StateFarm

വളര്‍ത്തു നായ്ക്കളുടെ (പിറ്റ് ബുള്ളിന്റെ)  ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍ 

പി പി ചെറിയാന്‍ Published on 07 October, 2022
വളര്‍ത്തു നായ്ക്കളുടെ (പിറ്റ് ബുള്ളിന്റെ)  ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍ 

മെംഫിസ് (ടെന്നിസ്സി):  വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും  മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഒക്ടോബര്‍ 5 ബുധനാഴ്ച ടെന്നിസി നോര്‍ത്ത് ആയിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടുവയസ്സുള്ള പെണ്‍കുട്ടിയുടെയും അഞ്ചുമാസം പ്രായമുള്ള ആണ്‍കുട്ടിയുടെയും ജീവന്‍  അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷെരിഫ് ഓഫീസ്  അറിയിച്ചു . ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും, രക്തംവാര്‍ന്ന് ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റ മാതാവിനെ മെംഫിസ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ടു പിറ്റ്ബുള്‍  നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനും കടിയേറ്റത് എന്നും പോലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് ആനിമല്‍ കണ്‍ട്രോള്‍ കസ്റ്റഡിയിലെടുത്തു. 

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കേസെടുക്കണമോ എന്ന്  തീരുമാനിച്ചിട്ടില്ലെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ എപ്പോഴാണ് പ്രകോപിതരാവുക  എന്ന് പറയാനാകില്ലെന്നും കുട്ടികളെ തനിച്ചു വിടുന്നവര്‍  ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പി പി ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക