒരേ പോലായ്ത്തീരുന്ന നമ്മൾ ( കവിത : നീത ജോസ് )

നിങ്ങളിരുവരുടെ മൂക്ക് 
ഒരു പോലായ് വരുന്നു
നോട്ടത്തിന്
ഒരേ നീളം 
ചുണ്ടിലെ കോണുകൾക്കാകട്ടെ
ഒരേ പോൽ ചരിവാകുന്നല്ലോ - 
-അറിയുന്നവർ ചോദിക്കുന്നു.

ഒരുമിച്ചു കടലു കാണവേ 
ഇടയ്ക്കു വന്ന 
കപ്പലണ്ടി വില്പനക്കാരൻ,
സന്ധ്യയ്ക്ക്  മുല്ലമാല മുറിച്ചുതന്ന 
തമിഴത്തിപ്പെണ്ണ് , 
ചായക്കടയിലെ
കണ്ണടക്കാരൻ മധ്യവയസ്കൻ ,
പേനകളുമായി
കാറിന്റെ ചില്ലിൽ തട്ടിയ
കൊച്ചു പയ്യൻ -
അറിയാത്തവരുടെ കണ്ണിലും 
അതേ ചോദ്യം.

വർഷങ്ങൾ കൊണ്ട് 
കണ്ണാടിയിൽ
വരച്ചുണ്ടാക്കിയതാണു നിന്നെ .
നീയും അത്ര തന്നെ 
പണിപ്പെട്ടു കാണും .
എത്ര ഒക്ടോബറുകളുടെ
നിറം ചേർത്തുവച്ചിട്ടാണ് 
നമ്മൾ നമ്മളെ ചായമിട്ടത് 
നിശ്വാസത്തിന്റെ താളം 
സ്വപ്നത്തിൽ പിൻതുടർന്നാണ് 
പരസ്പരം കണ്ടെത്തിയത്.
പിണങ്ങിനിൽക്കുന്ന മേഘങ്ങളെ 
ഇണക്കിപ്പെയ്യിക്കുന്ന വിദ്യ 
അറിയുന്നു നമ്മുടെ കണ്ണുകൾ.
നീയും ഞാനുമുണ്ടായത്
എത്ര നന്നായല്ലേ ?
ഒരേ പോലായ്ത്തീരുന്ന നമ്മൾ 
ഒരു വെറും കാഴ്ചയല്ലല്ലോ. 

Poem NEETA JOSE  

Join WhatsApp News
Rudolph the red nose 2022-10-05 23:30:44
എന്താണോ ആ മനസ്സിൽ ആർക്കറിയാം ! കണ്ണാടിയിൽവരച്ചുണ്ടാക്കിയതാണോ അതോ വലിച്ചു നീട്ടിയതണോ ? എന്തെങ്കിലും ആകട്ടെ ഞാൻ എന്തിനാ സമയം കളയുന്നത് . സ്ത്രീകളുടെ മനസ്സ് ഒരിക്കലും മനസ്സിലാകില്ലെന്ന് പ്രേം നസീർ പറഞ്ഞിട്ടുണ്ട് . . ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക