Image

ദൈവങ്ങളുടെ പൂങ്കാവനം (സന്തോഷ് പിള്ള)

Published on 08 October, 2022
ദൈവങ്ങളുടെ പൂങ്കാവനം (സന്തോഷ് പിള്ള)

മനോഹരമായ മലനിരകൾക്കരികിലൂടെ വാഹനം പാർക്കിനുള്ളിലേക്ക്  പ്രവേശിക്കുമ്പോൾ    " ദൈവങ്ങളുടെ പൂങ്കാവനം, Garden of The Gods" എന്ന  ഫലകം ഞങ്ങളെ എതിരേറ്റു. അമേരിക്കയിൽ, ഡെൻവറിലെ കൊളറാഡോ സ്പ്രിങ്സ് എന്നസ്ഥലത്ത്  സ്ഥിതി ചെയ്യുന്ന ഈ പാർക്കിന്  ദൈവങ്ങളുടെ പൂങ്കാവനം എന്ന നാമം എങ്ങനെയുണ്ടായി?. അനവധി ദൈവങ്ങൾ  നിലനിൽക്കുന്നു എന്ന ചിന്തയിൽ  നിന്നുമായിരുക്കുമല്ലോ ഇങ്ങനെ ഒരു സ്ഥലപ്പേർ ഉണ്ടായിരിക്കുന്നത്, റൂഫസ്  കേബിൾ  എന്ന അമേരിക്കൻ സർവേയർ  ആണ്, 1859 ൽ  മലനിരകളാലും, ജൈവ വൈവിധ്യത്താലും സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ഈ സ്ഥലത്തിന് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിച്ചത്.

ഒരുവശത്ത്  ഉയർന്നു നിൽക്കുന്ന വലിയ മലക്ക് ചെങ്കല്ലിന്റെ  ചുവപ്പു നിറം.. എതിർവശത്ത്  കാണുന്ന മല,  ചാര നിറത്തിൽ   ഭസ്മം വാരിക്കോരി പുരട്ടി നില്കുന്നു.   ആരാണ് വ്യത്യസ്ത  നിറങ്ങൾ ഈ  മലകൾക്ക് നൽകിയത്?  മലകളുടെ വശങ്ങളിൽ നിറയെ നിരവധി പൊത്തുകൾ. അവയിലൊക്കെ ജീവിക്കുന്ന പക്ഷികളും, വവ്വാലുകളും. അടുത്തു കണ്ട മറ്റൊരു മലയുടെ മുകളിലേക്ക് അനായാസം നടന്നു കയറുന്ന "റോക്കി മൗണ്ടൻ ബിഗ് ഹോൺ ഷീപ്പ് ".  ചെങ്കുത്തായ കുന്നിൻ ചരിവിലൂടെ താഴെ വീഴാതെ കയറി ഇറങ്ങുവാൻ ഉതകുന്ന കുളമ്പുകൾ,  വലിയ കൊമ്പുകളുള്ള ആടുകളുടെ പ്രത്യേകത ആകുന്നു.

അല്പം മുൻവശത്തായി അധരങ്ങൾ അടുപ്പിച്ച് നിൽക്കുന്ന രണ്ടു മല ശിഖരങ്ങൾ. അതിനു താഴെ "കിസ്സിങ് കാമേൽസ്" എന്നെഴുതി വച്ചിരിക്കുന്നു.

275 മില്ല്യൺ (27.5 കോടി)   വർഷങ്ങൾക്ക് മുമ്പ്  ഒഴുകിയിരുന്ന  നദി മെനഞ്ഞെടുത്ത പാറകളാണ്  ഇപ്പോൾ  അന്തരീക്ഷത്തിലേക്കുയർന്നു  നിൽക്കുന്ന മലകൾ.  അനേകം സന്ദർശകർ പാർക്കിനുള്ളിലെ നടപ്പാതയിലൂടെ നീങ്ങുമ്പോൾ,  വഴിയുടെ മറുവശത്തേക്ക്  നടപ്പാത കുറുകെ കടക്കുവാൻ  ഊഴം കാത്തുനിൽക്കുന്നു ഒരു കൂട്ടം മാനുകൾ. വലിപ്പമുള്ള   ചെവികൾ  ഉള്ള  ഈ പ്രദേശത്തെ  മാനുകൾ   "മ്യുൾ ഡിയർ "  എന്നറിയപ്പെടുന്നു.  തുള്ളിചാടി അമ്മയുടെ പിന്നാലെ ഒളിച്ചുകളിച്ചുകൊണ്ടുപോകുന്ന കുഞ്ഞു മാനുകളും, അനേക നാളുകൾക്ക്  മുമ്പ്  ഒഴുകിയിരുന്ന നദിയും, ദൈവങ്ങളുടെ പൂങ്കാവനം എന്ന പേരും, ശൈത്യ കാലത്ത്  മഞ്ഞുകൊണ്ട് മൂടുന്ന ഹിമഗിരിശൃംഗങ്ങളും കണ്ണുകൾ  അടച്ചുകൊണ്ട്  മനസ്സിലൊന്ന്  ആലോചിച്ചു.   ആലോലം പാടിവരുന്ന മന്ദ മാരുതൻ, പണ്ടെങ്ങോ പൂത്തുലഞ്ഞു നിന്നിരുന്ന  വന ജ്യോത്സനകളുടെ ഗന്ധം കൊണ്ടുവരുന്നു. ----മാനുകളോടും മലകളോടുമെല്ലാം  പ്രിയതമനെ തേടുന്ന ഒരു വിരഹണിയുടെ തേങ്ങലുകൾ ചുറ്റു പാടുകളിൽ നിന്നും ഉയർന്നുവരുന്നോ?

-----

1969ൽ പ്രദർശനത്തിനെത്തിയ, ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ,  കുമാരസംഭവത്തിലെ  രംഗമാണ്  പെട്ടെന്ന്  ഓർമയിൽ ഓടിയെത്തിയത്.?

പ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ?

ഹിമഗിരിശൃംഗമേ ! പറയൂ എൻ പ്രിയതമനെവിടേ?

മാനസസരസ്സിന്നക്കരെയോ ഒരു

മായായവനികയ്ക്കപ്പുറമോ?

പ്രണവമന്ത്രമാം താമര ഇതളില്‍                                                                                            

--------------------------------

പ്രണയപരാഗമായ് മയങ്ങുകയോ?

മാടിവിളിക്കു മലര്‍ലതികെ പൊന്മാനുകളെ

എൻ പ്രിയനെവിടെ ?............................

ഗംഗാനദിയിൽ  നിന്നും ഭൂഖണ്ഡങ്ങൾക്കപ്പുറം  അമേരിക്കയിലെ ഈ    പ്രദേശത്ത് താമര വിരിഞ്ഞു നിന്നിരിക്കുമോ?  അതോ ഒരു മായാ യവനിക ചിന്തകളെ മൂടുപടം അണിയിച്ച് അങ്ങനെ  തോന്നിപ്പിക്കുന്നതാണോ?

  സ്വപ്ന സദൃശ്യ ചിന്തകൾ  അവിടെ കണ്ട മാനുകളോടൊപ്പം, വീണ്ടും, വീണ്ടും, മേയാൻ തുടങ്ങിയപ്പോൾ. പെട്ടെന്ന്  പോക്കറ്റിൽ കിടന്ന സെൽ ഫോൺ അടിക്കാൻ തുടങ്ങി.

 ടെക്സസിൽ നിന്നും ഒരു  സുഹൃത്ത്.

 "ഞങ്ങൾ  ഇപ്പോൾ കോളറാഡോയിലെ ഗാർഡൻ ഓഫ് ഗോഡ്‌സിലാണ് എന്നറിയിച്ചപ്പോൾ. സുഹൃത്തിന്റെ മറുപടി, "ഞങ്ങൾ അവിടെ ഏഴു വർഷം താമസിച്ചിതാ, ആ സ്ഥലത്തിന് വലിയ ഒരു പോസിറ്റീവ് എനർജി ഉണ്ട്. പണ്ടൊക്കെ പരസ്പരം യുദ്ധം ചെയ്തിരുന്ന റെഡ് ഇന്ത്യൻ ആദിവാസികൾ, ഇവിടെ എത്തുമ്പോൾ ആയുധം താഴെവച്ച് പ്രാർത്‌ഥിച്ചിരുന്നു. ഒരു ദൈവ ചൈതന്യം അവർ അവിടെ അനുഭവിച്ചിരുന്നു".

സുഹൃത്തിന്റെ സംഭാഷണം തുടർന്നു.

അതിനടുത്ത സ്ഥലത്തൊരു ഗുഹയുണ്ട്. ഗുഹക്കുള്ളിലെ ചെറിയ ജലാശയത്തിൽ കല്യാണ പ്രായമായ പെൺകുട്ടികൾ, മുടി കെട്ടുന്ന ഹെയർ ബാൻഡ് നിക്ഷേപിച്ചാൽ വിവാഹം പെട്ടെന്ന് നടക്കും എന്ന ഒരുവിശ്വാസം റെഡ് ഇന്ത്യൻസിന്റെ ഇടയിൽ നിലനിൽക്കുന്നു. അവിടെ ചെന്നാൽ  ഒത്തിരി ഹെയർ ബാൻഡുകൾ നിക്ഷേപിച്ചിരിക്കുന്നത്  കാണുവാൻ സാധിക്കും.

അർദ്ധ വിശ്വാസത്തോടെ സുഹൃത്ത് പറയുന്നത് മൂളികേട്ടു.

ഫോണിലൂടെ വീണ്ടും തുടർന്നു.

“”ഇനി ഞാൻ പറയുന്നത് വിശ്വസിക്കുമോ എന്നറിയില്ല. വിവാഹത്തിനു ശേഷം അനേക വർഷം കുട്ടികൾ ഇല്ലാതെ ഞങ്ങൾ വിഷമിച്ചു. നാട്ടിലെ ഒരു ഗുരുവിനെ വിളിച്ച് പ്രതിവിധി അന്വേഷിച്ചപ്പോൾ, അദ്ദേഹം ചോദിച്ചു. "നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് മലകളും ഗുഹയുമൊക്കെ ഉണ്ടോ? അവിടെ വ്യത്യസ്ത നിറങ്ങളുള്ള രണ്ടുമലകൾക്കിടക്ക് സമനിരപ്പായ സ്ഥലത്ത് ഒരു ദേവി പൂജ ചെയ്യുക. ഫലം ഉറപ്പ്.””

പാർക്ക് അധിക്രിതരുടെ അനുമതി വാങ്ങി ഞാനവിടെ പൂജ ചെയ്തു. അതിനുശേഷമാണ് രണ്ടു കുഞ്ഞുങ്ങളും ജനിച്ചത്.” 

അനേക ലക്ഷം വർഷങ്ങൾക്കു മുമ്പ് ഈ പ്രദേശം ഹിമാലയത്തിന്റെ ഭാഗമായിരുന്നു പോലും. ഇവിടെ വച്ചാണ് പാർവതി, ശിവനെ ഭർത്താവായി കിട്ടാൻ അനേക വർഷം തപസ്സുചെയ്തിരുന്നത്.അതുകൊണ്ട്  ദേവീ ചൈതന്യം അവിടെ നിറഞ്ഞു നില്കുന്നു.”

“”അതെ, അതെ”  അർദ്ധവിശ്വാസത്തോടെ  ഞാൻ മൂളികേട്ടു

എന്തോ,  എവിടെയോ, അവിശ്വാസത്തിന്റെയും, അന്ധവിശ്വസത്തിന്റെയും നീർകുമിളകൾ എന്റെ ഉള്ളിൽ പൊന്തിവരുന്നു.-----

 പക്ഷെ,  മനസ്സിലൂടെ അല്പം മുമ്പ് കടന്നുവന്ന ഗാനം?  നൂറുവർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം സന്ദർശിച്ച സായിപ്പിന് "ദൈവങ്ങളുടെ പൂങ്കാവനം"എന്ന പേരുനൽകണം എന്ന് തോന്നിപ്പിച്ച ചേതോവികാരം.?  അതിനും മുമ്പ് റെഡ്ഇൻഡ്യൻ  ആദിവാസികൾക്ക്   ഈ സ്ഥലത്തെത്തുമ്പോൾ അനുഭവപ്പെട്ട അല്മീയ ചൈതന്യം?

ചിന്തിച്ചാൽ ഒരന്തവുമില്ല  ചിന്തിച്ചില്ലേൽ ഒരുകുന്തവുമില്ല,  ഈ  നിമിഷം, അതുമാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്. അത് പൂർണമായും ആസ്വദിക്കൂ ക അതുതന്നെ ,

1909 ൽ ചാൾസ് എലിയറ്റ് എന്ന മഹാമനസ്കൻ തന്റെ ഉടമസ്ഥതതയിൽ ഉള്ള സ്ഥലം കൊളറാഡോ  സ്പ്രിങ്  സിറ്റിക്ക് സൗജന്യമായി നൽകിയപ്പോൾ ഒരു നിബന്ധന വച്ചിരുന്നു.  ഇവിടം സന്ദർശിക്കാനെത്തുന്നവരോട്  പ്രവേശന ഫീസ് വാങ്ങരുത്.   അദ്ദേഹത്തിന്റെ നിർദേശത്തിലും  നന്മയുടെ, ആല്മീയതയുടെ ഒളിമിന്നലുകൾ കാണാമല്ലോ?

രണ്ടുമണിക്കൂർ പാർക്കിനുള്ളിൽ കറങ്ങി നടന്നിട്ട് അതിനടുത്ത സ്ഥലത്തുള്ള സയാമീസ് ഇരട്ടകളെ കാണാൻ യാത്ര തിരിച്ചു. പാതയുടെ ഒരുവശത്തെ കാഴ്ച്ച ഭീതിജനകമായിരുന്നു. 275 മില്ലിയൻ (27.5 കോടി)  വർഷങ്ങൾ  , ദിനസോറുകളൂം ജീവിച്ചിരുന്നതിന് മുമ്പ് ഒഴുകിയിരുന്ന നദിയിൽ ചൈനീസ് ഡ്രാഗണെ പോലെ വലിപ്പമുള്ള പാമ്പുകൾ ഉണ്ടായിരുന്നോ? . അതിലൊരെണ്ണം മലകളായി രൂപാന്തരം പ്രാപിച്ചതാണോ  ഇപ്പോൾ കാണുന്ന മലനിരകൾ?  ഒരു വലിയ ആർച്ചുപോലെയുള്ള ആദ്യത്തെ മല, അതിനുപിന്നിലായി ചെറിയ മറൊരു ആർച്ച് മല, അതിനും പുറകിലായി ഏറ്റവും ചെറിയ മറ്റൊരുമല. പടുകൂറ്റൻ സർപ്പം ഭൂമിയിൽ മുതുക്  ഉയർത്തി  കിടക്കുന്നതുപോലെ.. ഇത് വാസുകി ആകുമോ?  (മന്ദര പർവ്വതം കടയാൻ ഉപയോഗിച്ച സർപ്പം)

സയാമീസ് ഇരട്ടകളെ കാണാൻ മലകയറ്റം വേണ്ടിവന്നു. പണിപ്പെട്ട് മലമുകളിൽ എത്തിയപ്പോൾ  രണ്ടുപേർ  ഞെളിഞ്ഞു നില്കുന്നു. ഇരട്ടകൾ തന്നെ, ഒരമ്മക്കും അച്ഛനും പിറന്നവർ. തൊട്ടടുത്ത്  ചേർന്നാണ് നിൽപ്പുപോലും. ഇവരുടെ  സൗഹൃദത്തിന്റെ കണക്കുപറഞ്ഞാൽ, നൂറു കോടി വർഷങ്ങൾ വേണ്ടിവരും. അടിഞ്ഞുകൂടലുകളുടെയും പൊഴിഞ്ഞു പോവുന്നതിലൂടെയും രൂപപ്പെട്ട  പാറകൾ,  ഒരേ രൂപം പ്രാപിച്ചിരിക്കുന്നു. ചേർന്നുനിൽക്കുന്ന ഇരു പാറകളുടേയും  താഴ്വശത്ത് ഏതാണ്ട് ചതുരാകൃതിയിൽ  'പിക്ച്ചർ  ഫ്രെയിം" രൂപത്തിൽ ഒരു വിടവ്. അതിലൂടെ നാനൂറ്റി അറുപതുകോടിവർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട  ഒരുനക്ഷത്രത്തിൽ  നിന്നും  8.4 മിനുട്ട്  സഞ്ചരിച്ച് പ്രകാശം പുറത്തേക്കു വരുന്നു.( സൂര്യ പ്രകാശം)  "വേം ഹോൾ" എന്ന്  കേട്ടിട്ടുണ്ട്,  ഈ കാണുന്ന വിടവ് അതാവുമോ. അതിലൂടെ നൂണ്ടിറങ്ങിയാൽ അനേക കോടി വർഷങ്ങൾക്ക്  മുമ്പിലോ, പിമ്പിലോ എത്തുമെന്ന   ഭയത്താൽ ആ ഉദ്യമത്തിന് മുതിർന്നില്ല. എന്നാലും അതിലൂടെ താഴ്വാരത്തിലേക്ക് കണ്ണോടിച്ചു. പച്ചപുതപ്പിനാൽ ആവരണം ചെയ്യപ്പെട്ട സമതലങ്ങളും അതിനപ്പുറം ചെറിയ മലനിരകളൂം. മലകളും മുകിലുകളൂം ഒന്നാവുന്നു. അതിർ രേഖകൾ ഇല്ലാതാവുന്നു. ഈ സ്വർഗ്ഗീയ സൗന്ദര്യ ലയത്തിൽ, ശരീരവും, മനസ്സും ഇല്ലാതാവുന്നു. കാഴ്ചകളും കാഴ്ചക്കാരനും ഒന്നായിത്തീരുന്ന അസുലഭ നിമിഷം. ശേഷിച്ച ജീവിതകാലമത്രയും ഈ അനൂഭൂതിയിൽ തന്നെ  ലയിച്ചങ്ങിരുന്നാൽ  മതിയായിരുന്നു!  

ഡെൻവർ സന്ദർശനത്തിന് ഞങ്ങൾ പോകുന്നു എന്നറിയച്ചപ്പോൾ,  നാട്ടിലുള്ള അടുത്ത സുഹൃത്തായ ജോസഫ് ആവശ്യപ്പെട്ടു, "എൻറെ മകൾ കത്രീനയും ഭർത്താവും അവിടെയാണ് താമസിക്കുന്നത്, തീർച്ചയായും അവരെ കാണണം" അങ്ങനെ ഞങ്ങൾ  അവരെ സന്ദർശിപ്പോൾ,   സംഭാഷണ വശാൽ കത്രീന പറഞ്ഞു, "അങ്കിൾ, ഞാനും റോയിയുമായുള്ള  വിവാഹം കഴിഞ്ഞവർഷമാണ് നടന്നത്. ഡാഡിക്ക്‌ ഞാൻ കല്യാണം കഴിക്കാൻ വൈകുന്നു, പ്രായം 30 കഴിഞ്ഞു  എന്നു പറഞ്ഞു വല്ലാത്ത ആധി ആയിരുന്നു. റോയിയും എന്നെപോലെ ജോലിക്കായി നാട്ടിൽ നിന്നും ഇവിടെ എത്തിയതാണ്. നാട്ടിൽ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ നേരത്തെ  അറിയാവുന്നതുമാണ്.  പക്ഷെ ഞങ്ങൾക്ക് പരസ്പരം കാണുവാനും, പരിചയപ്പെടാനും "ഗാർഡൻ ഓഫ് ഗോഡ്‌സ് " വേണ്ടിവന്നു.  അവിടെവച്ചാണ് ഞങ്ങൾ  തമ്മിൽ കാണുന്നതും, ആദ്യ സമാഗമത്തിൽ തന്നെ ഇഷ്ടം തോന്നിയതും.  ആ പ്രദേശമുണ്ടല്ലോ  അങ്കിൾ, ദൈവങ്ങളുടെ പൂങ്കാവനം, പറഞ്ഞറിയിക്കാൻ പറ്റാത്ത  ഒരു പ്രണയഭാവം ഉൾകൊള്ളുന്നു എന്തൊരനുഭൂതിയാ അവിടം സന്ദർശിക്കുമ്പോൾ ലഭിക്കുന്നത്.  ഞങ്ങൾ ഒഴിവുസമയങ്ങളിൽ എപ്പോഴും അവിടം സന്ദർശിക്കാറുണ്ട്”.

കത്രീനയുടെ അനുഭവം കൂടി അറിഞ്ഞപ്പോൾ, അഭിരാമ ശൈലങ്ങളാൽ ചുറ്റപ്പെട്ട ദൈവങ്ങളുടെ  പൂങ്കാവനത്തിൽ ദേവീ ദേവന്മാരുടെ സാന്നിദ്ധ്യമുണ്ടെന്ന്  തീർച്ചയായി.

അവരുടെ സ്വീകരണമുറിയിൽ പ്രദര്ശിപ്പിച്ചിരുന്ന "കിസ്സിങ് ക്യാമൽസ് " എന്ന മലകളുടെ ചിത്രത്തെ നോക്കി ഞാൻ കൂടെയുള്ളവരോടായി ചോദിച്ചു, “നിങ്ങളാരെങ്കിലും ഒരു പഴയ സിനിമാഗാനം ഇപ്പോൾ കേൾക്കുന്നുണ്ടോ?”

  ഇല്ല എന്നെല്ലാവരും തലയാട്ടി.

പക്ഷെ ഞാൻ--- ഞാൻ മാത്രം -------അത് കേൾക്കുന്നുണ്ടായിരുന്നു.

പ്രിയ സഖി ഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ?

#Garden of The Gods

Join WhatsApp News
Sajikumar 2022-10-08 10:24:22
വളരെ മനോഹരമായ വിവരണം. നേർദൃശ്യങ്ങൾ മനോമുകുരത്തിൽ തെളിയിക്കുന്ന എഴുത്ത്.
Haridas Thankappan 2022-10-08 13:23:32
മനോഹരമായ യാത്രാവിവരണം. മനസ്സൊപ്പം യാത്ര ചെയ്തു!
Surendran Nair 2022-10-08 11:31:03
Very good writing... Need to visit this place someday.. ചിന്തിച്ചാൽ ഒരന്തവുമില്ല  ചിന്തിച്ചില്ലേൽ ഒരുകുന്തവുമില്ല,  ഈ  നിമിഷം, അതുമാത്രമാണ് നമുക്ക് സ്വന്തമാ👌
Priya Unnikrishnan 2022-10-08 12:56:40
Beautiful narration. Nice write up! Congrats💐
Hari Pillai 2022-10-09 00:17:06
Wonderful Narration
Rejith 2022-10-09 14:19:51
Excellent narration !!!
മിനി 2022-10-09 15:10:39
യാത്രാവിവരണം അതിമനോഹരം ദൈവത്തിൻറെപൂങ്കാവനംകാണാനൊരു പുതി എവിടെയാണെങ്കിലും എന്തിനേയും നാടുമായി കോർത്തിണക്കാനുള്ള സന്തോഷ്ചേട്ടൻറ് ശ്രമവും കഴിവും അപാരം കൂടുതൽ യാത്രകളും വിവരണങ്ങളുംപതീക്ഷിക്കുന്നു
ആദം 2022-10-10 03:05:00
ഈ പൂങ്കാവനത്തിൽ വച്ചാണ് ഹൗവ്വ പാമ്പുമായി പ്രണയത്തിൽ ആകുന്നതും , ആദമിനെ ആപ്പിൾ കൊടുത്ത് ചതിക്കുന്നതും. ആ ആദം ഞാനാണ് . ഉടുതുണിക്ക് മറുതുണിയില്ലാതെ വെറും ഇലകൾ കൊണ്ട് നഗ്‌നത മറച്ച് ഇന്നും ഞാൻ ഈ പൂങ്കാവനത്തിൽ അലയുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക