Image

കിനാശ്ശേരി ദൈവങ്ങൾ (കിനാശ്ശേരിക്കാലം 4: റാണി ബി. മേനോന്‍)

Published on 06 October, 2022
കിനാശ്ശേരി ദൈവങ്ങൾ (കിനാശ്ശേരിക്കാലം 4: റാണി ബി. മേനോന്‍)

കിനാശ്ശേരി ഒരു സെക്യുലർ നാടാണെന്നു നടേ പറഞ്ഞത്  ഓർക്കുമല്ലോ. കൃസ്തീയരിൽ അധികവും റോമൻ കത്തോലിക്കാ സഭാ വിശ്വാസികൾ ആയിരുന്നു. ഒരു ചെറിയ വിഭാഗം ലത്തീൻ കത്തോലിക്കർ ഒരു സുറിയാനി കൃസ്ത്യൻ കുടുംബം. 
ആകെ ഒരു കപ്പേള മാത്രമേ അവർക്കെല്ലാം കൂടി ഉണ്ടായിരുന്നുള്ളൂ. അവരുടെ കപ്പേളയിൽ യൗസേപ്പ് പിതാവ് ഓമനത്തം തുളുമ്പുന്ന ഉണ്ണിയേശുവിനെ ക്ഷീണമേതുമില്ലാതെ കാലാകാലങ്ങളായി ഉയർത്തിപ്പിടിച്ചു നിന്നു. പള്ളി വിശ്വാസികൾ തങ്ങളുടെ ആവശ്യങ്ങളെല്ലാം ആ കുരുന്നു കുഞ്ഞിനോടും അതിന്റെ അച്ഛനോടും നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും അവരുടെ ചിരി മാഞ്ഞില്ല. അത് അവർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലാവഞ്ഞിട്ടാണോ അതോ ആരെന്തു വേണമെങ്കിലും പറഞ്ഞിട്ടു പൊയ്ക്കോട്ടെ എന്ന നെഗ്ലിജെന്റ് ആറ്റിറ്റ്യൂഡ് കാരണമാണോ എന്നറിയില്ല.  
ഇസ്ലാം മത വിശ്വാസികൾ അഞ്ചു നേരവും നിസ്കരിച്ച് അവരുടെ ആത്മാവിനെ കാത്തു പോന്നു. പള്ളിയിലെ 'വാങ്കു'വിളി കേട്ട്,  വാച്ചുള്ള കിനാശ്ശേരി പ്രജകൾ സമയം അഡ്ജസ്റ്റ് ചെയ്തു.  

ഹിന്ദു മതവിശ്വാസികൾക്ക് ശ്രീഭൂതനാഥനും കാളിയുമായിരുന്നു അലോട്ട്മെന്റിൽ കിട്ടിയത്. കാളിയൊരൊന്നൊര ദൈവമായിരുന്നു. ആയമ്മ തനിക്ക് മേൽക്കൂരയില്ലാത്തൊരിടം മതിയെന്നും, ഇടയ്ക്ക് കള്ളും കോഴിയും നിവേദിക്കണമെന്നും, പ്രശ്നക്കാരൻ (നാട്ടുകാരെ സംബന്ധിച്ച് അയാൾ   ഒരു പ്രശ്നക്കാരൻ തന്നെയായിരുന്നു) വഴി  നാട്ടുകാരെ അറിയിച്ചു.  നാട്ടുകാരുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് പ്രശ്ന പരിഹാരമുണ്ടാക്കുന്ന ദേവി, തന്റെ ആവശ്യങ്ങൾ നാട്ടുകാരെ അറിയിക്കാൻ ഈ പ്രശ്നക്കാരനായ പ്രശ്നക്കാരനെ എന്തിനു തിരഞ്ഞെടുത്തു എന്ന വളരെ റിലവന്റ് ആയ ചോദ്യം ഉന്നയിച്ചത് കുടിയൻ കുട്ടപ്പനായിരുന്നു. കുട്ടപ്പനൊരു കുടിയനായതു കൊണ്ടു മാത്രം കാളിക്കുട്ടി പൊതു വിചാരണയിൽ നിന്നും രക്ഷപ്പെട്ടു.

കുന്നിൻ മുകളിൽ കുടികോണ്ട ശ്രീഭൂതനാഥേശ്വര ക്ഷേത്രം കിനാശ്ശേരിയെ നടുവെ രണ്ടായിത്തിരിച്ചു. അദ്ദേഹവും ഭാര്യ പാർവ്വതിക്കുട്ടിയും തൃക്കൺ പാർത്ത കിഴക്കേ കിനാശ്ശേരി(ക്കാരും) പൊതുവെ പടിഞ്ഞാറേക്കരക്കാരിൽ നിന്നും മെച്ചപ്പെട്ടു നിന്നു. അവരുടെ പിൻഭാഗം നോക്കിത്തൊഴുതോർക്ക് എന്താ പറയ്യ്വാ അദ്ദന്നെ. കഷ്ടം.

മകരക്കൊയ്തു കഴിഞ്ഞായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവകാലത്ത് കാണിക്കാവഞ്ചിയിൽ പണം നിറഞ്ഞു. 
കുട്ടപ്പൻ അടിച്ചു പിമ്പിരിയായി ശ്രീഭൂതനാഥനേയും പ്രൊവോക്ക് ചെയ്തു. കുട്ടപ്പൻ പറഞ്ഞു 
'ഡോ!, ഡ്ഡാേ!  നായരേ.... യ്യാള് ഭാര്യേം കെട്ടിപ്പിടിച്ചോണ്ടിവിടിരുന്നോ. അപ്രെ ആമ്പിള്ളേര് തന്റെ കാശടിച്ചോണ്ടു പോണൂന്ന്.'
കൈലാസത്തിൽ കിനാശ്ശേരി കറൻസി വാലിഡ് അല്ലാത്തതു കോണ്ടോ എന്തോ, അദ്ദേഹവും കുട്ടപ്പനെ മൈൻഡ് ചെയ്തില്ല.

#കിനാശ്ശേരിക്കാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക