വയൽ എനിക്ക് ഒരേ സമയം മായികദേശവും ജീവിതപാഠങ്ങളുടെ
ഭൂമികയുമാണ്.
കർഷക കുടുംബത്തിൽ ജനിച്ചതുകൊണ്ട് ജീവിതത്തെ ചലിപ്പിച്ചിരുന്നത് കൃഷിയും പാടങ്ങളുമായിരുന്നു.
വയലുകളാൽ ചുറ്റപ്പെട്ട ജീവിതം..
പൊൻകതിരുകളും പാടമഴയും വയൽസന്ധ്യകളും ഒഴുകിപ്പടരുന്ന തോടുകളും തൂക്കണാം കുരുവികളുടെ കൂടുകളുമെല്ലാം ഓർമകളുടെ ശേഖരത്തിലെ അതിസുന്ദരമായ കാല്പനികദൃശ്യങ്ങളാണ്.
അന്നം നൽകുന്ന ഇടം അനേകം ജീവജാലങ്ങൾക്ക്
അഭയമൊരുക്കുന്ന
ആവാസവ്യവ്യസ്ഥ കൂടിയാണ് എന്ന ആദരവ് പാടത്തിനോട് ചെറുപ്പം മുതലെ ഉണ്ടായിരുന്നു.
പാടങ്ങൾ ഒന്നൊന്നായി ഓർമകളുടെ നിക്ഷേപത്തിലേക്ക് മാറുമ്പോഴാണ് പ്രതീക്ഷയുടെ
തുരുത്തുപോലെ കറുകുറ്റി പാടം പച്ചയണിഞ്ഞ് നിൽക്കുന്നത്.
ഒരുകാലത്ത് നാലുദിക്കുകളിലേക്കും പടർന്നു കിടന്ന കറുകുറ്റി പാടം നാടിൻ്റെ തന്നെ ഭക്ഷ്യകലവറയായിരുന്നു.
പിന്നീട് ,പലപ്പോഴായി കൃഷി ഉപേക്ഷിക്കപ്പെട്ട് മൃതമായി കിടന്ന ഈ പാടത്തിന് എൻ്റെ സ്നേഹിതനും സഹപാഠിയുമായ ബാബു നീലനാണ് ജീവൻകൊടുത്തത്.
സാഹസികനാണ് ബാബു.
കർഷകൻ നഷ്ടത്തിൻ്റെ കണക്കുകൾ നിരത്തി നെൽകൃഷി ഉപേക്ഷിക്കുന്ന സമയത്താണ് ബാബു കൃഷിയോടുള്ള പ്രണയം കൊണ്ടു മാത്രം പാടത്തേക്കിറങ്ങിയത്.
കർഷക തൊഴിലാളിയുടെ കുടുംബത്തിൽ ജനിച്ച ബാബു തരിശിട്ടിരുന്ന നിലങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കി. പിതാവിൽ നിന്നുള്ള അറിവും സഹകരണവും പാടപരിചയവുമായിരുന്നു മൂലധനം.
ചങ്ങാതിമാരുടേയും കൃഷി വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും പിന്തുണ ബാബുവിനുണ്ടായിരുന്നു.
നെൽകൃഷി നഷ്ടങ്ങളാണ് ബാബുവിന് വരുത്തിവെയ്ക്കുന്നതെങ്കിലും ഈ വയലിൽ നിന്ന് പിൻമാറാൻ കർഷക ജ്യോതി അവാർഡ് ജേതാവായ ഈ കർഷകൻ തയ്യാറല്ല.
കലാകാരനായ ബാബുവിൻ്റെ സർഗവേദിയാണ് അദ്ദേഹത്തിൻ്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ ഈ പവിത്രഭൂമി.
നെൽ കൃഷിയെ വീണ്ടെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രചോദനമാണ് ഈ ഹരിതഹൃദയവും ഇതിൽ സ്പന്ദിക്കുന്ന കർഷകനും .
കഴിഞ്ഞ ദിവസം ഇവിടെ പോയിരുന്നു.
തെന്നൽ വിരിഞ്ഞ പാടം, ദേശാടനക്കാരായ തുലാത്തുമ്പികൾ, വയൽക്കൊറ്റികൾ, ധ്യാനാകാശം.. എല്ലാം കണ്ട് മനം നിറഞ്ഞു.
ഇനി കൊയ്ത്തുത്സവത്തിന് വരണമെന്ന് മനസിൽ പറഞ്ഞുകൊണ്ട് മടങ്ങി.
STORY OF PADDY FIELD JASMINE JOY KARUKUTTI KADHAKAL