Image

അക്ഷരങ്ങളുടെ കൂട്ടുകാരി (വിജയ് സി. എച്ച്)

Published on 09 October, 2022
അക്ഷരങ്ങളുടെ കൂട്ടുകാരി (വിജയ് സി. എച്ച്)

സിമി രമേശൻ എഴുതിയ കവിതാസമാഹാരങ്ങൾ രണ്ടും വായിക്കപ്പെടാൻ തുടങ്ങിയത്, അവരുടെ 'ദരിദ്രരിൽനിന്നതിദരിദ്രരിലേയ്ക്ക് അധികദൂരമുണ്ട് കൂട്ടരേ...' എന്നു തുടങ്ങുന്ന കവിത ഈയിടെ ജനശ്രദ്ധ ആകർഷിച്ചതിനു ശേഷമാണ്. 
ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലേയും അതിദരിദ്രരെ കണ്ടെത്താൻ സാമൂഹിക പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയ്ക്ക് ഊർജം പകരുന്നതാണ്, 'ഒരുമിച്ചൊന്ന് കൈകോർക്കാം, ഒരുമിച്ച് അവർക്കായ് തണലേകാം' എന്ന വരിയിൽ അവസാനിക്കുന്ന സിമിയുടെ പ്രശസ്ത കവിത. 
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ‍ കഴിയുന്ന ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടു പ്രവർത്തിയ്ക്കുന്ന കേരള സാക്ഷരതാ മിഷൻ്റെ കീഴിൽ, 'സാക്ഷരതാ പ്രേരക്' എന്ന താൽകാലിക തസ്തികയിൽ എട്ടു വർഷമായി ജോലി ചെയ്യുന്ന കവയിത്രി സ്വയം തന്നെ വലിയൊരു പൂജ്യത്തിൽ നിന്ന് ചെറിയൊരു ഒന്നിലേയ്ക്കുള്ള യാത്രയിലാണ്. 
ഹൃദ്രോഗത്തെത്തുടർന്ന് കുഞ്ഞും നാളിലേ പിതാവിനെ നഷ്ടമായ സിമിയേയും സഹോദരങ്ങളേയും കൂലിപ്പണിയെടുത്താണ് അവരുടെ മാതാവ് വളർത്തിയതും പഠിപ്പിച്ചതും. ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ എഴുതിയിരിയ്ക്കുന്ന സമയത്ത് തേടിയെത്തിയ ഒരാൾ സമിയെ വിവാഹം ചെയ്തു. ഒരിയ്ക്കലും തൻ്റെ ജീവിതത്തിലേയ്ക്കൊരു പ്രവാസി കടന്നു വരരുതെന്നു സിമി ആഗ്രഹിച്ചിരുന്നുവെങ്കിലും, അതൊരു മോഹം മാത്രമായി അവശേഷിച്ചു. പതിനേഴു വർഷത്തെ ദാമ്പത്യ ബന്ധത്തിൽ, രണ്ടര വർഷം മാത്രം കൂടെക്കഴിഞ്ഞ ഭർത്താവിനെ 'പ്രവാസി'യെന്നു സംബോധന ചെയ്യാനാണ് അതിനാൽ അവർക്കിഷ്ടം. സ്വാഭാവികമായും സിമി അക്ഷരങ്ങളുടെ ലോകത്ത് അഭയം തേടി. നോവുകളെല്ലാം കവിതകളായ് പുനർജനിച്ചു. ഇതാ, അവരുടെ കാവ്യജീവിതം: 


🟥കല്ലെന്നെഴുതുവാൻ മോഹമുണ്ടേ... 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലുള്ള ഒരു തീരദേശ ഗ്രാമ പഞ്ചായത്താണ് മംഗലം. നിളാ നദിയും, പുത്രി തിരൂർ പുഴയും, ഒന്നുചേർന്ന് അറബിക്കടലിൽ പതിയ്ക്കുന്നിടം. പ്രാഥമിക വിദ്യാലയ കാലഘട്ടങ്ങളിൽ ജീവിത വ്യഗ്രതകളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവരെ തുടർന്നു പഠിയ്ക്കാൻ പ്രചോദിപ്പിക്കുകയും അതിനാവശ്യമായ സഹായങ്ങളുമായി അവരോടൊപ്പം നിൽക്കുകയുമാണ് സാക്ഷരതാ പ്രേരക് എന്ന നിലയിൽ എൻ്റെ ചുമതല. പ്രായമായ ആളുകളാണ് പഠിതാക്കൾ. സാക്ഷരത നാലാംതരം തുല്യത, ഏഴാംതരം തുല്യത, പത്താംതരം തുല്യത, ഹയർ സെക്കണ്ടറി തുല്യത എന്നിവയുടെ മംഗലം ഗ്രാമ പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാ൯ പിടിയ്ക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്. സാക്ഷരതാ പദ്ധതി പ്രകാരം ഓരോ വർഷവും പഠിച്ചിറങ്ങുന്നവരുടെ സന്തോഷം ഞാനും പങ്കിടുന്നു. പദ്ധതിയുടെ ഭാഗമായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈയിടെ സംഘടിപ്പിച്ച 'പഠ്ന ലിഖ്ന അഭിയാൻ' എന്ന പരിപാടിയുടെ ജില്ലാതല സമ്മേളനത്തിന് ചൈതന്യമേകാൻ ഞാൻ എഴുതിയതാണ് താഴെയുള്ള വരികൾ: 
കല്ലെന്നെഴുതുവാൻ മോഹമുണ്ടേ, 
കല്ലെടുത്താണെനിയ്ക്കു ശീലം. 
അമ്മയെന്നെഴുതുവാൻ മോഹമുണ്ടേ, 
അമ്മയായി ജീവിക്കുകയാണ് ഞാനും.
പേരെഴുതിയൊപ്പിടാൻ മോഹമുണ്ടേ, 
കയ്യിൽ മഷിപതിപ്പിച്ചാണെനിയ്ക്കു ശീലം.
പുതുതായി പലതും പഠിയ്ക്കുവാൻ മോഹമുണ്ടേ, 
പഠ്ന ലിഖ്നയുമായി നിങ്ങളെത്തുമെങ്കിൽ.
കല്ലെന്നെഴുതുവാൻ മോഹമുണ്ടേ, 
കല്ലെടുത്താണെനിയ്ക്കു ശീലം...  


🟥അങ്കണവാടി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 
 സുഹൃത്തും ചേന്നര അങ്കണവാടിയിലെ അധ്യാപികയുമായ ചന്ദ്രിക ടീച്ചറുടെ അപേക്ഷ മാനിച്ച് എഴുതിയതാണ് 'അങ്കണവാടി' എന്ന കവിത. മിക്ക അങ്കണവാടികളിലേയും അധ്യാപികമാരും ആയമാരും ഇന്ന് ഈ വരികൾ ഏറ്റുപാടിക്കൊണ്ടിരിയ്ക്കുന്നു: 
കരഞ്ഞുവന്നിടും വർണ്ണശലഭങ്ങളെ
മാറോടണച്ചീടും ടീച്ചർമാരേ,
തേങ്ങലടക്കാൻ പല പല വിഭവങ്ങൾ
കുരുന്നുകൾക്കേകീടും ആയമാരേ,
ആബാലവൃദ്ധജനങ്ങൾക്കൊപ്പം
ഐ.സി.ഡി.എസ് എന്നൊരു നാമം.
അഭിനന്ദനങ്ങൾ, 
അഭിനന്ദനങ്ങൾ... 
നിങ്ങൾതൻ പ്രവർത്തനങ്ങൾക്കഭിനന്ദനങ്ങൾ! 
സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് പ്രവർത്തിയ്ക്കുന്നത് ബൃഹത് ദേശീയ പദ്ധതിയായ Integrated Child Development Services (ICDS)-ൻ്റെ ഉദ്ദേശ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ്. കവിതയിൽ ഐ.സി.ഡി.എസ് എന്ന നാമത്തിൻ്റെ പ്രസക്തി ഇതാണ്. 
🟥പിതാവിനും, പ്രവാസിയ്ക്കും, പത്നിയ്ക്കും, അമ്മയ്ക്കും കവിത  
ഈ ഭൂമിയിലെ ഏറ്റവും വലിയ എൻ്റെ ആഗ്രഹം മരിച്ചു പോയ അച്ഛനെ കാണുക എന്നതാണ്. ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാൽ എൻ്റെ അച്ഛനെ എന്നല്ലാതെ ഉത്തരമില്ലെനിയ്ക്ക്. വീടിൻ്റെ ഉമ്മറക്കോലായിൽ അച്ഛൻ ചാരിയിരിക്കുന്ന ഓർമകളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. അച്ഛൻ പോക്കറ്റിൽ  നിറയ്ക്കുന്ന 'ബാപ്പു ബീഡി'കൾ മുറിച്ചുകളഞ്ഞ് അച്ഛനെ നോക്കി കണ്ണുരുട്ടിയ ഓർമ്മകളാണ് ഉള്ളു നിറയെ. നെഞ്ചുവേദന വരുമ്പോൾ മോളേന്ന് അച്ഛൻ വിളിക്കാറുള്ളതാണ് കാതുകൾ നിറയെ. 'അച്ഛൻ്റെ ഓർമ്മകൾ ഒരു തെന്നലായന്നെ മെല്ലെ തഴുകീടുമ്പോൾ മരണമേ, നിന്നെ പുൽകീടുമെൻ്റെ അച്ഛനെ നീയൊന്ന് തന്നീടുമോ'യെന്ന വരികൾ ഞാൻ ഏറ്റവും വൈകാരികമായി കോറിയിട്ടതാണ്. ഒരു ഹൈക്കു ആകാൻ കഴിയാതെ, 'അച്ഛൻ ജീവിച്ചിരുന്നെങ്കിൽ' എന്ന കവിത നീണ്ടുപോയത് ഞാനറിയാതെയാണ്! എന്നെ തനിച്ചാക്കി ഭർത്താവ് പ്രവാസത്തെ പ്രണയിക്കുമ്പോൾ എൻ്റെ മനസ്സ് ഏകാന്തതയെ പുണരുന്ന ഒരു പ്രവാസി പത്നിയായിത്തീരുന്നു. ഞാൻ ഒറ്റപ്പെടുന്നു, പ്രകൃതിയുടെ കൂട്ടുകാരിയായി മാറുന്നു. പക്ഷെ, ഞാനൊരു അമ്മയല്ലേ! പ്രവാസി എന്നെ ഏൽപ്പിച്ചു പോവുന്ന ജീവനുകൾ കാത്തു സൂക്ഷിക്കേണ്ടവൾ ഞാൻ. 'ഞാനൊരമ്മ, പേറ്റുനോവിൻ്റെ പൊരിവെയിലേറ്റവൾ, അമ്മിഞ്ഞകൊണ്ട് പൊന്നോമനകൾക്ക് തീർത്ഥമൊരുക്കിയോൾ, വേനലിൽ തണുപ്പായും തണുപ്പിൽ പുതപ്പായും മാറിയോൾ, ഇമ ചിമ്മാതുറങ്ങി മക്കൾക്ക് കാവലിരിന്നു, ഒടുവിൽ ഒഴിഞ്ഞ കിളിക്കൂടു പോലെ പിന്നിലാക്കി നിങ്ങളകലുമ്പോൾ ശപിക്കാതെ നെഞ്ചുപൊട്ടിക്കരയുന്നോൾ, അമ്മയെന്ന തുണയ്ക്കുമാത്രം പകരമില്ലൊന്നുമിന്നും.' എൻ്റെ 'പ്രവാസി'യെന്ന കവിത, ഗൾഫിലുള്ള ഭർത്തിവിനു വേണ്ടി കാത്തിരിക്കുന്നവരെക്കൊണ്ടു നിറഞ്ഞ ഞങ്ങളുടെ ദിക്കിൽ രാപ്പകൽ വായിക്കപ്പെടുന്നു. ഇപ്പോഴും മനസ്സുനിറഞ്ഞ പ്രതികരണങ്ങൾ കിട്ടിക്കൊണ്ടുമിരിയ്ക്കുന്നു. 'പ്രവാസി'യും, 'അമ്മ'യും എൻ്റെ പ്രഥമ പുസ്തകമായ 'പനിനീർപ്പൂ'വിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. 'അച്ഛ'നും, 'പ്രവാസി പത്നി'യും, 'അങ്കണവാടി'യും, സാക്ഷരതാ കവിതകളും പുതിയ സമാഹാരത്തിലേ ഉൾപ്പെടുത്താൻ കഴിയൂ. രണ്ടാമത്തെ സമാഹാരമായ 'പ്രണയ നിള'യ്ക്ക്, 63 കവിതകളാൽ വ്യാപ്തി കൂടിക്കഴിഞ്ഞിരുന്നു. 


🟥ചുരുട്ടി എറിഞ്ഞ കുട്ടിക്കവിതകൾ 
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, ഒരു ക്രിസ്തുമസ് ദിനത്തിൻ്റെയന്ന് അച്ഛൻ യാത്രയായി. അച്ഛൻ്റെ അപ്രതീക്ഷിതമായ മരണം ഞങ്ങളെ തളർത്തി. ഞാനും രണ്ടു ചേച്ചിമാരും ഏട്ടനും അടങ്ങുന്ന കുടുംബം പട്ടിണിയിലാകാതിരിയ്ക്കാൻ അമ്മ കൂലിപ്പണിയ്ക്ക് പോകാൻ തുടങ്ങി. അടുത്ത വീട്ടുകാർ ഭക്ഷണം തന്നു സഹായിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോം, ടെക്സ്റ്റ് ബുക്ക്, ചെരിപ്പ്, ബേഗ് മുതലായവയെല്ലാം എനിയ്ക്ക് ആഡംബര സാധനങ്ങളായിരുന്നു. അമ്മയുടെ കഷ്ടപ്പാടുകൾ കണ്ട് ചേച്ചിയും പണിക്കിറങ്ങി. കൂട്ടുകാരുടെ കയ്യിൽ നിന്ന് പഴയ ബാലസാഹിത്യ ആനുകാലികങ്ങൾ വാങ്ങി വായിക്കാറുണ്ടായിരുന്നു. കൂടെ കുട്ടിക്കവിതകൾ എഴുതുവാനും തുടങ്ങിയിരുന്നു. എന്നാൽ, നിറമുള്ള വസ്ത്രങ്ങൾ ധരിച്ചു വിദ്യാലയത്തിൽ വരാത്ത, കറുത്ത പെൺകുട്ടിയ്ക്ക് തൻ്റെ കൊച്ചു സൃഷ്‌ടികൾ കൂട്ടുകാരെ കാണിയ്ക്കാനോ, തിരുത്തലുകൾക്ക് മലയാളം അധ്യാപകർക്ക് നൽകാനോ ധൈര്യമുണ്ടായിരുന്നില്ല. ക്ലാസ്സിലെ ആരും ശ്രദ്ധിക്കാത്ത വിദ്യാർത്ഥിയെ അപകർഷതാബോധം വല്ലാതെ ഗ്രഹിച്ചിരുന്നു. നോട്ടുബുക്കിൻ്റെ ഏടിൽ എഴുതിക്കഴിഞ്ഞ് അൽപനേരത്തിനുള്ളിൽ, കവിതകളെല്ലാം ചുരുട്ടി ഗോളങ്ങളാക്കി ദൂരെയെറിഞ്ഞു. 
🟥പ്രവാസി പ്രോത്സാഹിപ്പിച്ചു 
വിവാഹാനന്തരം പ്രവാസിയോട് പ്രണയ കലഹം തോന്നിയ ഒരു നാൾ, പിണക്കങ്ങളെല്ലാം കവിതയായ് എഴുതി ഞാൻ അദ്ദേഹത്തെ കാണിച്ചു. എൻ്റെ ഇടച്ചിൽ അക്ഷരങ്ങളോട് ഇഷ്ടം തോന്നിയ പ്രവാസി, ഞാൻ തുടർന്നും കവിതകൾ എഴുതണമെന്നും ഇനിയൊന്നും ചുരുട്ടി എറിയരുതെന്നും പറഞ്ഞു. തുടർന്ന് തൻ്റെ അടുത്ത ബന്ധുക്കളോട് അഭ്യർത്ഥിച്ച്, 'എൻ്റെ വട്ടുകളെല്ലാം' പുസ്തകമായി പ്രസിദ്ധീകരിയ്ക്കാൻ വിമാനം കയറുന്നതിനു മുന്നെ മുൻകൈ എടുക്കുകയും ചെയ്തു. 'പ്രവാസി'യും, 'അമ്മയും', 'മുത്തശ്ശി'യും, 'ഒരു പിടി മണ്ണും', 'മഴ'യും, 'പറയാതെ പോയ പ്രണയ'വും, 'മോഹഭംഗ'വും മുതൽ 'അസ്തമയസൂര്യൻ' വരെയുള്ള 21 കവിതകൾ തുരുതുരാ പിറവി കൊണ്ടു. ചെടികളോടും പൂക്കളോടും സംസാരിക്കുന്ന എഴുത്തുകാരൻ ജമാലുദ്ദീൻ ചേന്നര എൻ്റെ കാവ്യാക്ഷരങ്ങളുടെ കുറവുകളകറ്റാൻ സമയം കണ്ടെത്തി. അദ്ദേഹം വാത്സല്യത്തോടെ നട്ടുവളർത്തുന്ന പനിനീർ ചെടിയിൽ വിരിയുന്ന പൂക്കൾക്ക് ചന്തമൊന്ന് വേറെത്തന്നെയാണ്! ജമാലുക്ക മിനുക്കിത്തരുന്ന കവിതകളുടെ ചേലും ആ പനിനീർപ്പൂക്കൾക്കു സമാനമായിത്തീരുന്നു. സർഗവഴിയിലെ ഈ സമാന്തര മനോഹാരിതയാണ് പ്രഥമ സമാഹാരത്തിന് 'പനിനീർപ്പൂ' എന്ന് നാമകരണം ചെയ്യാൻ ഉദ്‌ബോധനം നൽകിയത്. പിന്നെ വൈകിയില്ല, ഗ്രാമത്തിലെ ഗുരുസ്ഥാനീയരായ കെ.വി പ്രസാദ്, മംഗലം വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം ചേന്നര എന്നിവരുടെ പിൻതുണയോടെ സംഘടിപ്പിച്ച ഒരു ചടങ്ങിൽ, മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ 'പനിനീർപ്പൂ' പ്രകാശനം ചെയ്തു. എൻ്റെ വരികളെ വിലയിരുത്തി മലയാള ഭാഷാ ഗവേഷകനായ അനിൽ സാർ പറഞ്ഞ ചില വാക്കുകൾ കേട്ടപ്പോഴാണ്, ഒരു വലിയ പൂജ്യമായ ഞാൻ ഒരു ചെറിയ ഒന്നായോയെന്ന ഒരു ഹർഷോന്മാദം എൻ്റെയുള്ളിൽ ഒരു ഞൊടിയിട കയറിയിറങ്ങിയത്! 


🟥പ്രണയം അശ്ലീലമോ? 
രണ്ട് ഹാർട്ട് അറ്റാക്കുകൾ അനുഭവിക്കേണ്ടി വന്നിട്ടും പ്രവാസം അവസാനിപ്പിക്കാൻ കഴിയാത്ത എൻ്റെ പ്രവാസിയെ കുറിച്ചെഴുതിയ 'കാത്തിരിപ്പ്' എന്ന കവിതയുള്ളത് എൻ്റെ രണ്ടാമത്തെ പുസ്തകമായ 'പ്രണയനിള'യിലാണ്. മൂന്നു പൊടിമക്കളുമൊത്ത് വിരഹം താങ്ങി ഞാനിവിടെ കഴിയുമ്പോൾ പ്രവാസിക്കെങ്ങനെ മൂന്നാമത്തെ അറ്റാക്ക് വരും? പതിനൊന്നിൽ പഠിയ്ക്കുന്ന സൗപർണികയും, ഏഴിൽ പഠിയ്ക്കുന്ന സൗരൂപും, അഞ്ചിൽ പഠിയ്ക്കുന്ന സൂര്യഗായത്രിയും ഒരു കരയ്ക്ക് അടുക്കും വരെ പ്രവാസിയെ ദൈവം സംരക്ഷിയ്ക്കും, എനിയ്ക്ക് ഉറപ്പുണ്ട്! 'മരണ'വും, 'വിലാപ'വും, 'പടച്ചവൻ്റെ മണ്ണറ'യും, 'പുനർജനി'യും മറ്റുമുള്ളതും 'പ്രണയനിള'യിൽ തന്നെ. എന്നിരുന്നാലും, ഞാൻ എഴുതുന്നതിൽ 'എ'-യാണ് കൂടുതൽ എന്നു പറയുന്നൊരു സമൂഹത്തിലാണ് ഞാൻ ജീവിയ്ക്കുന്നത്. പ്രണയമെന്നാൽ അശ്ലീലമെന്നു കരുതുന്നവർക്ക് പണ്ടു കാണാറുള്ള സിനിമാ പോസ്റ്ററുകളിൽ വലുതാക്കി എഴുതാറാറുള്ള 'A' എന്ന അക്ഷരവും, അതു സൂചിപ്പിയ്ക്കുന്ന Adults Only-യും ചിന്തയിലെത്തുന്നത് സഹജമായ കാരണങ്ങളാലാണ്. ഈ പുസ്തകത്തിലെ ആദ്യ കവിതയായ 'പ്രണയനിള' എഴുതാനുള്ള പ്രേരണ എനിയ്ക്കു ലഭിച്ചത്, മരണ ശേഷം പ്രിയ പിതാവിൻ്റെ ഭൗതികാവശിഷ്ടം നിളാ ജലത്തിൽ (തിരുനാവായ) നിമജ്ജനം ചെയ്തതിൻ്റെ ഓർമ്മയിൽ നിന്നാണ്. അച്ഛൻ്റെ ചാരം ഒരു കുടത്തിലാക്കി തിരുന്നാവായയിലേയ്ക്ക് കൊണ്ടുപോയത് ഞാൻ മറക്കണോ? നിളയെ എനിയ്ക്കു പ്രണയിക്കാതെ കഴിയുമോ? പറയൂ! നാളെ ഞാനും നിളയിൽ ലയിക്കാനുള്ളവൾ! 
'നിൻ്റെ ഒഴുക്ക് കുറഞ്ഞപ്പോഴാണ് നീ മരിക്കുകയാണെന്ന് 
ചിലർ വിധിയെഴുതിയത്.
തെളിച്ചം മാഞ്ഞ നിൻ്റെ കണ്ണുകൾക്ക്
കള്ള കർക്കിടകത്തിനോട്
പ്രണയമുണ്ടായിരുന്നതിനാൽ, 
നീ മരിക്കില്ലെന്ന് എനിക്കുറപ്പാണ്.
നീയെങ്ങനെ മരിക്കും? 
നിന്നെത്തേടി വരുന്ന അസ്ഥികളൊക്കെയും 
ഏറ്റുവാങ്ങാൻ പിന്നെയാരുണ്ടിവിടെ? 
സൂര്യനും ചന്ദ്രനും തെന്നലും നോക്കി നിൽക്കേ, 
ഒരിക്കൽ ഞാനും നീണ്ട ഉറക്കത്തിലേയ്ക്ക് ആഴ്ന്നിറങ്ങും, 
നിന്നിലലിയാനുള്ള മോഹവുമായി...' 


🟥ഭൂമിക്കൊരു ചരമ ഗീതം 
ഒ.എൻ.വി സാർ രചിച്ചതിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണ് 'ഭൂമിക്കൊരു ചരമ ഗീതം'. പ്രകൃതിയെ അമ്മയോടുപമിച്ചു അദ്ദേഹമെഴുതിയ മഹാകാവ്യം ഭൂവിനെ പ്രണയിക്കുന്ന ആർക്കാണ് ഇഷ്ടപ്പെടാതിരിയ്ക്കുക! ആശയപ്പെരുമഴകളിലൂടെ ഭൂമിയിലെ സകല ജീവജാലങ്ങളേയും അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ചു. 'ഭൂമിക്കൊരു ചരമ ഗീതം' ആദ്യം വായിച്ച ദിവസം എൻ്റെ ഹൃദയം തേങ്ങിയത് ഞാനിപ്പോഴുമോർക്കുന്നു. ''ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന മൃതിയിൽ‍ നിനക്കാത്മശാന്തി! ഇത് നിൻ്റെ (എൻ്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം." ഞാനുൾപ്പെടെയുള്ള മനുഷ്യർ അറിഞ്ഞോ അറിയാതെയോ ഭൂമിയുടെ അന്തകരാണ്. പ്രകൃതിയിൽ നിന്നും വന്ന നമ്മൾ ഒരു നാൾ പ്രകൃതിയിലലിഞ്ഞു ചേരും. നമുക്കു കിട്ടിയ കുറച്ചു വർഷങ്ങൾ അമ്മയായ ഭൂമിയെ വേദനിപ്പിക്കുന്നതെന്തിന്? അസ്വസ്ഥനായ കവിയുടെ വരികൾ ഓരോ മനുഷ്യനേയും പുനർചിന്തയിലേക്ക് നയിക്കുന്നു. പ്രകൃതിയുടെ നാശം മനുഷ്യൻ്റെ നാശമാണെന്ന് കവി മുന്നറിയിപ്പു നൽകുന്നു. "പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ!" മാനവ സ്നേഹവും, പ്രകൃതി സ്നേഹവും കവിതകളിലൂടെ പകർന്നു തന്ന അക്ഷര പ്രതിഭയെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് 'ഭൂമിക്കൊരു ചരമഗീതം' വായിച്ചപ്പോൾ ആഗ്രഹിച്ചിരുന്നു. കവ്യാക്ഷരങ്ങളിലൂടെ അറിഞ്ഞ, 
ഗാനങ്ങളിലൂടെ കേട്ട ഗുരുവിന് പ്രണാമം! 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക