Image

പ്രസിഡന്റിനെ പാർട്ടി തിരഞ്ഞെടുക്കട്ടെ ... ( ഇങ്ങനെയും പറയാം : ആൻസി സാജൻ )

ആൻസി സാജൻ Published on 06 October, 2022
പ്രസിഡന്റിനെ പാർട്ടി തിരഞ്ഞെടുക്കട്ടെ ... ( ഇങ്ങനെയും പറയാം : ആൻസി സാജൻ )

കോൺഗ്രസ്സ് പാർട്ടിയിൽ എന്തു നടന്നാലും വിമർശിക്കാനും പരിഹസിക്കാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. ഒരു കണക്കിന് ആ പാർട്ടിയോടുള്ള ഉള്ളടുപ്പം കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. 

മുച്ചൂടും അങ്ങാടിയിലിട്ട് ആളുകൾ കാൺകെ തല്ലിയും ചീത്തവിളി നടത്തിയും നിലംപരിശാക്കാൻ നോക്കിയിട്ട് ' ഒന്നു നന്നായിക്കണ്ടാൽ മതി' എന്നു പറഞ്ഞ് തിരിഞ്ഞു നടക്കുന്ന മനോഭാവമാണ് നമുക്കെല്ലാമെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ ഇങ്ങനുണ്ടോ ഒരു വെപ്രാളം..!

ഇന്ത്യയിൽ ഒരുപാട് രാഷ്ട്രീയ പാർട്ടികളുള്ള സംവിധാനമാണിപ്പോഴുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ദേശീയത്തറവാട്ടു കുടുംബത്തിൽ നിന്നും കാലാകാലങ്ങളായി  കെട്ടും പൊതികളുമെടുത്ത് വഴിയമ്പലങ്ങൾ തേടിനടന്ന ഒരുപാട് അനന്തിരവൻമാർ ഓരോരോ വില്ലകളും ഫ്ളാറ്റുകളുമൊക്കെയൊപ്പിച്ച് അവിടെ പൊറുതി നടത്തി വരുന്നു. 

ഇറങ്ങിപ്പോരുന്ന ഗ്യാപ്പിൽ തറവാടിന്റെ ഉത്തരങ്ങളും കഴുക്കോലുകളും തുടങ്ങി കിണ്ടിമൊന്ത വെറ്റിലച്ചെല്ലങ്ങൾ വരെ കക്ഷത്തിറുക്കി വെച്ചാണ് അവർ ഒട്ടുമുക്കാലും, മറ്റിടങ്ങളിൽ ചേക്കേറിയത്. അവിടത്തെ ഉമ്മറങ്ങളിലിരുന്ന് തറവാട്ടിൽ അവശേഷിക്കുന്നവരുടെ സ്വസ്ഥത തകർക്കാൻ ചാത്തനേറും പേടിപ്പിക്കലുമൊക്കെ നടത്തുന്ന വിനോദ പരിപാടികളിൽ  അത്യന്തം ആനന്ദിക്കാനും അവർ നേരം കണ്ടെത്തുന്നു.

അവശേഷിക്കുന്ന ഇളമുറക്കാരിൽ ചിലർ ഓരോന്നു ചൂണ്ടിക്കാണിച്ച് അതുവേണം ഇതു വേണം , അല്ലേൽ  ' വയസ്സുകാലത്ത് നാഴിവെള്ളം തരാൻ ആരും കാണില്ല ഞങ്ങളും പോവാ ' എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുകയാണ് കുടുംബത്തിലുള്ളവരെ .

എതിർ തറവാടുകൾ ദിവസം പ്രതി അധികാരം കൊണ്ടും കാശുകൊണ്ടും കായബലമുള്ളവരെക്കൊണ്ടും സമൃദ്ധമാകുന്നത് പറഞ്ഞാണ് അവരുടെ പേടിപ്പിക്കൽ.

പറഞ്ഞു വരുന്നത് കോൺഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്.
ഏതു കുടുംബത്തിലും കാണും പുറത്താരെയും അറിയിക്കാതെ രഹസ്യത്തിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ. അതൊക്കെ ഇന്നതാണ് എന്നും പറഞ്ഞ് നമ്മളാരും അങ്ങോട്ട് ചെല്ലേണ്ട കാര്യമില്ല. ഇത്ര മഹത്തായ ഒരു കാര്യം അവിടെ നടക്കുന്നതോർത്ത് നാം സന്തോഷിക്കുകയല്ലേ വേണ്ടത്. .?
അതുവരെ കാത്തിരിക്കാനും നമുക്ക് ബാധ്യതയുണ്ട്.

കോൺഗ്രസ്സ് പ്രസിഡന്റ് ഇന്നയാളാവണം എന്ന് എല്ലാ വെളിച്ചപ്പാടുകളും ഒരുപോലെയങ്ങ് അരുളിച്ചെയ്യുന്നു. വിളിച്ചു പറയുന്നു; സോഷ്യൽ മീഡിയ വഴി വരും വരായ്കകൾ നിരത്തുന്നു. 

വേറെ ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ ആരും ഇങ്ങനെ ഇടപെടുന്നത് കണ്ടിട്ടില്ല. 

ബി.ജെ.പിയുടെ നിലവിലെ ദേശീയ പ്രസിഡന്റിനെ ഇന്ത്യാരാജ്യത്തെ പ്രജകൾക്ക് എത്രമാത്രം അടുത്തറിയാം?
അതുപോലെ മാർക്സിസ്റ്റ് പാർട്ടിയും മറ്റ് ദേശീയതലങ്ങളിൽ ശ്രദ്ധേയമായ മറ്റു പാർട്ടികളും..
പിന്നെ, കേരളത്തിലുള്ളതുപോലെയുള്ള പ്രാദേശിക പാർട്ടികളും..!

ഇവരുടെയൊക്കെ നേതാക്കളെ തിരഞ്ഞെടുക്കാൻ ആളുകൾ ഇങ്ങനെ ഉപദേശങ്ങളും മുന്നറിയിപ്പുകളുമായി പറന്നു വീഴുക പതിവുണ്ടോ?

കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷൻ ആരായിരിക്കണമെന്ന് നിഷ്കർഷിക്കുന്നത് കോൺഗ്രസ്സുകാരോ പാർട്ടി അനുഭാവികളോ മാത്രമാണോ?
അല്ലെന്നാണ് തോന്നുന്നത്. 

സകല പാർട്ടിക്കാരും ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ വെക്കുന്ന പോലെയുണ്ട്.

ഇതിനർത്ഥം കോൺഗ്രസ്സ് പാർട്ടി, നഷ്ടപ്രതാപങ്ങൾ വീണ്ടെടുത്ത് മതനിരപേക്ഷതയുടെയും ദേശതാൽപ്പര്യങ്ങളുടെയും കാവലാളായി ഉയർന്നു നിൽക്കണമെന്ന സ്വപ്നം പുലരാൻ കാത്തുനിൽക്കുന്നവരാണ് നമ്മൾ എന്നല്ലേ..?

മല്ലികാർജുൻ ഖാർഗേ എന്ന എൺപതുകാരൻ ഈ എൺപതു വയസ്സുവരേയും അടിയുറച്ച കോൺഗ്രസ്സുകാരനാണെന്നാണ് അറിവ്. അത് ഈ കാലഘട്ടത്തിൽ ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ കരുത്ത് തന്നെയല്ലേ..?

തറവാട്ടു സൗകര്യങ്ങളിൽ ഇഷ്ടംപോലെ അഭിരമിച്ച് സ്വർണ്ണം വെള്ളിചെമ്പു പിത്തളകളെല്ലാം യഥേഷ്ടം കൈകാര്യം ചെയ്ത് ഒടുവിൽ തറവാട്ടിന്റെ ക്ഷയത്തിന് ആക്കംകൂട്ടി അന്നന്ന് വേണ്ടുന്ന അപ്പസമൃദ്ധിയിലേക്ക് കണ്ണുംനട്ട് ചാഞ്ചാടിനടക്കുന്നവരെക്കാൾ വിശ്വാസയോഗ്യനല്ലേ അദ്ദേഹം..?

പാർട്ടിനിർദ്ദേശിച്ച സ്ഥാനാർത്ഥിക്കെതിരെ ശശിതരൂർ മൽസരത്തിനെത്തിയപ്പോൾ അദ്ദേഹത്തിനും അവസരമൊരുങ്ങിയിട്ടുണ്ടല്ലോ?
അതും ജനാധിപത്യ ശൈലിയല്ലേ..?

തരൂർ ധിഷണാശാലിയാണ്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നയാളാണ്. ജീവിതത്തിൽ വ്യത്യസ്തമായ ശൈലികൾ പുലർത്തുന്നയാളാണ്. തിരുവനന്തപുരത്ത് എം.പിയായി പല തവണ ജനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളയാളാണ്. സുമുഖതയും ആ കർഷണീയതയും ഏറെയുണ്ട് താനും..

ഇങ്ങനെ എല്ലാ തലങ്ങളിലും മികച്ച വ്യതിരിക്ത വ്യക്തിത്വങ്ങളല്ലേ ഒരു പ്രസ്ഥാനത്തിന്റെ മൂല്യമേറിയ സമ്പത്ത്. വിവിധയിടങ്ങളിൽ ഇവരെയെല്ലാം പ്രയോജനപ്പെടുത്തുന്നതാണ് പ്രസ്ഥാനത്തിന്റെ വിജയ രഹസ്യവും

പാർട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരോഗ്യകരമായ മൽസരം നടക്കട്ടെ. ജയിക്കുന്നവർ ആ സ്ഥാനമലങ്കരിച്ച് വിജയമാകട്ടെ. അങ്ങനെയല്ലേ വേണ്ടത് ?

വാലറ്റത്ത്  :

ഏത് പ്രസ്ഥാനത്തിലാണ് അല്ലെങ്കിൽ ഏതൊരു രംഗത്താണ് തങ്ങൾക്കിണങ്ങുന്ന പാരസ്പര്യം നിലനിർത്തും വിധമുള്ള ഒരു ടീം സംവിധാനമൊരുക്കി മുന്നോട്ടുള്ള ലക്ഷ്യങ്ങൾ നേടാൻ ശ്രമങ്ങൾ നടക്കാത്തത്..!

CONGRESS PARTY PRESIDENT ELECTION  ANCY SAJAN

Join WhatsApp News
Meera 2022-10-06 08:53:25
പിന്നല്ലാണ്ടെ! അസ്സൽ കുറിപ്പ്. നടക്കുന്നത് അങ്ങിനെ തന്നെ! ദേശീയ പാർട്ടി ഇനി എന്ന്‌ ഏതു പ്രാന്തപ്രദേശത്തിലേക്കൊതുങ്ങും എന്നുള്ളത് നോക്കി കാണാം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക