അഗതി മന്ദിരത്തിൽ രണ്ട്
അക്വേറിയങ്ങളുണ്ട്
പുരുഷന്മാരുടെ ബ്ലോക്കിലൊന്നും
സ്ത്രീകളുടെ ബ്ലോക്കിലൊന്നും
പെണ്ണുങ്ങളുടെ മീനുകൾക്ക്
പേരുകളുണ്ട്
ആനിയെന്നും മിനിയെന്നും
മൈമൂനയെന്നും
ജയനെന്നും ജയ്സനെന്നും
ജമാലെന്നും
പല വർണ്ണങ്ങളിലും
രൂപങ്ങളിലുമുള്ള
സുന്ദരികളും സുന്ദരന്മാരുമുണ്ട്
അവർക്കൊക്കെയും
ഉമ്മയും അമ്മയും അമ്മച്ചിയുമുണ്ട്
അവിടെ വരുന്ന
കാക്കയ്ക്കും കോഴിക്കും
മുയലിനും നത്തിനും വരെ
മക്കളുടെയും
പേരക്കുട്ടികളുടെയും
പേരുകളുണ്ട്
അവർക്ക് താരാട്ടും
ചോറൂണുമുണ്ട്
ആണുങ്ങളുടെ മീനുകൾക്ക്
മീനെന്നെ പേരുള്ളൂ
തരം കിട്ടിയാൽ ചിലർക്ക്
അതിനെ വറുത്താലോ
കറിവെച്ചാലോ
നന്നാവുന്നതെന്ന ചർച്ചകളാണ്..
ചില്ലു ജയിലാണെടാ മക്കളേ
എന്നു സ്വകാര്യം പറയുന്ന
ചിരിവറ്റാത്ത ചേട്ടൻ മാത്രം
ഗ്ലാസ്സിൽ മൂക്കു മുട്ടിച്ചു
കൊച്ചു വർത്താനം പറയും
അയാളെ കാണുമ്പോ മീനുകളും..
ചിലരൊന്നും അങ്ങനെയൊരു
ചില്ലുകൂടവിടെ ഉണ്ടെന്നതേ
അറിഞ്ഞിട്ടില്ലെന്നു തോന്നും
അവർക്കൊരു
അറുപതുകളിലെയോ
എഴുപതുകളിലെയോ
പാട്ടു വെച്ചു കൊടുത്താൽ മതി
ഉടലവിടെ ചാരി വെച്ചിട്ടങ്ങനെ-
യിറങ്ങിപ്പൊയ്ക്കോളും..
അഗതി മന്ദിരങ്ങളൊക്കെയും
ഓരോരോ അക്വേറിയങ്ങളാണ്
ചെന്നു കയറുന്നവർ പോലും ചുണ്ടനക്കങ്ങളുടെ
ഭാഷയിലേക്ക് അലിഞ്ഞുപോവുന്ന,
കാത്തിരിപ്പിന്റെ കുമിളകൾ
അലച്ചു പൊട്ടുന്ന
ചില്ലു കൂടുകൾ..!!
AQUARIUM POEM SHALEER ALI